ഇടുക്കി റിസർവോയറിനു കുറുകെയുള്ള വെള്ളിലാങ്കണ്ടം മൺപാലത്തിന്റെ ആകാശദൃശ്യം | ഫോട്ടോ: മാതൃഭൂമി
ഉപ്പുതറ: ഇരുവശങ്ങളിലും വിദൂരമായ ജലപ്പരപ്പിന്റെ കാഴ്ചയുടെ വിരുന്നൊരുക്കി ഇടുക്കി റിസര്‍വോയറിനു കുറുകെ ഒരു മണ്‍പാലം. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ വെള്ളിലാങ്കണ്ടത്താണ് അപൂര്‍വ ദൃശ്യവിരുന്നൊരുക്കുന്ന മണ്‍പാലം.
ഇടുക്കി പദ്ധതിയുടെ ഭാഗമായി 1978-ല്‍ ആണ് കെ.എസ്.ഇ.ബി. ഇവിടെ മണ്‍പാലം നിര്‍മിച്ചത്. ഇരുവശങ്ങളിലേക്കും വെള്ളം കയറിയിറങ്ങാന്‍ കഴിയുംവിധം 20 മീറ്റര്‍ വ്യാസത്തില്‍ അഞ്ച് കോണ്‍ക്രീറ്റ് ചുരുളുകള്‍ നിര്‍മിച്ച്, അതിനു മുകളില്‍ മണ്ണിട്ടു നികത്തിയാണ് മണ്‍ പാലവും റോഡും നിര്‍മിച്ചിരിക്കുന്നത്.
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയരുമ്പോള്‍ അയ്യപ്പന്‍കോവില്‍ റോഡ് വെള്ളത്തില്‍ മുങ്ങുകയും കട്ടപ്പനയിലേക്കുള്ള ഗതാഗതം മുടങ്ങുകയും ചെയ്യുമായിരുന്നു. ഇതിനാലാണ് തോണിത്തടിയില്‍നിന്നു മേരികുളം, മാട്ടുക്കട്ട വഴി സ്വരാജിലേക്ക് പുതിയ റോഡു വെട്ടാന്‍ തീരുമാനിച്ചത്.
പുതിയ റോഡിനുവേണ്ടി വെള്ളിലാങ്കണ്ടത്ത് ജലാശയത്തിനു കുറുകെ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ വൈദ്യുതി വകുപ്പിലെ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ യോഹന്നാന്‍ കുറഞ്ഞ ചെലവില്‍ മണ്‍പാലം എന്ന ആശയം മുന്നോട്ടുവയ്ക്കുകയും വൈദ്യുതി വകുപ്പ് അംഗീകരിക്കുകയുമായിരുന്നു. അങ്ങനെയാണ് വെള്ളിലാങ്കണ്ടത്ത് ഏഷ്യയിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ മണ്‍പാലം സാധ്യമായത്.
മണ്‍പാലത്തിനു മുകളിലൂടെയുള്ള യാത്ര രസകരമാണ്. ഇരുവശങ്ങളിലും കണ്ണെത്താദൂരംവരെ ജലാശയം. ഒട്ടേറെ വിനോദ സഞ്ചാരികളാണ് ജലാശയത്തിന്റൈ ദൃശ്യഭംഗിയും കുളിര്‍കാറ്റിന്റെ വശ്യതയും ആസ്വദിക്കാന്‍ ഇവിടെ എത്തുന്നത്.
Content Highlights: Vellilankandam Bridge, Idukki Tourism, Kerala Tourism, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..