-
മനസ്സില്‍ നമ്മള്‍ സ്വപ്നമായി കൊണ്ടുനടക്കുന്ന ഒരു ഫ്രെയിം നേരില്‍ കാണുക എന്നത് തന്നെ വലിയ കാര്യമാണെന്നിരിക്കെ ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ അതിനെ ക്യാമറയില്‍ പകര്‍ത്താന്‍ കൂടി സാധിക്കുക കൂടി ചെയ്താലോ പറയുകയും വേണ്ട... ഈ ചിത്രം അങ്ങനെയുള്ളതാണ്. ഹിമാലയന്‍ യാത്രയില്‍ ബദ്രിനാഥില്‍ വെച്ചാണ് ഈ ചിത്രം പകര്‍ത്തുന്നത്. സൂര്യോദയത്തിനു മുന്നേ നീലകണ്ഠ പര്‍വ്വതത്തില്‍ സൂര്യന്റെ പൊന്‍വെളിച്ചം പതിക്കുന്ന കാഴ്ചയാണിത്..
2019 സെപ്റ്റംബര്‍ മാസത്തിലായിരുന്നു 15 ദിവസം നീണ്ട യാത്ര. ഒരു സുഹൃത്തിനൊപ്പം ട്രെയിനിലായിരുന്നു ഡെല്‍ഹി വരെയുള്ള യാത്ര. പിന്നീടങ്ങോട്ട് ബസിലും. ഹേമകുണ്ഡും പൂക്കളുടെ താഴ് വരയുമെല്ലാം കണ്ടശേഷമായിരുന്നു ബദ്രിനാഥിലേക്ക് പോയത്. യാത്രാ മധ്യേ മണ്ണിടിച്ചിലുണ്ടായി രണ്ടുദിവസം റോഡില്‍ കുടുങ്ങിക്കിടന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്ത് അവസാനം ബദ്രിനാഥിലെത്തി.
പല തവണമുന്നേ വായിച്ചിട്ടുണ്ടെങ്കിലും ഈ കാഴ്ച്ച നേരിട്ട് കാണുക എന്നത് ഒരു കടമ്പ തന്നെ ആയിരുന്നു. ഇതിനെ കുറിച്ച് പലരോടും അന്വേഷിച്ചതില്‍ നിന്ന് നീലകണ്ഠ പര്‍വതത്തിലാണ് ഇങ്ങനെയൊരു കാഴ്ച കാണാനാവുക എന്നറിയാന്‍ സാധിച്ചു. പക്ഷേ എപ്പോഴാണ് കാണാനാവുക എന്ന് ചോദിച്ചപ്പോള്‍ പലരും പല സമയമാണ് പറഞ്ഞത്. എങ്കിലും സൂര്യോദയത്തിനു മുന്നേ എപ്പോഴോ ആണ് ഇത് സംഭവിക്കുന്നത് എന്നുള്ള ധാരണമാത്രം ലഭിച്ചു.
വെളുപ്പിന് നാല് മണിക്ക് നല്ല കിടിലന്‍ തണുപ്പത്ത് എഴുന്നേറ്റ് കാത്തിരിക്കുക എന്നല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ക്യാമറ വാങ്ങുന്നതിനും മുമ്പേ തന്നെ മനസില്‍ കയറിക്കൂടിയ കാഴ്ചയായിരുന്നു അത്. എന്റേതായ കാരണം കൊണ്ട് ആ കാഴ്ച്ചയെ നഷ്ട്ടപെടുത്താന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ആ സ്വപ്ന കാഴ്ച്ച എന്നില്‍ അത്രമേല്‍ വേരാഴ്ത്തിയിരുന്നു എന്നതാണ് സത്യം. വെളുപ്പിനെഴുന്നേറ്റ് ഇടയ്ക്കിടയ്ക്ക് പുറത്തിറങ്ങി നോക്കും. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ഏകദേശം അഞ്ചരമണിയോടെ ആ കാഴ്ച ഞാന്‍ കണ്ടു.

മലയുടെ മുകളില്‍ ഒരു സ്വര്‍ണത്തിന്റെ പൊട്ട് വച്ചപോലെയായിരുന്നു ആദ്യം തോന്നിയത്. നിമഷനേരം കൊണ്ട് അതൊരു സ്വര്‍ണമലയായി മാറി. അപ്പോഴാണ് ഞാന്‍ കലണ്ടര്‍ ശ്രദ്ധിക്കുന്നത്. അന്ന് സൂര്യോദയം ആറരയ്ക്കാണ്. ഈ കാഴ്ചയാകട്ടെ അതിന് മുമ്പും. എന്റെ കാത്തിരിപ്പിനും സ്വപ്നത്തിനും പര്‍വതേശ്വരന്‍ വിലകല്പിപ്പിച്ച് ഈ സ്വപ്ന ചിത്രം എനിക്ക് സമ്മാനിച്ചു. ക്യാമറയില്‍ തുരുതുരാ ചിത്രമെടുത്തു. സത്യം പറയട്ടെ ആ കാഴ്ച്ച കണ്ടപ്പോള്‍ ഞാന്‍ സത്യത്തില്‍ കൂകി വിളിച്ചു തുള്ളിച്ചാടുകയായിരുന്നു.

സ്വാഭാവികമായി അവിടെ നടക്കുന്ന ഒരു കാര്യമാണെങ്കിലും എന്താണിതിനിത്ര പ്രത്യേകത എന്നാലോചിച്ചു. പിറ്റേന്നാണ് എനിക്ക് അതിനുള്ള ഉത്തരം ലഭിച്ചത്. കാരണം അന്ന് വെറും ഒരു മിനിറ്റേ എനിക്ക് കാണാനായുള്ളൂ. കോടനിറഞ്ഞ് ആ കാഴ്ച മൂടിപ്പോയി. മല പോലും കനത്ത മഞ്ഞില്‍ കാണാന്‍ പറ്റിയില്ല. ഭാഗ്യം കൊണ്ടുമാത്രമാണ് തലേന്ന് ആ മനോഹര കാഴ്ച കാണാനായത്. ഹിമാലയം എല്ലാ സഞ്ചാരികളുടേയും സ്വപ്‌നമാണ്. സത്യത്തില്‍ കാണണമെന്ന് നമ്മള്‍ മാത്രം വിചാരിച്ചാല്‍ പോര. ഹിമാലയവും കൂടി വിചാരിക്കണം. ഹിമാലയം വിളിക്കാതെ നമുക്കവിടെ എത്താന്‍ പറ്റില്ല. 13,000 രൂപയാണ് താമസവും ഭക്ഷണവും ഉള്‍പ്പെടെ എനിക്ക് ചെലവായത്.
ഉദയ സൂര്യന്റെ സ്വര്‍ണവെളിച്ചം മൂകമായി പര്‍വതപാര്‍ശ്വങ്ങളില്‍ ഒഴുകിചേരുന്നത് വല്ലാത്തൊരു അനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത്.. കാഴ്ച്ചയുടെ അനുഗ്രഹ വര്‍ഷം..
Content Highlights: Arun Gopi Photography, Nilkantha Mountain, Himalaya Travel, Himalaya in Golden Colour


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..