ജലന​ഗരം, മാസ്കുകളുടെ ന​ഗരം, പിസയുടെ ജന്മസ്ഥലം; തീരില്ല വെനീസിന്റെ വിശേഷണങ്ങൾ


പ്രമോദ് ഇരുമ്പുഴി

12 ദിവസത്തിനിടെ യൂറോപ്പിലെ എട്ടു രാജ്യങ്ങളിലൂടെ നടത്തിയ യാത്രയ്ക്കിടയിൽ ഏറ്റവും ആകർഷിക്കപ്പെട്ട സ്ഥലമേതെന്നു ചോദിച്ചാൽ നിസ്സംശയം പറയും, വെനീസ് ആണെന്ന്.

വെനീസിലെ ​​ഗൊണ്ടോളകൾ | ഫോട്ടോ: മൻസൂർ അബ്ദു ചെറുവാടി | മാതൃഭൂമി

കടലിൽ മഹത്തരമായ ഒരു നഗരമുണ്ട്. വിശാലമായതും ചുരുങ്ങിയതുമായ നഗരങ്ങളിലൂടെ, ചലിച്ചും ഒഴുകിയും കടൽ, കടലുപ്പ് കലർന്ന കടൽ പായൽ അവളുടെ കൊട്ടാരത്തിലെ വെണ്ണക്കല്ലുകളിൽ അള്ളിപ്പിടിച്ചു...

-വെനീസ് (സാമുവൽ റോജേഴ്സ്)കായലുകളും തോടുകളും നിറഞ്ഞ ആലപ്പുഴ കണ്ട പാശ്ചാത്യർ അതിനെ വിശേഷിപ്പിച്ചത് കിഴക്കിന്റെ വെനീസ് എന്നാണ്. ഇറ്റലിയിലെ വെനീസിലെത്തുമ്പോൾ അതിന്റെ കാരണം വ്യക്തമാകും. ശരിക്കും ഒരു ജലനഗരമാണ് വെനീസ്.

ഇറ്റലിയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന 412 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുള്ള പട്ടണമാണ് വെനീസ്. റോമാ സാമ്രാജ്യത്തിൽനിന്ന് രക്ഷപ്പെട്ട് ദ്വീപുകളിൽ അഭയംതേടിയവരാണ് വെനീസിലെ പൂർവികർ. ഇവർ നിർമിച്ചതാണ് ഇവിടത്തെ കനാലുകളിൽ ഭൂരിഭാഗവും. വെനീസിനെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഴുകുന്ന നഗരമെന്നും മുങ്ങുന്ന നഗരമെന്നും വിളിപ്പേരുണ്ട്. കായലിനു നടുവിൽ ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളുടെ നഗരമാണ് വെനീസ് എന്നുവേണമെങ്കിൽ പറയാം.

വെനീസിലെ റിയാൾട്ടോ ബ്രിഡ്ജ് | ഫോട്ടോ: എ.പി

അടുത്തടുത്തുനിൽക്കുന്ന 118 ദ്വീപുകൾ ഇവിടെയുണ്ട്. അതിനുചുറ്റുമായി 177 കനാലുകളും. വെനീസിൽ നമുക്ക് റോഡുകൾ കാണാനേ സാധിക്കില്ല. ഒരു ദ്വീപിൽനിന്ന് മറ്റൊന്നിലേക്കു പോകാൻ വള്ളങ്ങളാണ് ആശ്രയം. ചില ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളുമുണ്ട്.

ഏറ്റവും വലിയ കനാലായ ഗ്രാൻഡ്‌ കനാലിൽ സഞ്ചാരികളെയും നാട്ടുകാരെയും കാത്ത് ഒട്ടേറെ വള്ളങ്ങൾ കാത്തിരിപ്പുണ്ട്. കൗണ്ടറിൽനിന്ന് ടിക്കറ്റെടുത്ത് കയറുകയേ വേണ്ടൂ. കറുത്ത നിറത്തിലുള്ള ഈ വള്ളങ്ങൾക്ക് ഗൊണ്ടോള എന്നാണു പേര്. കെട്ടിടങ്ങൾ നിൽക്കുന്നത് വെള്ളത്തിലാണെന്നേ തോന്നൂ. ഓഫീസുകളും വീടുകളും കൊണ്ട് ദ്വീപുകൾ നിറഞ്ഞിരിക്കുന്നതിനാൽ കരഭാഗം തീരെ കാണില്ല. നാട്ടിൻപുറങ്ങളിലെ റോഡുകളിൽ കുട്ടികൾ സൈക്കിളോടിക്കുന്നതുപോലെ ചെറിയ വള്ളം തുഴഞ്ഞ് കുട്ടികളും സ്ത്രീകളും പോകുന്ന കാഴ്‌ച രസകരമാണ്.

തോണിയാത്രയ്ക്കിടയിലെ പ്രധാന കാഴ്‌ചയാണ് മാർക് സ്‌ക്വയർ. ഗോഥിക് ശൈലിയിൽ നിർമിച്ച പള്ളിയും സെയ്ന്റ് മാർക്കിന്റെ പ്രതിമയുമാണ് ഇവിടത്തെ പ്രധാന കാഴ്‌ച. ക്രിസ്തുവിന്റെ ശിഷ്യനായ മാർക്കോസിന്റെ മൃതദേഹം അടക്കംചെയ്തത് ഇവിടെയാണെന്നാണു വിശ്വാസം. സ്വാതന്ത്ര്യത്തിന്റെ അടയാളമായി അറിയപ്പെടുന്ന സിംഹമാണ് വിശുദ്ധ മാർക്കോസിന്റെ ചിഹ്നം. മാർക്ക് സ്‌ക്വയറിലെ പ്രാവുകളുടെ കുറുകലിന്റെ ശബ്‌ദം അന്തരീക്ഷത്തിൽ മുഴങ്ങുന്നു.

നമ്മുടെ ആറന്മുളക്കണ്ണാടിപോലെ പ്രസിദ്ധമാണ് വെനീസിലെ മുറാനോ ദ്വീപിൽ നിർമിക്കുന്ന വർണാഭമാർന്ന കണ്ണാടികൾ. ഈ കണ്ണാടികൾ വിൽക്കുന്ന ഒട്ടേറെപ്പേരെ യാത്രക്കാർക്കിടയിൽ കാണാം. വെനീസിന് മാസ്‌കുകളുടെ നഗരം എന്നും വിളിപ്പേരുണ്ട്. വെനീസിൽതന്നെ നിർമിക്കുന്ന മനോഹരമായ മാസ്‌കുകൾ വിൽക്കുന്ന കടകൾ ഒരുപാടുണ്ട്.

12 ദിവസത്തിനിടെ യൂറോപ്പിലെ എട്ടു രാജ്യങ്ങളിലൂടെ നടത്തിയ യാത്രയ്ക്കിടയിൽ ഏറ്റവും ആകർഷിക്കപ്പെട്ട സ്ഥലമേതെന്നു ചോദിച്ചാൽ നിസ്സംശയം പറയും, വെനീസ് ആണെന്ന്. അവിടെ കണ്ട കാഴ്‌ചകളൊന്നും മറന്നിട്ടില്ല. കുറേനേരം അവിടെ ചെലവഴിച്ചെങ്കിലും ഇനിയും ഒരുപാടുകാണാനും മനസ്സിലാക്കാനുമുണ്ട് എന്ന തോന്നൽ ഇനിയും മനസ്സിൽനിന്നു വിട്ടുമാറുന്നില്ല.

യൂറോപ്യൻ യാത്രയിൽ ഏറ്റവുമൊടുവിലാണ് ഇറ്റലിയിലെത്തിയത്. കാലാവസ്ഥയിലും ജനങ്ങളുടെ പെരുമാറ്റത്തിലും അതുവരെ യാത്രചെയ്ത രാജ്യങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തം. സാധനങ്ങൾക്ക് താരതമ്യേന വിലക്കുറവുള്ളതും ഇവിടെയാണ്. പ്രസിദ്ധ ഭക്ഷണവിഭവമായ പിസ അതിന്റെ ജന്മദേശമായ ഇറ്റലിയിൽവെച്ചുതന്നെ കഴിക്കാൻ സാധിച്ചു.

Content Highlights: venice travel, what is famous for venice, venice trip


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented