രു മുംബൈക്കാരൻ എന്ന്‌ വിളിക്കാവുന്ന സമയമൊന്നും ഞാൻ ഈ നഗരത്തിൽ ജീവിച്ചിട്ടില്ല. കഴിഞ്ഞകൊല്ലം മാത്രമാണ് കുടുംബത്തോടു കൂടി ഇങ്ങോട്ട് താമസം മാറിയത്. അതിനു മുമ്പ് ബെൽഗാം എന്ന ചെറുപട്ടണത്തിൻറെ നനുത്ത തണുപ്പിൽ കഴിഞ്ഞ സുഖമുള്ള മൂന്ന് വർഷം. വലിയ ബംഗ്ലാവും ചുറ്റും പരന്നു കിടന്നിരുന്ന പുൽമേടുകളും വിട്ട്‌ മണ്ണ് തൊടാതെ പായുന്ന തിടുക്കക്കാരുടെ നഗരത്തിൽ, തീപ്പെട്ടി വലിപ്പമുള്ള കൂടിൽ ചേക്കേറുക അത്ര രസമുള്ള കാര്യമല്ല. ബെൽഗാമിൽ വച്ച് ഒരു കാരണവുമില്ലാതെ അമ്മ പറഞ്ഞു, ‘നിനക്ക് ഇനി ബോംബേയിലേക്കോ മറ്റോ ആണ്‌ മാറ്റമെങ്കിൽ ഞാൻ വരുന്നില്ല. എനിക്ക് പേടിയാണ്’. കേട്ടപ്പോൾ അന്ന് ചിരിയാണ് വന്നത്. ‘മൂന്ന് കോടി ജനങ്ങൾ പാർക്കുന്ന മുംബൈയിൽ അമ്മയ്ക്ക് പേടിക്കാൻ എന്താണുള്ളത്?’ എന്റെ ചോദ്യത്തിന് ഒരു നിമിഷത്തിന്റെ മൗനത്തിനു ശേഷം അമ്മ പറഞ്ഞ ഉത്തരം ഇപ്പോഴും മനസ്സിലുണ്ട്, ‘എനിക്ക് തിരക്കാണ് പേടി’. ഏതാനും ദിവസങ്ങൾ കഴിയും മുമ്പേ, ഒരു തിരുവോണ നാളിൽ ഒരു യാത്ര പോലും പറയാതെ, അമ്മ തിരക്കിട്ട് മരിച്ചുപോയി.

മുംബൈക്കാണ് മാറ്റം എന്നറിഞ്ഞ്‌ വിളിച്ച്‌ അഭിനന്ദിച്ച സഹപ്രവർത്തകരോട് വെറും വാക്കിൽ നന്ദി പറഞ്ഞൊഴിയുമ്പോഴും ജോലി രാജിവച്ച്‌ വയനാട്ടിലുള്ള ചെറിയ തോട്ടത്തിൽ ഒതുങ്ങി മുഴുവൻ സമയവും എഴുത്തിനും അല്പം കൃഷിക്കും (അതിനെക്കുറിച്ച് ഒരു ചുക്കുമറിയിലെങ്കിലും) ചെലവാക്കാം എന്ന ഒരു അത്യാഗ്രഹം മനസ്സിൽ താലോലിച്ചു നടന്നിരുന്ന സമയം. ഒരിക്കലും മുംബൈ കണ്ടിട്ടില്ലാത്ത ചേച്ചിയാണ്, നീ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ജോലി രാജിവയ്ക്കാൻ വരട്ടെ. ഇത് ഒരവസരമാണ്. സിനിമയുടെയും ടെലിവിഷന്റെയും മായിക നഗരമാണ് മുംബൈ. നിന്റെ എഴുത്തിന്‌ ചിലപ്പോൾ ഒരു വഴിത്തിരിവാകും എന്നു പറഞ്ഞത്. അതുവരെ നിനക്ക് പിടിച്ചുനിൽക്കാൻ ജോലി ഒരു താങ്ങാവും എന്ന്‌ ചേച്ചി പറഞ്ഞു. മേം കർത്താവാകുമ്പോൾ ഹും എന്നു പറയണം എന്ന്‌ കാണാപ്പാഠം പഠിച്ച്‌ ഹിന്ദി പരീക്ഷ കഷ്ടിച്ച് പാസ്സായ എന്നോടുതന്നെ ഇത് പറയണം. മുമ്പ് നീ കാണാതെ പഠിച്ചല്ലേ ഇംഗ്ലീഷും പാസായത്, എന്നിട്ട് ഇപ്പോൾ ഇംഗ്ലീഷിലല്ലേ നിന്റെ നോവലെല്ലാം? ചേച്ചി ഇത്‌ ചോദിച്ചപ്പോൾ ദേഷ്യമാണ് വന്നത്. ഇംഗ്ലീഷ് ഒരുമാതിരി വശത്താക്കാൻ എത്ര കഷ്ടപ്പെട്ടു എന്നറിഞ്ഞൂടെ എന്നു ഞാൻ അല്പം ഒച്ച ഉയർത്തി ചോദിച്ചു.
‘കഷ്ടപ്പെടാൻ തയ്യാറാവാത്തവൻ ബോംബെയ്ക്ക് പോകരുത്, ഇവിടെ നാട്ടിൽ വന്ന്‌ ആഴ്ചയിൽ മൂന്ന് ഹർത്താൽ ആഘോഷിച്ചു കഴിഞ്ഞോ’ എന്നായിരുന്നു മറുപടി. അത് ഒരു സുഖമുള്ള കാര്യമാണ് എന്ന്‌ തോന്നാതിരുന്നില്ല.

ഹിന്ദി ഒരു ഭീകര ജീവിയാണ് എന്ന്, ആറു മാസത്തെ ഡൽഹി വാസത്തിൽ എനിക്ക്‌ മനസ്സിലായതാണ്. ഇരുപതു വർഷങ്ങൾക്കു മുമ്പ്, എൻജിനീയറിങ്ങിന്റെ എട്ട്‌ സപ്ലി പേപ്പർ രണ്ടാം വട്ടം എഴുതിയെടുത്ത്‌, ഡൽഹിക്ക് ജോലി അന്വേഷിച്ചു

പോയപ്പോൾ ഹിന്ദി പോയിട്ട്‌ ഇംഗ്ലീഷ് തന്നെ മുക്കിയും മൂളിയും പറയുന്ന സമയം. കുറച്ചുനാൾ വെയിലുകൊണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി.

അംബാനിക്കും ടാറ്റയ്ക്കും ഒന്നും എന്നെ വേണ്ട. പിന്നെ ദോശക്കല്ല്‌  (തവ) വീടുവീടാന്തരം വിൽക്കുന്ന ഒരു മൾട്ടി ലെവൽ മാർക്കറ്റിങ്‌ കമ്പനിയിൽ ജോലി കിട്ടി. തവ എങ്കിൽ തവ, തോറ്റുകൊടുക്കാൻ തയ്യാറാവാത്ത എല്ലാ മലയാളികളേയും പോലെ, ഞാനും പണിതുടങ്ങി. മാനേജർ എഴുതിത്തന്ന കച്ചവടവാചകം കാണാതെ പഠിച്ചു. ‘ഭായിജി, ബഹൻജി, യെ ഏക്‌ തവ ഹൈ. ഇസ്‌കാ കീമത്തു
ഹൈ സൌ രുപയ്യ. ലേകിൻ, ആജ്‌ പ്രചാരാർത്തു, ഹമാര കമ്പനി ആപ്കോ ദെ രഹെ ഹൈ, ആപ് ഏക്‌ ലേലേ തൊ ഏക്‌ ഓർ ബിൽക്കുൽ മുഫത്’. നല്ല മല്ലു ചുവയിൽ ആണെങ്കിലും രണ്ട്‌ ദിവസം കാണാതെ ഉരുവിട്ട് പഠിച്ചപ്പോൾ ഇത് ഒരു മാതിരി പറയാം എന്നായി. നാല്പത്തഞ്ചു ഡിഗ്രി ചൂടിൽ ടൈയും കെട്ടി, ഓൾഡ്‌ ഡൽഹിയിലെ ചേരികളിൽ‍, ഒരു സഞ്ചി തവയുമായി ഈ മന്ത്രവും ഉരുവിട്ട് അലഞ്ഞു. തകര വാതിലിൽ മുട്ടുമ്പോൾ ആരെങ്കിലും തുറക്കും. അത് പത്തു വയസ്സുള്ള പയ്യനാവട്ടെ, എഴുപതു കഴിഞ്ഞ കിളവി ആകട്ടെ, രണ്ടു കൈയിലും ഓരോ തവ ഉയർത്തി, എനിക്കറിയണ ഹിന്ദിയിൽ എന്റെ പ്രസംഗം തുടങ്ങും,
‘ഭായിജി, ബഹൻജി, യെ ഏക്‌ തവ ഹൈ. ഇസ്‌കാ കീമത്ത്‌ ഹൈ സൌ രുപയ്യ...’

അവർക്കറിയണ ഹിന്ദിയിൽ അവർ എന്തൊക്കെയോ പുലമ്പും. അവർ ശ്വാസംവിടാൻ അവരുടെ ഹിന്ദി നിർത്തുമ്പോൾ‍‍, ഞാൻ വീണ്ടും ‘ഭായിജി, ബഹൻജി’ തുടങ്ങും. ചിലർ ചിരിക്കും, ചിലർ ഒച്ച വയ്ക്കും. പലരും അന്ന് പറഞ്ഞതിന്റെ അർഥം ഇപ്പോഴാണ് ഒരു ഭാഷയിലും അച്ചടിക്കാൻ കൊള്ളാത്തതാണ് എന്ന്‌ മനസ്സിലായത്. പക്ഷെ പലരും സഹികെട്ട്‌ തവ വാങ്ങും. അങ്ങനെ ആറു മാസം ഒരു മഹാനഗരത്തിൽ, മറ്റൊരു ജോലി കിട്ടി നാട്ടിൽ തിരിച്ചു വരുന്നതുവരെ പിടിച്ചു നിൽക്കാമെങ്കിൽ‍‍, ചിലപ്പോൾ ഇതും എന്നെക്കൊണ്ട് പറ്റിയേക്കും എന്നൊരു ധൈര്യം തരാൻ ചേച്ചിയുടെ ആ ഫോൺ സഹായിച്ചു.

mumbai

മുംബൈയിൽ‍ വന്നപ്പോൾ ആദ്യ അവസരം വന്നത് സിയാ കേ രാം എന്ന മെഗാ സീരിയൽ എഴുതാൻ ആണ്. രണ്ട്‌ വർഷം മുമ്പ് ജയ്‌പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ‍ എന്റെ അസുര എന്ന പുസ്തകത്തിനെ കുറിച്ച് ഞാൻ പ്രസംഗിക്കുന്നത് കേട്ട സ്റ്റാർ ടിവിയുടെ ആളുകൾ എന്നോട് ഒരു സീരിയൽ ചെയ്യുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഞാൻ മുംബൈയിലേക്ക് താമസം
മാറിയത് അറിഞ്ഞ്‌ അവർ എന്നെ വീണ്ടും വിളിപ്പിച്ചു. ആദ്യം മടിച്ചു നിന്ന ഞാൻ രണ്ടുംകല്പിച്ച്‌ അവരുടെ ഓഫീസിൽ പോയി. എനിക്ക് ഹിന്ദി അറിയില്ല എന്ന്‌ ആദ്യമേ പറഞ്ഞു. അപ്പോഴാണ് എന്നെപ്പോലെ ലോകവിവരം കമ്മിയായ സാധാരണ മലയാളികൾക്ക് അറിവില്ലാത്ത ഒരു രഹസ്യം അവർ പറഞ്ഞത്. ഇവിടെ ആരും ഹിന്ദിയിൽ എഴുതാറില്ല. ബോളിവുഡ് ആകട്ടെ, തമിഴോ തെലുങ്കോ ആകട്ടെ, ഹിന്ദി സീരിയലുകളാവട്ടെ, എഴുത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. ഡയലോഗ്‌ മാത്രമാണ് അതത് ഭാഷയിൽ എഴുതുക. എന്റെ ‘ഭായിജി, ബഹൻജി’ വീണ്ടും പുറത്തെടുക്കേണ്ട എന്നോർത്ത് ഞാൻ ശ്വാസം നേരെ വിട്ടു.

അതിനു ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഭാഗ്യം കൊണ്ടുവന്ന നഗരമാണിത്‌. സിയാ കേ റാം, അശോക, ഹനുമാൻ, അദാലത്ത്, നാഗാർജുന തുടങ്ങിയ പല സീരിയലിൻറെയും തിരക്കഥ എഴുതി. ഇപ്പോഴും എഴുതുന്നു. ബാഹുബലി എന്ന മഹാചിത്രത്തിന്റെ നോവൽപ്പതിപ്പ് മൂന്ന് ഭാഗങ്ങളായി രാജമൗലി സാറിനൊപ്പം ചെയ്യുന്നു. തമിഴിൽ ഒരു കഥ സിനിമ ആകുന്നു. മലയാളത്തിൽ സിദ്ധാർത്ഥ്‌ ഭരതനൊപ്പം ഒരു മലയാള പടം ഒരുങ്ങുന്നു. വെസ്റ്റൻഡ്‌-ആമസോൺ. അടുത്ത മൂന്ന് വർഷത്തിൽ എന്റെ നാല്‌ നോവലുകൾ, ബാഹുബലി കൂടാതെ പുറത്തിറക്കുന്നു. എന്റെ പ്രസിദ്ധീകരിക്കപ്പെട്ട മൂന്ന് നോവലുകളും പല വിദേശ ഭാഷകളിലും വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിക്കാൻ‍ പോകുന്നു.

ഇതെല്ലാം ഈ ഒരു വർഷത്തിൽ ഈ നഗരം തന്നതാണ്. ഭാഷയും മതവും ജാതിയും വേഷവും വംശവും ഒന്നും പ്രശ്നമില്ലാത്ത, മനുഷ്യന്റെ പ്രയത്നത്തിന്‌ മാത്രം വിലകല്പിക്കുന്ന മഹാനഗരം.  നിർത്താതെ പായുന്ന തീവണ്ടികളിൽ രണ്ട്‌ കോടി ജനങ്ങൾ ഒഴുക്കുന്ന വിയർപ്പിന്റെ മണമുള്ള നഗരം. ഞാൻ ഇതെഴുതുമ്പോൾ, ജനാലയിൽ കൂടി, ആളുകളെ കുത്തിത്തിരുകി കൂവിപ്പാഞ്ഞു പോകുന്ന തീവണ്ടി, എനിക്ക്‌ കാണാം. വൈദ്യുതിയിൽ ഓടുന്ന ഈ വണ്ടികളെ തീവണ്ടി എന്ന്‌ വിളിക്കാമോ എന്നെനിക്കറിയില്ല. ഒരു പക്ഷേ അതിന്റെ ചവിട്ടുപടിയിൽ ഒരു കാലു മാത്രം വച്ച്‌, ഒരു കൈ കമ്പിയിൽ മുറുകെ പിടിച്ച്‌ ഞാന്നു കിടക്കുന്ന മനുഷ്യരുടെ കണ്ണുകളിലാവാം തീ ആളുന്നത്. ജാതി വെറിയും പട്ടിണിയും പൂക്കുന്ന ഭാരതത്തിന്റെ പൊടിപാറും കുഗ്രാമങ്ങളിൽ നിന്നും തോറ്റു കൊടുക്കാൻ മനസ്സിലാത്ത ആണും പെണ്ണും കുടിയേറുന്ന നഗരം. എഴുതി തളരുമ്പോൾ, വയനാട്ടിൽ എന്നെ കാത്തിരിക്കുന്ന ഒരു പിടി ചുവന്ന മണ്ണിനെ ഞാൻ ചിലപ്പോഴെങ്കിലും സ്വപ്നം കാണും. എന്നെങ്കിലും, ഈ നഗരം അനുവദിച്ചാൽ‍, അനുവദിച്ചാൽ മാത്രം അവിടെപ്പോയി താമസിക്കണം. അസൂയമൂത്ത ഒരു കാമുകിയെ പ്പോലെയാണ്‌ ഈ നഗരം. ഇവളെ പ്രണയിച്ചവരെ ഒരിക്കലും മറ്റൊരു നഗരത്തിനും വിട്ടുകൊടുത്ത ചരിത്രമില്ല. എങ്കിലും സ്വപ്നം കാണുന്നതിൽ എന്താണ് തെറ്റ്? ടാർപോളിൻ മേൽക്കൂര ആക്കിയവർക്കും, പൈപ്പിന്റെ അകം വീടാക്കിയവർക്കും അംബര ചുംബികളിലെ അംബാനിമാർക്കും അമിതാഭ്‌ ബച്ചന്മാർക്കും നമുക്കും എല്ലാം ഒരു പോലെ ചെയ്യാവുന്ന ഒന്നേ ഈ നഗരത്തിൽ ഉള്ളു. സ്വപ്നം കാണുക എന്നതാണത്. ഈ നഗരം നൽകുന്ന ഏറ്റവും വലിയ പാഠവും വിയർക്കാൻ തയ്യാറുള്ളവന് എല്ലാ സ്വപ്നങ്ങളും സഫലമാകും എന്നു തന്നെ.

 mail@asura.co.in