തിരുവനന്തപുരത്തുകാരന്‍ ആനന്ദ് വാരാണസിയില്‍ എത്തിയത് എം.ബി.എ. പഠനത്തിന്റെ ഭാഗമായുള്ള ഓര്‍ഗനൈസേഷണല്‍ സ്റ്റഡിക്കു വേണ്ടിയാണ്. 

കളമശ്ശേരി എസ്.സി.എം.എസ്. സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥിയായ ആനന്ദിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് ഒരീറന്‍ കാറ്റാണ്.  അത് ആനന്ദിനെ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡിലെത്തിച്ചു.

ക്ഷേത്ര നഗരിയായ വാരാണസിയുടെ വൈവിധ്യം നിറഞ്ഞ 1008 ചിത്രങ്ങള്‍ പകര്‍ത്തിയാണ് ആനന്ദ് ഈ നേട്ടത്തിനുടമയായത്. ഗംഗാ നദിയിലൂടെയുള്ള യാത്രയ്ക്കിടെ ഈറന്‍ കാറ്റില്‍ ആടിയുലഞ്ഞ ബോട്ടില്‍ അറിയാതെ കൈതട്ടി ഐഫോണ്‍ പനോരമ ഫോട്ടോഗ്രാഫി മോഡില്‍ ആയതാണ് ആനന്ദിനെ ഏഷ്യാ ബുക്ക് ഓഫ്  റെക്കോഡ്‌സിലെത്തിച്ചത്.

  ഗംഗാനദിയുടെ സാന്ധ്യവര്‍ണങ്ങള്‍ ആവോളം പകര്‍ത്തിയതിനുശേഷമാണ് ആനന്ദ് അറിയുന്നത് എല്ലാം പനോരമിക്ക് ഇമേജുകളാണെന്ന്. അവയ്‌ക്കെല്ലാം മാസ്മരികവും വശ്യവുമായ ദൃശ്യചാരുതയും. എന്നാല്‍ ഇനിയുമുള്ള ക്ലിക്കുകള്‍ പനോരമിക്ക് ഫോട്ടോഗ്രാഫിയുടെ സാങ്കേതിക മികവിലൂടെ തന്നെയാവട്ടെ എന്ന ചിന്തയില്‍ ആനന്ദ് ചെയ്ത ക്ലിക്കുകള്‍ രണ്ടായിരത്തോളം വരും.

12
 ആനന്ദ്

ഇതില്‍ വാരാണസി നഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങളും അതിജീവനത്തിന്റെ ശേഷപത്രങ്ങളും ഉണ്ട്. സാംസ്‌കാരിക പൈതൃകങ്ങളുടെ തിരുശേഷിപ്പുകളും ഉദയാസ്തമനങ്ങളുടെ ജീവിത വര്‍ണങ്ങളും വിവിധ ആംഗിളുകളില്‍ ആനന്ദ് പകര്‍ത്തി. ഇതില്‍നിന്ന് തിരഞ്ഞെടുത്ത ആയിരത്തെട്ട് ചിത്രങ്ങളാണ്    ആനന്ദിനെ   ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സ് ജേതാവാക്കിയത്. 

പതിനായിരക്കണക്കിന് ക്ഷേത്രങ്ങളുടെ നഗരിയായ വാരാണസി സദാസമയവും ഭക്തജന നിബിഡമാണ്. സന്ധ്യയായാല്‍ ഗംഗാനദിക്കര ആരതികളുടെ സംഗമഭൂമിയായി മാറും. മൃത്യുഞ്ജയ മന്ത്രധ്വനികളാല്‍ മുഖരിതമാവുന്ന ദശാശ്വമേധ ഘട്ടത്തിലേക്ക് വള്ളങ്ങളില്‍ യാത്രചെയ്യുന്നവരുടെ മനസ്സും തപസ്സും ഒക്കെ അഹം ബ്രഹ്മാസ്മി പോലെ ഒന്നായിത്തീരുന്ന ആത്മനിര്‍വൃതിയുടെ നിമിഷങ്ങള്‍.

വേനല്‍ച്ചൂട് 48 ഡിഗ്രിയിലെത്തുന്ന വാരാണസിയില്‍ വെളുപ്പിന് നാലുമുതല്‍തന്നെ പരക്കെ വെയില്‍വന്ന് തുടങ്ങും. രാവിലെ അഞ്ചുമുതല്‍ ജനപ്രവാഹം ആരംഭിക്കുകയായി. 28,000ത്തോളം ക്ഷേത്രങ്ങളുള്ള വാരാണസിയുടെ പ്രഭാതക്കാഴ്ചകള്‍ ക്യാമറക്കണ്ണിലൂടെ പായിച്ചാല്‍ ഏതു ഫ്രെയിമിലും പുരാതനമായ വാരാണസി നഗരത്തിന്റെ ചരിത്രരേഖകള്‍ പതിയും.

12 ദിവസംകൊണ്ടാണ് ആനന്ദ് ഇത്രയും പടങ്ങള്‍ പകര്‍ത്തിയത്.  അത്യന്തം അപകടം നിറഞ്ഞ ഗംഗാനദിയിലൂടെയുള്ള വള്ളങ്ങളിലെ യാത്രയില്‍ ഫോട്ടോഗ്രാഫി ദുഷ്‌കരമായിരുന്നു. കാരണം ഭക്തിലഹരിയുടെ ആനന്ദസാഗരത്തില്‍ ആറാടുന്ന 
ആയിരക്കണക്കിന് ജനങ്ങളുടെ മതിമറന്നുള്ള ഭക്തിപ്രകടനങ്ങള്‍ തന്നെ.