സൈക്കിളിൽ ഭാരതപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതാണ് അമ്പലവയൽ അമ്പലമൂലയിലെ മാട്ടാക്കുട വീട്ടിൽ നിധീഷ്. കാഴ്ചകളോടുള്ള അടങ്ങാത്ത ഭ്രമംകൊണ്ടാണ് സൈക്കിളുമായി ചുറ്റാനിറങ്ങിയത്. 44 ദിവസത്തെ യാത്രയിൽ കാഴ്ചകൾക്കപ്പുറം പച്ചയായ ജീവിതങ്ങളെ അറിഞ്ഞാണ് തിരികെയെത്തിയത്. കുഞ്ഞുകൂരയിൽ ആകെയുള്ള കിടപ്പുമുറി ഒഴിഞ്ഞുതന്ന ഗുജറാത്തികുടുംബം. അപ്രതീക്ഷിതമായി കയറിവന്ന അതിഥികൾക്ക് തങ്ങളുടെ ഭക്ഷണം പകുത്തുനൽകിയവർ. തളർന്നുവീഴുമെന്ന് തോന്നിപ്പിച്ച പകലിൽ ആപ്പിൾതന്ന സ്ത്രീ. താമസസൗകര്യം വാഗ്ദാനം നൽകി കബളിപ്പിച്ച പഠാൻകോട്ടുകാരൻ. അങ്ങനെ പലതരക്കാരെയും പലനാടും അടുത്തറിഞ്ഞുള്ള യാത്ര.

വർഷങ്ങൾക്കുമുമ്പ് തീവണ്ടിയിൽ വടക്കേയിന്ത്യ ചുറ്റാനിറങ്ങിയ നിധീഷിന് ആ യാത്ര അത്രനല്ല അനുഭവമായിരുന്നില്ല. അടുത്തയാത്ര സൈക്കിളിലാകാമെന്ന് അന്നു തീരുമാനിച്ചു. കോവിഡ് കാരണം ജോലികുറവായതോടെ യാത്രയ്ക്കുള്ള സമയമെത്തി. പെയിന്റിങ് തൊഴിലാളിയായ നിധീഷ് സെപ്റ്റംബർ 20-നാണ് വയനാട്ടിൽനിന്ന് തനിച്ചുള്ള യാത്ര തുടങ്ങുന്നത്. കുറച്ചുവസ്ത്രങ്ങളും വെള്ളവും സൈക്കിളിന്റെ അറ്റകുറ്റപ്പണിക്കാവശ്യമായ സാധനങ്ങളും കരുതി. കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് വഴി ജമ്മുകശ്മീരിലേക്ക്. അവിടെനിന്ന് ഏതൊരു സഞ്ചാരിയുടെയും സ്വപ്നമായ ലേയിലേക്ക്.

താമസിക്കാൻ ഇടംകിട്ടാതെയും മഞ്ഞുരുകുന്ന താഴ്‌വരകളിൽ വിശന്നുതളർന്നുമുള്ള യാത്ര. മഞ്ഞുവീണ് മരവിച്ച ശരീരവുമായി കടത്തിണ്ണയിൽ ടെന്റടിച്ച് ഉറക്കം. കയ്പും മധുരവും നിറഞ്ഞ യാത്രയ്ക്കൊടുവിൽ ലേ എന്ന സ്വപ്നഭൂമികയിൽ കാലുകുത്തിയപ്പോൾ ലോകം കീഴടക്കിയ സന്തോഷം. മഞ്ഞുവീഴ്ചയും യാത്രാതടസ്സങ്ങളും കാരണം മടക്കയാത്ര തീവണ്ടിയിലായിരുന്നു. തനിച്ച് സൈക്കിളോടിച്ച് 3000 കിലോമീറ്റർ പിന്നിട്ട് തിരികെവന്നിട്ടും ചെറിയൊരു ട്രിപ്പുപോയ മട്ടിലാണ് നിധീഷിന്റെ സംസാരം.

NIdheesh Cycle Travelതാങ്ങായത് ഗ്രാമീണർ

യാത്ര സൈക്കിളിലായപ്പോൾ ഒരുപാടുപേരെ പരിചയപ്പെട്ടു. യാത്ര പുറപ്പെടുംമുമ്പ് കശ്മീരും ഗുജറാത്തുമെല്ലാം പ്രശ്നമുള്ള സ്ഥലങ്ങളാണെന്നു കേട്ടിരുന്നു. പക്ഷേ, രണ്ടിടങ്ങളിലും സൗജന്യഭക്ഷണവും താമസവുമെല്ലാം തന്ന് സ്വീകരിച്ചത് അവിടത്തെ ഗ്രാമീണരാണ്. ഗുജറാത്തിൽവെച്ച് മലയാളിയായ മറ്റൊരു സൈക്കിൾ യാത്രികനെയും കൂട്ടുകിട്ടി. വഴിയരികിൽ സൈക്കിളിന്റെ പഞ്ചറൊട്ടിക്കാൻ സഹായിച്ചപ്പോൾ ഒരാൾ വീട്ടിലേക്ക് ക്ഷണിച്ചു. അടുപ്പമുള്ളൊരു അതിഥിയെപ്പോലെ സ്വീകരിച്ച് അവർ അവിടെ താമസിക്കാൻ ഇടംനൽകി.

പിറ്റേന്ന് യാത്രയാക്കാൻനേരം അഹമ്മദാബാദിലെ ബന്ധുവിന്റെ നമ്പർ നൽകി. നാളെ അവിടെ നിങ്ങൾക്ക് താമസസൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പറഞ്ഞു. രണ്ടുതട്ടായുള്ള ഒറ്റമുറിവീട്ടിലെ കിടപ്പുമുറി തന്നു. നിന്നുതിരിയാനിടമില്ലാത്തൊരു അടുക്കളയിൽ ആ കുടുംബത്തിലെ അഞ്ചുപേർ ഒരുരാത്രി വെളുപ്പിച്ചു. പഠാൻകോട്ടിലെത്തിയപ്പോൾ താമസിക്കാൻ ഇടമില്ലാതെ കുറേ അലഞ്ഞു. മുറി ശരിയാക്കിത്തരാമെന്നുപറഞ്ഞ് കൂടെക്കൂടിയ ഒരാൾ മുന്തിയ ഹോട്ടലിൽ റൂം എടുപ്പിച്ചശേഷം കടന്നുകളഞ്ഞു. പണംകൊടുത്തിട്ടും റൂം ഒഴിയാൻ ഉടമ പറഞ്ഞെങ്കിലും ഒരുതരത്തിൽ സമ്മതിപ്പിച്ച് അവിടെ തങ്ങി.

മഞ്ഞുവീഴ്ചയുടെ ഭീതികളിൽ

കാർഗിലിൽനിന്ന് സോനാമാർഗിലേക്കുള്ള യാത്ര അതികഠിനമായിരുന്നു. ജമ്മുവിൽ മഞ്ഞുവീഴ്ചകാരണം അവിടെ കുടുങ്ങി. മടക്കയാത്ര ട്രക്കിലായിരുന്നു. ടൈൽസ് വിരിച്ചതുപോലെ മിനുസമുള്ള മഞ്ഞുകട്ടകൾ പാതയിൽ നിരന്നതോടെ ട്രക്കുകളല്ലാതെ മറ്റൊരു വാഹനവും പോകാതെയായി. ട്രക്കിൽ കയറി അല്പദൂരം മുന്നോട്ടുപോയെങ്കിലും മഞ്ഞുവീഴ്ചകാരണം യാത്ര നിർത്തി. കൈകാലുകൾ മരവിച്ച് ട്രക്കിനുള്ളിൽ കഴിച്ചുകൂട്ടിയത് 34 മണിക്കൂർ.

ഭക്ഷണവും വെള്ളവും ഇല്ലാതെ തളർന്നുവീഴുമെന്ന് മനസ്സിലായപ്പോൾ മഞ്ഞുപാളികൾക്കുമുകളിലൂടെ ഇറങ്ങിനടന്നു. എങ്ങനെയെങ്കിലും 30 കിലോമീറ്റർ അപ്പുറം സോനാമാർഗിലെത്തുകയായിരുന്നു ലക്ഷ്യം. പാതയിൽ വാഹനങ്ങൾ വരിവരിയായി നിർത്തിയിട്ടിരുന്നു. എല്ലാ വണ്ടികളിലും ഭക്ഷണത്തിനായി കൈനീട്ടി. ആരുടെ കൈയിലും ഭക്ഷണമില്ല. ഒടുവിൽ ഒരു സ്ത്രീ നാല് ആപ്പിളുകൾ തങ്ങൾക്കുനേരെ നീട്ടി. അതുകഴിച്ചപ്പോൾ ജീവൻ തിരിച്ചുകിട്ടിയതുപോലെ തോന്നി. കുറേദൂരംകൂടി നടന്നശേഷം സൈനികരുടെ വാഹനത്തിൽ സോനാമാർഗിലെത്തി. പിന്നെ തീവണ്ടി കയറി നാട്ടിലേക്കും.

Content Highlights: all india trip in cycle, nidheesh's travel to leh, wayanad to kashmir travel