ചുരുങ്ങിയ സമയത്ത്‌ ദൗത്യങ്ങളേറ്റെടുത്ത്‌ നടത്താനുള്ള സംവിധാനങ്ങൾ കേരളത്തിനും വേണ്ടേ?


By രവിശങ്കർ കെ.വി.

4 min read
Read later
Print
Share

അടിയന്തരമായ സാഹചര്യങ്ങൾ നേരിടാൻ നാം എത്ര തയ്യാറാണ്‌. രക്ഷാ ദൗത്യങ്ങളിൽ സമയത്തിന്‌ ജീവന്റെ വിലയാണ്‌.

കൂർമ്പാച്ചിമലയിൽ ബാബുവിന് വെള്ളം നൽകുന്ന സൈനികൻ | ഫോട്ടോ: മാതൃഭൂമി

കേരളത്തിന്റെ രക്ഷാദൗത്യചരിത്രത്തിൽ സമാനതകളില്ലാത്ത ഏടാണ്‌ ഇന്നലെ പാലക്കാട്‌ മലമ്പുഴ ഡാമിനടുത്തുള്ള കൂർമ്പാച്ചിമല സാക്ഷ്യം വഹിച്ചത്‌. കേരളത്തിലെ സാഹസിക വിനോദസഞ്ചാരമേഖലയിൽ ഹിമാലയ പർവതനിരകളടക്കം കയറുന്ന, ഇന്ത്യയിലെ ഏറ്റവും മികച്ച പർവതാരോഹക പരിശീലനകേന്ദ്രമായ ഹിമാലയൻ പർവതാരോഹക ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നടക്കം പരിശീലനം ലഭിച്ച പ്രൊഫഷണൽ പർവതാരോഹകരുള്ള നാട്ടിൽ 45 മണിക്കൂറോളം ഒരു യുവാവ്‌ കുടുങ്ങിക്കിടക്കേണ്ടിവന്നത്‌ ഖേദകരമാണ്‌.

നമുക്കൊരു ദുരന്തനിവാരണ സേനയുണ്ട്‌. ഫയർ ആൻഡ്‌ റെസ്ക്യൂ സേനയും പോലീസും വനംവകുപ്പും ഉണ്ട്‌. പക്ഷേ, അവരിൽ എത്രപേർക്ക്‌ ഇത്തരം സാഹചര്യങ്ങളിൽ ഇടപെടാനാകും എന്നതിന്റെ നേർസാക്ഷ്യമാണ്‌ മലമ്പുഴ.

കേരളത്തിലെ ഏറ്റവും വലിയ വ്യാവസായിക, സാമ്പത്തിക, സേവന മേഖലയാണ്‌ ടൂറിസം. ജോലിയുടെ ഭാഗമായി വിവിധ മേഖലകളിൽ മികച്ചപരിശീലനം സിദ്ധിച്ച ആയിരക്കണക്കിന്‌ മലയാളികൾ ഈ രംഗത്തുണ്ട്‌. സംരംഭകരും ഒട്ടേറെ. മലയാളിയുടെ സാഹസികതയുടെ പര്യായമായ ക്യാപ്റ്റൻ അഭിലാഷ്‌ ടോമിമുതൽ ഇന്ത്യൻ നേവിയിലെ ഫൈറ്റർ പൈലറ്റ്‌ ആയിരുന്ന കമാൻഡർ സാം ടി. സാമുവലും ഇന്ത്യയിലെ സാഹസിക വിനോദസഞ്ചാര മേഖലയുടെ സാരഥിയായ വയനാട്ടുകാരൻ പ്രദീപ്‌ മൂർത്തി അടക്കമുള്ള മികച്ച പ്രൊഫഷണലുകളുള്ള കേരളത്തിൽ ഇത്തരം ഒരു സംഭവം മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും എന്തുകൊണ്ടാണ്‌ അതു സംഭവിച്ചത്‌.

ഇനിയെങ്കിലും നാം കേരളത്തിൽ നിലവിലുള്ള സംവിധാനങ്ങൾ എന്താണെന്ന്‌ കണ്ണുതുറന്നു കാണണം. അതിനുള്ള സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണം.

മഞ്ഞുമലയിലും മണലാരണ്യത്തിലും ചെയ്യുന്ന ഇനങ്ങൾ ഒഴിവാക്കിയാൽ ബാക്കിയെല്ലാം ചെയ്യാൻ കഴിയുന്ന കാലാവസ്ഥയും സാഹചര്യവുമുള്ള പ്രദേശമാണ്‌ കേരളം. സാധാരണക്കാർക്ക്‌ ചെയ്യാവുന്നവയും സാധാരണപരിശീലനം ലഭിച്ചശേഷം ചെയ്യാവുന്നവയും മികച്ച അഡ്വാൻസ്ഡ്‌ ട്രെയിനിങ്ങിനുശേഷം ചെയ്യേണ്ട ഇനങ്ങളും ഒക്കെ അടങ്ങിയ വിപുലമായ മേഖലയാണ്‌ അഡ്വഞ്ചർ ടൂറിസംമേഖല. അണ്ടർ വാട്ടർ സ്കൂബ ഡൈവിങ്‌, പാരാ ഗ്ലൈഡിങ്‌, റാപ്പിങ്‌, പർവതാരോഹണം തുടങ്ങി അന്താരാഷ്ട്ര അംഗീകാരമുള്ള പരിശീലനംവേണ്ട ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ട്‌. ഇവയിലൊക്കെ പരിശീലനവും പരിചയസമ്പത്തുമുള്ള പ്രൊഫഷണലുകൾ സ്വകാര്യമേഖലയിൽ കേരളത്തിൽ ജോലിചെയ്യുന്നുണ്ട്‌. അവരുടെ സേവനം അടിയന്തരഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താനാവാതെ പോകുന്ന സംവിധാനത്തിനാണ്‌ മാറ്റംവരുത്തേണ്ടത്‌.

സാഹസികവിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി കേരളത്തിൽ വിനോദസഞ്ചാര വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സ്ഥാപിച്ചിട്ടുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (KAPTS) കഴിഞ്ഞ എട്ടുവർഷമായി നിലവിലുണ്ട്‌. വെറും രണ്ട്‌ ഉദ്യോഗസ്ഥർ മാത്രമുള്ള ഈ പൊതുമേഖലാസംവിധാനം സാമാന്യം കൊള്ളാവുന്ന പ്രവർത്തനമാണ്‌ കാഴ്ചവെക്കുന്നത്‌. എല്ലാവർഷവും നടത്തുന്ന അന്താരാഷ്ട്ര മൗണ്ടൈൻ സൈക്ളിങ്‌ മത്സരം, വാട്ടർ സ്പോർജ് പ്രൊമോട്ട്‌ ചെയ്യാനായി മലബാർ റിവർ ഫെസ്റ്റിവൽ, ചാലിയാർ റിവർ ചലഞ്ച്‌, മുസിരിസ്‌ പാഡിൽ, ഇന്റർനാഷണൽ കൈറ്റ്‌ ഫെസ്റ്റിവൽ തുടങ്ങി ചുരുക്കം ചില പരിപാടികൾ മാത്രമാണ്‌ നിലവിൽ ഈ സ്ഥാപനം മുഖാന്തരം നടത്തുന്നത്‌. എന്നാൽ, സാഹസിക വിനോദസഞ്ചാര മേഖലയ്ക്കായി ഇന്ത്യയിൽ ആദ്യമായി സേഫ്റ്റി, സെക്യൂരിറ്റി ഗൈഡ്‌ ലൈനുകൾ നടപ്പാക്കാനും കേരളത്തിൽ ആദ്യമായി വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കാനായി ലൈസൻസ്‌ ഏർപ്പെടുത്തിയതും കാപ്‌സ്‌ എന്ന സ്ഥാപനത്തിന്റെ മുൻകൈയിൽ ആയിരുന്നു. നിർഭാഗ്യവശാൽ കോവിഡ്‌ കാരണം ടൂറിസംമേഖല സ്തംഭനാവസ്ഥയിൽ ആയതോടെ ഈ സ്ഥാപനത്തിന്റെ പ്രവർത്തനവും മന്ദഗതിയിലായി.

കൊല്ലം അഷ്ടമുടി ട്രെയിൻ അപകടമുണ്ടായപ്പോൾ ബേപ്പൂരിൽനിന്ന്‌ മാപ്പിള ഖലാസികളുടെ സേവനം ഒരു ദുരന്തമുഖത്ത്‌ കേരളം പ്രയോജനപ്പെടുത്തി. മഹാപ്രളയത്തിന്റെ സമയത്ത്‌ രക്ഷകരായി പൊടുന്നനെ എത്തിയത്‌ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ആയിരുന്നു. മഹാപ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും സർക്കാർ സംവിധാനത്തിനുമപ്പുറം ഒട്ടേറെ വ്യക്തികളും സംഘടനകളും സ്വമേധയാ കേരളത്തിന്റെ രക്ഷയ്ക്കായി എത്തി. ഇനിയും വരുംനാളുകളിൽ കേരളം വലിയ പ്രകൃതിദുരന്തങ്ങൾക്കും ആഗോളതാപനം കാരണമുള്ള കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ദുരിതങ്ങൾക്കും വേദിയാകാമെന്ന്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുള്ളത്‌ ഐ.എസ്‌.ആർ.ഒ. തുടങ്ങിയ ആഗോളപ്രശസ്ത സ്ഥാപനങ്ങളാണ്‌. അതിനായുള്ള തയ്യാറെടുപ്പുകൾ നിർഭാഗ്യവശാൽ നാം തുടങ്ങിയിട്ടില്ല. ചിലപ്പോൾ ചില ഫയലുകളിൽ ഇത്തരം ഒരുക്കങ്ങൾ ഉറങ്ങിക്കിടക്കുന്നുണ്ടാകും. അതൊക്കെ പൊതുമണ്ഡലത്തിൽ മാധ്യമങ്ങളുടെ സഹായത്തോടെ ചർച്ചാവിഷയമാക്കണം.

പോലീസ്‌, ഫയർ ആൻഡ്‌ റെസ്ക്യൂ സർവീസ്‌, എൻ.ഡി.ആർ.എഫ്‌., വനംവകുപ്പ്‌, എക്സൈസ്‌ തുടങ്ങി സംസ്ഥാന സർക്കാരിനു കീഴിലുള്ള സേനാവിഭാഗങ്ങളിൽനിന്നു മികച്ചവരെ കണ്ടെത്തി എല്ലാ ജില്ലകളിലും വിന്യസിക്കാവുന്ന തരത്തിൽ മികച്ച രക്ഷാദൗത്യസേനയെ നാം വാർത്തെടുക്കേണ്ടതുണ്ട്‌. അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരം ശാസ്താംപാറയിൽ നടപ്പാക്കാൻ തീരുമാനിച്ച കേരള സാഹസിക അക്കാദമിയുടെ നിർമാണം എത്രയും പെട്ടെന്ന്‌ പൂർത്തിയാക്കുക, കേരളത്തിലെ മുഴുവൻ സേനകൾക്കും കരയിലും വെള്ളത്തിലും അടിയന്തരഘട്ടങ്ങളിൽ ചെയ്യാവുന്ന രക്ഷാപ്രവർത്തന മാർഗങ്ങളിൽ പരിശീലനം നൽകുക. യുവാക്കൾക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കും പ്രാഥമികശുശ്രൂഷ അടക്കമുള്ളവയിൽ മികച്ച പരിശീലനം നൽകുക എന്നീ കാര്യങ്ങൾ താമസംവിനാ നടപ്പാക്കണം.

ദുരന്തമുഖങ്ങളിൽ പലപ്പോഴും ആവശ്യം ഒരു മികച്ച ക്യാപ്‌റ്റനെയാണ്‌. അയാൾ സംഭവസ്ഥലം സന്ദർശിക്കണം എന്നുപോലും ഉണ്ടാവില്ല. പക്ഷേ, മികച്ച ഏകോപനത്തിലൂടെ എത്ര വലിയ ടാസ്കും വേഗത്തിൽ ചെയ്യുതീർക്കാൻ ക്യാപ്റ്റനാകും. അത്തരം മാനേജ്മെന്റ്‌ പരിശീലനം സംസ്ഥാനത്തിലെ വിവിധ സേനയ്ക്ക്‌ ആവശ്യമാണ്‌.

സർക്കാർ അടിയന്തരമായി ചെയ്യേണ്ട മറ്റൊരു കാര്യം കേരളത്തിൽ വിവിധ മേഖലകളിൽ പരിശീലനം സിദ്ധിച്ചവരും പരിചയസമ്പന്നരുമായ വിദഗ്ധരുടെ ഒരു ഡേറ്റ ബാങ്ക്‌, സംസ്ഥാനതലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറാക്കുക എന്നതാണ്‌.

സാഹസിക ടൂറിസംമേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എങ്ങനെയൊക്കെ പുനർ വിന്യസിക്കാമെന്നും പുനരുപയോഗിക്കാമെന്നും കണ്ടെത്തി വിന്യസിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സജ്ജീകരണമില്ലാത്തതും പ്രൊഫഷണലല്ലാത്തതുമായ ദുരന്തനിവാരണ സേന ഇത്തരം സാഹചര്യങ്ങളിൽ പരിഹാരമല്ല.

പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ഓരോ പ്രദേശത്തിനും ഇണങ്ങുന്ന തരത്തിൽ കമ്യൂണിറ്റി സേനകൾ ഉണ്ടാക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കാനായി ടൂറിസംമേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ പദ്ധതികൾ തയ്യാറാക്കുകയും വേണം.

കേരളത്തിലെ സർക്കാർ, സ്വകാര്യ മേഖലയിലെ സാധ്യമായതും ലഭ്യമായതുമായ എല്ലാ വിഭവങ്ങളും ഒരു അടിയന്തരസാഹചര്യം ഉണ്ടാകുമ്പോൾ, ദ്രുതഗതിയിൽ സംയോജിപ്പിക്കാനും വിന്യസിക്കാനുമുള്ള കൃത്യവും വ്യക്തവുമായ പദ്ധതികൾ ആസൂത്രണം ചെയ്യ്‌ നടപ്പാക്കണം. നാലുനദികളും 33 ചെറുതും വലുതുമായ കായലുകളും പതിനായിരക്കണക്കിന്‌ കുളങ്ങളുമുള്ള കേരളത്തിൽ 70 ശതമാനത്തിലധികം ആളുകൾക്കും നീന്തൽ വശമില്ല എന്നൊരു വാർത്ത വായിച്ചപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി എന്നുപറഞ്ഞത്‌ ഒരു ചീഫ്‌ സെക്രട്ടറി ആയിരുന്നു. വരുന്ന അഞ്ചുകൊല്ലംകൊണ്ട്‌ ഇവരിൽ പകുതി പേരെയെങ്കിലും നീന്തൽ പഠിപ്പിക്കാനായാൽ കേരളത്തിൽ ഓരോ വർഷവും വെള്ളത്തിൽ മുങ്ങിമരിക്കുന്ന ആയിരക്കണക്കിന്‌ ആളുകളുടെ ജീവൻ രക്ഷിക്കാം.

തേക്കടി ബോട്ടപകടം അല്ലാതെ ടൂറിസംമേഖലയിൽ വലിയ അപകടങ്ങളൊന്നും കേരളത്തിൽ സംഭവിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ, തമിഴ്നാട്ടിൽ കൊരങ്ങിണി വനമേഖലയിൽ സംഭവിച്ചതു പോലെയോ ഉത്തരാഖണ്ഡിൽ അടിക്കടി സംഭവിക്കുന്നതുപോലെയോ ഒരു ദുരന്തം ഉണ്ടായാൽ അത്‌ കേരളത്തിലെ ടൂറിസം വ്യവസായത്തിനുണ്ടാക്കുന്ന തിരിച്ചടി ചെറുതായിരിക്കില്ല. അത്തരം സാഹചര്യങ്ങൾകൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കണം കോവിഡനന്തരമുള്ള കേരള ടൂറിസത്തെ തയ്യാറാക്കേണ്ടത്‌. അതിനായുള്ള ഒരു ചൂണ്ടുപലകയായി മലമ്പുഴയിലെ സംഭവത്തെ കാണണം.

(കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി എക്സിക്യുട്ടീവ്‌ കൗൺസിൽ അംഗവും മാധ്യമപ്രവർത്തകനുമാണ്‌ ലേഖകൻ)

Content Highlights: adventure tourism in kerala, mountaineering in kerala, Koormbachi hill, babu rescue operation

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Palm Jebel Ali

2 min

കടലില്‍ 80-ലേറെ ഹോട്ടലുകള്‍, 110 കി.മീ ബീച്ച്‌, 7 ഉപദ്വീപുകള്‍; ദുബായില്‍ ഒരുങ്ങുന്നത് ആഡംബര വിസ്മയം

Jun 3, 2023


munnar

2 min

സ്വര്‍ഗത്തിലേക്കുള്ള പാതയായി മൂന്നാര്‍-ബോഡിമെട്ട് റോഡ്; കിടിലന്‍ യാത്ര, മനോഹര കാഴ്ചകള്‍

Feb 21, 2023


Pazhani

6 min

പഴനി: തമിഴ് മണ്ണിന്റെ ക്ഷേത്രസമുച്ചയങ്ങളില്‍ നൂറ്റാണ്ടുകള്‍ മുന്നേ ഇടം തേടിയ ക്ഷേത്രം

Dec 26, 2021

Most Commented