ബ്രഹ്മഗിരിക്കപ്പുറം കുടക് നാട്. ചുറ്റിലും ഘോരവനങ്ങള്‍. കടുവയും കാട്ടാനകളും കാട്ടുപോത്തുമെല്ലാം വിഹരിക്കുന്നയിടം. ഇതിനിടയിലാണ് അപ്പപ്പാറക്കാരുടെ ജീവിതം. നൂറ്റാണ്ടുകളായി വന്യമൃഗങ്ങള്‍ക്കൊപ്പം ജീവിതം പൂരിപ്പിക്കുന്നവരുടെ നാടാണിത്. സന്ധ്യയാവുന്നതോടെ ഗ്രാമങ്ങളുടെയെല്ലാം വാതിലുകള്‍ അടയും. കാട്ടുപാതകളൊക്കെ വന്യമൃഗങ്ങള്‍ കീഴടക്കും. പകല്‍ മുഴുവന്‍ കൃഷിയിടങ്ങളില്‍ പണിയെടുത്ത ഗ്രാമീണരെല്ലാം വീടുകളിലേക്ക് വലിയും. വന്യമൃഗങ്ങളോടൊന്നും പോരാടാന്‍ ഇറങ്ങില്ല. അവരുടേത് കൂടിയാണ് ഈ നാട്. രാവിലെയാകുമ്പോഴേക്കും ഇവയെല്ലാം കാടുകയറി പൊയ്‌ക്കോളും. ഇങ്ങനെയാണ് വന്യമൃഗങ്ങളെക്കുറിച്ച് ഈ ഗ്രാമവാസികള്‍ പറയുക. ഒന്നും രണ്ടുമല്ല, നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ആ ഗ്രാമത്തിലേക്ക് കുടിയേറിയവരാണ് ചെട്ടിമാരും ആദിവാസികളുമെല്ലാം. വയലുകളെല്ലാം ഒരു കൊയ്ത്തു കാലത്തിന് ശേഷം ഒഴിഞ്ഞുകിടക്കുകയാണ്. ഇതിന് നടുവിലെല്ലാം ഏറുമാടങ്ങള്‍ കുറെയധികം കാണാം. നെല്ല് വിളഞ്ഞ് കൊയ്യുന്നത് വരെ ഈ കാവല്‍ പുരകളിലായിരുന്നു ഗ്രാമീണരുടെ ജീവിതം. എന്നിട്ടും മാനും മയിലുമെല്ലാം പാടത്ത് തന്നെയായിരുന്നു. ഇതില്‍ നിന്നും ബാക്കി കിട്ടിയതില്‍ നിന്നും സംതൃപ്തമാണ് ഇവരുടെ ജീവിതം.
കാട് കടന്നും അത്യാവശ്യകാര്യത്തിനെല്ലാം പുറത്ത് പോയി തിരിച്ചു വരും. എല്ലാത്തിനും കൃത്യത വേണം. എവിടെ പോയാലും തിരിച്ചുവരണമെങ്കില്‍ ഇരുട്ട് വീഴുന്നതിന് മുന്നേ വേണം. കിലോമീറ്ററുകളോളം കാടിനെ കടന്ന് വേണം ഇവിടെ എത്താന്‍. തോല്‍പ്പെട്ടിയിലെ കാട്ടിക്കുളത്തോ എത്തിയാലും തിരുനെല്ലി റോഡിലൂടെ അപ്പപ്പാറയിലെത്തുകയെന്നത് ദുഷ്‌കരമാണ്. ഇതിനെയെല്ലാം മറികടന്നാണ് ഈ വനഗ്രാമങ്ങള്‍ നിശ്ശബദമായ കാര്‍ഷിക ഗാഥകളും ജീവിതവും പങ്കുവെക്കുന്നത്.
തലമുറകളുടെ പുല്‍വീട്
കാടിന് നടുവില്‍ കാലത്തെ തോല്‍പ്പിച്ച് തിരുനെല്ലിയില്‍ ഇന്നുമുണ്ടൊരു പുല്‍വീട്. തിരുനെല്ലിയുടെ വസന്തങ്ങള്‍ക്ക് സാക്ഷ്യമായ ഈ വീടിന്റെ ഇറയത്ത് ഇന്നും കൗതുകപൂര്‍വ്വം പുതിയ തലമുറകള്‍ വിരുന്നെത്തുമ്പോള്‍ ഗോപാലന്‍ ചെട്ടി വെറ്റില ചെല്ലം നീട്ടി കഥകളുടെ ചെപ്പ് തുറക്കും. മഴയും കാറ്റും കടന്നുവന്ന വഴിയില്‍ നാല് തലമുറകള്‍ അന്തിയുറങ്ങിയ ഈ വീടിന്റെ ചരിത്രം അങ്ങിനെ കാട് കടന്നും പുറത്തേക്ക് ഒഴുകി. പ്രായം എണ്‍പത്തിയൊന്ന് പിന്നിട്ടെങ്കിലും ഭൂതകാലങ്ങളുടെ ഓര്‍മ്മകള്‍ക്കൊന്നും നരകള്‍ വീണിട്ടില്ല. വര്‍ഷത്തിലും മാറി മാറി മേയുന്ന പുല്ല് വീട്ടില്‍ ഒന്നിനോടും പരിഭവമില്ലാത്ത ജീവിതത്തെക്കുറിച്ചാണ് ഏഴേക്കറോളം വയലിന്റെയും അഞ്ചേക്കറോളം കരഭൂമിയുമുള്ള ഗോപാലന്‍ ചെട്ടി എന്ന പാരമ്പര്യ കര്‍ഷകന്‍ മനസ്സ് തുറക്കുക. ആധുനികത തിരുനെല്ലിയുടെ വനഗ്രാമങ്ങളെ പോലും എളുപ്പം വിഴുങ്ങുമ്പോള്‍ അപ്പപ്പാറയിലെ കുനിക്കോട് തറവാട് കാടിന്റെ അതിരില്‍ എല്ലാത്തിനോടും പ്രതിരോധിച്ച് നില്‍ക്കുകയാണ്. ലളിതമായത് എന്തും ഏതു കാലത്തെയും അതിജീവിക്കും എന്നതാണ് ഈ വീടിന്റെയും കുലീനമായ ഇന്നത്തെ കാഴ്ചകള്‍ പറയുക.
അത്യാഗ്രഹങ്ങളില്ലാത്തവരുടെ കൂടാരം
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗോപാലന്‍ ചെട്ടിയുടെ അച്ഛന്‍ തിമ്മപ്പന്‍ ചെട്ടിയും അദ്ദേഹത്തിന്റെ പിതാവുമെല്ലാം താമസിച്ച വീടാണിത്. ഈ നിലയില്‍ കാണുന്ന വീടിന് എഴുപത് വര്‍ഷം പ്രായമുണ്ട്. 'മുളച്ചീന്തുകള്‍ കൊണ്ടുള്ള വരിച്ചിലുകള്‍ക്ക് പോലുമുണ്ട് എന്നേക്കാള്‍ പ്രായം'. ഗോപാലന്‍ ചെട്ടിയുടെ മകന്‍ ബാബു പറയുന്നു. തfരുനെല്ലിയുടെ വനാന്തര്‍ഭാഗത്തുള്ള കുനിക്കോടുള്ള ആദ്യത്തെ താമസക്കാരായിരുന്നു ഗോപാലന്‍ ചെട്ടിയുടെ മുതിര്‍ന്ന തലമുറകള്‍. ഇവിടെ ഇവര്‍ മണ്ണിനോടും വന്യമൃഗങ്ങളോടും പൊരുതി കൃഷിഗാഥകളെഴുതി. നെല്ലായിരുന്നു അന്നത്തെ പ്രധാനകൃഷി. കാടിനോട് ചേര്‍ന്നുള്ള ഭാഗം ഇന്നീ കാണുന്ന വയലായതൊക്കെ അക്കാലത്താണ്. വയനാടിന്റെ തനത് നെല്‍വിത്തുകളുടെ സംഭരണിയായും ഈ പാടം മാറി. ഇന്നും ഗന്ധകശാല ഉള്‍പ്പടെയുള്ള നെല്ല് ഇവിടെ വിളയുന്നു. ഇത്തവണ 75 ക്വിന്റല്‍ നെല്ലാണ് ഇവര്‍ സര്‍ക്കാരിന്റെ സംഭരണിയിലേക്ക് നല്‍കിയത്. പിന്നീട് കാപ്പിയും കുരുമുളകുമെല്ലാമുള്ള തോട്ടങ്ങളും വന്നു. ഇക്കാലം മുതലെല്ലാം ഇവിടെ വന്യമൃഗങ്ങളുടെ വരവുണ്ട്. കൃഷിയിടത്തിലെല്ലാം ഏതു സമയവും കാട്ടാനകളും പന്നിയും മാനുകളുമെല്ലാമുണ്ടാകും. അവരെല്ലാം ബാക്കിയാക്കുന്നതാണ് ഈ കുടുംബത്തിന്റെയും വരുമാനം. വീടിന് മുറ്റത്തുള്ള മാവിന്‍ ചുവട്ടില്‍ മാങ്ങ തിന്നാന്‍ പോലും പതിവുതെറ്റിക്കാതെ കാട്ടാനകള്‍ കയറി വരും. ഇതൊക്കെയാണെങ്കിലും ഇക്കാലത്തിനിടയില്‍ ഒരു തവണ പോലും ഈ പുല്ലുമേഞ്ഞ വീടിനെ ആനകള്‍ തൊട്ടിട്ടില്ലെന്നാണ് ഗോപാലന്‍ ചെട്ടി പറയുന്നത്. പ്രകൃതിയോടും കാലത്തോടും ഇണങ്ങിയ ഈ വീടിനോട് ആനയ്ക്കും ശത്രയില്ലെന്നാണ് ഇവരുടെ അനുഭവം. വിളിപ്പാടകലെ കാടാണെങ്കിലും വീടിന് ഒരു മുള്‍വേലി പോലും ഇവര്‍ പണിതിട്ടില്ല. ഇത്രയും കാലം ചെയ്യാത്തത് ഇനിയും കാട്ടാനകള്‍ വീടിനോട് ചെയ്യില്ലെന്നാണ് ഇവരുടെ വിശ്വാസം.
കന്നുകാലികള്‍ക്കൊപ്പം ജീവിതം
നാടന്‍ കന്നുകാലികളും മറ്റുമായി വീടും പരിസരവും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ഇന്നും എട്ടോളം പശുക്കളും എണ്‍പതോളം നാടന്‍ കോഴികളുമെല്ലാം ഇവിടെയുണ്ട്. അതിരാവിലെ തന്നെ ഉണര്‍ന്ന് ഇതിന്റെയൊക്കെ പിന്നാലെയാണ് ഇവരുടെ ജീവിതം. നാല് മക്കളാണ് ഗോപാലന്‍ ചെട്ടിക്കുള്ളത്. മുന്ന് പെണ്‍മക്കളെയും വിവാഹം ചെയ്ത് അയച്ചു. ഇപ്പോള്‍ ഭാര്യ യശോദയും മകന്‍ ബാബുവും മരുമകളും പേരക്കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഈ പുല്ല് വീട്ടില്‍ ഇവര്‍ക്കെല്ലാം താമസം സുഖകരം. വീട് മാറ്റണമെന്ന് ഒരു തവണ പോലും ചിന്തിച്ചിട്ടില്ല. ഈ വീടിന്റെ കുളിരുള്ള ഇറയത്തിരുന്ന് ജീവിതം ആവുന്നത്രയും മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ഇവര്‍ പറയുക. ഇത്രയും കാലത്തിനിടയില്‍ മഹാപ്രളയങ്ങളും കാറ്റുമെല്ലാം ഈ പുല്ല് വീടിനെയും കടന്നുപോയി. അപ്പോഴും ഒരു പോറല്‍പോലും ഏല്‍ക്കാതെ കുനിക്കോട് തറവാട് എല്ലാത്തിനോടും പൊരുതി നിന്നു. മിക്ക ദിവസങ്ങളിലും വീട്ടുമുറ്റത്തേക്ക് കാടും വയലും കടന്ന് വാഹനങ്ങള്‍ എത്തും. ഈ വീടിന്റെ വിശേഷങ്ങളറിയാന്‍ കേട്ടറിഞ്ഞ് വരുന്നവരാണ്. കൃഷിപ്പണികളുടെ തിരക്കിനിടയിലും ഇവരോടെല്ലാം ഗോപാലന്‍ ചെട്ടിയും കുടുംബവും വിശേഷങ്ങള്‍ പറയും. തനത് വയനാടന്‍ കാപ്പിയും അതിഥികള്‍ക്കായി നല്‍കും. തിരുനെല്ലിയുടെ പഴയ നക്‌സല്‍ കലാപത്തിന്റെയെല്ലാം പിന്നിട്ട വഴികളിലൂടെയുള്ള സഞ്ചാരം കൂടിയാണ് ഈ ഇറയത്തും നിന്നും അറിയാന്‍ കഴിയുക. സഖാവ് വര്‍ഗ്ഗീസും കൂട്ടരുമെല്ലാം ഒരു കാലത്തിന്റെ കൈയ്യൊപ്പായി ഇവിടെയുണ്ട്. തിരുനെല്ലി ഏറെ മാറി. ജന്മിയും അടിയാനുമില്ല. ചൂഷണങ്ങളുടെ പഴയ കഥകള്‍ക്കിപ്പുറം വസന്തങ്ങളാണ് ഈ ഗ്രാമത്തിന്റെ വിശുദ്ധികള്‍. നരനിരങ്ങി മലനിരകള്‍ പിന്നിട്ട് കാട്ടാനകളെയും മറികടന്ന് കീലോമീറ്ററുകള്‍ നടന്ന് മാനന്തവാടിയിലെത്തി ആവശ്യത്തിനുള്ള സാധനങ്ങളെല്ലാം നേരമിരുട്ടുമ്പോള്‍ തിരിച്ചെത്തിയതെല്ലാം പഴയ ഓര്‍മ്മ. ഇന്നും മായാത്തത് ഈ പുല്‍വീട് മാത്രം.
കാടറിയാം നാടറിയാം
കാടിന്റെ തണലിലെ ഒരു ലോകവും ഇവരുടെ ജീവിതവും അറിയാന്‍ അതിഥികള്‍ ഈ ഗ്രാമവഴികളില്‍ വിരളമായെങ്കിലും എത്താറുണ്ട്. വന്യജീവികളും മനുഷ്യരും ഇടപെഴകി ജീവിക്കുന്ന വേറിട്ട അനുഭവങ്ങളാണ് ഇവര്‍ക്കെല്ലാം അറിയേണ്ടത്. പെട്ടന്ന് രോഗം വന്നാല്‍പ്പോലും രാത്രികാലത്തെല്ലാം എന്ത് ചെയ്യുമെന്നതെല്ലാം ചോദ്യമാണ്. പരമ്പരാഗതമായി കൈമാറി കിട്ടിയ നാട്ടുവൈദ്യമാണ് ചെറിയ രോഗങ്ങള്‍ക്കെല്ലാം ഒരു കൈ നോക്കുക. അത് കഴിഞ്ഞാല്‍ അപ്പപ്പാറയിലെ ആരോഗ്യ കേന്ദ്രമാണ് എല്ലാവരുടെയും ആശ്രയം. അതിലപ്പുറത്തേക്കുള്ള ചികിത്സയ്‌ക്കെല്ലാം മാനന്തവാടിയിലെ ജില്ലാ ആശുപത്രിയെ ആശ്രയിക്കണം. കാറ്റും മഴയും പ്രളയവുമെല്ലാം കാടിനെയും ഒറ്റപ്പെടുത്തിക്കളയും. അപ്പോഴും അപ്പപ്പാറ പുറം ലോകത്ത് നിന്നെല്ലാം മാറി നിന്നു സ്വന്തം ജീവിതത്തെ മുറുകെ പിടിക്കും. പ്രകൃതിയുടെ താണ്ഡവങ്ങള്‍ എത്രയോ ഈ കാടിനെയും കടന്നുപോയി. അപ്പോഴും പരിഭവങ്ങളോ പുറം മേനികളോ ഇല്ലാതെ ഈ വനഗ്രാമവും ലാളിത്യത്തിന്റെ മുഖം നീട്ടി പുതിയ പുലരികളെ വരവേല്‍ക്കും.
Content Highlights: Appappara, Forest Village in Wayanad, Wayanad Travel, Kerala Tourism