Anitha 1ച്ഛന്റെ എണ്‍പതാം പിറന്നാളിന് ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലേക്ക് ഇരുപത്തിരണ്ട് മണിക്കൂര്‍ 'ഹാര്‍ലി ഡേവിഡ്‌സണ്‍' ബൈക്കോടിച്ച് തനിയെ എത്തിയ മകള്‍... അപ്രതീക്ഷിത വരവൊന്നുമായിരുന്നില്ലെങ്കിലും ചെറുപ്പം മുതലേയുള്ള ഇത്തരം സാഹസികതകള്‍ ഇപ്പോഴും മകള്‍ ആവര്‍ത്തിക്കുന്നതില്‍ വീട്ടുകാര്‍ക്കും സന്തോഷം... നര്‍ത്തകി, അഭിനേത്രി, അവതാരക, കോര്‍പ്പറേറ്റ് ട്രെയ്നര്‍, ബ്‌ളോഗര്‍... വിശേഷണങ്ങള്‍ ഏറെയുണ്ട് അനിത പീറ്റര്‍ എന്ന നാല്‍പ്പത്തൊന്നുകാരിക്ക്. പക്ഷേ, 'ആയിരക്കണക്കിന് കിലോമീറ്ററുകള്‍ തനിച്ച് ബൈക്കോടിക്കുന്നതില്‍പ്പരം ലഹരി മറ്റൊരു വിശേഷണങ്ങള്‍ക്കുമില്ല' എന്ന് അനിത പറയുന്നു. കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'പെര്‍സോണ സ്‌ക്രിപ്റ്റി'ന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ്.

യാത്രകള്‍ ലിംഗനീതിക്കും തുല്യതയ്ക്കും വേണ്ടി

ഇരുപത്തി രണ്ട് മണിക്കൂര്‍ എടുത്തു ൈഹദ്രാബാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്ക്. ബെംഗളൂരുവില്‍ ഒരു രാത്രി തങ്ങിയതൊഴിച്ചാല്‍ മറ്റിടങ്ങളില്‍ ഒന്നുംAnitha 2 അധികസമയം നിര്‍ത്തിയില്ല. ഹൈദരാബാദില്‍ നിന്ന് കശ്മീരിലേക്കും കന്യാകുമാരിയിലേക്കും പല ഗ്രൂപ്പുകള്‍ക്കുമൊപ്പം ബൈക്കില്‍ പലവട്ടം യാത്ര ചെയ്തിട്ടുണ്ട്. ഒറ്റയ്ക്കുള്ള യാത്രകളും ഏറെ. പതിനാറാം വയസ്സില്‍ തുടങ്ങിയതാണ് യാത്രകളോടും വാഹനങ്ങളോടുമുള്ള കമ്പം. എല്ലാത്തരം വാഹനങ്ങളും ഓടിക്കാനറിയാം.

പനമ്പിള്ളി നഗറില്‍ താമസിക്കുന്ന ടി. തോമസിനും ഭാര്യ സാറാമ്മയ്ക്കും മകളുടെ യാത്രകളോട് പണ്ടേ താത്പര്യമാണ്. പെരുമ്പാവൂര്‍ മാര്‍ത്തോമ, എറണാകുളം സെയ്ന്റ് തെരേസാസ്, സേക്രഡ് ഹാര്‍ട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. വിവാഹ ശേഷമാണ് കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് എത്തുന്നത്.

നടി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുടെ കീഴിലാണ് മോഹനിയാട്ടം പഠിച്ചത്. നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പഠനശേഷം ഹൈദരാബാദില്‍ 'ലാസ്യദ്രുത' എന്ന പേരില്‍ പെര്‍ഫോമിങ് ആര്‍ട്‌സ് സ്‌കൂള്‍ തുടങ്ങി. അവിടെ നൃത്തത്തിനു പുറമെ വാദ്യോപകരണങ്ങളിലും പരിശീലനം നല്‍കുന്നുണ്ട്.

വേണ്ടത് സാമൂഹിക ശാക്തീകരണം,സ്ത്രീശാക്തീകരണമല്ല

തുല്യതയ്ക്കും സമത്വത്തിലും വേണ്ടി തെരുവില്‍ ഒറ്റയ്ക്ക് ബോധവത്കരണം നടത്തിയാണ് സാമൂഹിക ഇടപെടലുകള്‍ക്ക് തുടക്കമിടുന്നത്. ഒറ്റയ്ക്ക് ഒരു സ്ത്രീ നടത്തിയ പ്രഭാഷണത്തിന് കാഴ്ചക്കാരും കേള്‍വിക്കാരും ഏറെയുണ്ടെന്ന തിരിച്ചറിവാണ്, വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യാന്‍ അനിതയെ പ്രേരിപ്പിച്ചത്. പല മേഖലകളിലും സ്ത്രീകളോടുള്ള വേര്‍തിരിവുകളോടും വിലക്കുകളോടും ചെറുപ്പം മുതലേ അമര്‍ഷമുണ്ട്.

Anitha 3'അസമത്വം ഇല്ലാതാക്കാന്‍ വനിതാദിനം എന്ന പേരില്‍ ആഘോഷങ്ങള്‍ നടത്തുകയല്ല വേണ്ടത്. അങ്ങനെ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ദിവസത്തിന്റെ ആവശ്യമില്ല. വേണ്ടത്, സാമൂഹിക ശാക്തീകരണമാണ്, സ്ത്രീശാക്തീകരണമല്ല. കാഴ്ചകള്‍ നല്‍കുന്ന രസത്തിനപ്പുറം ഓരോ യാത്രയും ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്. ഒറ്റയ്ക്ക് ഇത്ര ദൂരം ബൈക്കില്‍ യാത്രചെയ്യുന്ന സ്ത്രീയോടുള്ള കൗതുകം മുതലെടുത്ത് തുല്യതാ ബോധവത്കരണം നടത്തും. ഗ്രാമങ്ങളിലൂടെയുള്ള യാത്രയാണ് കൂടുതല്‍ രസകരം. മുന്‍വിധികളില്ലാതെ ഇടപെടുന്നവരാണ് പല ഗ്രാമീണരും. വേഷങ്ങളോടും വണ്ടിയോടുമുള്ള ആദ്യകാഴ്ചയിലെ കൗതുകം കഴിഞ്ഞാല്‍ അവര്‍ നാട്യങ്ങളില്ലാതെ ഇടപെടും. ഒരിക്കല്‍ ഉത്തരേന്ത്യന്‍ യാത്രയ്ക്കിടെ ഒരു ഗ്രാമത്തില്‍ ട്രാക്ടര്‍ ഓടിക്കാന്‍ അവസരം കിട്ടി. സ്ത്രീകള്‍ക്ക് ഇതൊന്നും പറ്റില്ലെന്ന ഒരു വെല്ലുവിളിയുടെ പുറത്തായിരുന്നു അത്. അന്നത് കാണാന്‍ ഗ്രാമത്തിലെ ആളുകള്‍ കൂടി. ശാക്തീകരണത്തെക്കുറിച്ചും തുല്യതയേക്കുറിച്ചുമൊക്കെ അവരോട് സംസാരിച്ചു. അതോടെയാണ് യാത്രകള്‍, കാഴ്ചകള്‍ മാത്രം കണ്ട് അവസാനിപ്പിക്കേണ്ടതല്ലെന്ന് തീരുമാനിച്ചത്. അത്തരം ലക്ഷ്യത്തോടെയുളള യാത്രകളാണിപ്പോള്‍ ഏറെയും.'

'ഐ പ്ലഡ്ജ് അവയര്‍നെസ് ഫോര്‍ ചെയ്ഞ്ച്' എന്ന പേരില്‍ തെലുങ്കാനയിലെ സ്‌കൂളിലും കോളേജിലും മോട്ടിവേഷണല്‍ പരിശീലനം നല്‍കുന്നുണ്ട് അനിത. കുടുംബമൊന്നിച്ചും യാത്രകള്‍ പതിവാണ്. ഭര്‍ത്താവ് പീറ്റര്‍ ജേക്കബ്. വിദ്യാര്‍ഥികളായ നേഹ, നേതല്‍ എന്നിവര്‍ മക്കളാണ്. തുല്യതാ സന്ദേശവുമായി അമ്മയും മകളും ചേര്‍ന്ന് ഒരു ദീര്‍ഘദൂര ബൈക്ക് യാത്രയാണ് ഇനിയുള്ള ലക്ഷ്യം.

Content Highlights: Anitha's Travel, Women Travel, Women Rider