ഈ രാജ്യത്ത് ക്രിസ്മസ് ആഘോഷം വിലക്കപ്പെട്ടത് 400 കൊല്ലത്തോളം; അവര്‍ കൊണ്ടാടിയത് 'ഹോഗ്മനെ'


By അജ്മല്‍ എന്‍.എസ്

4 min read
In depth
Read later
Print
Share

അതിഗംഭീരമായ വെടിക്കെട്ടും ആഘോഷങ്ങളുമായി ലക്ഷക്കണക്കിന് ആളുകളാണ് എഡിന്‍ബര്‍ഗില്‍ ഹോഗ്മാനെക്കായി തടിച്ചുകൂടുന്നത്. പ്രകാശഭരിതവും ആവേശം നിറഞ്ഞതുമായ ഈ രാവ് ലോകശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ്.

ഹോഗ്മനെയിൽ നിന്നും | photo: getty images

ഡിസംബര്‍ 25-ന് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഒരു രാജ്യം മാറിനിന്നിരുന്നു. ഒന്നും രണ്ടുമല്ല 400 വര്‍ഷത്തോളം. ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാമെങ്കിലും വര്‍ഷങ്ങളോളം സ്‌കോട്ടലന്‍ഡില്‍ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു.

അന്ന് സ്‌കോട്ടിഷ്‌ജനത സന്തോഷിച്ചിരുന്നത്പുതുവര്‍ഷ സായാഹ്നത്തിലെ ആഘോഷങ്ങളിലായിരുന്നു, അവരുടെ 'ഹോഗ്മനെ' എന്ന ഉത്സവരാവുകള്‍.

ലോകം ഏറ്റവും വലിയ ആഘോഷങ്ങള്‍ക്ക് സാക്ഷിയാകുന്ന നിമിഷങ്ങളിലൊന്നാണ് പുതുവര്‍ഷം പിറക്കുന്ന സമയം. ന്യൂ ഇയര്‍ ഈവിന് സന്തോഷത്തോടെ ആളുകള്‍ പലയിടത്തും ഒത്തുകൂടാറുണ്ട്. സ്‌കോട്ട്‌ലന്‍ഡിലെ ജനങ്ങളെ സംബന്ധിച്ച് ന്യൂ ഇയര്‍ ആഘോഷത്തിന് വളരെയേറെ ചരിത്ര പ്രാധാന്യം കൂടിയുണ്ട്. 400 വര്‍ഷക്കാലം ക്രിസ്മസ് ആഘോഷിക്കാനാകാത്ത ജനതയുടെ സന്തോഷനിമിഷമാണ് അവര്‍ക്ക് ന്യൂ ഇയര്‍.

കോവിഡില്‍ നിറംമങ്ങിയ ആഘോഷം ഇക്കുറി ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് സ്‌കോട്ടിഷ് ജനത. ഇവര്‍ക്കൊപ്പം ലോകവും കാത്തിരിക്കുകയാണ് ഈ ദൃശ്യവിസ്മയത്തിന് സാക്ഷിയാകാന്‍.

ഹോഗ്മനെയില്‍നിന്നും | photo: @TomDuffinPhotos

എഡിന്‍ബര്‍ഗിലെ ആഘോഷരാവ്, സ്‌കോട്ടിഷ് ജനതയുടെ ഹോഗ്മനെ

ന്യൂ ഇയര്‍ സായാഹ്നം അല്ലെങ്കില്‍ വര്‍ഷത്തിലെ അവസാന ദിവസം എന്ന അര്‍ഥം വരുന്ന സ്‌കോട്ടിഷ് പദമാണ് 'ഹോഗ്മനെ'. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ലിസ്റ്റ് നോക്കിയാല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെ സ്‌കോട്‌ലന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബര്‍ഗിലെ 'ഹോഗ്മനെ' ഉണ്ടാകും. ഈ വാക്ക് എങ്ങനെ പ്രചാരത്തില്‍ എത്തിയെന്ന് കൃത്യമായ തെളിവുകള്‍ ഇല്ലെങ്കിലും 'ഹോഗിനാനെ' എന്ന ഫ്രഞ്ച് വാക്കില്‍നിന്നാണെന്ന് പറയപ്പെടുന്നു.

1561-ല്‍ ഫ്രാന്‍സില്‍നിന്ന്‌ സ്‌കോട്‌ലന്‍ഡിലെത്തിയ സ്‌കോട്ടിഷ് രാജ്ഞി മേരിയില്‍നിന്നാണ് വാക്ക് പ്രചാരത്തില്‍ വന്നതെന്നും കരുതുന്നു. വിശുദ്ധമാസം ('holy month') എന്ന വാക്കില്‍നിന്നാകാം 'ഹോഗ്മനെ' വന്നതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ഹോഗ്മനെയില്‍നിന്നും | photo: edinburghogmanay.com

ലോകമെമ്പാടുനിന്നുമുള്ള ധാരാളം വിനോദ സഞ്ചാരികള്‍ ഹോഗ്മനെയില്‍ പങ്കുചേരാന്‍ എത്താറുണ്ട്. മൂന്ന് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് സ്‌കോട്ട്‌ലന്‍ഡില്‍ ഉടനീളം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ അവസാനം മുതല്‍ ജനുവരി രണ്ടുവരെയാണ് പരിപാടികള്‍ നീണ്ടുനില്‍ക്കുന്നത്. യു.കെയിലെ മറ്റിടങ്ങളില്‍ ഒരു ദിവസമാണ് ന്യൂ ഇയറിന് അവധിയെങ്കില്‍ സ്‌കോട്ട്‌ലന്‍ഡില്‍ രണ്ടുദിവസമാണ്.

അതിഗംഭീരമായ വെടിക്കെട്ടും ആഘോഷങ്ങളുമായി ലക്ഷക്കണക്കിന് ആളുകളാണ് എഡിന്‍ബര്‍ഗില്‍ ഹോഗ്മാനെക്കായി തടിച്ചുകൂടുന്നത്.
പ്രകാശഭരിതവും ആവേശം നിറഞ്ഞതുമായ ഈ രാവ് ലോകശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ്. തെരുവില്‍ വിവിധ കലാപരിപാടികളും ആചാരങ്ങളുമായി ജനങ്ങള്‍ ഒത്തുചേരുന്നു. രാജ്യത്തുടനീളം ഹോഗ്മനെയുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളും നടക്കും.

ലോകത്തിലെ ഏറ്റവും വലിയ ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ ഒന്നാണ് ഹോഗ്മനെ. സ്‌കോട്ടിഷുകാര്‍ക്ക് വലിയ ആഘോഷമാണിത്. തെരുവുകളില്‍ പരിപാടികള്‍ക്ക് പുറമെ പള്ളികളില്‍ പ്രാര്‍ഥനയും ഉണ്ടാകും. ജനുവരി ഒന്നിന് കുട്ടികള്‍ക്കായി പ്രത്യേക പരിപാടികളൊക്കെ ഒരുക്കും. രണ്ട് ദിവസം പൊതു അവധി ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. യാത്ര ഇഷ്ടപ്പെടുന്നവര്‍, ലോകസഞ്ചാരികള്‍ എന്നിവരൊക്കെ ഒരിക്കലെങ്കിലും വരേണ്ട സ്ഥലമാണിത്. ധാരാളം ആളുകള്‍ ഇവിടെ ആഘോഷത്തില്‍ പങ്കുചേരാന്‍ മാത്രമായി എത്താറുണ്ട്. പരിപാടികള്‍ക്കുള്ള ടിക്കറ്റൊക്കെ നേരത്തെ തീരും. നല്ല ബുദ്ധിമുട്ടാണ് ടിക്കറ്റ് കിട്ടാന്‍. സ്‌കോട്ട്‌ലാന്‍ഡിലെ മലയാളികളെല്ലാം ആവേശത്തോടെ ഹോഗ്മനെയ്ക്കായി കാത്തിരിക്കുകയാണ്-

ശ്രീലക്ഷ്മി ശ്രീകുമാര്‍, സ്‌കോട്ട്‌ലന്‍ഡ്

ഫസ്റ്റ് ഫൂട്ടിങും ബ്ലാക്ക് ബണ്ണും

പുതുവര്‍ഷം പിറക്കുന്ന 12 മണിയാകുന്നതോടെ മണി മുഴങ്ങുകയും പിന്നാലെ റോഡ് സ്റ്റുവര്‍ട്ടിന്റെ 'auld lang syne' ഗാനം ആലപിക്കുകയും ചെയ്യുന്നു. വൈക്കിങ്‌സിന്റെ രൂപത്തില്‍ വേഷം ധരിച്ചാണ് മിക്ക പുരുഷന്‍മാരും ഹോഗ്മനെക്ക് എത്തുന്നത്.

ഹോഗ്മനെയില്‍നിന്നും വൈക്കിങ് വേഷധാരി | photo: gettyimages

പന്തം പിടിച്ചുകൊണ്ടുള്ള ആഘോഷവും ഹോഗ്മാനെയുടെ ഭാഗമാണ്. അതേസമയം കോവിഡിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ ഹോഗ്മനെയുടെ മാറ്റ് കുറച്ചിട്ടുണ്ട്.

ഹോഗ്മനെയില്‍നിന്നും | photo: gettyimages

കുടുംബത്തിലുള്ളവരോ കൂട്ടുകാരോ ആരെങ്കിലും പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ വീട്ടില്‍ ആദ്യം കയറുന്ന ഒരു ചടങ്ങും ഇവര്‍ അനുഷ്ഠിച്ച് വരുന്നു. ആദ്യ കാല്‍വയ്പ്പ് ( first footing) എന്ന് വിളിക്കുന്ന ഈ ചടങ്ങിനായി പരമ്പരാഗതമായി തിരഞ്ഞെടുക്കുന്നത് ഉയരമുള്ള, കറുത്ത തലമുടിയുള്ള പുരുഷനെയാണ്.

വൈക്കിങ് അധിനിവേശത്തെ സൂചിപ്പിക്കുന്നതാണ് ഈ ചടങ്ങെന്ന് പറയപ്പെടുന്നു. വൈക്കിങ്ങുകള്‍ സാധാരണയായി വെളുത്ത മുടിയുള്ളവരാണ്. ഇത്തരക്കാരുടെ വരവ് അപകടസൂചനയാണെന്നും ഇവര്‍ കരുതുന്നു.

ഹോഗ്മനെയില്‍നിന്നും വൈക്കിങ് വേഷധാരികള്‍ | Photo: gettyimages

ഫസ്റ്റ് ഫൂട്ടിങ് ഗിഫ്റ്റ് ആയി 'ബ്ലാക്ക് ബണ്‍' എന്ന ഭക്ഷണവും നല്‍കുന്ന പതിവുമുണ്ട്‌. നിങ്ങള്‍ സന്ദര്‍ശിക്കുന്ന വീട്ടിലുള്ളവര്‍ വരും വര്‍ഷത്തില്‍ പട്ടിണിയിലാകരുത് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ആദ്യമായി വീട്ടില്‍ പ്രവേശിക്കുന്ന വ്യക്തിയെ 'ഫസ്റ്റ് ഫൂട്ടര്‍' എന്നാണ് വിളിക്കുന്നത്.
വരും മാസങ്ങളില്‍ വീട്ടില്‍ ചൂട് നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാനായി കല്‍ക്കരി കൊണ്ടുവരാനും ഫസ്റ്റ് ഫൂട്ടര്‍ ശ്രദ്ധിക്കാറുണ്ട്. ന്യൂ ഇയറിന് മുന്‍പായി വീടുകളിലെ പഴയ ചാരമെല്ലാം മാറ്റി വൃത്തിയാക്കാറുണ്ട്.

ക്രിസ്മസില്ലാത്ത 400 വര്‍ഷങ്ങള്‍

നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പുതുവര്‍ഷ ആഘോഷങ്ങള്‍ സ്‌കോട്ട്‌ലന്‍ഡില്‍ നടക്കാറുണ്ടായിരുന്നു. വിളവെടുപ്പ് കഴിയുന്ന, വര്‍ഷാവസാനത്തില്‍ നടക്കുന്ന ഈ ആഘോഷം 'സാംഹൈന്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

പിന്നീട് ഒരു മധ്യശൈത്യ യൂള്‍ ആഘോഷമായി ഇത് മാറി. കത്തോലിക്കാ മതം രാജ്യത്തെ പ്രധാനമതമായി മാറിയപ്പോഴും ഈ ആഘോഷം തുടര്‍ന്നുപോന്നു. ഭക്ഷണം കഴിക്കുകയും അയല്‍ക്കാരെ സന്ദര്‍ശിക്കുകയും പാര്‍ട്ടികള്‍ നടത്തുകയും ഒക്കെ ചെയ്യാറുള്ള ആഘോഷത്തിന്റെ കാലഘട്ടമായിരുന്നു ഇത്. 'ഡാഫ്റ്റ് ഡേയ്‌സ്' എന്ന പേരിലാണ് ഈ കാലഘട്ടം അറിയപ്പെട്ടിരുന്നത്.

Photo: Getty images

എന്നാല്‍ 1560-ല്‍ ക്രിസ്ത്യന്‍ മതം എങ്ങനെ പിന്തുടരണം എന്നതിനെ കുറിച്ച് വാദപ്രതിവാദങ്ങള്‍ ഉണ്ടായി. Reformation കാലഘട്ടം എന്നാണ് ഇക്കാലയളവ് അറിയപ്പെടുന്നത്.

മതപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നവര്‍, കത്തോലിക്കാമതവുമായി ബന്ധപ്പെട്ട ക്രിസ്മസ് ഉള്‍പ്പെടെയുള്ള പല ആഘോഷങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും ശക്തമായി നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ക്രിസ്മസ് ആഘോഷിച്ചവര്‍ക്ക് പരസ്യശാസനകള്‍ നേരിടേണ്ടി വന്നു.

Photo: Getty images

തുടര്‍ന്ന് എണ്‍പതുകൊല്ലത്തിനു ശേഷം, 1640-ഓടെ ക്രിസ്മസ് അവധിക്ക് ഔദ്യോഗികമായി വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഒരു നിയമം തന്നെ പാര്‍ലമെന്റ് കൊണ്ടുവന്നു. ഈ വിലക്കാകാം ആഘോഷങ്ങളും പരിപാടികളും പുതുവര്‍ഷവേളയിലേക്ക് മാറാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ നിയമം ഭാഗികമായി പിന്‍വലിച്ചു. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡില്‍ ആഘോഷിക്കുന്നതിനുള്ള നിമിഷമായി പുതുവര്‍ഷം അപ്പോഴേക്കും മാറിക്കഴിഞ്ഞിരുന്നു. നൂറ്റാണ്ടുകള്‍ക്കിപ്പുറം 1958-ലാണ് രാജ്യത്ത് ക്രിസ്മസ് പൊതു അവധിയായി മാറിയത്.

Content Highlights: What is Hogmanay and history and tradition of the Scottish festival

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Eden Gardens

1 min

വെറും ക്രിക്കറ്റ് സ്റ്റേഡിയം മാത്രമല്ല; സസ്യസമ്പത്തും പാര്‍ക്കും പഗോഡയുമുള്ള ഈഡന്‍ ഗാര്‍ഡന്‍സ്

Jun 5, 2023


achankovil

2 min

അച്ചന്‍കോവിലിനെ പ്രണയിച്ച ബ്രിട്ടീഷുകാരന്‍; ബോര്‍ഡിലോണിന്റെ 'ബംഗ്ലാവ് മുരുപ്പേല്‍' ഇപ്പോഴുമുണ്ട്

Jun 4, 2023


Rakul Preet Singh

1 min

'വിസ്മയദ്വീപിലെ വാട്ടര്‍ബേബി'; വിദേശത്ത് അവധി ആഘോഷിച്ച് നടി രാകുല്‍ പ്രീത്

Jun 4, 2023

Most Commented