മരംനിറയെ പൂത്ത വെളിച്ചംപോലെ മിന്നാമിന്നികള്‍; ഐശ്വര്യ ഫോട്ടോഗ്രഫിയിലെ ഓസ്‌കര്‍ സ്വന്തമാക്കിയ കഥ


By ഐശ്വര്യ ശ്രീധര്‍/ടി.ജെ. ശ്രീജിത്ത് \ sreejithedappally@gmail.com

5 min read
Read later
Print
Share

​ഐശ്വര്യ എന്ന പെണ്‍കുട്ടിയുടെ യാത്ര മുഴുവന്‍ കാട്ടിലേക്കായിരുന്നു. അവിടെ അവള്‍ കണ്ടതെന്തെല്ലാമായിരുന്നു: മരംനിറയെ പൂത്ത വെളിച്ചംപോലെ മിന്നാമിന്നികള്‍, കടുവകള്‍, പല പല പക്ഷികള്‍, ആനക്കൂട്ടങ്ങള്‍... അതിസാഹസികമായി അവള്‍ അതെല്ലാം പകര്‍ത്തി. ആ ഫോട്ടോകള്‍ക്കാണ് വന്യജീവി ഫോട്ടോഗ്രഫിയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ രാജ്യാന്തര പുരസ്‌കാരം. മ്യൂസിയത്തിന്റെ അരനൂറ്റാണ്ടത്തെ മത്സരചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍നിന്ന് ഒരു വനിതയ്ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഐശ്വര്യ സംസാരിക്കുന്നു

ഐശ്വര്യ ശ്രീധർ, ഐശ്വര്യയെ പുരസ്‌കാരത്തിനർഹയാക്കിയ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ഭണ്ഡർധര കാടിനുള്ളിലെ മിന്നാമിനുങ്ങുകൾ നിറഞ്ഞ മരത്തിന്റെ ചിത്രം | Photo: Mathrubhumi, www.facebook.com|aishwarya.sridhar.5

ഒറ്റമരം നിറയെ നൂറുകണക്കിന് മിന്നാമിനുങ്ങുകള്‍. അതിനപ്പുറത്ത് നക്ഷത്രങ്ങള്‍ ചിരിക്കുന്ന കടുംനീല വാനം. എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന മട്ടില്‍ വെട്ടത്തുള്ളികളുമായി പറന്നുകളിക്കുന്ന മിന്നാമിന്നികളുടെ ചിരിക്കോ നക്ഷത്രച്ചിരിക്കോ കൂടുതല്‍ തെളിച്ചമെന്ന് സംശയം. ആ നുറുങ്ങുവെട്ടങ്ങള്‍ കോര്‍ത്ത മാലബള്‍ബുകള്‍ ചാര്‍ത്തിയതുപോലെ ആ മരം ഇരുട്ടില്‍ സ്വര്‍ണവര്‍ണത്തില്‍ വെട്ടിത്തിളങ്ങി, ആയിരം ചുറ്റുവിളക്കുകള്‍ തെളിഞ്ഞപോലെ... ഭണ്ഡാര്‍ധര കാടിനുള്ളിലൂടെ രണ്ടുമണിക്കൂറായി നടന്ന ഐശ്വര്യയുടെ ക്യാമറക്കണ്ണുകള്‍ മയക്കത്തില്‍നിന്നുണര്‍ന്നു. ആ കണ്ണുകള്‍ തുറന്നടഞ്ഞു; ഒന്നല്ല, രണ്ടല്ല ഒരുപാടുതവണ. സമയം രാത്രി പത്തുമണിയായെന്നത് അവള്‍ മറന്നുപോയിരുന്നു. പുലിയും പാമ്പുമുള്ള കാടാണെന്നതും അവയെപ്പേടിച്ചായിരുന്നു നടത്തമെന്നതും മറവിയുടെ ഫ്രെയിമിലേക്ക് മാറി. ഒരുവര്‍ഷമായി അവള്‍ കാത്തിരുന്ന വെളിച്ചപ്പൊട്ടുകളായിരുന്നു അത്.

''പന്‍വേലിലെ വീട്ടില്‍നിന്ന് നാലുമണിക്കൂര്‍ കാറോടിച്ച് ഭണ്ഡാര്‍ധരയിലെത്തിയപ്പോഴേക്കും രാത്രി ഏഴുകഴിഞ്ഞിരുന്നു. കാറോടിക്കുമ്പോഴെല്ലാം ഒരുവര്‍ഷംമുമ്പുകണ്ട പത്രത്താളായിരുന്നു മനസ്സില്‍. 'ഭണ്ഡാര്‍ധരയിലെ മിന്നാമിനുങ്ങുകള്‍' എന്ന തലക്കെട്ട് ഇടയ്ക്കിടെ മിന്നിത്തിളങ്ങി. മണ്‍സൂണിന് തൊട്ടുമുമ്പുള്ള ചെറിയൊരു കാലയളവിലേ മിന്നാമിനുങ്ങുകളെ കാണാന്‍ കഴിയൂ... ഭണ്ഡാര്‍ധരയിലെ ഗ്രാമീണരാണ് കാട്ടിലേക്കുള്ള വഴി പറഞ്ഞുതന്നത്. ഏറ്റവും കൂടുതല്‍ മിന്നാമിന്നികളെ കാണാമെന്ന് അവര്‍ ചൂണ്ടിക്കാണിച്ച ഒറ്റയടിപ്പാതയിലൂടെ നടന്നു. അതുപിന്നെ കയറ്റമായി. കൈയില്‍ ടോര്‍ച്ചുണ്ടായിരുന്നു. പാമ്പും പുള്ളിപ്പുലിയുമൊക്കെയുള്ള കാടാണെന്ന് കേട്ടിരുന്നതിനാല്‍ അത്യാവശ്യം നല്ല പേടിയൊക്കെയുണ്ടായിരുന്നു. കിട്ടാന്‍ പോകുന്ന ചിത്രം മനസ്സില്‍ വരുമ്പോള്‍ ആ പേടിയൊക്കെ അറിയാതെ മറക്കും'' -ഐശ്വര്യയുടെ ചിരിവെട്ടം തെളിഞ്ഞു. ചിലയിടങ്ങളില്‍ മിന്നാമിനുങ്ങുകള്‍ അവയുടെ കുഞ്ഞുടോര്‍ച്ചുകളുമായി പറക്കുന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും ആ ഇരുപത്തിമൂന്നുകാരിയുടെ ക്യാമറയുടെ വിശപ്പടക്കാന്‍ പോരായിരുന്നു. ''രണ്ടുമണിക്കൂറൊക്കെ നടന്നുകാണണം. അപ്പോഴാണ് മിന്നാമിനുങ്ങുകള്‍ നിറഞ്ഞ ആ ഒറ്റമരം കണ്ടത്. അടിമുടി മിന്നാമിന്നിത്തിളക്കം! മായാലോകത്തെത്തിയപോലെ തോന്നി... ഒരുപാടുതവണ ക്ലിക്ക് ചെയ്തു. ഫോക്കസ് ട്രാക്കിങ് വഴി അതിലെ 27 ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ആ ചിത്രം പിറന്നത്''

ഐശ്വര്യയുടെ മിന്നാമിനുങ്ങുകള്‍ ക്യാമറയില്‍നിന്ന് ലണ്ടനിലേക്ക് പറന്നു. തിരികെയെത്തിയത് ഒരു പുരസ്‌കാരവുമായാണ്. വന്യജീവിഫൊട്ടൊഗ്രഫിയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ രാജ്യാന്തരപുരസ്‌കാരം. മ്യൂസിയത്തിന്റെ അരനൂറ്റാണ്ടിന്റെ മത്സരചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍നിന്ന് ഒരു വനിതയ്ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. എണ്‍പത് രാജ്യങ്ങളില്‍നിന്ന് അമ്പതിനായിരത്തോളം എന്‍ട്രികള്‍ വന്നതില്‍ അവസാന നൂറിലൊരാളായിമാറി ഐശ്വര്യ.

കര്‍ണാലയിലെ എട്ടുവയസ്സുകാരി

ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലികിട്ടിയതോടെയാണ് പാലക്കാട് കല്‍പ്പാത്തിക്കാരനായ ശ്രീധര്‍ രംഗനാഥന്‍ മുംബൈക്കാരനായി മാറിയത്. കോഴിക്കോട് തളിക്ഷേത്രത്തിനടുത്താണ് ഭാര്യ റാണിയുടെ തറവാട്. ഇരുവരും മുംബൈ നഗരത്തിനടുത്ത് പന്‍വേലില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പക്ഷിപ്രേമിയായിരുന്ന ശ്രീധര്‍ രംഗനാഥ്, പ്രകൃതിസംരക്ഷണ സംഘടനയായ ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയില്‍ അംഗത്വമെടുത്തു. സൊസൈറ്റി ഇടയ്ക്കിടെ ട്രക്കിങ് നടത്തിയിരുന്നു. മകള്‍ ഐശ്വര്യക്ക് എട്ടുവയസ്സായപ്പോള്‍ ട്രക്കിങ്ങിന് കൂട്ടി. പന്‍വേലിലെ വീടിനടുത്തുള്ള കര്‍ണാല മലകളിലേക്കായിരുന്നു ഐശ്വര്യയുടെ ആദ്യ കാടുകയറ്റം. കര്‍ണാല കോട്ടകാണാന്‍ അച്ഛനൊപ്പം കൂടിയ എട്ടുവയസ്സുകാരി തളര്‍ന്നുപോയി. പക്ഷേ, കോട്ടയെക്കാള്‍ അവള്‍ക്കിഷ്ടപ്പെട്ടത് പോകുംവഴിയല്‍ കണ്ട ഭംഗിയുള്ള പക്ഷികളായിരുന്നു, കാതുകളിലേക്കെത്തിയ അവയുടെ കൂവലീണങ്ങളായിരുന്നു.

തടോബയിലെ 'മായാ'ജാലം

മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി വ്യാപിച്ചുകിടക്കുന്ന പെന്‍ച് കടുവസങ്കേതത്തില്‍നിന്നാണ് ജീവിതത്തില്‍ ആദ്യമായൊരു കടുവയെ ഐശ്വര്യ കാണുന്നത്. പിന്നീടുകേട്ടത് ഈ കടുവ, വേട്ടക്കാരാല്‍ കൊല്ലപ്പെട്ടെന്നാണ്. ''വല്ലാത്ത വിഷമംതോന്നി. ഞാനാദ്യമായി കണ്ടൊരു കടുവ ഇല്ലാതായല്ലോ എന്നോര്‍ത്ത് മാത്രമായിരുന്നില്ല അത്. മനുഷ്യനെന്താണ് പണത്തിന് ഇത്രമാത്രം ആര്‍ത്തിയുള്ളൊരു ജീവിയായി മാറുന്നത്? പ്രകൃതിയെ ഇങ്ങനെ നശിപ്പിക്കുന്നതെന്തിനാണ്? ആ ചോദ്യങ്ങള്‍ക്ക് ഞാന്‍ എന്നോടുതന്നെ പറഞ്ഞ ഉത്തരമായിരുന്നു വൈല്‍ഡ് ലൈഫ് ഫൊട്ടൊഗ്രഫി. വന്യജീവികളുടെ ജീവിതം യുവാക്കളിലേക്കെത്തിക്കാന്‍ തീരുമാനിച്ചാണ് പടമെടുപ്പ് തുടങ്ങിയത്. ഒപ്പം വീഡിയോ ഡോക്യുമെന്ററികളും''

മഹാരാഷ്ട്രയിലെ ചന്ദ്രാപുരിലുള്ള തടോബ കടുവസങ്കേതത്തിലേക്കുള്ള യാത്രയിലാണ് കടുവയുടെ മായാജാലംകണ്ട് ഐശ്വര്യ കണ്ണുമിഴിച്ചുപോയത്. തടോബയിലെ രാജ്ഞിയെന്നാണ് മായ എന്ന കടുവ അറിയപ്പെടുന്നത്. ആറുവര്‍ഷത്തിനുള്ളില്‍ നാലുപ്രസവത്തില്‍ തടോബയ്ക്ക് 12 കടുവക്കുഞ്ഞുങ്ങളെ നല്‍കിയ അമ്മയാണ് മായ. ആ അമ്മയെ ക്യാമറയിലേക്ക് പകര്‍ത്താനായിരുന്നു ഐശ്വര്യയുടെ യാത്ര. ''മക്കളെ വേട്ടയാടാന്‍ പഠിപ്പിക്കുകയായിരുന്നു അവള്‍. അമ്മയുടെ കരുതലില്‍ രണ്ടുമക്കളും മാനുകളെ വേട്ടയാടുന്ന ദൃശ്യങ്ങള്‍ മറക്കാനാവില്ല...'' കാട്ടാനകളുടെ സൗന്ദര്യം കാണാന്‍ ഈ മുംബൈ മലയാളി തിരഞ്ഞെടുത്തത് കേരളമായിരുന്നു. ജീവിതത്തില്‍ ആദ്യമായി കാട്ടാനകളെ കണ്ടത് പെരിയാര്‍ കടുവസങ്കേതത്തിലായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. വാല്‍പ്പാറയിലും സൈലന്റ്വാലിയിലും സിംഹവാലന്‍മാരെ തൊട്ടടുത്ത് കണ്ടതും ക്യാമറയുടെ മറക്കാത്ത ചെപ്പിലുണ്ട്.

പഞ്ചേയിലേക്ക് മടങ്ങിവന്ന പക്ഷികള്‍

പക്ഷികളുടെ പറുദീസയായിരുന്നു മുംബൈ നഗരത്തിനടുത്തുള്ള ഉറാന്‍; ഒരു വ്യാഴവട്ടംമുമ്പുവരെമാത്രം... നഗരച്ചിറകുകള്‍ വീതിവിരിക്കാന്‍ തുടങ്ങിയതോടെ 2009-ല്‍ നവിമുംബൈയിലെ പ്രത്യേക വ്യവസായമേഖല അവിടെ ഉയര്‍ന്നു. കണ്ടല്‍ക്കാടുകളും ചതുപ്പുകളും നിറഞ്ഞ രണ്ടായിരത്തോളം ഹെക്ടര്‍ മണ്ണടിഞ്ഞു. കോണ്‍ക്രീറ്റ്കാടുകള്‍ വളര്‍ന്നു. ഉറാനില്‍ ശേഷിച്ചത് പഞ്ചേ എന്ന കഷ്ടിച്ച് 213 ഹെക്ടറില്‍ ഒതുങ്ങുന്ന ചതുപ്പുമാത്രം. എന്നിട്ടും വര്‍ഷംതോറും ഒന്നരലക്ഷത്തോളം ദേശാടനപ്പക്ഷികള്‍ വിരുന്നെത്തി.

പക്ഷേ, പഞ്ചേയിലേക്കുമെത്തി റിയല്‍ എസ്റ്റേറ്റ് കണ്ണ്. ആ കണ്ണ് കണ്ടെത്തിയത് ഐശ്വര്യയായിരുന്നു. ''അച്ഛനൊപ്പം പക്ഷികളുടെ ചിത്രമെടുക്കാനും അവയെ കാണാനുമെല്ലാം കുട്ടിയായിരുന്നപ്പോള്‍ ഉറാനില്‍ ഇടയ്ക്കിടെ വരുമായിരുന്നു. അന്നൊക്കെ ഒരുപാട് പക്ഷികളായിരുന്നു ഇവിടെ. പിന്നെപ്പിന്നെ പഞ്ചേ മാത്രമായപ്പോള്‍ പക്ഷികളുടെ എണ്ണം കുറഞ്ഞു. എന്നാലും കുറെ ദേശാടനപ്പക്ഷികള്‍ വന്നിരുന്നു. രണ്ടുവര്‍ഷംമുമ്പ് വീണ്ടും ക്യാമറയുമായി പോയപ്പോള്‍ പഞ്ചേയിലെ ചതുപ്പൊക്കെ വരണ്ടുതുടങ്ങിയിരിക്കുന്നു. പക്ഷികളും എണ്ണത്തില്‍ കുറവ്. തൊട്ടുചേര്‍ന്നുള്ള ഡോംഗ്രി ഗ്രാമത്തിലെ പരാഗ് ആണ് പറഞ്ഞത് വേലിയേറ്റമുണ്ടാകുമ്പോള്‍ പഞ്ചേയിലേക്ക് വരുന്ന കടല്‍വെള്ളം തടയാന്‍ 71 സ്ലൂയീസ് ഗേറ്റുകള്‍ (തുറക്കാന്‍ കഴിയുന്ന ചെറുതടയണ) സ്ഥാപിച്ചിട്ടുണ്ടെന്ന്. പഞ്ചേയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന മീന്‍പിടിത്തക്കാരില്‍ ഒരാളായിരുന്നു പരാഗ്. മഹാരാഷ്ട്ര സര്‍ക്കാരിനുകീഴിലെ സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനായിരുന്നു ഇതിനുപിന്നില്‍. കടല്‍വെള്ളം കയറാതിരുന്നാല്‍ പഞ്ചേകൂടി ഇല്ലാതാകും. അവിടേക്കും എത്തിക്കാം 'കോണ്‍ക്രീറ്റ് വികസനം' എന്നതായിരുന്നു ലക്ഷ്യം...''

പഞ്ചേയുടെ ദയനീയാവസ്ഥ കാണിക്കുന്ന ചിത്രങ്ങള്‍ ഐശ്വര്യ പകര്‍ത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, കൊങ്കണ്‍ ഡിവിഷണല്‍ കമ്മിഷണര്‍, കണ്ടല്‍കാട് സംരക്ഷണ അതോറിറ്റി എന്നിവര്‍ക്കെല്ലാം ഈ ചിത്രങ്ങളും അതിനൊപ്പം വിശദമായ കത്തും നല്‍കി. ഐശ്വര്യയുടെ പഞ്ചേ ചിത്രങ്ങള്‍ പത്രത്താളുകളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഐശ്വര്യയുടെ ലേഖനങ്ങളും മാധ്യമങ്ങളില്‍ വന്നു. മുംബൈയിലെ പ്രമുഖ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തകരും പ്രശ്‌നം ഏറ്റെടുത്തു. 'പഞ്ചേ ദി ലാസ്റ്റ് വെറ്റ്ലാന്‍ഡ്' എന്ന ഐശ്വര്യയുടെ ഡോക്യുമെന്ററിയും ശ്രദ്ധനേടി. പത്തുദിവസത്തോളംനീണ്ട കൂട്ടായ പരിശ്രമത്തിനൊടുവില്‍ സ്ലൂയീസ് ഗേറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചു. പഞ്ചേയിലേക്ക് വീണ്ടും കടല്‍വെള്ളമെത്തി, ഒപ്പം പക്ഷിക്കൂട്ടങ്ങളും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പഞ്ചേ സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കി.

''ആദ്യമൊക്കെ ഒരു കൊച്ചുപെണ്ണ് എന്തൊക്കെയോ വിളിച്ചുപറയുന്നു എന്നേ ആളുകള്‍ കരുതിയുള്ളൂ. പത്രങ്ങളിലൊക്കെ വരാന്‍തുടങ്ങിയതോടെ സംഗതി മാറി. ഒടുവില്‍ പഞ്ചേ പക്ഷിസങ്കേതമാകാന്‍ പോകുന്നു എന്നൊക്കെ കേട്ടു...'' ഐശ്വര്യയുടെ ആ ഡോക്യുമെന്ററി പിന്നീട് ദൂരദര്‍ശന്‍ സംപ്രേഷണംചെയ്തു. മഹാരാഷ്ട്രയിലെ തണ്ണീര്‍ത്തടങ്ങള്‍ കണ്ടെത്താന്‍ ബോംബെ ഹൈക്കോടതി നിയോഗിച്ച സമിതിയില്‍ അംഗംകൂടിയായി ഐശ്വര്യ. പഞ്ചേ ഡോക്യുമെന്ററി ഒട്ടേറെ ചലച്ചിത്രോത്സവങ്ങളിലേക്ക് പറന്നു.

മിന്നാമിനുങ്ങ് ചിത്രത്തിലൂടെ വന്ന പ്രശസ്തി, ഐശ്വര്യയെ സെലിബ്രിറ്റിയാക്കി മാറ്റിക്കഴിഞ്ഞു. അപ്പോഴും അവളുടെ ക്യാമറക്കണ്ണുകള്‍ പുതിയ പഞ്ചേ തേടുകയാണ്...

ഐശ്വര്യ ശ്രീധര്‍

പാലക്കാട് കല്‍പ്പാത്തി സ്വദേശിയായ ശ്രീധര്‍ രംഗനാഥിന്റെയും കോഴിക്കോട് തളി സ്വദേശിയായ റാണിയുടെയും മകള്‍. മുംബൈ പന്‍വേലിലാണ് താമസം. മാസ് കമ്യൂണിക്കേഷനില്‍ ബിരുദംനേടിയശേഷം വന്യജീവിഫൊട്ടൊഗ്രഫിയും ഹ്രസ്വചിത്രസംവിധാനവും തന്റെ മേഖലയായി തിരഞ്ഞെടുത്തു. ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ മികച്ച വന്യജീവി ഫൊട്ടൊഗ്രഫര്‍ക്കുള്ള പുരസ്‌കാരം നേടിയ ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതയായി ഐശ്വര്യ മാറിയത് 2020 ഒക്ടോബറിലാണ്. മഹാരാഷ്ട്രയിലെ ഭണ്ഡാര്‍ധര കാടിനുള്ളില്‍നിന്നുള്ള മിന്നാമിനുങ്ങുകള്‍ നിറഞ്ഞ മരത്തിന്റെ ചിത്രമാണ് ഐശ്വര്യയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നട്ടെല്ലില്ലാത്ത ജീവികളുടെ സ്വഭാവസവിശേഷതകള്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. ബ്രിട്ടനിലെ ഡയാന രാജകുമാരി ഫൗണ്ടേഷന്റെ മികച്ച യങ് ചേഞ്ച്‌മേക്കര്‍ പുരസ്‌കാരവും 2019-ല്‍ ഐശ്വര്യക്ക് ലഭിച്ചിരുന്നു. 'പഞ്ചേ ദി ലാസ്റ്റ് വെറ്റ് ലാന്‍ഡ്' എന്ന ഐശ്വര്യയുടെ ഡോക്യുമെന്ററി 2019-ലെ നെക്സ്റ്റ് ജനറേഷന്‍ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള 'അവാര്‍ഡ് ഓഫ് എക്‌സലന്‍സ്' കരസ്ഥമാക്കി. നിരവധി ചലച്ചിത്രമേളകളിലേക്കും പഞ്ചേ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മായ എന്ന കടുവയെക്കുറിച്ചുള്ള 'ദി ക്വീന്‍ ഓഫ് താരു' എന്ന ഡോക്യുമെന്ററിക്ക് ന്യൂയോര്‍ക്കിലെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ഫിലിം അവാര്‍ഡ്‌സിലെ മികച്ച അമേചര്‍ ഫിലിമിനുള്ള പുരസ്‌കാരം ലഭിച്ചു. പ്രശസ്തമായ സാങ്ച്വറി ഏഷ്യ എന്ന പരിസ്ഥിതി സംരക്ഷണമാസികയുടെ യങ് നാച്വറലിസ്റ്റ് (2011), തമിഴ്‌നാട് ഗവര്‍ണറുടെ വുമണ്‍ ഐക്കണ്‍ എന്നീ പുരസ്‌കാരങ്ങളും നേടി.

Content Highlights: Aishwarya Sridhar, British Natural History Museum, Wildlife Photographer of the Year

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Palm Jebel Ali

2 min

കടലില്‍ 80-ലേറെ ഹോട്ടലുകള്‍, 110 കി.മീ ബീച്ച്‌, 7 ഉപദ്വീപുകള്‍; ദുബായില്‍ ഒരുങ്ങുന്നത് ആഡംബര വിസ്മയം

Jun 3, 2023


valupokk
Premium

4 min

കാടും മലയും കടന്ന് ആ വാളെത്തുന്നു; വയനാട്ടില്‍ നിന്നുള്ള 'വാളുപോക്കും' വൈശാഖ മഹോത്സവും

Jun 2, 2023


munnar

2 min

സ്വര്‍ഗത്തിലേക്കുള്ള പാതയായി മൂന്നാര്‍-ബോഡിമെട്ട് റോഡ്; കിടിലന്‍ യാത്ര, മനോഹര കാഴ്ചകള്‍

Feb 21, 2023

Most Commented