ഇങ്ങനെയാണ് അവനെ കൊണ്ടുവന്നത്... | ഫോട്ടോ: മാതൃഭൂമി
പഞ്ചാബിൽ ജലന്ധറിനുസമീപം ഫഗ്വാരയിലെ കോളേജിൽ കംപ്യൂട്ടർ സയൻസ് ബിരുദം നേടാൻ പോയതാണ് രോഹൻ എന്ന കോഴിക്കോട്ടുകാരൻ. കോവിഡ് പടർന്നപ്പോൾ കോളേജ് പൂട്ടി. എല്ലാവരും വീട്ടിലേക്ക് മടങ്ങിയെങ്കിലും അവൻ അവിടെത്തന്നെ തങ്ങി. അരുമയായ നായക്കുട്ടിയെ നാട്ടിലെത്തിക്കുകയായിരുന്നു കാത്തിരിപ്പിന്റെ ഉദ്ദേശ്യം. കാര്യങ്ങൾ ഉടനെ ശരിയാവുമെന്നുകരുതി കാത്തുകാത്ത് അഞ്ചുമാസം കടന്നുപോയി. മറ്റുവഴിയെല്ലാം അടഞ്ഞപ്പോൾ സ്വന്തം ബൈക്കിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പഞ്ചാബ്, ഹരിയാണ, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടകം എന്നീ ഒമ്പതുസംസ്ഥാനങ്ങൾ കടന്നുള്ള യാത്ര. ദിവസം ശരാശരി പിന്നിട്ടത് 600 കിലോമീറ്റർ. ആകെ 2850 കിലോമീറ്റർ. ദേശങ്ങൾ കറങ്ങിയെത്തിയ ഫ്ളഫി എന്ന ആ നായ ഇപ്പോൾ കോഴിക്കോട്ട് സസുഖം കഴിയുന്നു...
നാട്ടിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾത്തന്നെ ഒരു വളർത്തുനായ രോഹന്റെ സ്വപ്നമായിരുന്നു. പക്ഷേ, അത് സാധിച്ചത് പഞ്ചാബിൽ പഠിക്കാൻ പോയപ്പോഴാണ് എന്നുമാത്രം. 20,000 രൂപ കൊടുത്താണ് ഷിറ്റ്‌സു എന്ന ചൈനീസ് വംശജനായ നായക്കുട്ടിയെ സ്വന്തമാക്കിയത്. അവനതിന് ഫ്ളഫി എന്ന് പേരിട്ടു. ഇപ്പോഴവന് ഒന്നരവയസ്സ്. ഫ്ളഫിയുമായി നാട്ടിലേക്കുമടങ്ങാനാണ് കോവിഡ് കാലത്ത് അഞ്ചുമാസം പഞ്ചാബിൽ കാത്തിരുന്നത്. നാട്ടിൽ കൊറോണ വീശിയടിച്ചപ്പോൾ അതിനായി നടത്തിയ നീക്കങ്ങളെല്ലാം തുടക്കത്തിലേ കൂമ്പടഞ്ഞു പോയി. ലോക്ഡൗണും യാത്രവിലക്കുമെല്ലാം കഴിഞ്ഞപ്പോൾ മാസം അഞ്ചുകഴിഞ്ഞു. നായയെ വളർത്തുകേന്ദ്രത്തിലേൽപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. പി.ജി. പഠനം തുടരാനെത്തുമ്പോൾ തിരിച്ചുവാങ്ങാമെന്നും കരുതി. ദിവസം 500 രൂപയായിരുന്നു നിരക്ക്. എന്നാൽ, കൂട്ടുകാരന്റെ ജർമൻ ഷെപ്പേഡിനെ ഇങ്ങനെ വളർത്തുകേന്ദ്രത്തിൽ ഏൽപ്പിച്ച് ചത്തുപോയ കഥ കേട്ടപ്പോൾ ആ ആശയം വേണ്ടെന്നുവെച്ചു. വിമാനത്തിൽ മടങ്ങുന്ന കാര്യമാണ് പിന്നെ നോക്കിയത്. എയർ ഇന്ത്യയും സ്പൈസ് ജെറ്റുമാണ് നായയെ കൊണ്ടുവരാൻ അനുവദിക്കുന്നത്. പക്ഷേ, ഏതെല്ലാം ഇനത്തെ കൊണ്ടുവരാമെന്ന് അവർ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിർഭാഗ്യം, അതിൽ ഷിറ്റ്‌സു പെടില്ല. തീവണ്ടിക്കുവരാനായി അടുത്ത ശ്രമം. ഫസ്റ്റ് എ.സി.യിൽ ടിക്കറ്റെടുത്ത് വേണമെങ്കിൽ കൊണ്ടുവരാമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ. കോവിഡ് കാരണം ആളുകൾ കുറവായതിനാൽ സെക്കൻഡ് എ.സി.യിൽ പോകാമെന്ന ഒരിളവിനും റെയിൽവേ തയ്യാറായി. എന്നാൽ, യാത്രക്കാരാരെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചാൽ ബ്രേക്ക് വാനിലേക്ക് മാറ്റേണ്ടിവരും. അങ്ങനെ വന്നാൽ നായ ജീവനോടെ നാട്ടിലെത്തുമെന്നതിന് ഒരുറപ്പുമില്ല. എല്ലാവഴികളും അടഞ്ഞപ്പോഴാണ് ബൈക്കിൽ പോയാലോ എന്ന ചിന്ത വന്നത്. കൈയിലുള്ള ബൈക്ക് ഇത്തരം ദീർഘയാത്രയ്ക്ക് പറ്റിയതല്ല. അതുകൊണ്ട് ദീർഘയാത്രയ്ക്കുപറ്റിയ ബുള്ളറ്റിന്റെ ഒരു വണ്ടി ബുക്ക്ചെയ്യാൻ തീരുമാനിച്ചു.
ആദ്യവെല്ലുവിളി ബൈക്ക്
സ്കോളർഷിപ്പ് ഉണ്ടായതിനാൽ കോളേജിലെ ഫീസിൽ ഇളവുകിട്ടിയിരുന്നു. അതുകൊണ്ട് വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ആ പണം പുതിയ ബൈക്കിനുവേണ്ടി മാറ്റിവെക്കാമെന്ന് ആശ്വസിച്ചു. പക്ഷേ, അവിടെയും കോവിഡ് വില്ലനായി. മൂന്നുമാസമെങ്കിലും കഴിയാതെ ബൈക്കിന്റെ കാര്യത്തിൽ ഒരുറപ്പും പറയാൻപറ്റില്ലെന്ന് കമ്പനി. വിഷണ്ണനായിരിക്കുമ്പോഴാണ് കൈവശമുള്ള ബൈക്കിൽത്തന്നെ യാത്ര നടത്തിയാലോ എന്ന ചിന്തയുദിച്ചത്. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. 25,000 രൂപ ചെലവിട്ട് ബൈക്ക് നന്നാക്കി. നായയ്ക്കുകിടക്കാനായി ഒരു കൂടുവാങ്ങി. അത് ബൈക്കിന്റെ പിൻസീറ്റിൽ ഉറപ്പിച്ചു. പുറപ്പെടുംമുമ്പ് ഫ്ളഫിയുടെ രോമമെല്ലാം വെട്ടി ചെറുതാക്കി. ചൂടിൽനിന്നുള്ള രക്ഷയ്ക്കായിരുന്നു അത്. ഒന്നാംദിവസം ആഗ്രയായിരുന്നു ലക്ഷ്യമിട്ടത്. മൂന്നുമണിക്കൂറുകൊണ്ട് ഹരിയാണ അതിർത്തിയിലെത്തി. ആദ്യദിവസം യാത്ര ദുഷ്കരമായിരുന്നു. തരക്കേടില്ലാത്ത ചൂടും പരിചയക്കുറവും ഫ്ളഫിയെ അസ്വസ്ഥനാക്കി. അവൻ നിലവിളിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ട് ഓരോ 20 കിലോമീറ്ററിലും അവനെ പുറത്തെടുത്ത് സമാധാനിപ്പിക്കേണ്ടി വന്നു. വെള്ളവും ഭക്ഷണവും കൊടുത്തു. ഒടുവിൽ പത്തുമണിക്കൂർ ബൈക്ക് ഓടിച്ച് 564 കിലോമീറ്റർ താണ്ടി ആഗ്രയിലെത്തുമ്പോൾ വൈകീട്ട് 6.30.
നാഗ്പുരിലെ പോലീസും നായക്കുവേണ്ടിയുള്ള അടിപിടിയും
മഹാരാഷ്ട്രയിലെ നാഗ്പുരിനുസമീപം പതിവ് വാഹനപരിശോധനയിലാണ് പോലീസ്. ബൈക്കിനുപിന്നിലുള്ള കൂട്ടിൽ നായക്കുട്ടിയുമായി വന്ന വിദ്യാർഥിയെ അവർ കൈകാണിച്ചുനിർത്തിച്ചു. രേഖകൾ പരിശോധിച്ചു. ലൈസൻസിന്റെ കോപ്പിയാണ് കൈയിലുള്ളത്. ഒറിജിനൽ ഇല്ലാത്തതിനാൽ ആയിരംരൂപ പിഴയടയ്ക്കണം -അവർ നിയമംപറഞ്ഞു. ഡിജിറ്റൽ കോപ്പിയാണ് കാണിച്ചതെന്നും വിദ്യാർഥിയാണെന്നുമൊക്കെ പറഞ്ഞിട്ടും വിടാനൊരുക്കമല്ല. തുടർന്ന് നായയുടെ രേഖകൾ ചോദിക്കുന്നു. പരിശോധനയിൽ അതെല്ലാം കൃത്യം. പക്ഷേ, ലൈസൻസ് ഒറിജനൽ കൈയിൽ കരുതാത്ത പ്രശ്നം തീരുന്നില്ല. ഏറെ തർക്കത്തിനുശേഷം അവർ കുറച്ചകലെയുള്ള പോലീസുദ്യോഗസ്ഥയെ ചൂണ്ടിക്കാട്ടി പറഞ്ഞു: ‘‘വിട്ടയക്കാൻ മാഡത്തിനോട് പറഞ്ഞുനോക്കൂ.’’ അടുത്തെത്തിയപ്പോൾ ബൈക്കിനെയും യുവാവിനെയും മാറി മാറി നോക്കിയ മാഡത്തിന്റെ കണ്ണുകൾ ഒടുവിൽ നായയിൽ ഉടക്കിനിന്നു. രേഖകളെക്കുറിച്ചൊന്നും മിണ്ടാതെ നായയിൽനിന്ന് കണ്ണെടുക്കാതെ മാഡം ചോദിച്ചു: ‘‘ഇതിനെന്തു വിലനൽകി?’’ 20,000 രൂപ കൊടുത്ത് വാങ്ങിയതാണെങ്കിലും 5000 കുറച്ച് 15000 രൂപയേ അവൻ ആരുചോദിച്ചാലും പറയാറുള്ളൂ.
‘‘മൂവായിരം രൂപ കൂട്ടി 18,000 രൂപതരാം. ഈ നായക്കുട്ടിയെ എനിക്കുതരുമോ?’’ -അവർ ചോദിച്ചു. ‘‘ഇല്ല മാഡം ഇവനെ നാട്ടിലെത്തിക്കാൻ വേണ്ടി മാത്രമാണ് ഞാനീ ബൈക്കിൽ കേരളത്തിലേക്ക് പുറപ്പെട്ടത്.’’ -അവൻ വിനയത്തോടെ പറഞ്ഞു. അല്പസമയം അവന്റെ മുഖത്തുനോക്കിയശേഷം അവർ പോലീസുകാരോടായി പറഞ്ഞു: ‘‘അവനെ വിട്ടേക്ക്.’’
അന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി. മധ്യപ്രദേശിലെ കുറായി ഗ്രാമം. നീണ്ട ബൈക്ക്‌യാത്രക്കിടയിൽ ഒന്ന് നടുനിവർക്കാൻ ബൈക്കിൽനിന്ന് ഇറങ്ങിയതായിരുന്നു അവൻ. ഒരു ചെറുപ്പക്കാരൻ സമീപിക്കുന്നു. നായയുടെ വിശേഷങ്ങൾ ചോദിച്ചു. തുടക്കത്തിൽ തികച്ചും സൗഹൃദമായ സംസാരം. പക്ഷേ, പിന്നെപ്പിന്നെ അവന്റെ മട്ടും ഭാവവും മാറി. ‘‘ഈ നായയെ എനിക്കുതരണം’’ -അവൻ കട്ടായം പറഞ്ഞു. ഇല്ലെന്നുപറഞ്ഞപ്പോൾ 500 രൂപ തരാമെന്നായി. വഴങ്ങില്ലെന്നുകണ്ടപ്പോൾ ഇതെന്റെ നാടാണെന്നും ഇവിടന്ന് പോകാമെന്ന് കരുതേണ്ടെന്നുമായി ഭീഷണി. ബലപ്രയോഗമായിരുന്നു അടുത്ത പടി. നായയെ ജീവനായി കണ്ടിരുന്ന വിദ്യാർഥി, അറിയാത്ത നാടാണെന്നൊന്നും നോക്കാതെ അതിക്രമം കാണിച്ചവനെ നെഞ്ചിൽ തള്ളിമാറ്റി. അപ്പോഴേക്കും നാട്ടുകാർ ചുറ്റുംകൂടി. ഈ നായ നാട്ടുകാരനായ യുവാവിന്റേതാണെന്നും അല്ലെന്നുപറയാൻ എന്തുതെളിവ് എന്നായി അവരുടെ ചോദ്യം. എല്ലാ രേഖകളും ഉണ്ടെന്നായി യുവാവ്. എന്നാൽ, പോലീസിനെ വിളിക്കാമെന്നായി അവർ. താൻതന്നെ പോലീസിനെ വിളിക്കാമെന്ന് യുവാവ്. ഒടുവിൽ അവർ അയഞ്ഞു. പോകാനനുവദിച്ചു.

തിരഞ്ഞുതിരഞ്ഞ് പെറ്റ് സൗഹൃദ ഹോട്ടൽ
പെറ്റ് സൗഹൃദ ഹോട്ടലുകൾ കിട്ടാനായിരുന്നു പലപ്പോഴും പ്രയാസം നേരിട്ടത്. ആദ്യദിവസത്തെ യാത്രയ്ക്കൊടുവിൽ ഏറെനേരത്തെ അലച്ചിലിനുശേഷം ഒരു ഹോട്ടലിൽമുറി തരപ്പെട്ടു. 1700 രൂപ വാടക. കോവിഡ് കാരണം ഹോട്ടലുകൾ തുറന്നത് കുറവായിരുന്നു. യാത്രയ്ക്കിടയിൽ ഹോട്ടൽഭക്ഷണം വേണ്ടെന്ന് നേരത്തേതന്നെ വിചാരിച്ചിരുന്നു. കൈയിൽ കരുതിയത് വെള്ളവും റൊട്ടി, ജാം, ബിസ്കറ്റ് തുടങ്ങിയ സ്നാക്സുംമാത്രം. രാവിലെ 11-12 മണിയോടെയാണ് ദിവസത്തെ ആദ്യഭക്ഷണം. അതാണ് പ്രാതലും ഉച്ചഭക്ഷണവും ചേർന്നുള്ള ബ്രഞ്ച്. പിന്നെ തങ്ങുന്ന ഹോട്ടലിൽനിന്ന് രാത്രി ഭക്ഷണം. അതായിരുന്നു പതിവ്. ആദ്യദിവസത്തെ കഠിനയാത്ര കഴിഞ്ഞ് രണ്ടാംദിവസം കാലത്ത് വീണ്ടും പുറപ്പെട്ടു. ആഗ്രയിൽനിന്ന് മധ്യപ്രദേശിലെ സാഗറായിരുന്നു ലക്ഷ്യം. 442 കിലോമീറ്റർ താണ്ടി 15-ന് സന്ധ്യയോടെ സാഗറിലെത്തി. ശരീരമാസകലം വേദന. നടുവും പിടലിയും ചുമലും പ്രതിഷേധം കടുപ്പിച്ചപ്പോൾ 16-ന് ഉച്ചവരെ വിശ്രമിക്കാൻ തീരുമാനിച്ചു. ഉച്ചയ്ക്ക് വീണ്ടുമിറങ്ങി. ലക്ഷ്യം മഹാരാഷ്ട്രയിലെ നരസിംഹപുർ-137 കിലോമീറ്റർ. സന്ധ്യക്കുമുമ്പ് എത്തി. രംഗബോധമില്ലാതെ പെയ്ത മഴ പലപ്പോഴും ശല്യക്കാരന്റെ വേഷമിട്ടപ്പോൾ മഴക്കോട്ടുവാങ്ങാനായി മാർക്കറ്റിൽ കറങ്ങി. മഴക്കോട്ടുവാങ്ങിയത് അനുഗ്രഹമായി. പിറ്റേദിവസം കാലത്ത് പുറപ്പെടുമ്പോൾ നല്ല മഴ. ഇരുട്ടുവീഴുംമുമ്പ് തെലങ്കാനയിലെ ആദിലാബാദ് പിടിക്കണം. 453 കിലോമീറ്ററാണ് ദൂരം. മഴ തുടർന്നും ചതിക്കുമോ എന്നായിരുന്നു ഭയം. പക്ഷേ, ഭയപ്പെട്ടപോലെ സംഭവിച്ചില്ല. രാത്രിയോടെ ആദിലാബാദിലെത്തി. ശരീരമാസകലം വേദന വീണ്ടും തുടങ്ങിയിരുന്നു. നീണ്ട ബൈക്ക്‌യാത്രനടത്തി ശീലമില്ലാത്തതാവാം കാരണം. പിറ്റേദിവസം പൂർണവിശ്രമം തീരുമാനിച്ചു. 19-ന് കാലത്ത് ആന്ധ്രാപ്രദേശിലെ അനന്ത്പുരിലേക്ക്-ദൂരം 684 കിലോമീറ്റർ. ഒറ്റയ്ക്ക് അപരിചിതമായ ഇടങ്ങളിലൂടെയുള്ള യാത്ര മനസ്സിനും ശരീരത്തിനും സമ്മാനിച്ച മരവിപ്പ് ചെറുതായിരുന്നില്ല. എങ്ങനെയെങ്കിലും വീട്ടിലെത്തുക എന്ന ഒറ്റലക്ഷ്യംമാത്രമായിരുന്നു മനസ്സിൽ. സന്ധ്യയോടെ അനന്ത്പുരിലെത്തിയപ്പോൾ വീണ്ടും പെറ്റ്സൗഹൃദ ഹോട്ടൽ ഒരു പ്രശ്നമായി. രണ്ടുമണിക്കൂർ അലഞ്ഞശേഷം രാത്രി എട്ടോടെ ഒരു ഹോട്ടലിൽ മുറി തരപ്പെട്ടു. വീട്ടിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നതായിരുന്നു യാത്രയിലെ ഏക ആശ്വാസം. 20-ന് നേരം പുലർന്നപ്പോൾ പതിവിൽക്കവിഞ്ഞ ആവേശം. യാത്രയുടെ അവസാനദിവസമാണ്. രാവിലെ ആറരയോടെ പുറപ്പെട്ടു. കർണാടകവഴി നേരെ കോഴിക്കോട്ടേക്ക്. വയനാട് മുത്തങ്ങ അതിർത്തിയിലെത്തിയപ്പോൾ കോവിഡ് പരിശോധനയ്ക്ക് സാമാന്യം തരക്കേടില്ലാത്ത ആൾക്കൂട്ടം. കടമ്പകളെല്ലാം പിന്നിട്ട് രാത്രി പത്തുമണിയോടെ വീട്ടിൽ.
അപ്പോഴും ബൈക്കിന് പിറകിലെ കൂട്ടിൽ ക്ഷമയോടെ ഫ്ളഫി ഇരിക്കുന്നു; ഇനി പുതിയ ദേശം, കാഴ്ചകൾ, രുചികൾ...
(വിദ്യാഭ്യാസ വകുപ്പിൽ നൂൺമീൽ ഓഫിസറായിരുന്ന ഇ.കെ ജയരത്നത്തിന്റേയും ജലസേചന വകുപ്പിൽ ഡ്രാഫ്റ്റ്സ്മാനായ കെ. ശർമിളയുടെയും മകനാണ് രോഹൻ.)
Content Highlights: a dogs bike travel, rohan and fluffy, kerala to punjab in bike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..