'12000 അടിയിലേറെ ഉയരത്തിലുള്ള പൂക്കളുടെ താഴ്‌വരയില്‍ കൂടി ഒരു ഭ്രാന്തിയെപ്പോലെ ഞാന്‍ ഓടി'


ജി.എസ്.ദിവ്യ

ശൈത്യകാലത്ത് മഞ്ഞു മൂടിക്കിടക്കുന്ന ഈ താഴ്‌വര ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ കടും വര്‍ണത്തില്‍ ചാലിച്ച പൂക്കളുടെ പുതപ്പണിഞ്ഞു അതിസുന്ദരിയായി മാറുന്നത് അത്ഭുതമായിത്തോന്നി.

-

ഹിമാലയത്തിലേക്ക് ഒറ്റയ്ക്ക് ഒരു യാത്ര പോകുക കുറച്ചു കാലമായി മനസ്സില്‍ കടന്നു കൂടിയ മോഹമായിരുന്നു അത്. ഹിമാലയന്‍ ഒറ്റയാത്രകള്‍ പൊതുവെ പുരുഷന്മാര്‍ക്കുള്ളതാണ്. അതുകൊണ്ട് തന്നെ ആഗ്രഹത്തെക്കാള്‍ മുകളില്‍ നിന്നത് ആശങ്കകളായിരുന്നു. എന്നാലും കാലം ചെല്ലുംതോറും ആഗ്രഹത്തിന് ശക്തി കൂടിക്കൂടി വന്നു. ഒടുവില്‍, വളരെ പെട്ടെന്ന് ഏതാണ്ട് ഒരാഴ്ചത്തെ ആലോചനയ്ക്കും തയ്യാറെടുപ്പിനും ശേഷം, മഴപെയ്ത് നഗരം വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന ഒരു ദിവസം മുംബൈയില്‍നിന്നു ട്രെയിന്‍ മാര്‍ഗ്ഗം അങ്ങ് പുറപ്പെട്ടു, ഹരിദ്വാറിലേക്ക്...

ഇന്നല്ലെങ്കില്‍ എപ്പോള്‍

വലിയ പ്ലാനിങ് ഒന്നും വേണ്ട എന്നാണ് കരുതിയത്. എങ്കിലും ഹിമാലയത്തിന്റെ ഏതു ഭാഗത്തേക്കാണ് പോകേണ്ടത്, ഏത് റൂട്ട് ആണ് നന്നാകുക എന്നൊക്കെ സുഹൃത്തുക്കളുടെയും ഗൂഗിളിന്റെയും സഹായത്തോടെ കുപിടിച്ചു. ഒരു ട്രിപ് പ്ലാന്‍ ഉണ്ടാക്കി. കാലാവസ്ഥ നോക്കി അവശ്യ സാധനങ്ങളായ ജാക്കറ്റ്, റെയിന്‍ കവര്‍, ഷൂസ് മുതലായ ഐറ്റങ്ങളൊക്കെ മുംബൈയില്‍ നിന്നേ വാങ്ങി. പോകാനുള്ള ബാക്ക് പാക്ക് റെഡി!

ബുള്ളറ്റിലെ ത്രിവര്‍ണപതാക

Valley of Flowers
എത്തിപ്പെടാന്‍ സാധിക്കുമോ എന്നൊരുറപ്പും ഉണ്ടായിരുന്നില്ലെങ്കിലും ഒരു ലക്ഷ്യസ്ഥാനമായി കരുതിയത് വാലി ഓഫ് ഫ്‌ളവേഴ്സ് ആണ്. ഋഷികേശില്‍നിന്നും കിട്ടിയ പുതിയ സുഹൃത്തുക്കളാണ് ട്രെക്കിങ്ങിനുള്ള നിര്‍ദ്ദേശങ്ങളും ഊര്‍ജ്ജവും നല്‍കിയത്. ജോഷിമഠില്‍ എത്താന്‍ ഏതാണ്ട് എട്ട് മണിക്കൂര്‍ വേണം. ജോഷിമഠില്‍ നിന്നും അടുത്ത വണ്ടി പിടിച്ചു വേണം 20 കി.മി അകലെയുള്ള ഗോവിന്ദ്ഘട്ടില്‍ എത്താന്‍. തലേ ദിവസത്തെ മഴയിലെ മണ്ണിടിച്ചിലും ചാര്‍ധാം പാത വികസനവും കാരണം ഒരുപാടു സ്ഥലങ്ങളില്‍ ബസ് നിര്‍ത്തിയിടേണ്ടിവന്നു. എതിരെ വരുന്ന വണ്ടികള്‍ക്ക് വഴികൊടുത്ത് സാവധാനം ഋഷികേശില്‍ നിന്നും ബസ് ജോഷിമഠിലേക്ക് നീങ്ങി. ഋഷികേശ്, ശ്രീനഗര്‍, രുദ്രപ്രയാഗ്, ചമോലി, ജോഷിമഠ് ആണ് റൂട്ട്. അന്ന് എന്തായാലും ജോഷിമഠില്‍ തങ്ങിയിട്ട് പിറ്റേദിവസം കാലത്ത് ഗോവിന്ദഘട്ടില്‍ പോകാം എന്ന് കരുതി. ഒറ്റയ്ക്ക് രാത്രി യാത്ര ചെയ്യുന്നത് ഒഴിവാക്കാമല്ലോ. രാത്രി ഏഴ് മണിയോടെ ജോഷിമഠില്‍ എത്തി. യാത്രയ്ക്കിടയില്‍ തന്നെ ഫോണില്‍ ഇന്റര്‍നെറ്റ് കിട്ടിയ തക്കത്തിന് ഒരു ഓയോ റൂം ബുക്ക് ചെയ്തു. പൊടിയും ചൂടും വെയിലും ഒക്കെ ക്ഷീണത്തിന്റെ ആക്കം കൂട്ടി. ഉറക്കത്തിന്റെയും.

പിറ്റേന്ന് അടുത്തൊരു കടയില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ജോഷിമഠില്‍ നിന്നും രാവിലെ ഗോവിന്ദ്ഘാട്ടിലേക്കുള്ള വണ്ടി പിടിക്കാന്‍ നടത്തം തുടങ്ങി. മലനിരകളാല്‍ ചുറ്റപ്പെട്ട ജോഷിമഠ് അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു നല്ല ടൗണ്‍ ആണ്. താമസിക്കാന്‍ കുറെ ഹോട്ടലുകളും നല്ല ഭക്ഷണശാലകളും ഒക്കെയുണ്ട്. പലസ്ഥലങ്ങളിലേക്കും പോകാന്‍ ഉള്ള ഒരു ജങ്ഷന്‍ കൂടിയാണ് ജോഷിമഠ്. രാവിലെ നടക്കുന്ന സമയത്ത് സ്‌കൂള്‍ കുട്ടികളേയും സൈനികരേയും കാണാനിടയായി. ബുള്ളറ്റ് ബൈക്കുകളിലെ ത്രിവര്‍ണ പതാക ഒരു പൊതു കാഴ്ചയാണ്. തണുത്ത സുന്ദരമായ പ്രഭാതമായിരുന്നു ജോഷിമഠില്‍.

ടാക്സി സ്റ്റാന്‍ഡില്‍ ഗോവിന്ദ്ഘട്ടിലേക്ക് പോകാനുള്ള ഒരു ക്വാളിസ് കിടപ്പുണ്ട്. എട്ട് പേര്‍ക്കുള്ള വണ്ടി ആണെങ്കിലും സാധാരണയായി 12 പേരെ വെച്ചാണ് ട്രിപ്പടിക്കുന്നത്. ആളാകുന്നത് വരെ വെയിറ്റ് ചെയ്യണം. കാത്തിരിപ്പിലുള്ള സഹയാത്രികര്‍ കുശലം പറഞ്ഞു തുടങ്ങി. കേരളത്തില്‍ നിന്നാണ് എന്നറിഞ്ഞപ്പോള്‍ കൂട്ടത്തിലുള്ള മധ്യവയസ്‌ക അടുത്ത് നിന്ന പയ്യനോട് പറഞ്ഞു,'' എന്തൊരു ദുര്‍ബലയാണീ പെണ്‍കൊച്ച് (യെ ലഡ്കി കിത്നി ദുബിലി ഹെ? )..ബാഗ് തൂക്കി നടക്കുന്നത് കണ്ടില്ലേ. എന്നാലും ആരോഗ്യം ഉണ്ടെന്ന് തോന്നുന്നു. കേരളക്കാര്‍ക്ക് നല്ല വിദ്യാഭ്യാസവും പുരോഗമന ചിന്താഗതിയും ഒക്കെ ഉണ്ട്. അത് കൊണ്ട് പെണ്‍കുട്ടികള്‍ വരെ ഒറ്റക്ക് യാത്ര ചെയ്യുന്നു.'' 'ഹിന്ദി തോടി തോടി മാലൂം' എന്ന മട്ടില്‍ ഞാന്‍ ചിരിച്ചോണ്ട് നിന്നതേ ഉള്ളു. യാത്രക്കിടയില്‍ വണ്ടിയിലുണ്ടായിരുന്ന പയ്യന്‍ നിര്‍ത്താതെ വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു. ഹര്‍പാല്‍. അവന്‍ അമൃതസറില്‍ നിന്നാണ്. അവന്റെ അച്ഛന്‍ ഗാങ്ഗ്രിയയിലെ ഗുരുദ്വാരയില്‍ ജോലി ചെയ്യുന്നു. അച്ഛനെ കാണാനും സഹായിക്കാനുമാണ് ആളിന്റെ വരവ്. മുന്നോട്ടുള്ള യാത്രയെക്കുറിച്ച് അവന്‍ നല്ലൊരു ധാരണ തന്നു.

ഗോവിന്ദ്ഘാട്ടില്‍ നിന്ന് ഗാങ്ഗ്രിയയിലേക്കുള്ള ദൂരം 16 കി.മി ആണ്. അതില്‍ 4 കി.മി ജീപ്പിലും ബാക്കി 12 കി.മി ട്രക്കിലും. നടക്കാതെയെത്താന്‍ ഹെലികോപ്റ്റര്‍, പോണി, പോര്‍ട്ടര്‍മാര്‍ എന്നീ ഓപ്ഷന്‍സും ഉണ്ട്. നടത്തമാണെങ്കില്‍ ഏതാണ്ട് ആറേഴ് മണിക്കൂറ് എടുക്കും. അവിടെ ഒരു ഗുരുദ്വാര ഉണ്ട്. താമസവും ഭക്ഷണവും ഫ്രീ. ഗാംഗരിയയില്‍ നിന്ന് പിറ്റേ ദിവസം വാലി ഓഫ് ഫല്‍വേര്‍സില്‍ പോയി മടങ്ങാം (5 കി.മി). അടുത്ത ദിവസം വീണ്ടും ഹേംകുണ്ഡ് സാഹേബിലേക്കും(6 കി.മി) പോയി മടങ്ങാം. എത്തിയതറിഞ്ഞില്ല. ഗോവിന്ദ്ഘാട്ടിന്റെ മനോഹാരിത കണ്ടപ്പോള്‍ തലേദിവസം തന്നെ ഇവിടെ എത്തേണ്ടതായിരുന്നു എന്നുതോന്നിപ്പോയി. മലനിരകളും പാലവും അളകനന്ദ നദിയും നല്ല തണുപ്പും! രാത്രി ഗുരുദ്വാരയിലെ ആരാധനാസ്ഥലത്ത് പോയി. അവര്‍ തന്ന പ്രസാദത്തിന് നല്ല രുചി! കയ്യിലെ വലിയ ബാക്ക് പാക്ക് ഗുരുദ്വാരയില്‍ തന്നെ ലോക്കറില്‍ സൂക്ഷിക്കാം. രണ്ട് ദിവസത്തേക്ക് മാത്രം വേണ്ട സാധനങ്ങള്‍ ഒരു ചെറിയ ബാഗിലാക്കി പാക്ക് ചെയ്ത ശേഷം നേരത്തെ കിടന്നു. നേരത്തെ കിടന്ന് നേരത്തെ എണീക്കുക എന്നത് യാത്ര സുഖമമാക്കാനുള്ള ഒരു ടിപ്പ് കൂടിയാണ്.

കുന്നുകള്‍ തന്ന ഉന്മാദം

രാവിലെ ഏഴു മണിയോടെ, ഗുരുദ്വാരയില്‍ നിന്ന് ചൂടന്‍ ഭക്ഷണം കഴിച്ചശേഷം ട്രക്കിങ്ങ് ആരംഭിച്ചു. ട്രക്കിങ്ങ് എന്‍ട്രന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് യാത്ര ആരംഭിക്കുന്നത്. ഗോവിന്ദ്ഘട്ടില്‍ നിന്ന് അഞ്ച് കി.മി കൂടെ ജീപ്പില്‍ പോകാം. ശരിക്കുളള ഗാംഗ്രിയ ട്രക്ക് ആരംഭിക്കുന്നത് പുല്‍നാ വില്ലേജില്‍ നിന്നാണ്. അവിടം വരെ ജീപ്പ് ചാര്‍ജ് 30 രൂപ കൊടുത്ത ശേഷം നടത്തം ആരംഭിച്ചു. നിറയെ കോവര്‍കഴുതകളും പോട്ടര്‍മാരുമാണ് ട്രക്കിംഗ് തുടങ്ങുന്ന സ്ഥലത്ത്. ദൂരം കുറേയുള്ളത് കൊണ്ട് വളരെ പതുക്കെയാണ് നടന്നത്. ട്രക്കിംഗ് ഷൂസ്, ബാഗ്, വാക്കിംഗ് പോള്‍ ഒക്കെയായി ഒരു കൂട്ടര്‍ മലകയറുമ്പോള്‍ വെറുതെ വള്ളിച്ചെരുപ്പൊക്കെയിട്ട് സഞ്ചിയൊക്കെയായി ഗുരുവിനെ ധ്യാനിച്ച് വളരെ കൂളായി മല കയറുന്ന മറ്റൊരു കൂട്ടര്‍. പല രീതിയില്‍, പല ഉദ്ദേശ്യങ്ങളുമായി സഞ്ചരിക്കുന്ന പല മനുഷ്യര്‍.

ശ്വാസമടക്കിപ്പിടിച്ചേ ഇവിടുത്തെ കാഴ്ചകള്‍ കാണാനാവൂ! മലകള്‍, മഞ്ഞ് പാളികള്‍, നദി, പാലം, ചുമട്ടുകാര്‍, മണി കിലുക്കത്തോടെ വരുന്ന കോവര്‍കഴുതകള്‍, വാ ഹേ ഗുരുജി എന്ന് പറഞ്ഞ് കടന്ന് പോകുന്ന യാത്രികര്‍, പാതകള്‍ വൃത്തിയാക്കുന്ന ജീവനക്കാര്‍, വഴിയോര ഭക്ഷണ ശാലകള്‍. മുകളിലെത്തും തോറും തണുപ്പ് കൂടിക്കൊണ്ടിരുന്നു. ഈ തണുപ്പില്‍ കഴിക്കാന്‍ ഇഷ്ടപെട്ട ഭക്ഷണം നല്ല ചൂടന്‍ മാഗി ആയിരുന്നു. ഇത്രയും ഉയരത്തില്‍ അടിസ്ഥാന സൗകര്യമുള്ള ഈ കടകളിലേക്ക് വേണ്ട സാധനങ്ങള്‍ കോവര്‍കഴുതയാണ് എത്തിക്കുന്നത്. മെയ് മുതല്‍ ഒക്ടോബര്‍ വരെ മാത്രമേ ഈ കച്ചവടക്കാരും കുതിരക്കാരുമൊക്കെ അവിടെയുണ്ടാവൂ. ശൈത്യം കഠിനമാവുമ്പോള്‍, അതുവരെയുള്ള സമ്പാദ്യവുമായി ഇവര്‍ മലയിറങ്ങി താഴെയുള്ള ഗ്രാമങ്ങളിലേക്ക്, മടങ്ങും. നടന്ന് കാഴ്ചകള്‍ കണ്ട് ഇടയ്ക്ക് ഭക്ഷണമൊക്കെ കഴിച്ച് ഗാംഗ്രിയയില്‍ എത്തുമ്പോള്‍ സമയം രണ്ട് മണി. ഗുരുദ്വാരയില്‍ പോയി റൂം തരപ്പെടുത്തി ബെഡില്‍ ഇരുന്നത് മാത്രം ഓര്‍മയുണ്ട്. ഉറക്കം കഴിഞ്ഞ് നോക്കുമ്പോള്‍ എല്ലാമാസവും സന്ദര്‍ശനത്തിനെത്തുന്ന ആര്‍ത്തവവും എത്തിയിട്ടുണ്ട്. മെന്‍സ്ട്രുവല്‍ കപ്പിനോട് വല്ലാത്ത സ്നേഹം തോന്നി.

GS Divya

പൂക്കളുടെ താഴ്‌വര​യിലേയ്ക്ക്

ഗാംഗ്രിയയില്‍ നിന്നും വാലി ഓഫ് ഫ്‌ളവേഴ്സിലേക്കുള്ള ദൂരം അഞ്ച് കിലോമീറ്ററേയുള്ളൂ. എങ്കിലും ഏതാണ്ട് മൂന്നു മണിക്കൂര്‍ ട്രക്കിങിന് തന്നെ എടുക്കും. രാവിലെ ഏഴു മണിയോടെ പുറപ്പെട്ടു. ഒരു കുപ്പി വെള്ളവും, മുകളില്‍ എത്തിയാല്‍ കഴിക്കാന്‍ കുറച്ച് ഭക്ഷണ സാധനവും പൊതിഞ്ഞെടുത്തു. ഫോറസ്റ്റ് ഓഫീസില്‍ നിന്ന് 150 രൂപ ടിക്കറ്റ് എടുത്ത്, വിവരങ്ങള്‍ ഒക്കെ നല്‍കി മുന്നോട്ട് നീങ്ങി. മഞ്ഞുമലകളാലും പുഷ്പവതി നദിയാലും പൂക്കളാലും സമൃദ്ധമായ സുന്ദര താഴ്വരയാണ് ഗാംഗ്രിയ. അതീവ ഉത്സാഹത്തോടെ ഞങ്ങള്‍ മലകയറി. ഓരോ ചുവട് മുന്നോട്ട് വയ്ക്കുമ്പോഴും കൂടുതല്‍ പൂക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കാടും മലകളും മഞ്ഞു പാളികളും പുഴയും പക്ഷികളും തേനീച്ചകളുമെല്ലാം തൊട്ടടുത്ത്. മേഘങ്ങളെ തൊട്ട്, ഓരോ അടി മുന്നോട്ട് വയ്ക്കുമ്പോഴും പ്രകൃതി കൂടുതല്‍ കൂടുതല്‍ സുന്ദരിയാകുന്നത് അറിഞ്ഞു.

എട്ടു കി.മി നീളത്തിലും രണ്ട് കി.മി വീതിയിലും നിവര്‍ന്നു കിടക്കുന്ന ഈ പൂക്കളുടെ താഴ്‌വരയില്‍ ഏതാണ്ട് അഞ്ഞൂറോളം ഇനം പൂക്കള്‍ ഉണ്ട് എന്നാണ് ഗാംഗ്രിയയില്‍ വച്ച് കണ്ട ഫോട്ടോഗ്രാഫര്‍ കൂടിയായ ഒരു കടക്കാരന്‍ പറഞ്ഞത്. സീസണ്‍ ആയിക്കഴിഞ്ഞാല്‍ അയാള്‍ കുറഞ്ഞത് ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും താഴ്വരയില്‍ പോകാറുണ്ട്. 1931 ല്‍ പര്‍വ്വതാരോഹകരായ ആറംഗ സംഘം ഇവിടെത്തുകയും അവര്‍ ഇതിനു വാലി ഓഫ് ഫ്‌ളവേഴ്‌സ് എന്ന് പേരിടുകയും ചെയ്തു. പിന്നീട് കൂട്ടത്തില്‍ ഉണ്ടായിരുന്ന സ്മിത്ത് വാലിയെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും ഈ മാന്ത്രിക ലോകത്തെ പുറംലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. പല സമയത്തെടുത്ത താഴ്വരയുടെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ശൈത്യകാലത്ത് മഞ്ഞു മൂടിക്കിടക്കുന്ന ഈ താഴ്‌വര ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ കടും വര്‍ണത്തില്‍ ചാലിച്ച പൂക്കളുടെ പുതപ്പണിഞ്ഞു അതിസുന്ദരിയായി മാറുന്നത് അത്ഭുതമായിത്തോന്നി.

ഉയരത്തില്‍ എത്തിക്കഴിഞ്ഞപ്പോള്‍ ഉന്മാദത്തിന്റെ കൊടുമുടിയിലായിക്കഴിഞ്ഞിരുന്നു ഞാന്‍. അരയോളം പൊക്കത്തില്‍ പലവര്‍ണപ്പൂക്കളാല്‍ ചുറ്റപ്പെട്ട താഴ്വര. എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിയാതെ കയ്യും വീശി കൂക്കി വിളിച്ചു. 12000 അടിയിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൂക്കളുടെ താഴ്‌വരയില്‍ കൂടി ഒരു ഭ്രാന്തിയെപ്പോലെ ഞാന്‍ ഓടുകയായിരുന്നു. മൗണ്ടന്‍ മാഡ്നെസ്സ്. അങ്ങനെ ഒരു അവസ്ഥ ഉണ്ടത്രേ. സമതലങ്ങളില്‍ ഉള്ളവര്‍ പര്‍വതങ്ങളില്‍ എത്തുമ്പോള്‍, അതിന്റെ സൗന്ദര്യത്തില്‍ മുങ്ങി താഴുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേക തരം അനുഭവം. അതില്‍ ലയിച്ചുനില്‍ക്കുമ്പോള്‍ ഓര്‍മ വന്നു. അധികം വൈകാതെ തിരിച്ചിറങ്ങണം.

നിമിഷനേരം കൊണ്ട് പൂക്കളുടെ താഴ്‌വര മഞ്ഞു മൂടുന്നതറിഞ്ഞു. ചെറിയ ചാറ്റല്‍ മഴ. മഞ്ഞു തുള്ളികള്‍ പൂക്കളെ തഴുകാന്‍ തുടങ്ങിയിരിക്കുന്നു. ഒരായുസ്സിലേക്കുള്ള പൂവോര്‍മകളുമായി ഞാന്‍ മലയിറങ്ങി. പൂക്കളുടെ ആ വിസ്മയലോകം ഇനി എന്റെ ഉള്ളില്‍ത്തന്നെ ഉണ്ടാവും.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Himalaya Travel, Valley Of Flowers, Himalaya Trip, Malayali Woman Traveller​

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented