കാട്ടാനകൾ പതുങ്ങിനിൽക്കാനിടയുള്ള ഈറക്കാടുകൾ, പാറകൾ; അതിസാഹസികത നിറ‍ഞ്ഞ അ​ഗസ്ത്യാർകൂടം യാത്ര


ബാബു ഒതുക്കുങ്ങൽ

അഗസ്ത്യാർകൂടം ട്രക്കിങ്ങിന്റെ അനുഭവങ്ങളുമായി മലപ്പുറം വില്ലേജ് ഓഫീസറും സഞ്ചാരിയുമായ ബാബു ഒതുക്കുങ്ങൽ

അ​ഗസ്ത്യകൂടം | ഫോട്ടോ: മാതൃഭൂമി

ഗിരിമകുടമാണ്ടാൽ അഗസ്ത്യനെ കണ്ടാൽ പരലുപോല താരമിഴിയൊളി പുരണ്ടാൽ കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം ജ്വരമാണ്ടൊരുടലിന്നു ശാന്തിചൈതന്യം... അഗസ്ത്യഹൃദയം- വി. മധുസൂദനൻ നായർ

കോടമഞ്ഞിന്റെ അർധസുതാര്യതയിൽഒരു ആകാശയാനത്തിൽ നിന്നെന്നപോലെ താഴെയുള്ള കാഴ്ചകളിൽ നാം മതിമറക്കും. വിയർപ്പും വെയിലിന്റെ ചൂടും തുടച്ചെടുക്കുന്ന സഹ്യാദ്രിയിലെ തണുത്ത കാറ്റിൽ മയങ്ങിപ്പോകുംപുലർച്ചെയാണ് അഗസ്ത്യാർകൂടം മല കയറാൻ കൊച്ചുവേളിയിൽ തീവണ്ടിയിറങ്ങിയത്. വിതുര വഴി ബോണക്കാട് ബസിറങ്ങി മൂന്നുകിലോമീറ്റർ നടന്നാൽ ബോണക്കാട് പിക്കറ്റ് സ്റ്റേഷനിലെത്താം. മകരവിളക്ക് കഴിഞ്ഞ് ശിവരാത്രി വരെയുള്ള ഒരുമാസക്കാലം ദിവസം നൂറുപേർക്കു മാത്രമാണ് അഗസ്ത്യാർകൂടത്തിലേക്കുള്ള അനുമതി. പ്ലാസ്റ്റിക് നിയന്ത്രണത്തിൽ കണിശമാണിവിടം. മിഠായി പായ്ക്കറ്റുപോലും പരിശോധിച്ച് ഒഴിവാക്കിയശേഷമാണ് കാട്ടിലേക്ക് കടത്തിവിടുക.

അതിരുമല ക്യാമ്പാണ് ഒന്നാംദിവസത്തെ ലക്ഷ്യസ്ഥാനം. പത്തുപേർക്ക് ഒരാളെന്ന രീതിയിൽ ഗൈഡിനെയും അനുവദിച്ചു. വനഭൂമിയിലെ പ്രാകൃതമായ ഒറ്റയടിപ്പാതകളിലൂടെ നടക്കുമ്പോൾ കാടിന്റെ കുളിരും സംഗീതവും നേരിട്ടനുഭവിക്കാം. വള്ളിപ്പടർപ്പുകളും പാറക്കെട്ടുകളുമൊക്കെയാണ് യാത്രയുടെ ആദ്യഭാഗത്ത്. ഇടയ്ക്ക് കാട്ടരുവികളുടെ കരയിൽ ഭാരമിറക്കി വിശ്രമിക്കാം. ഒരു കൊച്ചു വെള്ളച്ചാട്ടത്തിന്റെ അരികിൽനിന്നാണ് പിക്കറ്റ് സ്റ്റേഷനിൽനിന്ന് കാട്ടിലയിൽ പൊതിഞ്ഞുതന്ന ഭക്ഷണം കഴിച്ചത്. വെള്ളച്ചാട്ടത്തിൽ ഒരു കുളി പാസാക്കാതെ പോകുന്നവർ വിരളം.

അതിരുമലയിലെത്തുന്നതിന് ഏറെ ദൂരെനിന്നുതന്നെ ഒരു തുറസ്സായ ഭാഗത്തെത്തുമ്പോൾ സഹ്യാദ്രിയ്ക്കുമേൽ കുടം കമഴ്‌ത്തിയപോലെ അഗസ്ത്യാർകൂടം കാണാനാകും. അട്ടയാറും കടന്ന് അതിരുമല എത്താനാകുന്നതോടെ കൂടുതൽ നിബിഡമായ വനഭംഗിയിലേക്ക് നാം പ്രവേശിക്കും. മറ്റൊന്നും അലോസരപ്പെടുത്താനില്ലാത്ത പ്രകൃതിയുടെ നൈസർഗികത. ചിലയിടങ്ങളിൽ, വീണുകിടക്കുന്ന വടവൃക്ഷങ്ങൾ ചാടിക്കടക്കേണ്ടതായും വള്ളിപ്പടർപ്പുകൾക്കിടയിലൂടെ നൂണ്ടു കയറേണ്ടതായും വരും. അതിരുമലയിലേക്കുള്ള പതിനാറു കിലോമീറ്ററിന്റെ ആദ്യപകുതി കൂടുതൽ കഠിനമായി അനുഭവപ്പെടും.

ഘോരവനത്തിൽ ഒരു രാത്രി

അതിരുമല ബേസ് ക്യാമ്പിൽ ഒന്നുറങ്ങിയുണർന്നപ്പോൾ രാത്രി പന്ത്രണ്ടര. ഷീറ്റ് മേഞ്ഞതും ഗോഡൗൺപോലെ അടച്ചുകെട്ടിയതുമായ ക്യാമ്പ് കെട്ടിടത്തിന്റെ തറയിൽ വിരിച്ച പായകളിൽ ഓരോരുത്തരും ഗാഢനിദ്രയിൽ. പുറത്തുള്ളതിനേക്കാൾ തണുപ്പ് സിമന്റ് തറയിൽനിന്ന് പായയിലൂടെ തുളഞ്ഞുകയറുന്നു. പുതപ്പ് വകഞ്ഞുമാറ്റിയപ്പോഴാണ് തണുപ്പിന്റെ കാഠിന്യമറിഞ്ഞത്. തടവുവച്ച കല്ല് കാലുകൊണ്ട് തട്ടിമാറ്റി ഇരുമ്പുവാതിലിന്റെ ഒരു പാളി വലിച്ചുതുറന്നതോടെ കുളിരിന്റെ ഒരു മിന്നൽപ്പിണർ അകത്തേക്ക് ഇരച്ചുകയറി.

നാനാദിക്കുകളിൽനിന്നു പേരറിയാത്ത നിശാജീവികളുടെ അപരിചിതമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. പ്രകൃതി ഒരിക്കലും ഉറങ്ങുന്നില്ല. നേരെ നോക്കിയാൽ ക്യാമ്പിലേക്കുള്ള സിമന്റ് സ്ലാബിട്ട പ്രവേശനപാത കാണാം. അതിനപ്പുറം ഘോരവനാന്തരമാണ്. ആനയും കരടിയും കാട്ടുപോത്തും പാമ്പും പഴുതാരയും തുടങ്ങി സകല തിര്യക്കുകളുടെയും സാമ്രാജ്യം.

ആനപ്പേടിയുടെ ഇലയനക്കങ്ങൾ

പിറ്റേദിവസം രാവിലെ ഏഴുമണിക്കുള്ള ആദ്യസംഘത്തിൽ കാടുകയറി. ഇവിടെനിന്ന് ആറുകിലോമീറ്ററുണ്ട് അഗസ്ത്യാർമലയിലേക്ക്. ഇരുണ്ട വനാന്തരത്തിൽ പരവതാനി വിരിച്ചപോലെ വേരുകൾ കെട്ടുപിണഞ്ഞ് കിടക്കുന്നു. കാട്ടുചോലകളുടെ കരയിൽ വന്യജീവികളുടെ ഗന്ധം തളംകെട്ടി നിൽക്കുന്നപോലെ. ഓരോ ഇലയനക്കങ്ങളും സംശയത്തിന്റെ മുൾമുനയിലൂടെ വഴിനടത്തി. ഏതാണ്ട് പത്തടി നടന്നപ്പോൾ മുന്നിലൊരാൾക്കൂട്ടം. വലിയൊരു പാറയ്ക്കു പിന്നിലൂടെ കാട്ടാന ഒതുങ്ങി നീങ്ങുന്നത് മുന്നിൽപോയ ഗൈഡാണ് കണ്ടത്. യാത്രക്കാരെ തടഞ്ഞുനിർത്തി ഗൈഡും രണ്ടുമൂന്നുപേരും പാറയ്ക്കരികിൽ നിൽക്കുന്നുണ്ട്. യാത്ര തടസ്സപ്പെട്ടിരിക്കുന്നു.

ചിലർ കിട്ടിയ പാറകളിൽ ഇരിപ്പുറപ്പിച്ചു. ചിലർ ഭയത്തോടെയും അദ്‌ഭുതത്തോടെയും പരിസരം വീക്ഷിക്കുകയും ക്യാമറ ചലിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു ഗൈഡിനെ കാവൽ നിർത്തി മറ്റൊരു ഗൈഡ് തോട്ടയെടുക്കാൻ ക്യാമ്പിലേക്ക് ഓടിപ്പോയി. ഗൈഡ് തിരിച്ചെത്തി. മൂന്നുനാല് തോട്ടകൾ പൊട്ടി. ആനച്ചൂര് ചോല കടന്ന് മറ്റൊരു ചരിവിലേക്കു നീങ്ങി. പൊങ്കാലപ്പാറ ലക്ഷ്യമാക്കി യാത്രതുടർന്നു.

തിരിച്ചുവരുമ്പോഴും ആന ആ പരിസരത്തുതന്നെയുണ്ടായിരുന്നു. മൂന്നുനാല് ഗൈഡ് പയ്യൻമാർ കരിയിലകളും ചുള്ളിക്കമ്പുകളും കൂട്ടി തീയും പുകയുമിട്ട് വെടി പറഞ്ഞിരിക്കുന്നുണ്ട്. കാടല്ലേ, കാട്ടാറല്ലേ. ആന അവിടംവിട്ട് മറ്റെവിടെപ്പോകാൻ? കാട്ടാനകൾ പതുങ്ങിനിൽക്കാനിടയുള്ള ഈറക്കാടുകളാണ് പിന്നീട് കുറച്ചുദൂരം.

നാരായബിന്ദുവിൽ അഗസ്ത്യൻ

വിനോദസഞ്ചാരകേന്ദ്രമെന്നതിലുപരി ഒരു തീർഥാടനകേന്ദ്രം കൂടിയാണ് അഗസ്ത്യാർമല. മലമുകളിൽ അഗസ്ത്യമുനിയുടെ ഒരു പ്രതിഷ്ഠയുണ്ട്. ഗോത്രവിഭാഗങ്ങളുടെ വിശ്വാസങ്ങൾ കാരണം സ്തീകൾക്ക് ഇവിടെ അനൗദ്യോഗികമായ പ്രവേശനവിലക്കുണ്ടായിരുന്നു. ഹൈക്കോടതി വിധിയെത്തുടർന്ന് 2019 മുതലാണ് ഇവിടെ സ്ത്രീകൾക്ക് മലകയറ്റത്തിന് അനുമതി ലഭിച്ചത്.

പാറയുടെ ഒരു മകുടമാണ് അഗസ്ത്യാർകൂടം കൊടുമുടി. അതിനുമേൽ കയറിപ്പറ്റുക എന്നതാണ് യാത്രയുടെ അവസാനഘട്ടത്തിൽ ബാക്കിയുള്ള വെല്ലുവിളി. പാറകളുടെ ചെങ്കുത്തായ ചില ചെരിവുകളിൽ തൂക്കിയിട്ട വടങ്ങളിൽ പിടിച്ച് മുകളിലേക്കുകയറുന്നത് പരീക്ഷണവും സാഹസികാനുഭവവുമാണ്. കൊടുമുടിക്ക് മുകളിലെത്തിയാൽ ഏതൊരു മനുഷ്യമനസ്സിനെയും ആനന്ദിപ്പിക്കുന്ന കാഴ്‌ചകളാണ്. പഞ്ചപാണ്ഡവമല എന്നറിയപ്പെടുന്ന മലയും പേപ്പാറ റിസർവോയറും നെയ്യാർ റിസർവോയറും തമിഴ്നാട്ടിലെ പാപനാശവും തിരുനെൽവേലിയുമെല്ലാം ഇവിടെനിന്നു കാണാം.

Content Highlights: agasthyarkoodam travel, climbing agasthyarkoodam, agasthyarkoodam trekking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented