ജലജ
പഠിച്ച് ജോലി നേടിയാല്‍ സ്വന്തമായി ഹിമാലയത്തിലൊക്കെ പോകാലോ.. ചെറുപ്പത്തിലെ ഹിമാലയമെന്ന സ്വപ്നങ്ങളുടെ നെറുകയിലേക്കുള്ള സഞ്ചാരത്തെക്കുറിച്ചെല്ലാം പറയുമ്പോള്‍ ജലജയോട് അച്ഛന്‍ മാധവന്‍ ഇങ്ങനെ പറയുമായിരുന്നു. ആഗ്രഹങ്ങള്‍ക്ക് മീതെ മഞ്ഞുരുകിയും ഘനീഭവിച്ചും കാലങ്ങള്‍ മുന്നിലൂടെ കടന്നുപോയി. പഠിച്ച് ബാങ്കില്‍ ഉദ്യോഗസ്ഥയായി. അപ്പോഴും ആയിരം കാതങ്ങള്‍ക്ക് അകലെയായിരുന്നു ഹിമാലയത്തിന്റെ താഴ്വരകള്‍. ഹിമപര്‍വതത്തിന്റെ കൊടുമുടിയിലേക്കുള്ള യാത്രാമോഹങ്ങളെല്ലാം ജോലിത്തിരക്കുകള്‍ക്കിടയില്‍ ഏറെക്കാലം മഞ്ഞുമൂടിക്കിടന്നു. ഒടുവിലതാ അറുപത്തിരണ്ടിന്റെ നിറവില്‍ മഞ്ഞുമൂടിയ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ആദ്യ വയനാട്ടുകാരിയായി ജലജയെന്ന പര്‍വതാരോഹക ഇടം പിടിച്ചിരിക്കുന്നു.
കോളേരി സൊസൈറ്റിക്കവലയില്‍നിന്ന് നേപ്പാളിലെ ഹിമാലയ ബേസ്‌ക്യാമ്പ് വരെയുമുള്ള ജലജയുടെ യാത്രയ്ക്ക് ദൂരത്തേക്കാളും ഉയരമുള്ള വെല്ലുവിളികളുണ്ടായിരുന്നു. ആഗ്രഹങ്ങള്‍ തീവ്രമായപ്പോള്‍ യാത്രയ്ക്ക് വീട്ടുകാരുടെയും സമ്മതം. ഈ പ്രായത്തില്‍ ഒറ്റയ്ക്കുള്ള യാത്രയായതിനാല്‍ തയ്യാറെടുപ്പുകള്‍ നന്നായി വേണ്ടിവന്നിരുന്നു. ഹിമാലയ ബേസ് ക്യാമ്പ് ലക്ഷ്യമിട്ട് ഒടുവില്‍ കാഠ്മണ്ഡുവില്‍ വിമാനമിറങ്ങി. പന്ത്രണ്ട് ദിനരാത്രങ്ങള്‍ നീണ്ട അവിശ്രമയാത്ര. 130 കിലോമീറ്റര്‍ ദൂരം. 5364 മീറ്റര്‍ ഉയരം. എവിടെനിന്നൊക്കയോ വന്നുചേര്‍ന്നതും അപരിചിതമായവര്‍ക്ക് ഒപ്പമെല്ലം ഒരേ ലക്ഷ്യത്തിലേക്കുള്ള പ്രയാണം. ഒടുവില്‍ ജലജയ്ക്ക് ഹിമാലയ ബേസ് ക്യാമ്പെന്ന പര്‍വതാരോഹകരുടെ പറുദീസയില്‍ കാലുകുത്താനായി.

മനസ്സുകൊണ്ടൊരു മലകയറ്റം
പര്‍വതങ്ങളെ സ്‌നേഹിക്കുന്നവരെ പര്‍വതങ്ങള്‍ വിളിച്ചുകൊണ്ടേയിരിക്കും. ആഗ്രഹങ്ങളുടെ പൂര്‍ണതകളാണ് സ്വപ്നങ്ങളുടെ യാഥാര്‍ഥ്യം. ഒരിക്കല്‍പോലും നടക്കില്ലെന്ന് കരുതിയ ഹിമാലയയാത്രയിലേക്കുള്ള വഴികള്‍ ജലജ പറയുന്നു. വയനാട്ടിലെ നിരവധി അര്‍ബന്‍ ബാങ്ക് ശാഖകളില്‍ ജോലിചെയ്തിട്ടുണ്ട്. 2020- ല്‍ ബാങ്കില്‍നിന്ന് വിരമിച്ചു. ഇക്കാലത്താണ് അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കും മല കയറാന്‍ അവസരമൊരുക്കുന്ന ഗ്ലോബല്‍ ട്രക്കേഴ്സിനെക്കുറിച്ച് മാധ്യമവാര്‍ത്തകളിലൂടെ അറിയുന്നത്.
.jpg?$p=a80322e&&q=0.8)
ആദ്യയാത്ര അങ്ങനെ വയനാട്ടിലെതന്നെ പുതിയ ഡെസ്റ്റിനേഷനായ ചീങ്ങേരി മലയിലേക്കായിരുന്നു. സാരിയുടുത്തായിരുന്നു അന്ന് മലകയറാന്‍ പോയത്. വിചാരിച്ചതിനേക്കാള്‍ ആയാസമില്ലാതെ ചീങ്ങേരിയുടെ നെറുകയിലെത്തി. കൂട്ടത്തിലുള്ള പലര്‍ക്കും സാരിയും ചുറ്റിയുള്ള ഈ ട്രക്കിങ്ങ് കൗതുകമായിരുന്നു. ഗ്ലോബല്‍ ട്രക്കേഴ്സ് നല്‍കിയ പിന്തുണയില്‍ അങ്ങിനെ ചെറുതും വലുതുമായ പര്‍വതാരോഹണ യാത്രയ്ക്ക് തുടക്കമായി. ട്രക്കിങ്ങിനെക്കുറിച്ചുള്ള ശാസ്ത്രീയ വശങ്ങളെല്ലാം ഇങ്ങനെയായിരുന്നു മനസ്സിലാക്കിത്തുടങ്ങിയത്. കോയമ്പത്തൂരിനടുത്ത വെള്ളിയാങ്കിരി തുടങ്ങി ഇരുപതോളം ട്രക്കിങ് പര്‍വതാരോഹകരുടെ കൂട്ടായ്മയായ ജി.ടി.ക്കൊപ്പം ആവശേവും അറിവും പകര്‍ന്നു. ഇതില്‍നിന്നെല്ലാം ലഭിച്ച ആത്മവിശ്വാസമായിരുന്നു ഹിമാലയത്തിലേക്കുള്ള വഴികാട്ടിയായത്.
വിസ്മയങ്ങളുടെ മഞ്ഞുമുടികള്‍
ആകാശത്ത് മേഘങ്ങളുടെ ഭൂപടങ്ങള്‍പോലെ പര്‍വതങ്ങള്‍. ഡിഗ്ബോച്ചെയില്‍നിന്നും എവിടെനോക്കിയാലും കൂറ്റന്‍ മഞ്ഞുമലകള്‍ മാത്രം. വെളുത്ത യാഗാശ്വങ്ങളുടെ തേരില്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവരോടൊപ്പം ദേശവും അതിര്‍ത്തികളും കടന്നവരുടെ ഒരേ ലക്ഷ്യത്തിലേക്കുള്ള ഘോഷയാത്ര. ട്രക്കിങ് കേവലമായൊരു ശാരീരികവ്യായാമമല്ല. അതിലപ്പുറം അവനവനിലേക്കും പ്രകൃതിയിലേക്കുമുള്ള മനസ്സുകൊണ്ടുള്ള ഒരു യാത്രയാണ്. പല യാത്രകളിലും ഗ്ലോബല്‍ ട്രക്കേഴ്സ് പങ്കുവെച്ച യാത്രാനുഭവങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് ഒരോ ഘട്ടങ്ങളെയും മറികടന്നു.
അത്യധികം ദുഷ്‌കരമായ കാലാവസ്ഥയെയും ഭേദിച്ചുള്ള ഓരോ കാല്‍വെപ്പുകളും നെഞ്ചിടിപ്പ് കൂട്ടുകയായിരുന്നു. കൂട്ടത്തില്‍ ആദ്യം ഒപ്പമുണ്ടായിരുന്ന പലരും പലദിക്കുകളിലായി. നേപ്പാളി ഗൈഡ് പസന്ത് കര്‍മ പലരാജ്യങ്ങളില്‍നിന്നവര്‍ക്കായി യാത്രയിലുടനീളം നിര്‍ദേശങ്ങളുമായി നയിച്ചു. ഭൂഗോളത്തിന്റെ ഏതൊക്കയോ കോണില്‍നിന്നുമുള്ള പതിനായിരങ്ങളെ കൊടുമുടിയിലേക്ക് വഴികാട്ടിയ പസന്തിന് എല്ലാം നിസ്സാരമായിരുന്നു.
ഓരോദിവസവും കുത്തനെയുള്ള കയറ്റങ്ങള്‍ കയറിക്കയറി ഓരോ പോയന്റുകളിലെത്തും. രാവിലെ ആറിന് തുടങ്ങുന്ന യാത്ര വൈകീട്ട് ആറോടെ അവസാനിപ്പിക്കും. പിറ്റേന്ന് ഇതുപോലെ തന്നെ യാത്ര. പലതരം വെല്ലുവിളികള്‍ പലരും പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുന്നു. അപ്പോഴും ഒരുലക്ഷ്യം മാത്രം. ബേസ് ക്യാമ്പിലെത്തുക. ലോകത്തിലെ അതികഠിനമായ ട്രക്കിങ് റൂട്ടില്‍ അങ്ങ് വയനാടന്‍ സമതലത്തില്‍നിന്നും തുടങ്ങിയൊരു യാത്ര.
ഡിംഗ് ബോച്ചേയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരത്തിലാണ് എവറസ്റ്റ് ബേസ് ക്യാമ്പുള്ളത്. മൈനസ് 10 ഡിഗ്രിവരെ തണുപ്പ് ശരീരത്തെയും മനസ്സിനെയും ആകെ പൊതിഞ്ഞു. ദൃഢനിശ്ചയങ്ങള്‍ മാത്രം തണുത്തില്ല. ഉയരത്തില്‍ പോകുന്തോറും അതിജീവിക്കേണ്ടിവരുന്ന അക്ക്യുട്ട് മൗണ്ടന്‍ സിക്ക്നെസ്. പന്ത്രണ്ടാംദിനം അങ്ങനെ ഹിമാലയ ബേസ് ക്യാമ്പ് എന്ന ലക്ഷ്യത്തെ തൊട്ടു. നേപ്പാളിലെ സര്‍ഗാത്മക പര്‍വത മേഖലയിലെ 5364 മീറ്റര്‍ ഉയരത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ജലജയ്ക്ക് അറുപത് കഴിഞ്ഞ പ്രായം വെറുമൊരു അക്കം മാത്രമായി ചുരുങ്ങി.
.jpg?$p=2922c1a&&q=0.8)
നരയ്ക്കാത്ത മോഹങ്ങള്‍
പ്രായമാകുംതോറും അതിനേക്കാള്‍ പ്രായമുള്ള മനസ്സുമായി ജീവിതം നിസ്സാരമാക്കുന്നവര്‍ക്ക് തിരുത്താണ് ജലജയുടെ ഹിമാലയ ബേസ് ക്യാമ്പ് വരെയുള്ള യാത്ര. ചെറുപ്പത്തിലെ എവറസ്റ്റ് കൊടുമുടി സ്വപ്നം കണ്ടപ്പോള്‍ അതിന്റെ ബേസ് ക്യാമ്പ് വരെയും എത്തിച്ചേരാനായി.
എങ്കിലും അതിന് മുകളിലേക്കും ഇനി സ്വപ്നങ്ങളുണ്ട്. യാത്രയ്ക്ക് മുന്നോടിയായി അതിരാവിലെ രണ്ട് മാസക്കാലം രണ്ടര കിലോമീറ്ററോളം ഓട്ടം ശീലമാക്കിയിരുന്നു. ഇതെല്ലാം ഗുണകരമായി മാറി.
Content Highlights: Everest Base Camp


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..