സഞ്ചാരവും ഒരു കലയാണെന്ന് തെളിയിക്കുകയാണ് ഈ കാനഡക്കാരന്‍. സൈക്കിള്‍ യാത്രയിലൂടെ ജി.പി.എസ് മോണിറ്ററില്‍ ചിത്രങ്ങള്‍ രചിക്കുക എന്ന വ്യത്യസ്തമായ കലയുമായി സ്റ്റീഫന്‍ ലുന്‍ഡ് എന്ന ചെറുപ്പക്കാരന്‍. കിലോമീറ്ററുകള്‍ താണ്ടിയുള്ള ഈ സൃഷ്ടികളെ 'ജി.പി.എസ് ഡൂഡില്‍' എന്ന പേരിലുള്ള വെബ്‌സൈറ്റിലൂടെ ലോകവുമായി സ്റ്റീഫന്‍ പങ്കുവയ്ക്കുന്നു.

സ്മാര്‍ട്ട്‌ഫോണില്‍ ജി.പി.എസ് ഓണ്‍ ചെയ്തുവച്ചാല്‍, നിങ്ങള്‍ പോകുന്നവഴിയെല്ലാം ഭൂപടത്തില്‍ രേഖപ്പെടുത്താവുന്ന ധാരാളം ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. സ്ട്രാവ എന്ന ആപ്ലിക്കേഷനാണ് സ്റ്റീഫന്‍ ഉപയോഗിക്കുന്നത്. ട്രിപിള്‍സ് ഷോട്ട് സൈക്ലിങ് ക്ലബ്ബിനൊപ്പമാണ് സഞ്ചാരം.

4

സ്റ്റീഫന്റെ യാത്രകള്‍ ആരംഭിച്ചിട്ട് ഒരുവര്‍ഷമാകാറായി. ഇതുവരെ 22,300 കിലോമീറ്റര്‍ താണ്ടിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇതിനിടെ നൂറുകണക്കിന് ജി.പി.എസ് ചിത്രങ്ങളും വരച്ചു. പ്രമുഖ വ്യക്തികള്‍, ചരിത്രനിര്‍മിതികള്‍, വിവിധ രൂപങ്ങള്‍, മൃഗങ്ങള്‍ എന്നുവേണ്ട സുഹൃത്തുക്കള്‍ക്കുള്ള പിറന്നാള്‍ ആശംസപോലും അദ്ദേഹം പടംവരയ്ക്കാനുള്ള വിഷയമാക്കിയിട്ടുണ്ട്.

3

ഒന്നരമണിക്കൂര്‍ കൊണ്ട് 25.8 കിലോമീറ്റര്‍ സൈക്കിളോടിച്ചാണ്, ബ്രസീലിലെ 'രക്ഷകനായ ക്രിസ്തു' പ്രതിമയുടെ ചിത്രം സ്റ്റീഫന്‍ വരച്ചത്. ഒരുമണിക്കൂറില്‍ 15.7 കിലോമീറ്റര്‍ ചുറ്റി വിക്ടോറിയ രാജ്ഞിയുടെ ഛായാചിത്രവും മൈക്കലാഞ്ജലോയുടെ ഡേവിഡിന്റെ പ്രതിമയുമെല്ലാം പ്രശംസപിടിച്ചുപറ്റിയ ചിത്രങ്ങളാണ്. 95.5 കിലോമീറ്റര്‍ നീളമുള്ള ജിറാഫിന്റെ ചിത്രമാണ് വരച്ചതില്‍ ഏറ്റവും വലുത്. മൂന്നരമണിക്കൂറെടുത്താണ് ചിത്രം തയാറാക്കിയതെന്ന് സ്റ്റീഫന്‍ പറയുന്നു.

2

'മേഘങ്ങളില്‍ രൂപങ്ങള്‍ കണ്ടെത്തുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു', സ്റ്റീഫന്‍ പറയുന്നു. ജി.പി.എസിലൂടെ വരയ്ക്കുന്നതിനും ഇതുതന്നെയാണ് പ്രചോദനം. വര മുറിയാതെ പോകണമെങ്കില്‍ എല്ലാ വഴികളും തമ്മില്‍ ബന്ധപ്പെട്ടുകിടക്കണം. വരയിലെ ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെയാണ്, അദ്ദേഹം പറഞ്ഞു.

5

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജി.പി.എസ് വര സ്റ്റീഫന്റെ ചിത്രങ്ങളല്ല. യാഷുഷി തകാഷി എന്ന ജപ്പാന്‍ സ്വദേശി, ആറുമാസം കൊണ്ട് 7000 കിലോമീറ്റര്‍ സഞ്ചരിച്ച് തയാറാക്കിയതാണ് ലോകത്തിലെ ഏറ്റവും വലിയ ജി.പി.എസ് വര. കാമുകിയോട് പ്രണയാഭ്യര്‍ഥന നടത്താന്‍, 'മാരി മി' എന്ന് ഇംഗ്ലീഷിലും ഒപ്പം ഹൃദയത്തിന്റെ ചിഹ്നവുമാണ് അദ്ദേഹം തയാറാക്കിയത്. കാറിലും ബോട്ടിലും കാല്‍നടയായുമാണ് തകാഷി ചിത്രം തയാറാക്കിയത്.

6