ണ്ടിക്കു നമ്പർപ്ലേറ്റില്ല, ഓടിക്കുന്നവർക്കു ലൈസൻസും ഹെൽമെറ്റും ഇല്ല. എങ്കിലും കേരളത്തിൽനിന്ന് തുടങ്ങി ഡൽഹിവരെ എത്തിനിൽക്കുന്ന മൂവർസംഘത്തിന്റെ കശ്മീർ യാത്ര ഒരു പോലീസുകാരും തടഞ്ഞില്ലെന്നുമാത്രമല്ല ഒരുതുള്ളി പെട്രോളും ചെലവായതുമില്ല. ഇന്ത്യയിൽ ആദ്യമായി ‘ഇ-സ്കൂട്ടറിൽ’ രാജ്യം ചുറ്റാനിറങ്ങിയ മൂവർസംഘത്തിന്റെ യാത്ര വെന്നിക്കൊടി പാറിച്ചു മുന്നേറുകയാണ്.

കേരളത്തിൽനിന്ന് കഴിഞ്ഞ ഡിസംബർ ഒന്നിനാണ് കോട്ടയം വൈക്കം സ്വദേശി അഭിജിത്, ആലപ്പുഴ ചേർത്തല സ്വദേശികളായ അഖിൽ ഷിബിൻ എന്നിവർ കശ്മീരിലേക്ക് യാത്രതിരിച്ചത്. കിലോമീറ്ററുകൾതാണ്ടി സുഹൃദ്‌സംഘം ശനിയാഴ്ച ഡൽഹിയിലെത്തി.

അഭിജിത്തും അഖിലും എയർ ഇന്ത്യയിലെ ജീവനക്കാരായിരുന്നു. ഷിബിൻ ലാബിലെ ജീവനക്കാരനും.

കോവിഡിൽ ജോലി പോയതോടെയാണ് മൂവരുംചേർന്ന് രാജ്യം ചുറ്റാൻ തീരുമാനിച്ചത്‌. യാത്രയ്ക്കു ഒരു ഓട്ടോറിക്ഷയും വാങ്ങി. എന്നാൽ പെട്രോൾവില റോക്കറ്റ് വേഗത്തിൽ കുതിക്കാൻ തുടങ്ങിയത്തോടെ യാത്ര അനിശ്ചിതത്വത്തിലായി.

അപ്പോഴാണ് ഇലക്‌ട്രിക് സ്കൂട്ടറുകളെക്കുറിച്ച് അറിയുന്നത്. അതോടെ ഓട്ടോ ഷെഡിൽ ഒതുക്കി പെട്രോൾരഹിത യാത്രയ്ക്കായി ഇ-സ്കൂട്ടറിൽ രാജ്യം ചുറ്റാൻ മൂന്നുപേരും തീരുമാനിച്ചു.

യാത്രയ്ക്കു ആകെ രണ്ടുലക്ഷത്തോളം ചെലവുവരും. ഇതിൽ 40,000 രൂപ പെട്രോളിന്. യാത്ര ഇ-സ്കൂട്ടറിൽ ആയതോടെ ആ പൈസ ലാഭം. ഭക്ഷണം, താമസം എന്നിവകൂടി ലളിതമാക്കിയതോടെ പോക്കറ്റ് കാലിയാക്കാതെ സഞ്ചാരം സാധ്യമായി.

യാത്രയ്ക്കിടെ വണ്ടി ചാർജ് ചെയ്യാൻ പെട്രോൾപമ്പുകളെ ആണ് ആശ്രയിക്കുന്നതെന്നും ഇവർ പറയുന്നു. ഒപ്പം ബാറ്ററിയും കരുതിയിട്ടുണ്ട്. മൂന്നുമണിക്കൂർ ചാർജുചെയ്താൽ 120 കിലോമീറ്റർ ഓടും.

ഒറ്റത്തവണ ചാർജിങ്ങിന് വെറും അഞ്ചുരൂപയുടെ ചെലവ്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയുള്ളൂ എന്നതിനാൽ യാത്രയ്ക്ക് കൂടുതൽസമയം ചെലവാകും എന്നൊരു ന്യൂനത ഒഴിച്ചാൽ ഇ-സ്കൂട്ടറിലെ സവാരി ഗംഭീരം ആണെന്ന് സഞ്ചാരികൾ പറയുന്നു. കേരള-കശ്മീർ എന്ന ബോർഡും വെച്ചുള്ള യാത്രയ്ക്കു വഴിനീളെ മികച്ചസ്വീകരണം ലഭിച്ചതായും ഇവർ പറയുന്നു. യാത്രയുടെ വിവരങ്ങൾ തങ്ങളുടെ യുട്യൂബ് ചാനലായ സാവ്‌ലോഗ്സ് മലയാളത്തിലൂടെ പങ്കുവെക്കുന്നുമുണ്ട് ഇവർ.

Content Highlights: all india trip in e scooter, kerala to kashmir travel, adventure trip