കാടും മേടും ജനവാസകേന്ദ്രങ്ങളും താണ്ടി അഞ്ചുമാസംകൊണ്ട് 1,300 കിലോമീറ്റര്‍ പിന്നിട്ട് ഒരു കടുവയുടെ മഹാപ്രയാണം. മഹാരാഷ്ട്രയിലെ യവത്മാലിലുള്ള ടിപ്പേശ്വര്‍ വന്യജീവിസങ്കേതത്തില്‍നിന്ന് ജൂണ്‍ 21-ന് പുറപ്പെട്ട കടുവയാണ് ഞായറാഴ്ച മഹാരാഷ്ട്രയിലെതന്നെ ബുല്‍ധാനയിലുള്ള ധ്യാന്‍ഗംഗ സങ്കേതത്തിലെത്തിച്ചേര്‍ന്നത്. ഇന്ത്യയില്‍ ഒരു കടുവയുടേതായി രേഖപ്പെടുത്തപ്പെടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയാണിത്.

മഹാരാഷ്ട്രയിലെയും തെലങ്കാനയിലെയും വനമേഖലകളും ഗ്രാമങ്ങളും റോഡുകളും പിന്നിട്ടു നടത്തിയ ദീര്‍ഘമായ യാത്രയ്ക്കിടയില്‍ ഒരിക്കല്‍പ്പോലും മനുഷ്യരുമായി ഏറ്റുമുട്ടിയില്ല എന്നതാണ് ടി.ഡബ്ല്യു.എല്‍.എസ്.- ടി. വണ്‍- സി. വണ്‍ എന്നു പേരിട്ട കടുവയെ വ്യത്യസ്തനാക്കുന്നത്. 2016-ല്‍ ടിപ്പേശ്വറിലാണ് ഈ ആണ്‍കടുവയും രണ്ടു സഹോദരങ്ങളും ജനിച്ചത്. ഈ വര്‍ഷമാദ്യം അമ്മയില്‍നിന്ന് വേര്‍പെട്ട കടുവയ്ക്ക് ഫെബ്രുവരി 27-ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വിദഗ്ധര്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചു. ഇതിന്റെ സഹായത്തോടെയാണ് നീക്കങ്ങള്‍ നിരീക്ഷിച്ചത്. ടിപ്പേശ്വര്‍ സങ്കേതത്തിന്റെ വിവിധഭാഗങ്ങളില്‍ കറങ്ങിനടന്നശേഷം പാണ്ഡര്‍കാവ്ഡയിലൂടെ തെലങ്കാനയിലേക്ക് കടന്നാണ് കടുവ ദീര്‍ഘയാത്ര ആരംഭിച്ചത്.

നേര്‍രേഖയില്‍ നടക്കുന്നതിനുപകരം ചുറ്റിക്കറങ്ങിയും തിരിച്ചുനടന്നും വീണ്ടും മുന്നോട്ടുപോയുമായിരുന്നു സഞ്ചാരം. ആറു ജില്ലകളിലെ നൂറുകണക്കിനു ഗ്രാമങ്ങളും കൃഷിയിടങ്ങളുംവഴി കറങ്ങുകയും കാലികളെ കൊന്നുതിന്നുകയും ചെയ്‌തെങ്കിലും മനുഷ്യരെയാരെയും ഉപദ്രവിച്ചില്ല. ഒരിടത്തും നാലുദിവസത്തിലേറെ തങ്ങിയതുമില്ല. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയില്‍വെച്ച് നാട്ടുകാരുമായി മുഖാമുഖംവന്നെങ്കിലും ഏറ്റുമുട്ടല്‍ ഒഴിവായി. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഹിംഗോളിയില്‍ കടുവയെ കാണുന്നത്. ഏറ്റവുമൊടുവില്‍ എത്തിച്ചേര്‍ന്ന ധ്യാന്‍ഗംഗ സങ്കേതത്തിലും ആദ്യമായാണ് കടുവയെ കാണുന്നത്. 

കൂട്ടിന് ഇണയെത്തേടിയാണ് ആണ്‍ കടുവ ഇത്രദൂരം സഞ്ചരിച്ചതെന്നാണു കരുതുന്നത്. സംരക്ഷിത വനമേഖല പിന്നിട്ടും കടുവ സഞ്ചരിക്കുന്നുണ്ട് എന്നു വ്യക്തമായ സാഹചര്യത്തില്‍ കടുവസംരക്ഷണപ്രവര്‍ത്തനങ്ങള്‍ കടുവസങ്കേതങ്ങള്‍ക്കു പുറത്തേക്കും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സീനിയര്‍ ബയോളജിസ്റ്റ് ബിലാല്‍ ഹബീബ് പറഞ്ഞു.

Content Highlights: Indian Tiger's Longest Travel, Tippeswar Wildlife Sanctury, Dnyanganga Wildlife Sanctuary, Mathrubhumi Yathra