നെല്‍ക്കൃഷി തലമുറകളായി ചേകാടിക്ക് കൈമാറിക്കിട്ടിയ വരദാനമാണ്. കാലംമാറുമ്പോഴും കാടിനുള്ളിലെ ഈ ഗ്രാമം കൃഷിയെ ഹൃദയത്തോട് ചേര്‍ക്കുന്നു. ചേകാടി കാര്‍ഷിക പൈതൃക സംരക്ഷണത്തിനായി സ്വന്തമായി പദ്ധതി രൂപപ്പെടുത്തുകയാണ് 'നവ' എന്ന പ്രദേശവാസികളുടെ കൂട്ടായ്മ. തനത് ഭക്ഷ്യവിഭവങ്ങളെയും പൈതൃകങ്ങളെയും ഗ്രാമത്തിലെത്തുന്നവര്‍ക്ക് പരിചയപ്പെടുത്തുകയും ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനം ഗ്രാമീണര്‍ക്കുതന്നെ പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യം.

ഭൗമസൂചികയില്‍ ഇടംതേടിയ ഗന്ധകശാല, കാട്ടുകിഴങ്ങുകള്‍, പുഴമീന്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള നാടന്‍വിഭവങ്ങള്‍ ഇവിടെ അതിഥികള്‍ക്കായി ഒരുങ്ങും. വിഷംതൊടാത്ത പച്ചക്കറികളും മറ്റുത്പന്നങ്ങളും കര്‍ഷകരില്‍നിന്ന് സഞ്ചാരികള്‍ക്ക് നേരിട്ട് വാങ്ങാം. കാട്ടുതേന്‍ തുടങ്ങിയ വിനവിഭവങ്ങള്‍ കലര്‍പ്പില്ലാതെയും ഇടനിലക്കാരില്ലാതെയും വാങ്ങാനുള്ള വിപണിയാണ് ചേകാടിയിലുണ്ടാവുക. ഇതിനകം ചേകാടിയിലെ പച്ചക്കറികള്‍ ആവശ്യക്കാര്‍ക്ക് 'നവ' കൂട്ടായ്മ എത്തിക്കുന്നുണ്ട്.

ധാരാളം സഞ്ചാരികള്‍ ദിവസവും ചേകാടിയിലെത്താറുണ്ട്. ഇവര്‍ക്ക് ചേകാടിയെ അടുത്തറിയാനുള്ള പരിശ്രമമാണ് 'നവ' നടത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകനായ അജയന്‍ ചേകാടി പറഞ്ഞു. പ്രകൃതിയെയും സ്വാഭാവികതയെയും നോവിക്കാതെ ഉത്തരവാദിത്വ പൈതൃക സംരംഭമാണ് ഇവിടെ വിഭാവനംചെയ്യുന്നത്. ചേകാടിയുടെ ഗോത്ര പൈതൃകങ്ങളും കാര്‍ഷിക സംസ്‌കൃതിയുമെല്ലാം സംരക്ഷിക്കുക എന്ന ദൗത്യംകൂടിയാണ് ഇവര്‍ ഏറ്റെടുക്കുന്നത്.

പച്ചപ്പട്ടണിഞ്ഞ വയലുകള്‍

കര്‍ണാടകയില്‍നിന്ന് കുടിയേറിയ ചെട്ടിസമുദായക്കാരായിരുന്നു ഈ ഗ്രാമത്തിനെ നെല്‍ക്കൃഷിയിലേക്ക് വഴികാട്ടിയത്. ഗന്ധകശാലയും ജീരകശാലയുമടക്കം പുരാതനമായ നെല്‍വിത്തുകളുടെ ശേഖരംതന്നെ ഈ പാടത്തുണ്ടായിരുന്നു. ഇപ്പോഴും വയനാട്ടില്‍ ഏറ്റവുംകൂടുതല്‍ ഗന്ധകശാല നെല്ല് കൃഷിചെയ്യുന്നത് ചേകാടിയിലാണ്. കൃഷി ഇവര്‍ക്ക് ജീവിതചര്യയാണ്. കാടിനെ മഴ തൊടുമ്പോള്‍ കൃഷിയാരവങ്ങളായി. ഗോത്രകുലങ്ങളും കര്‍ഷകരും മഴയുടെ അനുഗ്രഹവര്‍ഷം പൂജചെയ്ത് സ്വീകരിക്കും.

മെലിഞ്ഞുണങ്ങിയ കബനി ഒഴുക്കിനെ വീണ്ടെടുക്കുമ്പോള്‍ വയലുകളില്‍ ചതുരക്കളങ്ങളായി ഞാറ്റുപാടങ്ങളാണ് ആദ്യം ഒരുങ്ങുക. കൊമ്മകളിലും പത്തായത്തിലുമായി ഉണക്കിസൂക്ഷിച്ച നെല്‍വിത്തുകളാണ് ചേറ്പുരണ്ട പാടത്തേക്ക് ആദ്യം വിതയ്ക്കുക. ഓരോ നെല്ലിനത്തിനും പ്രത്യേകമായി ഇടമുണ്ട്. കാടിന് നടുവിലെ ഈ പാടശേഖരങ്ങള്‍ ഏത് പ്രതികൂല കാലാവസ്ഥയിലും തരിശിടാറില്ല. നൂറ്റാണ്ടിലെ പ്രളയകാലത്തെയെല്ലാം തോല്‍പ്പിച്ചും മുന്നേറിയതാണ് ഇവരുടെ ജീവിതഗാഥകള്‍.

ഗ്രാമത്തിന്റെ പുരാവൃത്തം

ചേകാടിയിലേക്കുള്ള കുടിയേറ്റത്തിന് മൂന്നു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കര്‍ണാടകയില്‍നിന്ന് കാട് കടന്നെത്തിയവരാണ് ഇവിടത്തെ ആദിമതാമസക്കാര്‍ എന്നാണ് നിഗമനം. ബാവലിപ്പുഴകടന്ന് ഒരുകാലത്ത് കേരളത്തിന്റെ തീരത്തേക്കെത്തിയവരുടെ ആവാസസ്ഥലമായും ചേകാടിയും പരിസരവും മാറിയെന്ന് ചരിത്രം പറയുന്നു. അടിയ, പണിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗക്കാരും ചെട്ടിമാരും ചേര്‍ന്നെഴുതിയതാണ് ചേകാടിയുടെ ചരിത്രം. 225 ഏക്കറോളം വയലും 40 ഏക്കറോളം തോട്ടവുമാണ് ഇവിടെയുള്ളത്.

നെല്‍ക്കൃഷിതന്നെയാണ് ഇവര്‍ക്ക് മുഖ്യം. കണ്ണെത്താദൂരത്തോളമുള്ള വയലുകളില്‍ 150-ല്‍ താഴെ വരുന്ന കുടുംബങ്ങള്‍ കര്‍ഷകരും ഒരേസമയം തൊഴിലാളികളായും ജീവിതം പൂരിപ്പിക്കുന്നു. 93 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. അടിയ വിഭാഗത്തിലുള്ളവരാണ് കൂടുതല്‍.

ഇവരെല്ലാം ചെട്ടിമാരുടെ വയലുകള്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്താണ് വരുമാനം കണ്ടെത്തുന്നത്. കൃഷി നഷ്ടമാണെങ്കിലും പാടങ്ങളെ ഇവര്‍ പച്ചപുതപ്പിക്കും. വിഷംതൊടാത്ത മണ്ണില്‍ ഇവരെഴുതുന്ന ജീവിതമാണ് നെല്ലിനോളം പൊലിമയുള്ള ചേകാടിയുടെ ചരിത്രം.

കബനിയുടെ വരദാനം

നാലുഭാഗവും കാടുള്ള ചേകാടിയെ തഴുകിയാണ് കബനി ഒഴുകുന്നത്. അനേകം കൈവഴികളിലൂടെ പലദിക്കുകളില്‍നിന്നും ഒന്നായിച്ചേര്‍ന്ന് കബനി ഇവിടെ വലിയൊരു ഒറ്റനദിയായി കാടുകടന്ന് പോകുന്നു. ഈ തീരദേശത്താണ് ഗന്ധകശാല നെല്ലിനം ഇന്ന് ശേഷിച്ചിരിക്കുന്നത്. മറ്റിടങ്ങളില്‍ വാഴയും നാണ്യവിളകളും വയലുകളെ തരംമാറ്റുന്ന തിരക്കിലും ചേകാടിക്കാര്‍ക്ക് ഈ വയലുകള്‍ വയലായിത്തന്നെ നിലനില്‍ക്കണമെന്ന ആഗ്രഹമാണുള്ളത്.

പാല്‍തൊണ്ടി, ചോമാല, മുള്ളന്‍ചണ്ണ, തവളക്കണ്ണന്‍ തുടങ്ങിയ നെല്ലിനങ്ങളും മുമ്പ് ഇവിടെ കൃഷിചെയ്തിരുന്നു. വീടിനോടുചേര്‍ന്ന വലിയ പത്തായപ്പുരകളില്‍ നെല്ല് സമ്പാദ്യമായി കണക്കാക്കി ആത്മനിര്‍വൃതിപൂണ്ട കൃഷിക്കാരുടെ പിന്‍തലമുറകളാണ് ഈ നാടിന്റെ വഴികാട്ടികള്‍. വിഷംകലരാത്ത മണ്ണിന്റെ ഉടമകളെന്ന വിലാസം കഴിയുന്നിടത്തോളം സൂക്ഷിക്കാനാണ് ഇവരുടെ ഇന്നത്തെ പരിശ്രമം

Content Highlights: 'nava' team, new era in chekadi