റോഡരികിൽ ടെന്റ് കെട്ടി, നെല്ലിക്ക കഴിച്ച് വിശപ്പടക്കി; റെക്കോർഡുകളിലേക്ക് അജിത്തിന്റെ സൈക്കിൾ യാത്ര


ആർ.അജേഷ്

റോഡരികിൽ ടെന്റ് കെട്ടി, നെല്ലിക്ക കഴിച്ച് വിശപ്പടക്കി; സൈക്കി കണ്ണെത്താദൂരങ്ങൾ എത്തിപ്പിടിച്ച് അജിത്

അജിത്ത് കൃഷ്ണ തന്റെ സൈക്കിളിൽ |ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി മാതൃഭൂമി

മഞ്ഞുമൂടിയ ഹിമാലയശൃംഗങ്ങളും നീലിമയും നിറഞ്ഞ കശ്മീർ താഴ്‌വര... എവിടുന്നോ കേട്ടറിഞ്ഞപ്പോൾ തുടങ്ങിയതാണ് ആ മൂന്നാംക്ലാസുകാരന് ഭൂമിയിലെ സ്വർഗമായ കാശ്മീരിനോടുള്ള ഇഷ്ടം. അത് ഓരോദിവസവും അവനോടൊപ്പം വളർന്നു. കശ്മീർ കാണാനുള്ള ആഗ്രഹം കലശലായതോടെ, പിന്നെ കാത്തിരുന്നില്ല. 13-ാം വയസിൽ അജിത്ത് കൃഷ്ണ എന്ന ഒമ്പതാംക്ലാസുകാരൻ തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്കൊരുങ്ങി. ഒരു സൈക്കിൾ മാത്രം കൂട്ട്. ഓരോ രാത്രികളെയും പകലാക്കി അവൻ യാത്രതുടങ്ങി. മഞ്ഞും വെയിലും കാറ്റുമെല്ലാം യാത്രയ്ക്കുമുന്നിൽ മുട്ടുകുത്തിയതോടെ വെറും 25 ദിവസംകൊണ്ട് 4205.32 കിലോമീറ്റർ ദൂരം താണ്ടി പയ്യൻ ലക്ഷ്യസ്ഥാനത്തെത്തി. അതിശയിപ്പിക്കുന്ന ആ സൈക്ലിങ്ങിലൂടെ അജിത്ത് കൃഷ്ണ ഓടിക്കയറിയത് ഒട്ടനവധി റെക്കോർഡുകളിലേക്കുമായിരുന്നു...

കശ്മീർ യാത്രയിലൂടെ വിസ്മയിപ്പിച്ച ചിറ്റൂർ അണിക്കോട് സ്വദേശിയായ അജിത്ത് കൃഷ്ണ ഇപ്പോൾ വീണ്ടുമൊരു നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്. പാലക്കാട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക് 300 കിലോമീറ്റർ വെറും 24 മണിക്കൂറിനുള്ളിൽ സൈക്കിളിൽ സഞ്ചരിച്ചു കീഴടക്കിയ. 18 വയസിൽ താഴെയുള്ള കുട്ടി സൈക്കിളിൽ ചെറിയ സമയത്തിനുള്ളിൽ ഇത്രയുംദൂരം പിന്നിടുന്നത് ആദ്യമാണ്. സൈക്കിൾ ചവിട്ടി കണ്ണെത്താത്തദൂരങ്ങൾ എത്തിപ്പിടിക്കുന്ന കോയമ്പത്തൂർ ശ്രീരാമകൃഷ്ണ മെട്രിക് ഹയർസെക്കൻഡറി സ്‌കൂളിലെ ഈ പത്താംക്ലാസുകാരൻ, ഇപ്പോഴും പുതിയ യാത്രകളെക്കുറിച്ചുള്ള ആലോചനകളിലാണ്...

സൈക്കിൾ എന്ന ആവേശം

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അജിത്ത് കൃഷ്ണയ്ക്ക് അച്ഛൻ പ്രണേഷ് രാജേന്ദ്രൻ ആദ്യമായി ചെറിയ സൈക്കിൾ വാങ്ങികൊടുക്കുന്നത്. ‘ക്രോസ്’ എന്ന്‌ പേരുള്ള ആ സൈക്കിളായിരുന്നു അഞ്ചുവർഷത്തോളം കൂട്ട്. ഏഴാംക്ലാസിലേക്ക് കടക്കുമ്പോൾ ക്രിക്കറ്റിലും ആവേശം മൂത്തു, അതോടെ ക്രിക്കറ്റ് പരിശീലനത്തിനുവേണ്ടി എലപ്പുള്ളിയിൽനിന്ന്‌ പഠനം ബെഗളൂരുവിലെ ഇ.ഐ.എസ്.ബി. സ്‌കൂളിലേക്ക് മാറ്റി.

ഇതിനിടെ പഴയസൈക്കിൾ മാറ്റി മൗണ്ടെയ്ൻ സൈക്കിൾ വാങ്ങി. സാഹസികയാത്രയായിരുന്നു ലക്ഷ്യം. പരീക്ഷണ ഓട്ടമെന്നനിലയിൽ ഒരിക്കൽ പാലക്കാട്ടുനിന്ന്‌ ബെംഗളൂരുവിലേക്ക് യാത്രതിരിച്ചു. 600 കിലോമീറ്റർ സഞ്ചരിച്ച് ഉദ്യാനനഗരിയിലെത്തി, കശ്മീർ സ്വപ്‌നത്തിലേക്കുള്ള ആത്മവിശ്വാസം കൈവന്നു. റോഡിലൂടെ വേണം യാത്രയെന്നതിനാൽ, ഒരു ഗിയർ സൈക്കിൾ വാങ്ങി. ആ സൈക്കിളിലായിരുന്നു പിന്നീട് റെക്കോർഡുകളും കീഴടക്കിയത്.

ഭൂമിയിലെ സ്വർഗത്തിലേക്ക്

2019 ഓഗസ്റ്റ് 15-നാണ് അജിത്ത് കൃഷ്ണ പാലക്കാട്ടുനിന്ന്‌ കശ്മീരിലേക്ക് യാത്രതിരിക്കുന്നത്. കശ്മീർ സന്ദർശനത്തിനൊപ്പം ‘മാലിന്യമുക്ത ഇന്ത്യ’ എന്ന സന്ദേശംകൂടി പകർന്നുകൊണ്ടായിരുന്നു യാത്ര. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാൽ പരിപാലിക്കാൻ അജിത്തിനുപിന്നിൽ അച്ഛനും അമ്മ അർച്ചന ഗീതയും, എം.ബി.എസിന് പഠിക്കുന്ന ജ്യേഷ്ഠൻ അജയ്‌കൃഷ്ണയും കാറിൽ പോയി. ചുട്ടുപൊള്ളുന്ന വെയിലിലും കാറ്റിലുമായിരുന്നു യാത്ര. കേരളം വിട്ടതോടെ ചൂട്‌ കൂടി.

തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട് കശ്മീരിലേക്ക് പ്രവേശിക്കുമ്പോൾ, ശക്തമായ മഴയെയും കാറ്റിനെയും നേരിടേണ്ടിവന്നെന്ന് അജിത്ത്കൃഷ്ണ പറയുന്നു. ദിവസവും 180 മുതൽ 200 കിലോമീറ്റർ വരെ യാത്രചെയ്യും. പുലർച്ചെ നാലിന് യാത്ര തുടങ്ങും. അടുത്ത് കാടുണ്ടെങ്കിൽ പോലും രാത്രി പാതയോരത്ത് ടെന്റ് കെട്ടിയായിരുന്നു ഉറക്കം. വീട്ടുകാർ കാറിൽ കിടന്നുറങ്ങും.

ആന്ധ്രയിലെയും, മധ്യപ്രദേശിലെയും വനത്തിലൂടെയുള്ള യാത്രയും വിശ്രമവും മറക്കാനാവില്ലെന്ന് അജിത്ത് പറയുന്നു. ഭക്ഷണവും വെള്ളവും കിട്ടാൻപോലും പ്രയാസമായിരുന്നു. കിലോമീറ്ററുകൾക്കപ്പുറമാണ് ഹോട്ടലുകൾ. ഉത്തരേന്ത്യയിലേക്ക് കടന്നതോടെ, റൊട്ടിയും ദാൽതടുക്കയും മാത്രമായി ഭക്ഷണം. ഇടയ്ക്ക് നെല്ലിക്കയും, കിവി പഴവുമൊക്കെ കഴിച്ച് വിശപ്പടക്കേണ്ടിവന്നു.

നാലായിരത്തോളം കിലോമീറ്റർ സൈക്കിളോടിച്ച കുട്ടിയെന്ന, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് എന്നിവയും ഈ യാത്രയിലൂടെ അജിത്ത്‌ നേടി..

18 മണിക്കൂർകൊണ്ട് തിരുവനന്തപുരത്ത്

ഒരുദിവസത്തിനുള്ളിൽ 300 കിലോമീറ്റർ പിന്നിടണമെന്ന ആഗ്രഹമാണ് തിരുവനന്തപുരത്തേക്ക് സൈക്കിളിൽ യാത്രചെയ്യാൻ കാരണം. ഉറക്കമില്ലാത്ത ആ യാത്രയിൽ 18.33 മണിക്കൂർ കൊണ്ടുതന്നെ അജിത്ത് തിരുവന്തപുരത്തെ കോവളത്തെത്തി. പുതിയ മേയർ ആര്യയുടെ നേതൃത്വത്തിൽ തിരുവന്തപുരത്ത് വലിയസ്വീകരണവും നൽകി. ഗതാഗതത്തിരക്ക് പ്രശ്‌നം സൃഷ്ടിച്ചെന്ന് അജിത്ത് പറയുന്നു. അല്ലെങ്കിൽ ഇതിലുംനേരത്തെതന്നെ ഈ ദൂരം താണ്ടാനാവും. തിരുവനന്തപുരത്തെ യാത്രയിലൂടെയും അജിത്ത് ലോകറെക്കോർഡ് സ്വന്തമാക്കി.

Content Highlights: Ajith Krishna, Cycle Travelling, All India trip in Cycle, Asia Book of Records, India Book of Records


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented