തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിലെ മഴ ജലാശയ പാർക്ക് | Photo-Mathrubhumi
തളിപ്പറമ്പ്: മഴവെള്ളം പാഴായെന്നുള്ള പ്രയോഗം യഥാര്‍ത്ഥത്തില്‍ അന്വര്‍ഥമായിരിക്കുകയാണ് തളിപ്പറമ്പില്‍. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ നിര്‍മിച്ച മഴ ജലാശയ പാര്‍ക്ക് പാഴ്പദ്ധതിയായി തീര്‍ന്നിട്ട് വര്‍ഷങ്ങളായി. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി 2014 നവംബറിലാണ് പൂര്‍ത്തിയാക്കിയത്. 3.75 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള പ്രത്യേകം നിര്‍മിച്ച കുളത്തില്‍ മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കലായിരുന്നു ലക്ഷ്യം.
കുളത്തിനുമുകളില്‍ സ്ഥാപിച്ച മേല്‍പ്പുരയില്‍നിന്ന് പൈപ്പ് ലൈന്‍ വഴിയായിരുന്നു വെള്ളം ശേഖരിച്ചത്. കടുത്ത വേനലില്‍ ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെടെ ജലാശയ പാര്‍ക്കില്‍നിന്ന് ശുദ്ധജലമെത്തിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പ്രവൃത്തിയുടെ ആരംഭത്തില്‍ കൗതുകമുണര്‍ത്തിയ ജലാശയ പാര്ക്കിന് 12 ലക്ഷം രൂപയായിരുന്നു അടങ്കല്‍.
പാര്‍ക്കിന്റെ ഇപ്പോഴത്തെ സ്ഥിതി ദയനീയമാണ്. സംഭരണിയും പരിസരവും കാടുമൂടി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി. തുടര്പ്രവര്ത്തനങ്ങളില്ലാത്തതിനാല് സംഭരണിയിലേക്കുള്ള ജലശുചീകരണ സംവിധാനം പൂര്‍ണമായും മലിനപ്പെട്ടു.
കുളത്തിനുള്ളിലെ പ്ലാസ്റ്റിക് ഷീറ്റ് പഴകി കീറിനശിച്ചു.ഇപ്പോള്‍ കാല്‍ഭാഗത്തോളം കെട്ടിനില്‍ക്കുന്ന വെള്ളം മലിനപ്പെട്ട് കൊതുക് വളര്‍ത്തുകേന്ദ്രം പോലെയായി. ജലാശയ പാര്‍ക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ സംഭരണിയിലെ വെള്ളം നീക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം. ഈ ഭാഗത്ത് കൊതുകുശല്യം രൂക്ഷമാണ്. പാര്‍ക്കിന്റെ ഇപ്പോഴുള്ള അവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ലക്ഷങ്ങളാകും മഴ വെള്ളത്തില്‍ ഒലിച്ചു പോവുക.
Content Highlights: water park in taliparampa at its end of destruction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..