ആർഭാടമില്ല, ആധുനിക ​ഗതാ​ഗതമാർ​ഗങ്ങളില്ല, ജീവിതശൈലീ രോ​ഗങ്ങളില്ല; ലോകത്ത് ഇങ്ങനേയും ചിലർ ജീവിക്കുന്നു


അജയ് ​ഗോവർധൻ

2020 ലോക മനുഷ്യരാശിയെ എന്തെങ്കിലും പഠിപ്പിച്ചോ എന്നോ എന്തെങ്കിലും പഠിപ്പിക്കുമോ എന്നോ അറിയില്ല. എന്നാൽ, വിവേകശാലികൾക്ക്‌ മനുഷ്യന്റെ ജീവിതതാളവും വ്യാകരണവും വിനയത്തോടെ മാറ്റേണ്ടതുണ്ട് എന്നഭിപ്രായമുണ്ട്. അതിന് ഉദാഹരണമാക്കാവുന്ന ജനവിഭാഗമാണ് അമേരിക്കയിലെ അമിഷുകൾ. ആർത്തിയില്ലാത്ത, സൗമ്യമായി അമിഷ് ജീവിതം 2021-ലേക്ക് കടക്കുമ്പോൾ നമുക്ക് വഴിവെളിച്ചമാവട്ടെ.

അമിഷ്‌ കൗമാരക്കാർ കുതിരവണ്ടിയിൽ |ഫോട്ടോ: ഗെറ്റി ഇമേജസ്‌

പച്ചവിരിച്ചുനിൽക്കുന്ന പ്രശാന്തസുന്ദരമായ അമിഷ്‌ പാടങ്ങളും കുളമ്പടിയൊച്ച കേൾപ്പിച്ചുകൊണ്ടു നിരങ്ങിനീങ്ങുന്ന ചെറിയ കുതിരവണ്ടികളും ആവശ്യത്തിനുമാത്രം വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടിയന്ത്രങ്ങളും രുചിയൂറുന്ന അമിഷ്‌ ഭക്ഷണങ്ങളുമായി ധാരാളം വ്യത്യസ്തവും അവിശ്വസനീയവുമായ കാഴ്ചകളാണ് പുതിയ ജീവിതക്രമത്തിലേക്ക് ചുവടുെവക്കാൻ പോകുന്ന മനുഷ്യർക്കുവേണ്ടിയവർ കരുതിെവച്ചിരിക്കുന്നതെന്ന് തോന്നിപ്പോകും.

ദ്യകാലങ്ങളിൽ അമേരിക്കയിലെ ബാൾട്ടിമോർ ഒഹായോ (B&O) വണ്ടിപ്പാളത്തിലൂടെ കുതിരകൾ വലിക്കുന്ന വണ്ടികളായിരുന്നു പ്രധാന ഗതാഗത മാർഗം. 1830-ൽ പീറ്റർകൂപ്പർ ആദ്യത്തെ ആവി എൻജിൻ ഐക്യനാടുകളിൽ നിർമിച്ചതോടുകൂടി പുരോഗമനത്തിന്റെ സമവാക്യം മാറിമറിയാൻ തുടങ്ങി. തന്റെ കണ്ടുപിടിത്തം ബോധ്യപ്പെടുത്താൻവേണ്ടി റെയിൽ ഉദ്യോഗസ്ഥന്മാരെ കൂപ്പർ ‘ടോംതംബ്’ എന്നുപേരിട്ട തീവണ്ടി എൻജിനിൽ പരീക്ഷണ യാത്രയ്ക്ക് ക്ഷണിച്ചു. അവർ ബാൾട്ടിമോറിൽനിന്ന് പതിമ്മൂന്നു മൈൽ അകലെയുള്ള യെല്ലിക്കോട്ട് മില്ല് വരെ (ഇപ്പോൾ യെല്ലിക്കോട്ട് സിറ്റി) സഞ്ചരിച്ചു. ബാൾട്ടിമോറിൽനിന്ന് ആറുമൈൽ ദൂരം കഴിഞ്ഞപ്പോൾ ടോംതമ്പിന്റെ സമീപത്തുകൂടി സഞ്ചരിച്ചിരുന്ന കുതിരയെ നിയന്ത്രിക്കുന്ന വണ്ടിക്കാരൻ കൂപ്പറെ ഓട്ടപ്പന്തയത്തിനു ക്ഷണിച്ചു.

‘‘ഹേ മിസ്റ്റർ കൂപ്പർ! ഒരു പന്തയം നടത്തിയാൽ എന്താ?’’ -കുതിര വണ്ടിക്കാരൻ ചോദിച്ചു.

മിസ്റ്റർ കൂപ്പർ തന്റെ തൊപ്പി ഊരി അഭിമാനത്തോടെ പറഞ്ഞു:

‘‘ശ്രീമാൻ, എന്റെ പക്കൽ കാരിരുമ്പിൽ നിർമിച്ച കുതിരയാണുള്ളത്. താങ്കളുടെ കുതിരയെക്കാൾ വേഗത്തിലോടിയെത്താൻ ഈ ഉരുക്കു കുതിരയ്ക്കു കഴിയും.’’

മത്സരം ഏറക്കുറെ വിജയത്തിലേക്കടുക്കാറായപ്പോൾ നിർഭാഗ്യവശാൽ എൻജിൻ പണിമുടക്കി. കുതിരവണ്ടി വിജയിച്ചു. പക്ഷേ, കൂപ്പർ ഒട്ടും അസ്വസ്ഥനായില്ല. മിസ്റ്റർ കൂപ്പർ ആത്മവിശ്വാസം കൈവിടാതെ പറഞ്ഞു: ‘‘എന്തായാലും പന്തയം തോറ്റെങ്കിലും ആവിയെൻജിൻ വിജയിച്ചു. യഥാർഥ കുതിരയെക്കാൾ നന്നായി ഉരുക്കു കുതിര ഇനിയുമൊരുപാട് സഞ്ചരിക്കും.’’

പിൽക്കാലത്ത് 1974-ൽ B&O പരീക്ഷണാർഥം ടോംതംബിന്റെ മാതൃക പുനർസൃഷ്ടിച്ച്‌ പഴയ മത്സരം ഒന്നുകൂടി നടത്താൻ തീരുമാനിച്ചു. കുതിരവണ്ടി വീണ്ടും വിജയമാവർത്തിക്കുകയാണുണ്ടായത്. അതും ഒരു തവണയല്ല. നാലുപ്രാവശ്യം....! ആ ഒറ്റക്കുതിരയുടെ തിരിച്ചടിയിൽനിന്ന് പന്ത്രണ്ടായിരം കുതിരശക്തിയുള്ള ഡീസൽ ഇലക്‌ട്രിക് എൻജിനുകൾ ആധുനിക മനുഷ്യൻ നിർമിച്ചു. പക്ഷേ, ആദ്യത്തെ ആവി എൻജിൻ ചരിത്രത്തിൽ നിന്ന്- ടോംതംബിനെ പരാജയപ്പെടുത്തിയ പഴയ കുതിരവണ്ടിയുടെ ചരിത്രം നിലനിർത്തിക്കൊണ്ട് ഒരു ജനവിഭാഗം, ആധുനിക ഗതാഗത സംവിധാനങ്ങൾ പാടേ തിരസ്കരിച്ചുകൊണ്ട് സ്വയം നടന്നും കുതിരവണ്ടിയിൽ യാത്രചെയ്തും നിലമുഴുതും പ്രകൃതിദത്തകൃഷി ചെയ്തും കരകൗശല വസ്തുക്കൾ നിർമിച്ചും ജീവിതവിജയം വരിക്കുന്നുവെന്നു കേൾക്കുമ്പോൾ നമുക്ക് അദ്‌ഭുതപ്പെടാതിരിക്കാൻ കഴിയുമോ? അതും ആധുനികതയുടെ മഹാനഗരമെന്ന ഖ്യാതിയിലൂടെ ആകാശം തൊട്ടുനിൽക്കുന്ന നിർമിതികൾ കുത്തിനിർത്തി മനുഷ്യരാശിയെ ഞെട്ടിപ്പിക്കുന്ന ന്യൂയോർക്ക് നഗരത്തിന്റെ കാതങ്ങൾക്കപ്പുറം...! അവരാണ് അമിഷ്.

കൃഷിയും കുതിരവണ്ടിയും

കുതിരവണ്ടിയുടെ ചക്രങ്ങൾ ചലിപ്പിച്ചുകൊണ്ട് മുന്നോട്ടുനടക്കുന്ന, കാർഷികവൃത്തിയെമാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു ജനവിഭാഗമാണ് അമിഷ്‌ (Amish). പെൻസിൽവേനിയ, ഒഹായോ, ഇന്ത്യാന, വിസ്‌കോൺസിൻ, ന്യൂയോർക്ക്, മിഷിഗൻ എന്നിങ്ങനെ അമേരിക്കൻ ഐക്യനാടുകളിലെ മുപ്പത്തിയൊന്നിൽപ്പരം സംസ്ഥാനങ്ങളിലായി മൂന്നര ലക്ഷത്തോളമുള്ള ചെറു സ്വതന്ത്ര സമൂഹങ്ങളായി ഇവർ അധിവസിക്കുന്നു. പച്ചവിരിച്ചുനിൽക്കുന്ന പ്രശാന്തസുന്ദരമായ അമിഷ്‌ പാടങ്ങളും കുളമ്പടിയൊച്ച കേൾപ്പിച്ചുകൊണ്ടു നിരങ്ങിനീങ്ങുന്ന ചെറിയ കുതിരവണ്ടികളും ആവശ്യത്തിനുമാത്രം വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടിയന്ത്രങ്ങളും രുചിയൂറുന്ന അമിഷ്‌ ഭക്ഷണങ്ങളുമായി ധാരാളം വ്യത്യസ്തവും അവിശ്വസനീയവുമായ കാഴ്ചകളാണ് പുതിയ ജീവിതക്രമത്തിലേക്ക് ചുവടുെവക്കാൻ പോകുന്ന മനുഷ്യർക്കുവേണ്ടിയവർ കരുതിെവച്ചിരിക്കുന്നതെന്ന് തോന്നിപ്പോകും. വൈദ്യുതിയുടെ ഉപയോഗം വളരെ കുറച്ചുകൊണ്ട് പ്രകൃതിവാതകത്തിലോ മണ്ണെണ്ണയിലോ കത്തുന്ന വിളക്കുകളാണ് അവരുടെ തീന്മേശയിലോ കിടപ്പുമുറിയിലോ വരാന്തയിലോ പ്രകാശം പരത്തുന്നത്. കൃഷിക്ക് ആധുനിക യന്ത്രസംവിധാനങ്ങളോ മോട്ടോർ വാഹനങ്ങളോ അല്ല, കുതിരകളെപ്പൂട്ടിയ പരമ്പരാഗതമായ നാടൻ നിലമുഴൽ രീതിയാണ് അവരുടെ പാടങ്ങളെ ശ്രദ്ധേയമാക്കുന്നത്. ടി.വി.യും ഫ്രിഡ്ജും വാഷിങ് മെഷീനുകളും ഗ്രൈൻഡറും മൊബൈൽ ഫോണുമൊന്നും അവരുടെ നിത്യജീവിതത്തിന്റെ ഒരേടിലും നമുക്ക് കാണാൻ കഴിയില്ല. സ്വന്തം ഛായാചിത്രം കാണുന്നതുപോലും അവനവന്റെ അഹംബോധം വർധിപ്പിക്കുമെന്ന കാഴ്ചപ്പാടിൽ ഇവർ ഫോട്ടോഗ്രഫി പാടേ തിരസ്കരിച്ചിരിക്കുന്നു. പുറത്തുനിന്നു വന്ന ഒരതിഥി അവരുടെ ചുവരുകളിൽ ആരാധ്യരായ മരണപ്പെട്ടവരുടെ ഛായാചിത്രങ്ങൾ പരതിയാൽ നിരാശയായിരിക്കും ഫലം. പകരം പൂർവപിതാമഹന്മാരുടെ പേരുകൾ ഒരു ചാർട്ടിൽ എഴുതി സൂക്ഷിക്കുന്ന പാരമ്പര്യമാണ് അവർ പിന്തുടരുന്നത്. വിനയവും ആത്മാർഥതയുമുള്ള കഠിനാധ്വാനികളായ അമിഷുകൾ ശില്പവൈദഗ്‌ധ്യത്തിൽ അഗ്രഗണ്യരാണ്. ആധുനിക, നാഗരിക, ഗതാഗത പ്രശ്‌നങ്ങളോ ചെകിടടപ്പിക്കുന്ന ശബ്ദ, വായു മലിനീകരണങ്ങളോ കുറ്റകൃത്യങ്ങളോ കോടതിയോ ബാങ്കിങ് സംവിധാനങ്ങളോ ഇവരുടെ ജീവിതത്തിന്റെ താളംകെടുത്തുന്നില്ല. സ്വാഭാവികമായ ആരോഗ്യത്തോടെ അമിഷുകൾ തങ്ങളുടെ ഏഴും എട്ടും അംഗങ്ങളുള്ള വലിയ കുടുംബങ്ങളോടൊപ്പം ചെറിയ സമൂഹങ്ങളായി സന്തോഷത്തോടെ ജീവിക്കുന്നത് അമേരിക്കപോലുള്ള ഒരു രാജ്യത്ത് അചിന്തനീയമാണ്‌.

ചരിത്രപരമായി മുതിർന്ന സ്നാനത്തിൽ വിശ്വസിക്കുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലുള്ള സ്വിസ് ജർമൻ അനാബാപ്റ്റിസ്റ്റ്‌ വിഭാഗക്കാരാണ് അമിഷുകൾ. പതിനേഴാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമായി യൂറോപ്പിലുണ്ടായ ക്രൂരമായ മതപീഡനത്തിൽനിന്ന് രക്ഷപ്പെട്ട് പലായനംചെയ്ത് അമേരിക്കയിലും കാനഡയുടെ വിവിധ ഭാഗങ്ങളിലുമായി കുടിയേറിയ സമുദായമാണ് ഇവർ. ഇതര പീഡിത വിഭാഗങ്ങൾക്കെന്നപോലെ വേണ്ട മതസ്വാതന്ത്ര്യം കൊടുക്കാമെന്ന വടക്കേ അമേരിക്കൻ കോളനി സ്ഥാപകനായ വില്യംപെന്നിന്റെ ഉറപ്പാണ് അവരെ പെൻസിൽവേനിയയിലേക്ക് നയിച്ചത്. പള്ളിസമിതി, പട്ടാളം, പൊതു ഓഫീസ് സംവിധാനങ്ങളൊക്കെ നിരാകരിച്ചുകൊണ്ട് മറ്റുള്ള മനുഷ്യരിൽനിന്ന് തികച്ചും വ്യത്യസ്തവും യാഥാസ്ഥിതികവുമായ ചില വിശ്വാസങ്ങൾ പങ്കുെവക്കുന്ന അമിഷുകൾ ഇംഗ്ലീഷും ജർമൻഭാഷയുടെ ഒരു വകഭേദവും പരസ്പര ആശയ വിനിമയങ്ങൾക്കായി ഉപയോഗിക്കുന്നു.

അറിവും ആർഭാടവും

പരമ്പരാഗതമായ വസ്ത്രങ്ങളണിഞ്ഞ, ആർഭാടം വളരെ കുറഞ്ഞ അമിഷുകളെ പുറംലോകത്തിനു തിരിച്ചറിയാൻ പെട്ടെന്ന് കഴിയുന്നു. സ്ത്രീകൾ ഒതുക്കമുള്ള തിളക്കം തീരെക്കുറഞ്ഞ നീളംകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നു. മാറിൽ ഏപ്രൺപോലെ മേൽവസ്ത്രം ധരിക്കുക ഇവരുടെ ഒരു രീതിയാണ്. കടുംനീലമോ തവിട്ടുനിറമോ ഇളം ചുവപ്പോ നീലരത്നവർണത്തിലോ വസ്ത്ര വർണവൈവിധ്യം ഒതുങ്ങിനിൽക്കുന്നു. (വളരെ അടുത്തബന്ധുക്കളുടെ മരണത്തിനു ചിലസമൂഹങ്ങൾ കറുത്ത വസ്ത്രങ്ങളും ആചാരപരമായി ധരിക്കാറുണ്ട്.) വസ്ത്രങ്ങൾ ചേർന്നുകിടക്കാൻ ചെറിയ പിന്നുകളോ കുടുക്കുകളോ ആണ് ഇവർ സാധാരണ ഉപയോഗിക്കുന്നത്. സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ കറുത്തതോ വെളുത്തതോ ആയ ബോണറ്റ് എന്ന ഒരു ആവരണം തലയിൽ ധരിക്കാറുണ്ട്. കറുപ്പ് ബോണറ്റുകൾ ധരിച്ച അവിവാഹിതരും വെളുത്ത ബോണറ്റുകൾ ധരിച്ച വിവാഹിതരും കാഴ്ചക്കാരുടെ മുന്നിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നില്ല. കെട്ടുതാലിയോ മറ്റു വിവാഹമുദ്രകളോ ഇവരുടെ സംസ്കാരത്തിൽ പതിവില്ല. പുരുഷന്മാർ ലളിതമായ ബട്ടൺവെച്ച ഉടുപ്പുകളും ട്രൗസറും ധരിക്കുന്നു. ഇൻസേർട്ടുചെയ്ത പാന്റിൽ സിപ്പുകളോ ബെൽറ്റോ കാണാൻ കഴിയില്ല. തലയിൽ കമിഴ്ത്തിവെച്ച ഭംഗിയുള്ള ബെറെറ്റ് വട്ടത്തൊപ്പികളാണ് ഗവൺമെന്റ് അംഗീകൃതമായ മുദ്രകളോ പാസ്പോർട്ടോ ഇല്ലാത്ത ഇവരുടെ മറ്റൊരു തിരിച്ചറിയൽ രേഖ. അവിവാഹിതരായ പുരുഷന്മാർ മുഖം ക്ഷൗരംചെയ്തു മാന്യമായി നടക്കുമ്പോൾ വിവാഹിതർ മീശവടിച്ച് വെട്ടിവെടുപ്പാക്കിയ താടിവെച്ച് നടക്കുന്നതാണ് മറ്റൊരു സവിശേഷത. താടിരോമങ്ങൾ നെഞ്ചോളം നീട്ടിവളർത്തുന്ന അപൂർവം പുരുഷന്മാരും ഇവരുടെ കൂട്ടത്തിലുണ്ട്.

അറിവ് പുസ്തങ്ങളിൽ നിന്നല്ല സ്കൂളുകളിൽ നിന്നാണ് വേണ്ടതെന്ന് അമിഷുകൾ വിശ്വസിക്കുന്നു. സ്കൂൾവിദ്യാഭ്യാസം എട്ടാം ക്ലാസ്‌വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസത്തെപ്പറ്റി അവർക്ക് അവരുടേതായ ശക്തമായ കാഴ്ചപ്പാടുണ്ട്. വായിക്കാനും എഴുതാനും ഗണിക്കാനുമുള്ള നിത്യജീവിതത്തിനുവേണ്ട പ്രായോഗിക അറിവുകളാണ് അവർക്കു വിദ്യാഭ്യാസം. അതോടൊപ്പം തൊഴിൽപരമായ നൈപുണ്യവും സാമൂഹികബന്ധവും അമിഷ്‌ ചരിത്രവും ജീവിതമൂല്യങ്ങളും അവർ സ്വായത്തമാക്കുന്നു. ഒട്ടുമിക്ക സ്കൂളിലും രക്ഷാകർത്താക്കളും കുട്ടികളും ചേർന്ന ഒരു പ്രാദേശികബോർഡ് ആയിരിക്കും നടത്തിപ്പുകാർ. അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉള്ള കുട്ടികളുടെ ക്ഷേമവും അധ്യാപകരുടെ വേതനവും മറ്റു സാമ്പത്തികകാര്യങ്ങളും ഈ ബോർഡിന്റെ ചുമതലയിൽത്തന്നെയായിരിക്കും കൈകാര്യം ചെയ്യുക. അവിവാഹിതരായ യുവതികളായിരിക്കും സാധാരണയായി അധ്യാപികമാർ. വിവാഹത്തിനുമുമ്പുള്ള കുറച്ചുകാലം അവർ കുട്ടികൾക്ക് അറിവ് പകർന്നുകൊടുക്കുന്നു. ബേസ്ബോളും കിക്ക് ബോളും തുടങ്ങി പൊതുവേ മത്സരസ്വഭാവം തീരെക്കുറഞ്ഞ അവരുടെ എല്ലാ കായിക വിനോദങ്ങളിലും ആൺപെൺ വേർതിരിവുകളില്ലാതെ കുട്ടികൾ ഒരുമിച്ചു പങ്കെടുക്കുന്നു.

വിദ്യാഭ്യാസം ദൈനംദിന ജീവിതത്തിനുവേണ്ട അവശ്യഘടകമായിത്തന്നെ അമിഷുകൾ കാണുന്നു. കുട്ടിക്കാലം മുതൽ പെൺകുട്ടികൾ പാചകവും അലക്കലും വീട് വൃത്തിയാക്കൽ പരിശീലനങ്ങളും സ്വായത്തമാക്കിയിരിക്കും. ലായങ്ങൾ വൃത്തിയാക്കലും കന്നുകാലികളെ തീറ്റലുമൊക്കെ പരിശീലിക്കുന്നു ആൺകുട്ടികൾ. അമ്മമാർ അതിരാവിലെത്തന്നെ വീട്ടുപണികൾ ആരംഭിക്കും. പൂന്തോട്ടം, വസ്ത്രമലക്കൽ, കന്നുകാലി പരിചരണം, പ്രഭാതഭക്ഷണം തയ്യാറാക്കൽ ഉച്ചഭക്ഷണമൊരുക്കി കുട്ടികളെ സ്കൂളിലേക്ക് വിടൽ എന്നിങ്ങനെ ജോലികളുടെ പട്ടിക നീണ്ടുപോകുന്നു. തയ്യൽ സാമഗ്രികൾ വാങ്ങാൻ പട്ടണത്തിലേക്കുള്ള യാത്രയും അവരുടെ ജീവിതവൃത്തിയുടെ ഭാഗംതന്നെ.

Amish Teacher
അമിഷ്‌ കുട്ടികളും അധ്യാപികയും

ജീവിതശൈലീരോഗങ്ങളില്ലാതെ

അമിഷുകൾ അവർക്കുവേണ്ട എല്ലാ ഭക്ഷണസാമഗ്രികളും പ്രകൃതിദത്തമായി സ്വയം കൃഷിചെയ്തുണ്ടാക്കുന്നു. പിസയും ബർഗറുമെല്ലാം അടങ്ങിയ അമേരിക്കൻ ജങ്ക്ഫുഡുകൾ ഇവരുടെ തീന്മേശകളെ അലങ്കരിക്കുന്നില്ല. വിറ്റാമിനും പോഷകങ്ങളും അടങ്ങിയ ആരോഗ്യദായകമായ ജനിതക വ്യതിയാനം വരുത്താത്ത പഴങ്ങളും പച്ചക്കറികളും പാലും ഇറച്ചിയും മറ്റ് കളങ്കിതമല്ലാത്ത ഭക്ഷണങ്ങളും സ്വന്തം ഇടങ്ങളിൽ കൃഷിചെയ്തു പാകമാക്കി കഴിക്കലാണ് ഇവരുടെരീതി. പ്രാദേശിക ഭക്ഷണങ്ങൾ സ്വയം കൃഷിചെയ്തു കഴിക്കുകയെന്നത് ഒരു ആധുനികസമൂഹത്തിന് ചിന്തിക്കാൻ കഴിഞ്ഞേക്കില്ല. അമിഷുകളുടെ ആരോഗ്യത്തിന്റെ വിജയത്തിനുപിന്നിൽ പ്രാദേശിക ഭക്ഷണനിർമിതിക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. സമൃദ്ധവും ലളിതവും വൃത്തിയുമുള്ള ജീവിതം നയിക്കുന്ന ഈ സമൂഹം പ്രകൃതിവിഭവങ്ങൾ അമിതമായി ചൂക്ഷണം ചെയ്യാത്ത ജീവിതശൈലിയാണ് സ്വീകരിക്കുന്നത്. തീരെ ഒഴിവാക്കാൻ കഴിയാത്ത ഘട്ടങ്ങളിലല്ലാതെ അവർ ഒരു ആശുപത്രിയുടെയോ ഡോക്ടറുടെയോ സേവനം തേടുന്നില്ല. വാർധക്യസഹജമായ അസുഖങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർ മറ്റു സമുദായങ്ങളെ അപേക്ഷിച്ചു അമിഷുകളിൽ കുറവാണെന്ന് കാണുന്നു. അമിതവണ്ണമുള്ള പുരുഷന്മാരെയോ സ്ത്രീകളെയോ ഇവരിൽ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. കാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നിങ്ങനെ ഐക്യനാടുകളിൽ സർവസാധാരണമായ ജീവിതശൈലീരോഗങ്ങൾ ഇവരെ വല്ലാതെ ബാധിക്കുന്നില്ല.

അഭിപ്രായഭിന്നതകൾ തീരെക്കുറഞ്ഞ ഒരു സമൂഹത്തെക്കുറിച്ച്‌ ആധുനിക മനുഷ്യന് തീരേ ചിന്തിക്കാനേ കഴിയില്ല. പക്ഷേ, അമിഷുകളുടെ ഇടയിൽ നമുക്കതു കാണാൻ കഴിയും. ജോലിത്തിരക്കൊക്കെ കഴിഞ്ഞ്‌ വിശാലമായ കോലായിൽ കുടുംബാംഗങ്ങൾ ഒത്തുകൂടുകയും പരസ്പരം സംസാരിക്കുകയും ലളിതമായ വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുകയാണ് അവരുടെ ഒരു പതിവുരീതി. സമ്പാദ്യം മനുഷ്യന്റെ സ്വാഭാവിക ജീവിതക്രമങ്ങൾ മാറ്റിമറിച്ചപ്പോൾ പണത്തെക്കുറിച്ചു ആവലാതികൾ തീരെയില്ലാതെ, വിലപിടിച്ച വാഹനങ്ങളോ ആഭരണങ്ങളോ സ്വപ്നം കാണാതെ, താമസിക്കാൻ സുന്ദരമായ വീടുകൾ സ്വയം പണിതുകൊണ്ട് വിദ്യാഭ്യാസത്തിനായി വളരെ കുറച്ചു പണം ചെലവഴിച്ചുകൊണ്ട്, ആർഭാടമില്ലാത്ത വിവാഹങ്ങൾ നടത്തി അവർ ജീവിക്കുന്നു.

Content Highlights: Amish People Newyork, Lifestyle of Amish People, Mathrubhumi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented