പുതുക്കാട്: ശാരീരികമായ പരിമിതികളേയും സാമ്പത്തിക പരാധീനതകളേയും പിന്നോട്ടാക്കി നിധിൻ സൈക്കിൾ സവാരി നടത്തുകയാണ്. ഒരു മാസവും 14 ദിവസവും കഴിഞ്ഞപ്പോൾ എത്തിയത് ഡൽഹിയിലാണ്. 170 രൂപയുമായി വീട്ടിൽ നിന്നിറങ്ങിയ നിധിൻ യാത്രക്കിടെ ചായ വിറ്റാണ് യാത്രാ ചെലവ് കണ്ടെത്തുന്നത്.

കല്ലൂർ മാളിയേക്കൽ അനിതയുടെ നാലു മക്കളിൽ രണ്ടാമനായ നിധിൻ (23) ജനുവരി ഒന്നിനാണ് സൈക്കിളിൽ രാജ്യം ചുറ്റാനിറങ്ങിയത്. ഉയരക്കുറവും ഭാരക്കുറവുള്ള നിധിൻ ശാരീരിക പരിമിതികളുള്ള തന്നെപ്പോലുള്ളവർക്കും ചെയ്യാൻ ഒരുപാട് വലിയ കാര്യങ്ങളുണ്ടെന്ന സന്ദേശമാണ് തൻ്റെ ഭാരത പര്യടനംകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് പറയുന്നു.  

സൈക്കിൾ ചവിട്ടാൻ കാലെത്താൻ പാടുപെടുന്ന നിധിൻ ഹെൽമെറ്റും കൈയുറയുമൊന്നുമില്ലാതെയാണ്  സവാരിക്കിറങ്ങിയത്. 

സ്വന്തമായുണ്ടായിരുന്ന ക്യാമറ വിറ്റ് കിട്ടിയ 13,000 രൂപകൊണ്ട് ഇളയ സഹോദരൻ്റെ പഴയ സൈക്കിൾ നന്നാക്കി. പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ കൈയിൽ അവശേഷിച്ചത് 170 രൂപ മാത്രം. പക്ഷേ, നിധിൻ പിൻമാറാൻ ഒരുക്കമല്ലായിരുന്നു. തൃശ്ശൂരിൽ നിന്ന് കാസർക്കോട്, കർണാടക, ഗാേവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി. നിധിൻ യാത്ര തുടരുകയാണ്. ഞായറാഴ്ച ഡൽഹിയിൽ നിന്ന് പുറപ്പെട്ട നിധിൻ തിങ്കളാഴ്ച പാനിപ്പത്തിൽ എത്തി.

Nidhin

പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടലിൽ  ജോലിക്കാരനായ നിധിന് ലോക്ക്ഡൗൺ തുടങ്ങിയതോടെ ജോലി നഷ്ടപ്പെട്ടു. വീണ്ടും തുറന്നെങ്കിലും നടത്തിക്കൊണ്ടു പോകാനാവാതെ ഉടമ ഹോട്ടൽ അടച്ചു. തുടർന്ന് നിശ്ചലമായി പോകുമായിരുന്ന ദിവസങ്ങളെ എങ്ങനെ സക്രിയമാക്കാമെന്ന ചിന്തയാണ് നിധിനെ സ്വന്തം ജീവിതസന്ദേശ യാത്രയിൽ എത്തിച്ചത്.

തൻ്റെ രാജ്യസഞ്ചാരത്തിൽ യാത്രാ ചെലവ് കണ്ടെത്താൻ ഈ ഹോട്ടൽ അനുഭവം തുണയായതായി നിധിൻ പറയുന്നു. ദിവസേന 30-35 ചായ വിറ്റാണ് നിധിൻ യാത്രാ ചെലവിനുള്ള തുക കണ്ടെത്തുന്നത്. ഇതിനായി സ്റ്റൗ, ഫ്ലാസ്ക്, ഡിസ്പോസിബിൾ ഗ്ലാസ് എന്നിവയെല്ലാം സൈക്കിളിൽ സജ്ജീകരിച്ചാണ് യാത്ര.

ദിവസം 90 കിലോമീറ്റർ എന്ന ലക്ഷ്യം വെച്ച് സെെക്കിൾ ചവിട്ടിയിരുന്ന നിധിൻ വൈകീട്ട് പെട്രോൾ പമ്പുകളോട് ചേർന്ന് ടെൻറ് കെട്ടിയാണ് വിശ്രമവും ചായ വില്പനയും നടത്തിയിരുന്നത്.  നിധിൻ്റെ സാഹസികയാത്ര സാമൂഹ്യ മാധ്യമങ്ങൾവഴി പ്രചരിച്ചതോടെ വഴിയിൽ പലരും കണ്ടറിഞ്ഞ് സഹായിച്ചതായി നിധിൻ പറയുന്നു. ഹെൽമെറ്റും കൈയുറയും സൈക്ലിങ് സ്യൂട്ടുമെല്ലാം ഇങ്ങനെ പലരുടേയും സമ്മാനമാണ്.

ഫെബ്രുവരി അവസാനത്തോടെ കശ്മീരിലെ ലഡാക്കിൽ എത്തണമെന്നാണ് നിധിന്റെ ഉദ്ദേശ്യം. കൂടാതെ സിനിമ സംവിധാനവും തിരക്കഥ രചനയുമാണ് ഈ യുവാവിൻ്റെ സ്വപ്നം. 

Content Highlights: All India Trip in Cycle, Nidhin's Cycle Travel, Inspiring Travel Story