നാരായൺ | ഫോട്ടോ: www.instagram.com/s_i_m_p_l_y_indian/
പാലക്കാട്ടുകാരന് നാരായണിന് വാഹനക്കമ്പം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. വാഹനങ്ങളേക്കുറിച്ച് മനസിലാക്കിത്തുടങ്ങിയ കാലം മുതലേ മനസില്‍ പതിപ്പിച്ചുവെച്ച ഒരാഗ്രഹമുണ്ട്. യെസ്ഡി ഒരെണ്ണം സംഘടിപ്പിക്കണം. അതിലൊരു യാത്ര പോകണം. നാരായണിനൊപ്പം ആ ആഗ്രഹവും വളര്‍ന്നു. ഇപ്പോഴിതാ തന്റെ സ്വപ്നവാഹനത്തില്‍ ഇന്ത്യ മുഴുവന്‍ നീളുന്ന യാത്രയിലാണ് ഈ ചെറുപ്പക്കാരന്.
തന്റെ യാത്രയേക്കുറിച്ച് വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ ഭയത്തോടെയുള്ള പ്രതികരണമായിരുന്നു ഈ യാത്രാപ്രേമിക്ക് ലഭിച്ചത്. പിന്നെ യാത്രയേക്കുറിച്ച് വിശദമായി പറഞ്ഞ് മനസിലാക്കിക്കൊടുത്തതോടെ ഫുള്‍ സപ്പോര്‍ട്ടുമായി കൂടെ നിന്നു കുടുംബം. അങ്ങനെ 2021 ഡിസംബര്‍ 26-ാം തിയതി നാരായണ്‍ താന്‍ കാത്തിരുന്ന സ്വപ്നത്തിലേക്ക് വണ്ടിയുരുട്ടി. നെന്മാറ എം.എല്‍.എ ബാബുവും സി.ഐയും ചേര്‍ന്നാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.

എല്ലാവരും പോകുന്ന പോലെയല്ലാതെയുള്ള കേരള ടു കശ്മീര്‍ യാത്രയായിരുന്നു മനസിലുണ്ടായിരുന്നത്. ക്ഷേത്രങ്ങള്‍ കാണാന്‍ താത്പര്യമുണ്ടായിരുന്നു. അതുകൊണ്ട് ശ്രീരംഗത്തേക്കായിരുന്നു ആദ്യം പോയത്. പിന്നെ തഞ്ചാവൂര്‍, ചിദംബരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. പിന്നെ വിജയവാഡയിലേക്ക് കടന്നു. അവിടെ നിന്ന് തെലങ്കാന, ഛത്തീസ്ഗഢ്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിങ്ങനെയാണ് ഇനിയുള്ള യാത്ര. ഇന്ത്യ മൊത്തം കറങ്ങി തിരിച്ച് പാലക്കാട് തന്നെ യാത്രയവസാനിപ്പിക്കും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ചെലവിടണമെന്നാണ് നാരായണ്‍ കരുതുന്നത്. 'കോവിഡിന്റേതായിട്ടുള്ള ബുദ്ധിമുട്ടുകള്‍ യാത്രയില്‍ അനുഭവപ്പെട്ടിട്ടില്ല. എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് യാത്ര. പിന്നെ ആളുകളുടെ ഭാഗത്തുനിന്നും നല്ല സഹായമാണ് കിട്ടുന്നത്. ആളുകള്‍ വാഹനം നിര്‍ത്തിച്ച് ഭക്ഷണം വേണോ എന്ന് ചോദിച്ച അനുഭവമുണ്ടായിട്ടുണ്ട്. പിന്നെ കാര്യങ്ങളൊക്കെ അന്വേഷിക്കും. വാഹനത്തിന്റെ സംരക്ഷണവുമൊക്കെയായി ബന്ധപ്പെട്ട് യെസ്ഡി റൈഡര്‍മാരില്‍ നിന്നും നല്ല പിന്തുണ കിട്ടുന്നുണ്ട്.' അദ്ദേഹം പറഞ്ഞു.

ക്യാമ്പ് ചെയ്യാന്‍ ടെന്റടക്കം എല്ലാ സംവിധാനങ്ങളും കയ്യില്ക്കരുതിയിട്ടുണ്ട്. തീരെ നിവൃത്തിയില്ലാത്തപ്പോള് മാത്രം ഉപയോഗിക്കാന്‍ വേണ്ടിയിട്ടാണ്. സുഹൃത്തുക്കളോ അല്ലെങ്കില്‍ അവരുടെ സുഹൃത്തുക്കളോ ഒക്കെയുമായി ബന്ധപ്പെട്ടാണ് താമസം ശരിയാക്കുന്നത്. ഹോസ്റ്റലുകളും ഡോര്‍മിറ്ററികളും പോലെയുള്ള കമ്മ്യൂണിറ്റി സ്റ്റേകളും താമസിക്കാനായി ഉപയോഗപ്പെടുത്തുന്നുണ്ട്. പിന്നെ ഓരോ സ്ഥലത്തെത്തുമ്പോളും അവിടത്തെ പ്രത്യേകമായി എന്തെങ്കിലും ഭക്ഷണമുണ്ടെങ്കില്‍ അതുകഴിക്കാന്‍ ശ്രമിക്കും.
സാഹചര്യമനുവദിച്ചാല് വടക്കുകിഴക്കന്‍ പര്യടനത്തിനിടെ നേപ്പാളും ഭൂട്ടാനും പോകണമെന്നാണ് ഈ ചെറുപ്പക്കാരന്റെ ആഗ്രഹം. ഓരോ സ്ഥലങ്ങളിലും നിര്‍ത്തി, കാഴ്ചകളൊക്കെ ആസ്വദിച്ച് പതിയെ പോകാമെന്നാണ് നാരായണിന്റെ കണക്കുകൂട്ടല്‍. അങ്ങനെ നോക്കുകയാണെങ്കില്‍ എന്തായാലും തിരിച്ച് നാട്ടിലെത്തുമ്പോള്‍ എന്തായാലും മൂന്നുമാസമെടുക്കും എന്നാണ് നാരായണ്‍ പറയുന്നത്.
Content Highlights: all india trip in 1985 model yezdi, narayan, malayali rider
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..