നുരപൊട്ടി തീരാത്ത ബിയര്‍ ബോട്ടില്‍ പോലെയൊരു നഗരം; സൈഗോണ്‍


എഴുത്തും ചിത്രങ്ങളും: എം എ ഷാനവാസ്

യുദ്ധം മുറിവേൽപ്പിച്ച വിയറ്റ്നാമിന്റെ മാറുന്ന മുഖങ്ങളിലൂടെ അവിടത്തെ വ്യത്യസ്തമായ കാഴ്ചകളിലൂടെ ഒരു സഞ്ചാരം

-

വിടെ ഓരോ പുലര്‍ച്ചകളും രാവുകള്‍ക്കായുള്ള കാത്തിരിപ്പുകളാണ്. ഓരോ രാവുകളും കാമനകളുടെ എല്ലാ കെട്ടുകളും പൊട്ടിച്ചെറിയാനുള്ള ആഘോഷനിമിഷങ്ങളാണ്. പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധങ്ങളുടെയും കൊളോണിയല്‍ കടന്നുകയറ്റങ്ങളുടെയും നരഹത്യകളുടെയും വിറങ്ങലിച്ച ഓര്‍മകളെ ഈ ജനത തെരുവുകളില്‍ മദ്യത്തിലും മദിരാക്ഷികളിലും മുങ്ങിനിവര്‍ന്ന് വിസ്മരിച്ചുകളയുന്നു. പകലുകളില്‍ ചിട്ടതെറ്റാതെ തൊഴിലിടങ്ങളിലേക്ക് പായുന്ന ഇവര്‍ രാവുകളില്‍ തേനീച്ചക്കൂട്ടത്തെപ്പോലെ ലഹരികളിലേക്ക് വീണ്ടും വീണ്ടും വീഴുന്നു.

സൈഗോണ്‍ ഒരിക്കലും ഉറങ്ങുന്നില്ല
ഹോച്മിന്‍സിറ്റി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുമ്പോള്‍ സമയം ഉച്ചകഴിഞ്ഞിരുന്നു. പുലര്‍ച്ചെ പെയ്ത മഴയില്‍ സൈഗോണ്‍ നനഞ്ഞുകിടന്നു. സമയം മൂന്നുമണിയോടടുക്കുന്നു. ഈ ഭൂമികയിലെത്തിയാല്‍ ജീവിതം ഒരു വിയറ്റ്‌നാമിയനെപ്പോലെയാവണമെന്ന് ആദ്യമേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ യാത്രയില്‍ എന്റെ സഹചാരിയായ വിനോദ്കൃഷ്ണന് പഠനവും ഗവേഷണവും മറ്റുമായി വിയറ്റ്‌നാമുമായി ദീര്‍ഘകാല ബന്ധമുണ്ട്.

1
തെരുവോരഭക്ഷണം

ലോകപ്രശസ്തമാണ് വിയറ്റ്‌നാമിയന്‍ സ്ട്രീറ്റ് ഫുഡിന്റെ പെരുമ. എയര്‍പോര്‍ട്ടില്‍നിന്ന് ഹോട്ടലിലേക്ക് സര്‍വീസ് ബസ്സില്‍ 10000 ഡോങ് കൊടുത്ത് ടിക്കറ്റെടുക്കുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. നന്ദി
ഞങ്ങള്‍ക്കിറങ്ങേണ്ട മീന്‍തായ് ബസ്സ്‌റ്റേഷനിലേക്ക് അരമണിക്കൂര്‍ യാത്രയുണ്ട്. വിയറ്റ്‌നാമില്‍ ബസ്സുകള്‍ സര്‍വീസ് തുടങ്ങിയിട്ട് അധികനാളുകളായിട്ടില്ല. ബൈക്ക് ടാക്‌സികളാല്‍ സമ്പന്നമായിരുന്നു ഇവിടം. പ്രധാന നിരത്തുകളിലൂടെ ബസ് കുറെ ദൂരം ഓടി. ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ പലരും ഇറങ്ങിപ്പോയി. യാത്ര അവസാനിക്കയാണ്. ബസ് സ്റ്റേഷനോടടുത്തു.

''സൈഗോണിലെ ഒരു പകല്‍ ഔദ്യോഗികമായി അവസാനിക്കാറായി'' ചെറുചിരിയോടെ വിനോദ് പറഞ്ഞു. രാവിലെ ഏഴരയോടെ ഓഫീസുകളും വ്യാപാരശാലകളും പ്രവര്‍ത്തിച്ചുതുടങ്ങും. വൈകുന്നേരം നാലരയോടെ ഒരു പ്രവൃത്തി ദിവസം അവസാനിക്കുമ്പോള്‍ റോഡുകള്‍ വീണ്ടും സജീവമാകും. പ്രധാന റോഡുകളും ഹൈവേകളും ബൈക്കുകളും മോപെഡുകളുംകൊണ്ട് നിറയും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ രാജ്യത്ത് പ്രധാന ഓട്ടോമൊബൈല്‍ വിപ്ലവം നടത്തിയത് ഹോണ്ട കമ്പനിയാണ്. വിയറ്റ്‌നാമിന്റെ മുഖമുദ്രയായ സൈക്കിള്‍ അപ്പാടെ ഹോണ്ട തുടച്ചുമാറ്റി. അഞ്ചുവര്‍ഷം മുന്‍പ് നാമമാത്രമായ കാറുകള്‍ ഉണ്ടായിരുന്ന ഇവിടമിപ്പോള്‍ വിദേശ കാര്‍വിപണിയുടെ വന്‍ വില്പനകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.

സൈഗോണിലെ ഏറ്റവും ആളനക്കമുള്ള തെരുവുകളിലൊന്നായ ഫാങ്ങുവിലായിരുന്നു ഹോട്ടല്‍. വൃത്തിയുള്ള വിശാലമായ മുറി. ഈ നിരക്കില്‍ നാട്ടില്‍ ഒരു മുറി സങ്കല്പിക്കാന്‍ വയ്യ. മുറിക്കകത്ത് നേര്‍ത്ത തണുപ്പില്‍ ഞാന്‍ ക്യാമറയുടെ ബാറ്ററി ഗ്രിപ്പും ലെന്‍സും ഫിറ്റുചെയ്യുമ്പോള്‍ പുറത്ത് അന്തിവെട്ടം പരക്കുന്ന തെരുവ് രാവിലെ ആഘോഷത്തിനായി ഒരുങ്ങുകയാണ്.

ദാ... ഇതാണാ മുറിവേറ്റ ദേശം

പിടിച്ചടക്കലിന്റെയും അനുഭവിപ്പിക്കലിന്റെയും കൊളോണിയല്‍ രീതിശാസ്ത്രങ്ങള്‍ക്കെതിരെ ചാവേറങ്കം നടത്തിയ ആയുധങ്ങള്‍ക്കുമേല്‍ ആത്മബലംകൊണ്ട് വിജയം നേടിയ ഒരു ജനതയുടെ കണ്ണീരുംപിന്നെ വിജയാരവങ്ങളും മുഴങ്ങുന്ന, ഒരുപാട് തെരുവുകളുടെ, നഗരങ്ങളുടെ സംസ്‌കൃതികളുടെ സ്വന്തം വിയറ്റ്‌നാം.

ഫാങ്ങുവിലായിലെ ജിയാങ്‌സാന്‍ ഹോട്ടലിന് തൊട്ടടുത്ത തെരുവില്‍ മൂന്നാമത് തിരിവ്.വിയറ്റ്‌നാം വാര്‍ഫോട്ടോഗ്രാഫര്‍ ഹ്യൂവിനെ തേടിയാണ് യാത്ര. ബൊഗൈന്‍ വില്ലകളാല്‍ മൂടിയ കടും നിറങ്ങള്‍ പൂശിയ വിന്റേജ് ശൈലിയിലുള്ള ഒരുപാട് വീടുകളുണ്ടിവിടെ. പഴയ ഫ്രഞ്ച് യുഗത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന തിരുശേഷിപ്പുകള്‍. പരിചയപ്പെടലിനും ആമുഖങ്ങള്‍ക്കുംശേഷം ഹ്യൂ നിശ്ശബ്ദനായി.

സിഗാര്‍ പേറ്ററില്‍ ഹാനോയ് പുകയില പൊതിഞ്ഞ് മാറ്റിവെച്ചു. മെല്ലെ എന്നെ നോക്കി ചിരിച്ചു. ആ കണ്ണുകളില്‍... കൃഷ്ണമണികളില്‍ കഴിഞ്ഞ അശാന്തമായ കാലത്തിന്റെ ഓര്‍മകള്‍ ചെറുഞരമ്പുകളായി പടര്‍ന്നുകയറിയിരിക്കുന്നത് ഞാന്‍ കണ്ടു.

''ഞാന്‍ ഇപ്പോള്‍ പുറത്തേക്കങ്ങനെ പോകാറില്ല. ഇതിപ്പോള്‍ ചെറുപ്പക്കാരുടെ വിയറ്റ്‌നാമാണ്... ഇവരുടെ രീതികളും കാഴ്ചപ്പാടുകളും ഒക്കെ പുതിയതാണ്. ഇതെനിക്കപരിചിതമാണ്...''
ഹ്യൂ പറഞ്ഞുതുടങ്ങി. എഴുപത്തഞ്ച് വര്‍ഷങ്ങളുടെ ജീവിതം കണ്ട ആ ശബ്ദം പതിഞ്ഞതെങ്കിലും ദൃഢമായിരുന്നു.

2

''ഒരര്‍ഥത്തില്‍ സൈഗോണ്‍ വിയറ്റ്‌നാമിന്റെ രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് മാഞ്ഞുപോയ പേരാണ്...കോളനിവാഴ്ചകള്‍ക്കുശേഷം പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധങ്ങളിലെല്ലാം വിയറ്റ്‌നാം തെക്കും വടക്കുമായി രണ്ടായിത്തന്നെ നിന്നു. ദേശത്തിന്റെ പുനര്‍യോജനത്തിനായി വടക്കന്‍ വിയറ്റ്‌നാമിന്റെ നേതൃത്വത്തില്‍ തെക്കന്‍ നഗരങ്ങള്‍ ഒന്നൊന്നായി പിടിച്ചടക്കി.

1975 ഏപ്രില്‍ 30
അവസാനം വിയറ്റ്‌നാം പീപ്പിള്‍സ് ആര്‍മി സൈഗോണിലും പ്രവേശിച്ചു. തന്‍ സന്‍ ന്യൂ എയര്‍പോര്‍ട്ടും നഗരത്തിലെ പ്രധാന ഭാഗങ്ങളും വിയറ്റ്‌നാം പീപ്പിള്‍സ് ആര്‍മിയുടെ അധീനതയില്‍ ആയതോടെ യുദ്ധങ്ങളുടെ ദുരിതകാലം അവസാനിച്ചു. സൈഗോണിന്റെ പതനത്തോടെ നഗരനാമം 'ഹോച്മിന്‍ സിറ്റി' എന്ന് പുനര്‍നാമം ചെയ്യപ്പെട്ടു. ഞാനന്ന് തെക്കന്‍ വിയറ്റ്‌നാം സൈന്യത്തോടൊപ്പമായിരുന്നു...'' ഹ്യൂ പറഞ്ഞുനിര്‍ത്തി.

''ചിത്രങ്ങള്‍തേടി ജീവന്‍ ട്രഞ്ചുകളില്‍ ഒളിച്ചുവെച്ച കാലം. അതങ്ങനെയൊരു കാലം...''പുതിയൊരു യുഗം ആരംഭിക്കുകയായി. വിയറ്റ്‌നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ പുതിയ യുഗം. നാടെങ്ങും മഞ്ഞ നക്ഷത്രം പതിച്ച പുതിയ ചെങ്കൊടികള്‍ പാറി. തെരുവുകള്‍ സ്വാതന്ത്ര്യഗീതംകൊണ്ട് മുഖരിതമായി... പക്ഷേ, നിരന്തരമായ പോരാട്ടങ്ങള്‍കൊണ്ട് ജീവിക്കാന്‍ മറന്നുപോയ പഴയ സഖാക്കള്‍ക്ക് പുതിയ ഭരണകൂടം തണലായോ? അറിയില്ല! ഇറങ്ങാന്‍ നേരം എന്റെ ക്യാമറയിലെ ചിത്രങ്ങള്‍ ഹ്യൂ വെറുതെ സ്‌ക്രോള്‍ ചെയ്തുനോക്കി. ഞങ്ങള്‍ മറ്റൊരു കാലത്തിലായിരുന്നു നിറങ്ങളില്ലാത്ത കാലം.

3
നഗരത്തിലെ രാത്രിക്കാഴ്ച

ഹ്യൂമിനോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ വൈകി. മെയിന്‍ റോഡിലൂടെ കറങ്ങിത്തിരിഞ്ഞുവന്നപ്പോള്‍ ഞങ്ങള്‍ ഓപെറ ഹൗസിന് മുന്നിലെത്തി. വിയറ്റ്‌നാമിന്റെ ദേശവികാരവും സംസ്‌കൃതിയും കാവ്യാത്മകമായി ലയിച്ചുചേര്‍ന്ന വിയറ്റ്‌നാമീസ് ഓപെറകള്‍ മനോഹരമായ ദൃശ്യവിരുന്നാണ്. ഇരുട്ടിലാണെങ്കിലും അരികുവെളിച്ചങ്ങളില്‍ ഓപെറാഹൗസ് മനോഹരമായ കാഴ്ചയായി. അന്തി രാവിന് വഴി മാറിയപ്പോള്‍ തെരുവൊരു തീന്‍മേശയായി. ഫാങ്ങുലാവ് സംഗീതസാന്ദ്രമായ്... ഞങ്ങള്‍ രണ്ട് രാഗങ്ങളും!

നേര്‍ത്ത തണുത്ത കാറ്റ് വിന്‍ഡ് ഗ്ലാസ്സിനിടയിലൂടെ ചെവിയിലേക്ക് ചൂളംകുത്തിയപ്പോള്‍ ഞാനുണര്‍ന്നു. സൈഗോണ്‍മെങ്ങോങ്ങ് ന്യൂ ഹൈവേയിലൂടെ ഫോഡിന്റെ 150 വാഗണ്‍ വേഗം തെളിയിച്ചുകൊണ്ടിരുന്നു. മെക്കോങ് ഡെല്‍റ്റയിലേക്കാണ് യാത്ര. മെക്കോങ്ങിലേക്കുള്ള ഈ പാത പുതിയതാണ്. റോഡിനിരുവശവും വിശാലമായ നെല്‍പ്പരപ്പുകള്‍. ഇടയ്ക്കിടെ വീടുകളും ചെറിയ ടൗണ്‍ഷിപ്പുകളും കാണാം. കൃഷിയിടങ്ങളും വീടുകളുമടങ്ങുന്ന ഗ്രാമപ്രദേശങ്ങള്‍ കമ്പിവേലികെട്ടി തിരിച്ചിരിക്കുന്നത് ഞാന്‍ കൗതുകത്തോടെ ശ്രദ്ധിച്ചു.

ഇവിടെ തദ്ദേശീയര്‍ അല്ലാത്തവര്‍ക്ക് ഗ്രാമങ്ങളിലേക്ക് പെട്ടെന്ന് പ്രവേശിക്കാനാവില്ല. വിദേശികള്‍ക്ക് ഗ്രാമത്തില്‍ പോവുന്നതിനും അവരുമായി ഇടപഴകുന്നതിനും ഔദ്യോഗിക അനുമതി വേണം. എന്തെങ്കിലും അപകടം സംഭവിക്കയാണെങ്കില്‍ പോലീസിന് പെട്ടെന്ന് എത്തുന്നതിനും ഇടപെടുന്നതിനുമായി ഗ്രാമത്തിലെ വീടുകള്‍ റോഡിനോട് ചേര്‍ന്നുതന്നെ ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്... പിന്‍സീറ്റിലിരുന്ന് വിനോദ് പറഞ്ഞു. വിചിത്രമായി തോന്നി എനിക്കീ നിയമങ്ങളൊക്കെയും ചൈനീസ് വംശജനായിരുന്നു ഞങ്ങളുടെ ഡ്രൈവര്‍ യുവാന്‍. യുവാന്റെ അമ്മ ചൈനീസ് വംശജയും അച്ഛന്‍ വിയറ്റ്‌നാമിയനുമാണ്. അങ്ങനെയുള്ള സങ്കരജനത വിയറ്റ്‌നാമില്‍ ധാരാളമുണ്ട്. ഇംഗ്ലീഷ് അല്പാല്‍പ്പമൊക്കെ യുവാന് മനസ്സിലാവും. പക്ഷേ, വിയറ്റ്‌നാമിസ് ആക്‌സന്റില്‍ പരത്തിപ്പറയണം.

ഫോര്‍വീലറുകള്‍ക്കു മാത്രമായുള്ള പാതയിലൂടെ വണ്ടി വേഗമെടുത്തുകൊണ്ടിരുന്നു. വിയറ്റ്‌നാമിലെ നാട്ടുവഴികള്‍പോലും മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. കൃത്യമായ നഗരപരിചരണത്തിന് മികച്ച ഉദാഹരണമാണീ ദേശം. കുട്ടികള്‍ക്കായുള്ള പാര്‍ക്കുകള്‍ മുതല്‍ പബ്ലിക് ടോയ്‌ലെറ്റുകള്‍ വരെ കൃത്യമായി കേടുപാടുകള്‍ തീര്‍ത്ത് പരിചരിച്ചുകൊണ്ടിരിക്കുന്നു. നഗരഹൃദയങ്ങളില്‍ പൂന്തോട്ടങ്ങളും ഭംഗിയായി വെട്ടിയൊതുക്കിയ മരങ്ങളും എവിടെയും കാണാം.

ജാപ്പനീസ് ബോണ്‍സായുടെ സ്വാധീനം സൗത്ത് വിയറ്റ്‌നാമില്‍ പ്രകടമാണ്. കൂറ്റന്‍ സെറാമിക് ഭരണികളില്‍ നട്ടുവളര്‍ത്തിയ ബോണ്‍സായ് വൃക്ഷങ്ങള്‍ നഗരത്തിലെ മിക്ക വീടുകളിലെയും അലങ്കാരമാണ്. വിയറ്റ്‌നാം ഗ്രാമങ്ങളാകട്ടെ എല്ലാ അര്‍ഥത്തിലും പരിഷ്‌കാരങ്ങള്‍ തൊട്ടുതീണ്ടാത്തവ ആയിരുന്നു. ചെറുതോടുകളും കൈവഴികളും തെങ്ങിന്‍തോപ്പുകളും പ്ലാവും പുളിയും നിറഞ്ഞ ഗ്രാമത്തോപ്പുകള്‍ കുട്ടനാടിനെയും ആലപ്പുഴയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളെയുമൊക്കെ ഓര്‍മിപ്പിച്ചു.

വില്ലേജ് ടൂറിസം
ഇന്ന് വിയറ്റ്‌നാമിന്റെ ടൂറിസ്റ്റ് പാക്കേജില്‍ ശ്രദ്ധനേടി വരുന്ന ഇനമാണ് വില്ലേജ് ടൂറിസം. നിശ്ചിത തുക കൊടുത്താല്‍ വിയറ്റ്‌നാം ഗ്രാമങ്ങളിലെ വീടുകളില്‍ താമസിക്കാം. വണ്ടി കൈറാങ്ങിലെത്തുമ്പോള്‍ സമയം പത്തര. രാവിലത്തെ തണുപ്പുമാറി ചൂട് ശക്തിപ്രാപിച്ചുവരുന്നു. കൈറാങ് മെക്കോങ്ങിലേക്കുള്ള മൂന്ന് പ്രധാന കവാടങ്ങളില്‍ ഒന്നാണ്.എനിക്കു മുന്നില്‍ സൗത്ത് വിയറ്റ്‌നാമിന്റെ ജീവജല വാഹിനിയായ മെക്കോങ് ഡെല്‍റ്റ കൈവഴികളായി പരന്നുകിടന്നു. വിയറ്റ്‌നാമിന്റെ പത്തായപ്പുര എന്നാണ് ട്രാവല്‍ ഗൈഡുകള്‍ മെക്കോങ്ങിനെ വിശേഷിപ്പിക്കുന്നത്. ഈ ദേശത്തെ ഊട്ടുന്നതും ഉറക്കുന്നതും ഈ നദിയാണ്. മെക്കോങ്ങിനെ പൊതിഞ്ഞുനില്‍ക്കുന്ന നെല്‍പ്പാടങ്ങളില്‍ മാത്രമല്ല ദക്ഷിണ വിയറ്റ്‌നാമിന്റെ പ്രവിശ്യകളിലേക്കും കനാലുകളായും ചെറുതോടുകളായും ഒഴുകിയെത്തുന്നത് മെക്കോങ്ങിലെ ജലമാണ്.

8
കുച്ചിയിലെ ടണലിലേക്ക്

നദിക്കരയിലെ മിക്ക വീടുകളുടെ മുന്‍ഭാഗങ്ങളിലും യാത്രയ്ക്കായുള്ള ഒന്നോ രണ്ടോ ചെറുവഞ്ചികള്‍ കെട്ടിയിട്ടിരിക്കുന്നതുകാണാം. പുലര്‍കാലങ്ങളാണ് മെക്കോങ്ങിലെ ഏറ്റവും സജീവമായ സമയം. ലോകപ്രശസ്തമായ മെക്കോങ്ങിലെ ഫ്‌ളോട്ടിങ് മാര്‍ക്കറ്റുകള്‍ ഈ നദിയുടെ കൈവഴികളില്‍നിന്നും കാന്‍തോയിലേക്ക് ഒഴുകിയെത്തുന്നത് പുലര്‍കാലങ്ങളിലാണ്. കാന്‍തോയി അപ്പോള്‍ ചെറുതും വലുതുമായ നൂറുകണക്കിന് തോണികളാല്‍ നിറയും. പൂക്കളും പച്ചക്കറികളും സൊവനീറുകളും പഴങ്ങളുമടക്കം എന്തും വിറ്റുപോകുന്ന അത്ഭുത വിപണിയായി ഈ ഒഴുകുന്ന മാര്‍ക്കറ്റ് അപ്പോള്‍ മാറും.

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ മൊത്തക്കച്ചവടക്കാര്‍ക്ക് നേരിട്ട് വില്‍ക്കാനുള്ള അവസരമെന്ന നിലയ്ക്ക് ഫ്‌ളോട്ടിങ് മാര്‍ക്കറ്റ് ഒരനുഗ്രഹമാണ്. മെക്കോങ്ങിന്റെ കൈവഴികളിലൂടെ രണ്ടുമണിക്കൂര്‍ കറങ്ങി തിരിച്ചെത്താന്‍ 20 ഡോളര്‍ മുടക്കി ഞങ്ങളൊരു ബോട്ട് വാടകയ്‌ക്കെടുത്തു. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ബോട്ട്. കാഴ്ചകള്‍ കാണാനായി ഇരുവശവും കുറച്ച് മരക്കസേരകള്‍ അടുക്കിയിട്ടുണ്ട്. നദിയുടെ ഓരംചേര്‍ന്ന് ഞങ്ങള്‍ യാത്രയാരംഭിച്ചു. ഇരുകരകളിലും അധികവും വ്യാപാരശാലകളാണ്. റംബൂട്ടാന്‍ പഴങ്ങള്‍ നിറച്ച പായക്കൊട്ടകളുമായി നദിക്കരയില്‍ വലിയൊരു ഗോഡൗണ്‍. ബോട്ടടുപ്പിച്ച് കുറച്ചു ചിത്രങ്ങളെടുത്തു. തഴപ്പായയില്‍ നെയ്ത കുട്ടകളില്‍ തീപ്പഴംപോലെ റംബൂട്ടാന്‍ വെയിലില്‍ തിളങ്ങി.

പ്രഭാതത്തിലെ കച്ചവടം കഴിഞ്ഞ് ഇനിയും ചില ബോട്ടുകള്‍ പോയിട്ടില്ല. നദിയില്‍ നങ്കൂരമിട്ട് വിശ്രമിക്കുകയാണവര്‍. കോണിക്ക് തൊപ്പിധരിച്ച തുഴച്ചില്‍ക്കാരികളുമായി ചെറുയാത്രാ വഞ്ചികള്‍ ഇടയ്ക്കിടെ ഞങ്ങളെ കടന്നുപോയി. ഇരുവശത്തേക്കും താഴ്ത്തിക്കെട്ടിയ തുഴയില്‍ എഴുന്നേറ്റുനിന്ന് ഒരു പ്രത്യേക താളത്തില്‍ അവര്‍ തുഴഞ്ഞുകൊണ്ടിരുന്നു. മേക്കോങ്ങിലെ തുഴച്ചില്‍കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. വിയറ്റ്‌നാമിന്റെ നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക് വലുതാണ്. നദിയുടെ ഇരുവശങ്ങളിലും ഇപ്പോള്‍ വലിയ പാണ്ടികശാലകളാണ്.

സൗത്ത് വിയറ്റ്‌നാമിനുവേണ്ട അരിയും ഉണക്കമീനും കുരുമുളകും പഴങ്ങളും തുണിയും മെക്കോങ്ങിന്റെ കരകളിലെ പാണ്ടികശാലകളില്‍ സൂക്ഷിക്കപ്പെട്ടു. സൈഗോണിന് ഫാങ്ങുലാവ്‌പോലെയാണ് കാന്‍തോയിക്കും ലോങ്ങാനും മെക്കോങ് എന്നെനിക്കു തോന്നി. കര കായലിനു വഴിമാറുന്നു എന്നേയുള്ളൂ. മെക്കോങ്ങിന്റെ വ്യവസായമുഖം ദരിദ്രമാണ്. കൃഷിയും മത്സ്യബന്ധനവുമാണ് പ്രാഥമിക വരുമാന മേഖല. വ്യവസായത്തില്‍ അല്പമെങ്കിലും ഭേദമെന്നു പറയാവുന്നത് കാന്‍തോയിയാണ്. ചില പവര്‍പ്ലാന്റുകളും വളക്കമ്പനികളുമൊക്കെ കാന്‍ തോയിയില്‍ പിടിമുറുക്കിയിട്ടുണ്ട്. കമ്പോഡിയയുടെ വാട്ടര്‍ ബൗണ്ടറി ലൈനിലൂടെയാണ് ഇപ്പോള്‍ യാത്ര. ചെറിയൊരു മിലിറ്ററി ഔട്ട്‌പോസ്റ്റും മറ്റും അവിടെ കാണാം.

വിശന്നു തുടങ്ങി. സമയം ഉച്ചകഴിയുന്നു.ബോട്ട് കരക്കടുപ്പിച്ച് ഞങ്ങള്‍ ഒരു റസ്റ്റോറന്റില്‍ ഭക്ഷണത്തിനു കയറി. സത്യത്തില്‍ അതൊരു വീടായിരുന്നു. മെക്കോങ് ഡെല്‍റ്റയിലെ യാത്രക്കാര്‍ക്ക് ഭക്ഷണത്തിനും ബിയറിനും അവിടെ സൗകര്യമുണ്ട്.ഞങ്ങള്‍ ഓരോ ഫോ ബോ ഓര്‍ഡര്‍ ചെയ്തു. 'ബോ' (ബീഫ്) ഇല്ല. ചിക്കനേ ഉള്ളൂ.

ചില്ലി സോസില്‍ റൈസ് നൂഡില്‍സും പച്ചക്കറികളും ഇറച്ചിയുമിട്ട് വേവിച്ചെടുക്കുന്ന രുചികരമായ ഭക്ഷണമാണ് ഫോ. വിയറ്റ്‌നാമിന്റെ തനത് രുചിക്കൂട്ട്. വിയറ്റ്‌നാമീസ് വിഭവങ്ങള്‍ പൊതുവെ തിളപ്പിച്ച് പാചകം ചെയ്യുന്നവയാണ്. ഭക്ഷണം വേവിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന വെള്ളവും മിക്കവാറും ഭക്ഷണത്തോടൊപ്പം അതേപടി ഉണ്ടാവും. ഫോ എത്തി. ചുരണ്ടിയെടുത്ത ചിക്കന്‍ കഷണങ്ങള്‍ കൊത്തിയരിഞ്ഞ കാരറ്റിനും ഇളവനുമൊപ്പം റൈസ് നൂഡില്‍സില്‍ വേവിച്ചെടുത്തിരിക്കുന്നു. വിശപ്പും രുചിയും ഒത്തുചേര്‍ന്നപ്പോള്‍ ഫോ പൊടുന്നനെ അപ്രത്യക്ഷമായി.

7

രസകരമായിരുന്നു ആ വീടും ചുറ്റുപാടും. പൂമുഖത്താണ് ആ വലിയ ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. പുരയിടത്തിനുചുറ്റും ഒരുപാട് മരങ്ങള്‍. ഭക്ഷണം കഴിഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ ഒരു ഗ്ലാസ് റമ്പൂട്ടാന്‍ വൈന്‍ കിട്ടി. കുടിച്ചപ്പോള്‍ തീത്തൈലംപോലെ അത് അരിച്ചിറങ്ങി. ഫോവിനും വൈനിനും റസ്റ്റോറന്റ് ഉടമ ജോയോട് നന്ദിപറഞ്ഞിറങ്ങുമ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. ബോട്ടുയാത്ര തീര്‍ക്കാനുള്ള സമയമായി. ഇനി മടങ്ങാനുള്ള നേരമേയുള്ളൂ... മെക്കോങ് ചൈനയുടെയും മ്യാന്‍മറിന്റെയും തായ്‌ലന്‍ഡിന്റെയും ജീവരക്തം... ലാവോസിന്റെയും കമ്പോഡിയയുടെയും വിയറ്റ്‌നാമിന്റെയും ഹൃദയധമനി. വിയറ്റ്‌നാമിന്റെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും രുചി ഇതിനുണ്ട്. കാലാകാലങ്ങളില്‍ കൃത്യമായി കരകവിഞ്ഞൊഴുകിയും വരണ്ടുണങ്ങിയും മെക്കോങ് വിയറ്റ്‌നാമിന്റെ കാര്‍ഷികവിധി നിര്‍ണയിച്ചുകൊണ്ടിരിക്കുന്നു.

മടങ്ങുമ്പോള്‍ വെയിലിന്റെ ആധിക്യം കുറഞ്ഞുതുടങ്ങി. റോഡിനിരുവശവും വിശാലമായ വാഴത്തോപ്പുകള്‍. വിയറ്റ്‌നാമിലിപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുകയാണ്. ഗ്രാമങ്ങളടക്കം ചെങ്കൊടി പുതച്ചിരിക്കുകയാണ്. സൈഗോണിലെ സന്ധ്യകള്‍ക്ക് അല്‍പ്പായുസ്സാണ്. സായാഹ്നം ഇരുട്ടിന് വഴിമാറുന്നത് നിമിഷങ്ങള്‍കൊണ്ടാണ്. സൈഗോണ്‍ നദിയുടെ മറുകരയില്‍ നില്‍ക്കുമ്പോള്‍ ഹോച്മിന്‍ സിറ്റി ഒരു വ്യവസായ നഗരത്തിന്റെ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. അംബരചുംബികളായ കെട്ടിടങ്ങള്‍. ഏതൊരു വികസിത രാജ്യത്തോടും കിടപിടിക്കുന്ന രീതിയില്‍ വിയറ്റ്‌നാം വളരുകയാണ്.

സൈഗോണ്‍ നദിയില്‍ ഒരു ഫ്‌ളോട്ടിങ് റസ്റ്റോറന്റ് ഒഴുകിനടപ്പുണ്ട്. അവിടെ പെയ്യുന്ന സംഗീതത്തിന്റെ നേര്‍ത്ത അലകള്‍ തീരങ്ങളിലേക്കും ഒഴുകിയെത്തുന്നുണ്ട്. കഠിനമായ മനുഷ്യാദ്ധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ വിയറ്റ്‌നാമിന്റെ പുരോഗതി. വലിയ യുദ്ധങ്ങളെ അതിജീവിച്ച ജനതയാണിതെന്ന് ഒരു കാഴ്ചകളും നമ്മെ ഓര്‍മിപ്പിക്കുകയില്ല.

ആരെയും അമ്പരപ്പിക്കുന്നതാണ് വിയറ്റ്‌നാമിന്റെ യുദ്ധചരിത്രം. ആധുനിക വിയറ്റ്‌നാമിന്റെ ചരിത്രമെഴുതിയാല്‍ അതില്‍ പകുതിയും യുദ്ധമാണ്. ലോക യുദ്ധചരിത്രത്തിലെ ഹരം കൊള്ളിക്കുന്ന ഏടുകളാണ് വിയറ്റ്‌നാം യുദ്ധത്തിന്റേത്. സ്വന്തം ഭൂമിയെത്തന്നെ പരിചയും ആയുധവുമാക്കി മാറ്റിയ അപരിചിതമായ ആ യുദ്ധമുറകള്‍ക്ക് മുമ്പില്‍ അമേരിക്കന്‍ സൈന്യം പകച്ചുപോയി. വിയറ്റ്‌നാം യുദ്ധത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ് കുച്ചി ടണലുകള്‍. ഹോച്മിന്‍ സിറ്റിയിലെ കുച്ചി ഡിസ്ട്രിക്ടിലാണ് വിയറ്റ്‌നാം യുദ്ധഭൂമിയായ കുച്ചി ടണലുകള്‍ സ്ഥിതിചെയ്യുന്നത്. കുച്ചി ടണലുകളുടെ ചരിത്രത്തിന് ഫ്രഞ്ച് ആധിപത്യത്തിന്റെ കാലത്തോളം പഴക്കമുണ്ട്. കോളനി ഭരണകാലത്ത് ഗ്രാമങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗ്രാമമുഖ്യരുടെ നേതൃത്വത്തില്‍ ഭൂമിക്കടിയില്‍ രഹസ്യമായി ടണലുകള്‍ കുഴിച്ചത്. പിന്നീട് അമേരിക്കന്‍ ട്രൂപ്പുമായി ഏറ്റുമുട്ടല്‍ തുടങ്ങിയതോടെ വിയറ്റ്‌നാം ഗറില്ലകള്‍ ഈ ടണലുകള്‍ വിദഗ്ധമായി ഉപയോഗിച്ചു.

5
ചെങ്കൊടി പാറുന്ന ഒരു ഗ്രാമം

ഗറില്ലകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ടണലുകള്‍ അദ്ഭുതകരമായ രീതിയില്‍ വികസിപ്പിക്കപ്പെട്ടു. വെറുമൊരു ഒളിത്താവളം എന്നതിനപ്പുറം ടണല്‍ ഒരു ജീവിതരീതിയായി.
ടണലുകളുടെ ഉള്ളിലേക്ക് കടന്നുചെല്ലുമ്പോഴുള്ള കാഴ്ചകള്‍ അദ്ഭുതാവഹമാണ്. ആസ്പത്രി, സ്‌കൂള്‍, ഡൈനിങ് ഏരിയ, വിശ്രമസ്ഥലങ്ങള്‍ തുടങ്ങി വിശാലമായ സൗകര്യങ്ങളാണ് അവിടെ. 121 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ടണല്‍ ഇപ്പോഴും കുച്ചിയില്‍ പ്രവര്‍ത്തനസജ്ജമാണ്. സന്ദര്‍ശകര്‍ക്ക് അവിടെ ഇറങ്ങാം. അല്പദൂരം നേര്‍ത്ത വെളിച്ചത്തിലൂടെ സഞ്ചരിക്കാം.

ഈ വഴികളിലൂടെ നടക്കുമ്പോള്‍ കുറെ സ്മരണകള്‍ നമ്മെ വന്നുപൊതിയും. ജീവനെക്കാള്‍ സ്വാതന്ത്ര്യത്തെ സ്‌നേഹിച്ച ഒരു ജനത ആയുധവുമായി കടന്നുപോയ വഴികളാണിത്. അവര്‍ പോരാളികള്‍ മാത്രമായിരുന്നില്ല. കര്‍ഷകനും കൊല്ലനും ആശാരിയും വീട്ടുവേലക്കാരിയും അധ്യാപകനും വേശ്യയും അമ്മയും കുഞ്ഞുങ്ങളും അവരിലുണ്ടായിരുന്നു. അവര്‍ ഒരു ജനതയായിരുന്നു.കുച്ചിയിലെ ടണലുകളുടെ അടുക്കള രീതിവരെ ശാസ്ത്രീയമാണ്. പാചകം ചെയ്യുന്ന പുക ഉയര്‍ന്നുപൊങ്ങാതെ പരന്നുപൊങ്ങാനുള്ള നിര്‍മാണരീതിയും മറ്റും അദ്ഭുതപ്പെടുത്തുന്നതാണ്. നടവഴികളില്‍ ജീവനെടുക്കുന്ന കെണികളുടെ സാന്നിധ്യം എവിടെയുമുണ്ട്.

വലിയൊരു സാമ്രാജ്യത്വ ശക്തിക്കെതിരെ നാട്ടറിവുകളും ദേശസ്വഭാവവും ചേര്‍ത്തുവെച്ച് അവര്‍ ചെയ്ത യുദ്ധം അമേരിക്കയെ വിറപ്പിച്ചു. സര്‍പ്പപ്പുറ്റുകളെപോലും ടണലുകളുടെ വെന്റിലേഷനാക്കുന്ന എഞ്ചിനിയറിങ് വൈഭവം അന്നാണ് ലോകം ആദ്യമായി കണ്ടത്. കൂച്ചി പോരാട്ടങ്ങള്‍ക്ക് ഉപയോഗിച്ച യന്ത്രത്തോക്കുകളും കെണികളും ഇപ്പോഴും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടണലുകളിലേക്കും ഹൈഡിങ് ട്രഞ്ചുകളിലേക്കും ഇപ്പോഴും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. 200 കിലോമീറ്ററുകളിലായി പരന്നുകിടക്കുന്ന കുച്ചി ടണലുകള്‍ ഇപ്പോഴും വിസ്മയമാണ്.

വിയറ്റ്‌നാമിന്റെ തലസ്ഥാനം.

ഹാനോയിയും വിയറ്റ്‌നാം സിറ്റിയും ചിത്രകാരന്മാരുടെ പറുദീസയാണ്.നിരത്തുകളില്‍ ആര്‍ട്ട് ഷോപ്പുകളുടെ എണ്ണം നിരവധിയാണ്. കടിച്ചുപിടിച്ച സിഗരറ്റുമായി സംഗീതം കേട്ട് ചിത്രം വരയ്ക്കുന്ന ഒരുപാട് ചിത്രകാരന്മാര്‍. പോസ്റ്റല്‍ കളറിന്റെയും ആമ്പറിന്റെയും ഗന്ധം ശ്വസിച്ച് കാന്‍വാസുകള്‍ മറിച്ചുനോക്കി സൈഗോണില്‍ പല ആര്‍ട്ട് ഷോപ്പുകളിലും ഞാന്‍ നേരം കഴിച്ചു. ചിലര്‍ ചിത്രം വരയ്ക്കുന്നതിനിടയ്ക്ക് കുശലം ചോദിച്ചു. ലോകപ്രശസ്ത പെയിന്റിങ്ങുകളുടെ കോപ്പിയും വിയറ്റ്‌നാമീസ് പെയിന്റിങ്ങുകളുടെ മികച്ച ശേഖരവും ഇവിടെയുണ്ട്. 2025 ഡോളറില്‍ മികച്ച രചനകള്‍ സ്വന്തമാക്കാം.

ഗാലറിക്ക് പുറത്ത് മഴ തകര്‍ത്തുപെയ്യുകയാണ്. 'ഗൂഗിള്‍ വെതര്‍' ഇന്നലെ പ്രവചിച്ച മഴ, കാലം തെറ്റി പെയ്യുകയാണ്. ചിത്രകാരന്‍ വാന്‍തു വരനിര്‍ത്തി എഴുന്നേറ്റു. പുതിയൊരു ക്രാവന്‍ സിഗരറ്റിന് തീ പിടിപ്പിച്ചു. ഗ്രീന്‍ ടീയും ഐസ് ക്യൂബുകളും ലയിപ്പിച്ച 'ഛാഢ' ഗ്ലാസിലേക്ക് പകര്‍ന്നു. സ്‌നേഹപൂര്‍വം ഒരു ഗ്ലാസ് എനിക്കും. ''ക്രാവനൊപ്പം ഛാഢ എനിക്കൊരു ശീലമാണ്'' വാന്‍തു പറഞ്ഞു.

6
വിയറ്റ്നാമിന്റെ മെനുവിൽ നിന്ന്

Yathra Magazine
മാതൃഭൂമി യാത്ര വാങ്ങാം

ഛാഢ മൊത്തിക്കുടിച്ച് അയാള്‍ വര തുടര്‍ന്നു. ചുവന്ന വയലുകളിലൂടെ കോണിക് തൊപ്പി ധരിച്ച ഗ്രാമീണ കന്യകകള്‍ വരിവരിയായി നടന്നുപോകുന്ന ദൃശ്യം ക്യാന്‍വാസില്‍ ജീവന്‍വെച്ചുവന്നു.
മഴ തോര്‍ന്നപ്പോള്‍ ഞാന്‍ ഹോട്ടലിലേക്ക് നടന്നു. മഴ തോര്‍ന്നെന്നേയുള്ളൂ. പൊടിയുന്നുണ്ട്. ഹോട്ടലിന്റെ വാതിലിനടുത്തെത്തിയപ്പോള്‍ പിയാനോയില്‍ എറിറ്റ് ക്ലാപ്റ്റന്റെ 'ലൈല' പെയ്യുന്നു. ഹോട്ടല്‍ ഉടമ സുന്ദരിയായ ആന്‍ ആണത്. പിയാനോ റൂമിലെ മഞ്ഞ വെളിച്ചത്തില്‍ ലൈലയെ വിരല്‍ത്തുമ്പുകളിലേക്കാവാഹിക്കുന്ന ആനിനെ ഞാന്‍ കണ്ടു.

ചില്ലുജാലകങ്ങളില്‍ മഴ പടരുന്നു. സ്വപ്‌നവും സംഗീതവും മഴയും മേളിക്കുന്ന ഒരു മനോഹര ഫ്രെയിം. പൊടിമഴയില്‍നിന്നു ഞാന്‍ ജനല്‍ ചില്ലിലൂടെ പിയാനോ വായിക്കുന്ന ആനിനെ ക്യാമറയില്‍ പകര്‍ത്തി.

Content Highlights: vietnam travelogue mathrubhumi yathra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented