രിക്കാനുളള വസ്ത്രങ്ങൾ മാത്രമെടുത്ത് നെടുങ്കരണയിൽനിന്ന് ലഡാക്കിലേക്ക് വെച്ചുപിടിക്കുകയാണ് ആബിദ്. തന്റെ ഇരുപതാം വയസ്സിൽ ചുമ്മാ നടക്കാനിറങ്ങിയതല്ല. അത്ര സിംപിളല്ലാത്ത ഈ യാത്ര ആബിദിന്റെ സ്വപ്നസഞ്ചാരമാണ്. പഠിച്ചും വായിച്ചും അറിഞ്ഞ ഇന്ത്യയെ അടുത്തുകാണണം. പലനാടുകൾ പിന്നിട്ട് വൈവിധ്യമാർന്ന സംസ്കാരങ്ങൾ അടുത്തറിയണം. നടന്നുനടന്ന് ഇപ്പോൾ മെട്രോനഗരമായ ബെംഗളൂരുവിലെത്തി. എത്രദിവസമെടുത്താലും ലക്ഷ്യം കാണാതെ തിരികെ വരില്ലെന്ന ദൃഢനിശ്ചയത്തിലാണ് ഈ നടത്തം.

മേപ്പാടി നെടുങ്കരണയിലെ സാധാരണ കുടുംബത്തിലെ അംഗമാണ് ആബിദ്. വലിയ തയ്യാറെടുപ്പുകളൊന്നുമില്ലാതെയാണ് സാഹസികയാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്. നവംബർ 27-ന് പുറപ്പെട്ട് 18 ദിവസത്തെ യാത്ര പൂർത്തിയാക്കി. കർണാടകയും ഗുജറാത്തും പഞ്ചാബും കടന്ന് ലഡാക്കിലേക്കാണ് യാത്ര. വടക്കേ ഇന്ത്യയെ അറിഞ്ഞ് മടക്കയാത്ര. ആരെയും അറിയിക്കാതെ നാട്ടിൽനിന്ന് പുറപ്പെട്ടപ്പോൾ എന്തായിരിക്കും ഫലമെന്ന് നിശ്ചയമില്ലായിരുന്നെന്ന് ആബിദ് പറയുന്നു. എല്ലാവരും തീവണ്ടിയിലും ബൈക്കിലും സൈക്കിളിലുമെല്ലാം യാത്ര തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്തനാകണമെന്ന് തോന്നി. അങ്ങനെയാണ് നടന്നുപോകാൻ തീരുമാനിച്ചത്. വീട്ടുകാർക്ക് മാത്രമറിയാവുന്ന യാത്രയെക്കുറിച്ച് ഈയടുത്താണ് നാട്ടുകാരറിയുന്നത്.

സുരക്ഷ ഉറപ്പാക്കാൻ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തിറക്കിയതോടെ യാത്ര വേറെ ലെവലായി. ഓരോ നാട്ടിലെയും സാധാരണക്കാരെയും കർഷകരെയുമെല്ലാം പരിചയപ്പെട്ടാണ് യാത്ര. മറ്റുഭാഷകളൊന്നും വലിയ പിടിയില്ലെങ്കിലും ആബിദ് എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചറിയും. നടത്തത്തിന്റെ വിശേഷങ്ങൾ അവരോടും പങ്കുവെയ്ക്കും. തന്റേതായ ഭാഷയിൽ ഗ്രാമീണരുമൊത്തുളള ആബിദിന്റെ വീഡിയോകൾക്ക് നല്ല പ്രതികരണമാണ് കിട്ടുന്നത്. 

സാഹസികസഞ്ചാരിക്ക് പലവിധ സഹായങ്ങളുമായി ഇപ്പോൾ ഏറെപ്പേരുണ്ട്. നാട്ടുകാരുടെയും പൂർണപിന്തുണ കിട്ടിയതോടെ ആബിദ് നടത്തത്തിന്റെ ഗിയർ മാറ്റി. ലക്ഷ്യം പൂർത്തിയാക്കി മകൻ സുരക്ഷിതനായി നാട്ടിലേക്ക് തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ആബിദിന്റെ കുടുംബം.

Content Highlights: abid walking to ladakh from meppadi wayanad, kashmir travel, hitchhiking