‘നമ്മുടെ രണ്ട് പിള്ളേർ സൈക്കിളിൽ കറങ്ങി ഒരുരൂപ മേടിച്ച് വീടുവെച്ചുനൽകാനുള്ള പെരുപാടീം ആയിട്ട് എറങ്ങിയേക്കുവാണ്. എല്ലാരും സപ്പോർട്ട് ചെയ്യണം’ കേളകത്തെ വ്യാപാരിയുടെ ഫെയ്‌സ്‌ബുക്ക് ലൈവിന്റെ തുടക്കമിങ്ങനെ.

അഞ്ചുപേർക്ക് വീടുവെച്ച് നൽകുന്നതിനുള്ള തുക കണ്ടെത്തുക എന്ന വലിയ ലക്ഷ്യവുമായി സൈക്കിളും ചവിട്ടി ഭാരതപര്യടനത്തിന് ഇറങ്ങിയ വയനാട്ടിലെ രണ്ട്‌ യുവാക്കൾ കേളകത്തെത്തിയപ്പോൾ ജനങ്ങളുടെ പ്രതികരണം അവരെ അമ്പരപ്പിച്ചു.

‘കൊട്ടിയൂരിൽ കുറച്ചുപേർ ഞങ്ങൾക്കുവേണ്ടി വാഹനങ്ങൾ തടഞ്ഞുനിർത്തി പണം സ്വരൂപിച്ചുനൽകി. അവരുടെ സ്നേഹം കണ്ണുനിറച്ചു.’ അമ്പലവയൽ സ്വദേശികളായ ടി.ആർ. റെനീഷും കെ.ജി. നിജിനും നാടും നഗരവും കയറിയിറങ്ങി ഒരുരൂപ വീതം ശേഖരിച്ച് അർഹരായവർക്ക് വീടുണ്ടാക്കാനാണ് യാത്ര തിരിച്ചത്. ജനങ്ങളുടെ പിന്തുണ ഇവരുടെ യാത്രയ്ക്ക് ഇന്ധനമാവുന്നു.

ഡിസംബർ 10-ന് സുൽത്താൻ ബത്തേരിയിൽനിന്ന് ആരംഭിച്ച യാത്രയ്ക്കായി ഒരുവർഷമാണ് ഇവർ മാറ്റിവെച്ചത്. ഈ സമയത്തിനുള്ളിൽ ആവശ്യമായ തുക സ്വരൂപിക്കാനായില്ലെങ്കിൽ ഈ യാത്ര വീടുകൾ ഉയരുന്നതുവരെ തുടരും.

‘വെറുതെ ജീവിച്ചാൽ പോരല്ലോ, ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ വെളിച്ചമാവണം’ - ഇങ്ങനെയൊരു തോന്നലാണ് യാത്രയുടെ കാരണമെന്ന് അധ്യാപകനായ റെനീഷും മൊബൈൽ ടെക്നീഷ്യനായ നിജിനും പറയുന്നു. ജോലിയിൽനിന്ന് അവധിയെടുത്താണ് ഇരുവരും സൈക്കിളുമെടുത്തിറങ്ങിയത്. ആദ്യഘട്ടത്തിൽ കേരളം മുഴുവൻ സഞ്ചരിക്കും. ഒരുരൂപ നിക്ഷേപിക്കൂ എന്നെഴുതിയ ഒരു പണക്കുടുക്ക ഇരുവരും അരയിൽ കെട്ടിയിട്ടുണ്ട്. കടകളിലും സ്ഥാപനങ്ങളിലും ചെല്ലുമ്പോൾ കൂടുതൽ തുകകൾ നൽകി ജനങ്ങൾ യാത്രയ്ക്ക് വലിയ പിന്തുണ നൽകുകയാണെന്ന് ഇരുവരും പറയുന്നു.

വീടുവെക്കാൻ സ്ഥലം വാങ്ങാനുള്ള അഡ്വാൻസ് തുക നൽകിയ ശേഷമാണ് ഇവർ യാത്ര തുടങ്ങിയത്. യാത്രാമധ്യേതന്നെ അനുബന്ധജോലികൾ തീർക്കാൻ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയ്ക്കും രൂപം നൽകി. ഒട്ടേറെപ്പേരാണ് ഇവരുടെ യാത്രയുടെ ഉദ്ദേശ്യം മനസ്സിലാക്കി സഹായഹസ്തവുമായി എത്തുന്നത്.

സൈക്കിളുകളും ടെന്റും സ്ലീപിങ് ബാഗും പലരും നൽകി. വയനാട് ടൂറിസം ഓർഗനൈസേഷൻ, വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷൻ എന്നിവയുടെ പിന്തുണയും ഇവർക്കുണ്ട്. ചൊവ്വാഴ്ച കേളകത്തെത്തിയ ഇവരുടെ യാത്ര വരുംദിവസങ്ങളിലും മലയോര ഗ്രാമങ്ങൾ കടന്നാണ് പോകുന്നത്. ദിവസം 20 കിലോമീറ്റർ വരെയാണ് സഞ്ചരിക്കുന്നത്.

മിഷൻ വൺ റുപ്പീ എന്ന യുട്യൂബ് ചാനൽ വഴിയും ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റാഗ്രാം വഴിയും യാത്രാവിവരങ്ങൾ നൽകി ഇവർ യാത്ര തുടരുകയാണ്.

Content Highlights: all india trip in cycle, mission one rupee ,Reneesh and Nijin travel