ഓരോ വനയാത്രികനെയും കാടോളം സ്‌നേഹം പകര്‍ന്ന് തരുശാഖകളാല്‍ ആലിംഗനം ചെയ്ത് തണലും തണുപ്പും തെളിനീരും സ്വാസ്ഥ്യവും പകര്‍ന്നേകി പരിരക്ഷിക്കുന്ന അമ്മത്തണലാണ് കാടകം.
ഹരിതമൃദുകഞ്ചുകത്തിനകത്ത് സ്വന്തം അരുമകളെ മാതൃസന്നിഭം നെഞ്ചോടു ചേര്‍ക്കുന്നു. വനപ്രകൃതിയില്‍, മാതൃ വാത്സല്യത്തിന്റെ കടലാഴമുള്ള കരുതലും കരുത്തുമാണ് കാടിന്റെ മക്കളും കാത്തുവെക്കുന്നത്.

'യാ ദേവീ സര്‍വ ഭൂതേഷു
പ്രേമരൂപേണ സംസ്ഥിതാ...' എന്ന ധ്യാനശ്ലോകപദം ഓരോ അണുവിലും മാതൃസ്‌നേഹം കിനിയുന്ന കാടകത്തമ്മയുടെ കാതിലാണ് നാം മന്ത്രിക്കേണ്ടത്. ഇവിടെ കാണുന്ന അമ്മത്തനിമ മറ്റേത് അഭയത്തിലാണ് പ്രാപ്യമാവുക? കര്‍ണാടകയിലെ നാഗര്‍ഹോള വനത്തിന്റെ ഭാഗമായ കബനി, ബന്ദിപ്പൂര്‍ തമിഴകത്തെ മുതുമല വന്യജീവി സങ്കേതങ്ങളില്‍നിന്നും പല യാത്രകളിലായി പകര്‍ത്തിയ വനമാതൃത്വവും വന്യജീവികളിലെ മാതൃഭാവവും സ്ഫുരിക്കുന്ന ചിത്രങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ ഉള്‍പ്പെട്ട കബനി, വനയാത്രികര്‍ക്ക് പ്രിയപ്പെട്ട കാടിടമാണ്. ദക്ഷിണേന്ത്യയില്‍ പുള്ളിപ്പുലികളുടെ ദര്‍ശനം ഏറ്റവും കൂടുതല്‍ സാധ്യമാകുന്ന വനമേഖല. കാടിനെ ചുറ്റി ഒഴുകുന്ന കബനീനദിയുടെ സാന്നിധ്യം ഈ വനമേഖലയെ മിക്കവാറും എല്ലാ കാലാവസ്ഥാവ്യതിയാനങ്ങളിലും ഹരിതാഭമായി നിലനിര്‍ത്തുന്നു. തെളിവെയിലിലെ ഒരു സായന്തനത്തിലാണ് കബനിയിലെത്തിയത്. പോക്കുവെയില്‍ ഇലച്ചാര്‍ത്തുകളില്‍ വീണുലയുമ്പോള്‍ കാടിനൊരു അലൗകിക പരിവേഷമാണ്. വന്യജീവി ഫോട്ടോഗ്രാഫര്‍ക്ക് ഈ പശ്ചാത്തലഭംഗി ഏറെ പ്രിയപ്പെട്ടതും. യാത്ര ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ പിന്നിടുമ്പോഴേക്കും സഫാരി വാഹനത്തിന് തൊട്ടടുത്തായി ഒരു ആനക്കുടുംബം. സ്വന്തം കുഞ്ഞിനെ കാലുകള്‍ക്കിടയില്‍ സംരക്ഷിച്ചുനിര്‍ത്തി അതിസൂക്ഷ്മതയോടെ നീങ്ങുന്ന അമ്മയച്ഛന്മാര്‍, സായന്തനവെയിലില്‍.

വൈകുന്നേരങ്ങളില്‍ മൃഗങ്ങള്‍ കൂട്ടമായി ജലംതേടി കബനീതീരത്തെത്തുന്നതുകൊണ്ട് ആദ്യ ലക്ഷ്യം കബനീ തീരമായിരുന്നു. അവിടം ദൃശ്യസമ്പന്നമാണ്. ജലപാനം ചെയ്തു മടങ്ങുന്ന സാമാന്യം വലിയൊരു ആനക്കൂട്ടം. കൂട്ടത്തിലുള്ള കഞ്ഞിനെ പരിരക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കളാണ് എല്ലാവരും. കൂട്ടംതെറ്റി മേയുന്നവനെ ശാസിച്ചും വരുതിയിലൊതുക്കിയും കണ്‍മുന്‍പില്‍ നിറയുന്ന മാതൃവാത്സല്യം. കുറച്ചകലെയായി മറ്റൊരു ചെറുകൂട്ടം അലസമായിനീങ്ങുന്നു. അവിടെയും ഒരു കുഞ്ഞുസാന്നിധ്യമുണ്ട്.
കബനീതീരം സജീവമാണ്. എവിടെ തിരിഞ്ഞാലും സഞ്ചാരിയുടെ മനസ്സും ക്യാമറക്കണ്ണുകളും നിറയുന്ന കാടിന്റെ മക്കളുടെ ഘോഷയാത്ര! യാത്ര അനുഗ്രഹിക്കപ്പെട്ട അനര്‍ഘ നിമിഷങ്ങളാല്‍ ധന്യം. അസ്തമയമാകുമ്പോള്‍ ഒരിക്കല്‍ക്കൂടി കബനീതീരത്ത് തിരിച്ചെത്താമെന്ന വ്യവസ്ഥയോടെ സഫാരിവണ്ടി നീങ്ങിത്തുടങ്ങി. വന്യജീവികളുടെ മാതൃഭാവം പ്രകടിത രൂപത്തില്‍ കാണാം. എന്നാല്‍ കാടമ്മയുടെ മാതൃഭാവത്തിന് പലപ്പോഴും ഒരു ഒളിച്ചുകളിയുടെ കൗതുകമുണ്ട്. ഏതോ നിഗൂഢതയുടെ നീക്കിയിരിപ്പിനെ കാടെപ്പോഴും കൊതിക്കുന്നതുപോലെ. ഹരിതകമ്പളം വിരിച്ചതുപോലുള്ള വനപ്രകൃതി. ആളൊപ്പം വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ക്കിടയിലൊരു വാലനക്കം.
സഹസഞ്ചാരികളിലാരോ പതുക്കെ മൊഴിഞ്ഞു- 'കടുവ!'. നിബിഡമായ പുല്‍പ്പരപ്പില്‍ തൂവെള്ളയും കറുപ്പും വര്‍ണങ്ങള്‍ക്കിടയില്‍ തിളങ്ങുന്ന സ്വര്‍ണനിറം. ഊര്‍ജസ്വലയായ ഒരു പെണ്‍കടുവ ഞങ്ങള്‍ക്ക് ദൃശ്യപ്പെടാതെ ഒളിച്ചുകളിക്കുകയാണ്. ഇടയ്ക്ക് വാലുയര്‍ത്തിയും പാദങ്ങള്‍ മേലോട്ടുയര്‍ത്തി പുല്‍പ്പരപ്പില്‍ ഉരുണ്ടും അഭിരമിക്കുന്ന കാനനപുത്രിയെ, മടിയിലൊളിപ്പിച്ച് കൊതിപ്പിക്കുകയാണ് വനമാതാവ്. ഒരുപാടുനേരത്തെ വിഫലമായ കാത്തിരിപ്പ്. ആ പച്ചപ്പരവതാനിയില്‍ ക്യാമറയ്ക്കഭിമുഖം നില്‍ക്കുന്ന കടുവയുടെ ദൃശ്യഭംഗിയുടെ ചിത്രം സ്വപ്‌നംപോലെ അപ്രാപ്യമായി. കടുവയുടെ മുഖഭാഗചിത്രം മാത്രം പകര്‍ത്തി വിരമിക്കുമ്പോള്‍ മനസ്സുമന്ത്രിച്ചു- ഇനിയും കാണാക്കാഴ്ചകളുമായി കാടകം കാത്തിരിക്കുന്നു.

സമയം അസ്തമയത്തോടടുക്കുന്നു. നദീതീരത്തേക്ക് വീണ്ടും. അവിടെ ചിരകാലമായി മനസ്സുകൊതിച്ച കാഴ്ചയൊരുക്കി കാടമ്മ കാത്തിരിക്കുകയായിരുന്നു. അസ്തമയസൂര്യന്റെ പൊന്‍പ്രഭയില്‍ കബനിക്ക് കുറുകെ നീന്തുന്ന ഒരു ആനക്കുടുംബം. ദൃശ്യം സമ്മോഹനം.
വിനമ്രമായ പ്രാര്‍ഥനകളോടെയാണ് ഒരു ഫോട്ടോഗ്രാഫറുടെ കാടുകയറ്റം. ഈ പ്രാര്‍ഥനകളെ മനസ്സിന്റെ മാപിനികള്‍കൊണ്ട് തൊട്ടറിയുന്ന കാടമ്മ സഞ്ചാരിയെ അനുഗ്രഹിക്കുന്നു. വീണ്ടും കബനിയിലേക്ക് വരുമ്പോള്‍ കാട് ഇലപൊഴിച്ചു തുടങ്ങിയിരുന്നു. കാടാകെ ചുവപ്പും മഞ്ഞയും ഇടയ്ക്ക് പച്ചയും വര്‍ണങ്ങളാല്‍ അലംകൃതമാണ്. ഈ യാത്രയിലും വനദേവത ഒരു സൗഭാഗ്യ ദര്‍ശനം ഒരുക്കിവെച്ചിരുന്നു. അമ്മയുടെ മടിത്തടത്തിലെന്നോണം ചാഞ്ഞ വൃക്ഷച്ചില്ലകളിലൊന്നില്‍ സുഖനിദ്രകൊള്ളുന്ന പുള്ളിപ്പുലി. മനസ്സുമന്ത്രിച്ചു- Wait for the right moment. കാത്തിരിപ്പിനൊടുവില്‍ പുലിച്ചങ്ങാതി മെല്ലെ തലയുയര്‍ത്തി. ഞങ്ങള്‍ക്ക് ദര്‍ശനം നല്‍കാനെന്നോണം വൃക്ഷച്ചില്ലകളില്‍ നിവര്‍ന്നുനിന്നു, ശരീരം വില്ലുപോലെ വളച്ച് കോട്ടുവായിട്ട് കുറച്ചുനേരം വൃക്ഷശിഖരത്തില്‍ അലസമായി വിശ്രമിച്ചശേഷം വീണ്ടും ചാഞ്ഞുറക്കമായി. ആഹ്ലാദകരമായ ഒരു പുലിദര്‍ശനം.

കാട് ഇരുളാന്‍ തുടങ്ങുന്നു. മടക്കയാത്രയില്‍ 'കാട്ടിലെ കുടുംബം' വീണ്ടും കാഴ്ചകളില്‍ നിറഞ്ഞു. അമ്മയുടെ വരുതിവിട്ടുസഞ്ചരിക്കുന്ന കിടാങ്ങളെ തലചെരിച്ച് ശാസനാരൂപേണ രൂക്ഷമായി നോക്കുന്ന കാട്ടുപോത്ത് (Indian Gaur). ഇതേ ഭാവങ്ങളോടെ കുറച്ചകലെയായി ഒരു കാട്ടാനുക്കുടുംബവും. അമ്മയുടെ വരുതിയില്‍നിന്നും കുതറിമാറി നില്‍ക്കുന്ന കുറുമ്പനെ അകലെ മാറിനിന്ന് ശാസിക്കുന്ന അച്ഛന്‍, അനുസരണയോടെ വന്നണയുന്ന കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് തുമ്പിക്കെകൊണ്ട് തലോടുന്ന അമ്മ!

ആത്മനിര്‍വൃതിയോടെ കുഞ്ഞുങ്ങളെ പാലൂട്ടുന്ന കാട്ടുപന്നിയും അച്ഛനെകാവലാളാക്കി കുഞ്ഞിനെമുലയൂട്ടുന്ന പുള്ളിമാനും തൊട്ടടുത്ത ജലാശയത്തില്‍ അമ്മയുടെ മുതുകില്‍ കയറിമറിയുന്ന ആമയും കാട്ടിലെ മാതൃസാന്നിധ്യത്തിന്റെ ചിത്രങ്ങള്‍തന്നെ, 'മാതൃദേവോ ഭവഃ'. വനവൃക്ഷത്തില്‍ തലചായ്ച്ച് വിശ്രമിക്കുന്ന വൃദ്ധനായൊരു കൊമ്പന്‍, തുറസ്സില്‍നിന്ന് ഗംഭീര ഭാവത്തില്‍ കാടുകയറുന്ന മറ്റൊരു കൊമ്പന്‍. കാഴ്ചകളാല്‍ മനം നിറഞ്ഞില്ലേയെന്ന് യാത്രികന്റെ കാതില്‍ പതുക്കെ മന്ത്രിക്കുന്ന കാടമ്മ.

കബനിയില്‍നിന്ന് ഗുണ്ടല്‍പേട്ട് വഴി ബന്ദിപ്പൂരിലെത്താം. ബന്ദിപ്പൂര്‍ കടുവാസങ്കേതം വന്യമൃഗങ്ങളാല്‍ സമ്പന്നമാണ്. ബന്ദിപ്പൂര്‍ സഫാരിയുടെ തുടക്കത്തില്‍തന്നെ ഞങ്ങളെ വരവേറ്റത് അമ്മയോട് ചേര്‍ന്നുനില്‍ക്കുന്ന ശൈശവത്തിന്റെ ചുവപ്പ് മാറാത്ത അരുമയായ ഒരു കുഞ്ഞാനയുടെ തുമ്പിക്കെ ഉയര്‍ത്തി നമസ്‌കാരരൂപേണയുള്ള സ്വാഗതമാണ്. കൂടെകുഞ്ഞാനയുടെ കുസൃതിത്തരങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അമ്മയും. ബന്ദിപ്പൂര്‍ കാട് ഉഷ്ണത്തിന്റെ വരവോടെ വരളാന്‍ തുടങ്ങുകയാണ്. ചെറുജലാശയം തേടിയെത്തിയ ആനയും കുഞ്ഞും പച്ചപ്പായലുകള്‍ നിറഞ്ഞ ജലാശയത്തില്‍നിന്നും ചെളിവാരി മുതുകിലെറിഞ്ഞും കുഞ്ഞുശരീരത്തില്‍ ചെളി പുതപ്പിച്ചും കുട്ടിക്കുറുമ്പനെ ഗാഢമായി ശരീരത്തോട് ചേര്‍ത്തുപിടിച്ച് വെള്ളം കുടിച്ച് ചൂടകന്നതിന്റെ ആഹ്ലാദം പങ്കുവെക്കുന്ന കാഴ്ച അതീവ ഹൃദ്യമായിരുന്നു. കാട്ടിലെ മാതൃത്വം അതിന്റെ പരിപൂര്‍ണതയോടെ ദൃശ്യമായ സമ്മോഹനനിമിഷങ്ങളാണ് ഈ ആനക്കുടുംബം സമ്മാനിച്ചത്.
ബന്ദിപ്പൂരില്‍നിന്ന് മുതുമലയിലേക്ക് പ്രവേശിക്കും മുന്‍പ്, ഗൂഡല്ലൂര്‍ റോഡിലൂടെയുള്ള യാത്രയില്‍ വാനരവൈവിധ്യം കാണാം. ഹനുമാന്‍ കുരങ്ങിന്റെയും (Hanuman langur) കരിങ്കുരങ്ങിന്റെയും (Nilgiri langur) മാതൃചേഷ്ടകള്‍ കാണക്കാണെ വിസ്മയിപ്പിക്കുന്നതാണ്. ഒരു സഞ്ചിമൃഗത്തെപ്പോലെ ശരീരത്തിന്റെ ഒരുഭാഗമായാണ് ഇവ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. ഹനുമാന്‍ കുരങ്ങുകള്‍ സഞ്ചാരികളെ കാണുമ്പോള്‍ അലസഭാവത്തില്‍ ഒഴിഞ്ഞുപോകുമെങ്കില്‍, കരിങ്കുരങ്ങുകള്‍ കാഴ്ചയ്ക്ക്പോലും പിടി തരാതെ കാടിളക്കി വൃക്ഷങ്ങളില്‍നിന്നും വൃക്ഷങ്ങളിലേക്ക് ചാടി ഏറ്റവും സുരക്ഷിതമായ സ്ഥാനത്തെത്തി നമ്മെ സാകൂതം വീക്ഷിക്കും. അപ്പോഴും വയറില്‍ അള്ളിപ്പിടിച്ച ഒരു അരുമക്കുഞ്ഞുണ്ടാവും. ഒരുപക്ഷേ, ഇവരുടെ പൂര്‍വികരെ കെണിവെച്ചുപിടിച്ച് 'കരിങ്കുരങ്ങ് രസായനം' വിപണനം ചെയ്ത മനുഷ്യനോടുള്ള ഭയംതലമുറകളായി പകര്‍ന്നുകിട്ടിയതാകാം.
മുതുമലയിലെയും മസനഗുഡിയിലെയും ആനകള്‍ പൊതുവേ ചെമ്മണ്‍ നിറവും ആരോഗ്യവും ഉള്ളവയാണ്കാനനപാത മുറിച്ചുകടക്കുമ്പോള്‍ കൂടെയുള്ള കുഞ്ഞിനെ ശ്രദ്ധാപൂര്‍വം വഴികടത്തുന്ന ആനക്കൂട്ടങ്ങളില്‍ മാതൃത്വത്തിന്റെ കരുതലും സ്‌നേഹവും പ്രകടമായികാണാം. ചെറുകുടുംബങ്ങളായി കഴിയുന്ന മ്ലാവുകള്‍ പൊതുവേ ലജ്ജാലുക്കളാണ്. അപരിചിതരെ കണ്ടപ്പോള്‍ ഒരു പ്രത്യേക താളത്തില്‍ ഓടിയകന്ന് സുരക്ഷിത അകലത്തില്‍ നിന്ന് നമ്മെ വീക്ഷിക്കുന്ന മ്ലാവും കുഞ്ഞും ഒരു മുതുമലക്കാഴ്ചയാണ്.

ഊട്ടിവഴി മുതുമലയിലേക്കുള്ള യാത്രയില്‍ പകര്‍ത്തിയ മുലയൂട്ടുന്ന വരയാടിന്റെ പാതിയടഞ്ഞ കണ്ണുകളിലെമാതൃത്വത്തിന്റെ നിര്‍വൃതികൂടി ഇവിടെ പങ്കുവെക്കട്ടെ. ഓരോ വനയാത്രയിലും നാം കാണുന്നത് കാടിന്റെ മോഹിപ്പിക്കുന്ന മുഖഭാഗ ചിത്രങ്ങളാണ്. അതുകൊണ്ടുതന്നെ ഒരിക്കല്‍ കാടിന്റെ വശ്യത തൊട്ടറിഞ്ഞ സഞ്ചാരി വീണ്ടുംവീണ്ടും വനവന്യതയുടെ അഭയത്തിലേക്ക് നയിക്കപ്പെടുന്നു.'The Woods are lovely dark and deep/and I have promises to keep/and miles to go before I sleep;/and miles to go before I sleep'എന്ന റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികള്‍ വാച്യാര്‍ഥത്തില്‍ ഇവിടെ ഓര്‍മിക്കാം.
Content Highlights: Mother and Kids in Forest, Muthumala Forest, Wildlife Photography, Mathrubhumi Yathra