ലോക്​ഡൗണ്‍ കാലമാണ്. വീട്ടിലിരുന്ന് വ്യത്യസ്തമായി എന്തെല്ലാം ചെയ്യാമെന്ന് ആലോചിക്കുന്നവരാണ് പലരും. അക്കൂട്ടത്തിലൊരാളാണ് കോഴിക്കോട് ജില്ലയിലെ മുക്കം മുത്തേരി സ്വദേശിയായ അനൂപ് എന്ന യുവഅധ്യാപകന്‍. യാത്രകളും ഫോട്ടോഗ്രഫിയും ഏറെ ഇഷ്ടപ്പെടുന്ന അനൂപ് തന്റെ ക്യാമറയുമായി തൊടിയിലേക്കും പരിസരങ്ങളിലേക്കുമിറങ്ങി. എണ്ണിയാലൊടുങ്ങാത്ത പക്ഷികളുടെ ചിത്രമാണ് അനൂപ് ഇതുവരെ പകര്‍ത്തിയത്.

Anoop Photography 1

മലയമ്മ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ അധ്യാപകനായ അനൂപിന് യാത്രയെന്നാല്‍ ജീവനാണ്. ഒറ്റയ്ക്കുള്ള യാത്രകളാണ് ഇഷ്ടം. ബൈക്കില്‍ യാത്രപോവാനായി പുലര്‍ച്ചെ മൂന്ന് മണിക്കുള്‍പ്പെടെ വീട്ടില്‍ നിന്നും ഇറങ്ങിയിട്ടുണ്ടെന്ന് അനൂപ് പറയുന്നു. കാടാണ് അനൂപിനെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത്. കാടുകളിലേക്കുള്ള യാത്ര തുടങ്ങിയതോടെ പ്രകൃതിയെ കൂടുതല്‍ അറിയാന്‍ തുടങ്ങി. പോയ സ്ഥലങ്ങളേക്കുറിച്ചുള്ള ഓര്‍മയ്ക്കായി മൊബൈലില്‍ ചിത്രമെടുക്കാന്‍ തുടങ്ങി. അത് പിന്നെ പതിയെ ക്യാമറയിലേക്ക് മാറി.

Anoop photography 2

യാത്രകള്‍ ചെയ്യുമ്പോള്‍ ഒരിക്കലും മുന്‍പ് അവിടങ്ങളില്‍ പോയവരുടെ അനുഭവക്കുറിപ്പുകളോ, വ്‌ളോഗുകളോ നോക്കാറില്ലെന്ന് അനൂപ് പറയുന്നു. പോകുന്ന വഴിയേ കാണുന്ന കാഴ്ചകള്‍ ആദ്യം കാണുന്ന രീതിയില്‍ അനുഭവിച്ചറിയുകയാണ് ഈ അധ്യാപകന്റെ ശൈലി. സ്വന്തം നാടിന്റെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളിലേക്കുള്ള ഏകാന്തയാത്രകളാണ് അനൂപിന്റെയുള്ളിലെ യാത്രികനേയും പ്രകൃതിസ്‌നേഹിയേയും ഫോട്ടോഗ്രാഫറേയും ഉണര്‍ത്തിയതെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.

Anoop Photography 3

കാലന്‍കോഴി,  വെള്ളിമൂങ്ങ, ചെമ്പന്‍ നത്ത്, മണികണ്ഠന്‍, ഓലഞ്ഞാലി, കടവാവലുകള്‍ എന്നിങ്ങനെ ലോക്ക്ഡൗണ്‍ കാലത്ത് അനൂപ് പകര്‍ത്തിയ ജീവജാലങ്ങളുടെ പട്ടിക നീളുന്നു. ചിത്രങ്ങള്‍ പകര്‍ത്തുക എന്നതിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നൊരു ലക്ഷ്യം കൂടി ഇതിലൂടെ അനൂപ് മുന്‍നിര്‍ത്തുന്നു. പ്രകൃതിയെ നിരീക്ഷിക്കാന്‍ കാടുകയറണമെന്നില്ല, മറിച്ച് നമ്മുടെ വീട്ടുപരിസരങ്ങളിലേക്കൊന്ന് കണ്ണോടിച്ചാല്‍ മതിയെന്നാണ് അനൂപിന്റെ പക്ഷം.

Anoop Photography 4

നാഗര്‍ഹോളെയിലേക്കായിരുന്നു ലോക്ടഡൗണിന് തൊട്ടുമുമ്പ് പോയത്. ജോലിക്കിടെയുള്ള ഒഴിവുദിവസങ്ങളിലായിരുന്നു യാത്രകള്‍. വീട്ടുകാരില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. തഡോബ, മാസായി മാര, രണ്‍തംഭോര്‍ തുടങ്ങിയവയാണ് അനൂപിന്റെ സ്വപ്‌നസ്ഥലങ്ങള്‍. എന്നെങ്കിലും ഇവിടങ്ങളില്‍ പോകാനാവുമെന്നാണ് അദ്ദേഹം കരുതുന്നത്. കുളു-മണാലി വരെ തീവണ്ടിയില്‍ യാത്ര ചെയ്ത് അവിടെ നിന്നും കര്‍ദുംഗ് ല വരെ ബൈക്കില്‍ പോകണമെന്ന ഒരു പദ്ധതിയുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ആ ആഗ്രഹം ഒന്ന് പൊടിതട്ടിയെടുക്കണമെന്നാണ് ഇദ്ദേഹം കരുതുന്നത്.

Anoop Photography 5

മലയമ്മ സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കൂടിയായ അനൂപ് ലോക്​ഡൗണിന് ശേഷം വിദ്യാര്‍ഥികള്‍ക്കായി നാട്ടു പക്ഷികളുടെ ഒരു ചിത്ര പ്രദര്‍ശനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

Content Highlights: Anoop Mutheri, Wildlife Photographer in Kozhikode, Kerala Covid 19