Photo: Mathrubhumi Library
ടൂറിസ്റ്റുകളുടെ സ്‌നേഹതീരമാണ് വര്‍ക്കല. അറബിക്കടല്‍ താലോലമാട്ടുന്ന തങ്കത്തൊട്ടില്‍. നീളമേറിയ കടല്‍ത്തീരം. കരയില്‍ സിന്ദുരവര്‍ണമണിഞ്ഞ ചെമ്മണ്‍കുന്നുകള്‍. അവയില്‍ നിന്ന് എക്കാലത്തും ഉറവ പൊട്ടുന്ന തെളിനീരിന്റെ മധുരം. ക്ലിഫ് കടന്നാല്‍ കായല്‍പ്പരപ്പിന്റെ കണ്ണെത്താത്ത സൗന്ദര്യം. ജലപാതയില്‍ വര്‍ക്കല തുരപ്പെന്ന നിര്‍മാണവിസ്മയം. ശിവഗിരിയും ജനാര്‍ദ്ദന സ്വാമി ക്ഷേത്രവും നല്‍കുന്ന തീര്‍ത്ഥാടനപുണ്യം.
വര്‍ക്കല മുതല്‍ കാപ്പില്‍ വരെ നീളുന്ന പ്രദേശം ടൂറിസ്റ്റുകളുടെ പറുദീസയാണ്. ശിവഗിരി, പാപനാശം, കാപ്പില്‍ എന്നിവ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസമെന്ന ആശയത്തിന് ഇപ്പോള്‍ വര്‍ക്കല മേഖലയില്‍ പ്രാധാന്യമേറുന്നുണ്ട്.
പാപനാശം മുതല്‍ വെറ്റക്കട വരെ നീളുന്ന വിശാലമായ ബീച്ചാണ് വര്‍ക്കലയുടെ മുഖശ്രീ. വര്‍ക്കല ഫോര്‍മേഷന്‍ എന്ന ഭൂമിശാസ്ത്രഘടന ഈ ഭാഗത്താണുള്ളത്. പാപനാശം കടല്‍ത്തീരത്തെ ചുറ്റി അര്‍ധവൃത്താകൃതിയില്‍ കാവിപുതച്ചുനില്‍ക്കുന്ന കുന്നുകള്‍ (ക്ലിഫ്) അനന്യമായ കാഴ്ചയാണ്. വന്‍തോതില്‍ ധാതുനിക്ഷേപം ഈ കുന്നുകളിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. കുന്നുകളിലെ ഉറവകള്‍ക്ക് ഔഷധഗുണമുണ്ടായതും ഇതുമൂലമാണ്. കടലിന് അഭിമുഖമായി നില്‍ക്കുന്ന കുന്നുകളുടെ ചുവടുവരെ വേലിയേറ്റ സമയത്ത് തിരമാലകളെത്തും.
50 മുതല്‍ 75 അടിവരെ ഉയരമുള്ള കുന്നിന്റെ മുകള്‍ഭാഗം ഹില്‍ടോപ്പ് എന്നാണ് അറിയപ്പെടുന്നത്. റിസോര്‍ട്ടുകളിലേറെയും ഈ ഭാഗത്താണുള്ളത്. 350 ഓളം റിസോര്‍ട്ടുകള്‍ പാപനാശത്തും പരിസരത്തുമുണ്ട്. സര്‍ക്കാറിന്റെ പ്രകൃതിചികിത്സാകേന്ദ്രം ഹില്‍ടോപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തുനിന്നും കൊല്ലത്തു നിന്നും റോഡ്, റെയില്‍ മാര്‍ഗം വര്‍ക്കലയിലെത്താം .
വര്‍ക്കല തുരപ്പ്
തിരുവനന്തപുരം - കൊല്ലം ജലപാതയുടെ ഭാഗമാണ് വര്‍ക്കല തുരപ്പ്. വര്‍ക്കല നിന്ന് ശിവഗിരിയി ലേക്കുള്ള യാത്രയ്ക്കിടയില്‍ കനാലിനുള്ളില്‍ തുരപ്പ് കാണാം. ആധുനികനിര്‍മാണ സാങ്കേതികവിദ്യ വികസിക്കുന്നതിന് മുന്‍പ് കുന്ന് തുരന്ന് നിര്‍മിച്ച ജലപാത ഈ രംഗത്തെ വിസ്മയമാണ്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് 1880 ലാണ് കനാലും തുരപ്പും നിര്‍മിച്ചത്. തിരുവനന്തപുരത്തുനിന്ന് കൊല്ലം വരെ ജലപാത പൂര്‍ത്തിയാക്കാന്‍ വര്‍ക്കല ക്ലിഫ് തടസ്സമായി. ശിവഗിരിയിലും ചിലക്കൂരിലും രണ്ട് തുരപ്പുകള്‍ കനാലിനുവേണ്ടി നിര്‍മിച്ചിരുന്നു. വലിയ തുരപ്പിന് 2500 അടിയും ചെറുതിന് 1000 അടിനീളവുമുണ്ട്. 16 അടി എട്ട് ഇഞ്ച് വിസ്തൃതിയും അത്രതന്നെ ഉയരവും തുരപ്പിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 188 അടി താഴ്ചയിലാണ് കനാല്‍ നിര്‍മിച്ചിരിക്കുന്നത്. തുരപ്പിന്റെ നിര്‍മ്മാണത്തിന് അക്കാലത്ത് 10 ലക്ഷം ചെലവായി. കേരളവര്‍മ വലിയകോയി തമ്പുരാന്റെ മയൂരസന്ദേശത്തില്‍ വര്‍ക്കല തുരപ്പിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
വര്‍ക്കല റെയില്‍പ്പാതയും റോഡും തുരപ്പിന് മുകളിലൂടെയാണ് പോകുന്നത്. മുന്‍പ് ചരക്കുവള്ളങ്ങള്‍ തുരപ്പിലൂടെ പോയിരുന്നു. ജലപാത നിലച്ചതോടെ തുരപ്പും ഉപയോഗശൂന്യമായി. ആഗസ്ത് മുതല്‍ അടുത്ത ഏപ്രില്‍ വരെ നീളുന്നതാണ് വര്‍ക്കലയുടെ സീസണ്‍. ഫ്രാന്‍സില്‍ നി ന്ന് നിരവധി ടൂറിസ്റ്റുകള്‍ എത്തുന്ന ജൂലായ്-ആഗസ്ത് കാലം ഫ്രഞ്ച് സീസണ്‍ എന്നാണ് അറിയപ്പെടുന്നത്. പാപനാശത്തിനുസമീപത്തെ തിരുവാമ്പാടിയിലെ ബ്ലോക്ക് ബീച്ചിലും ടൂറിസ്റ്റുകള്‍ അധികമെത്തുന്നുണ്ട്. തിരക്കൊഴിഞ്ഞ ബീച്ചിന്റെ പ്രത്യേകതയാണ് കാരണം.
ജനാര്‍ദനസ്വാമി ക്ഷേത്രം
പാപനാശം കുന്നിലെ പുരാതനമായ വിഷ്ണുക്ഷേത്രം. ഡച്ചുകാര്‍ നടയ്ക്കുവച്ച് ഓടില്‍ നിര്‍മിച്ച മണി ക്ഷേത്രത്തിലുണ്ട്. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നില്‍ നിന്ന് സമീപത്തെ ചക്രതീര്‍ത്ഥക്കുളത്തിലേക്ക് ഒഴുകുന്ന ഒരിക്കലും വറ്റാത്ത ഉറവ കൗതുകമാണ്. കര്‍ക്കടകവാവു ദിവസം നിരവധി പേര്‍ പാപനാശത്ത് ബലിതര്‍പ്പണത്തിനെത്തും. ഇവര്‍ ക്ഷേത്രദര്‍ശനം നടത്തിയാണ് മടങ്ങാറുള്ളത്. ക്ഷേത്രത്തില്‍ തിലഹോമം പതിവുണ്ട്.
കാപ്പില്‍ തീരം
കായലും കടലും മുഖാമുഖം ഉരുമ്മുന്ന മനോഹരതീരമാണ് കാപ്പില്‍. പരവൂര്‍-നടയറ കായലിന്റെ വിശാലദൃശ്യം ഇവിടെയുണ്ട്. തീര ദേശറോഡിലൂടെ കായലും കടലും കണ്ട് കിലോമീറ്ററോളം യാത്ര ചെയ്യാം. പൗര്‍ണമിദിവസം രാത്രിയിലെ കായല്‍ക്കാഴ്ച ചേതോഹരമാണ്. ഡി.ടി.പി.സിയുടെ ബോട്ട് ക്ലബില്‍ കായല്‍ സവാരിക്ക് സൗകര്യമുണ്ട്. താമസത്തിന് കായല്‍ക്കരയില്‍ ലേക് സാഗര്‍ എന്ന ഹോട്ടലുണ്ട്. വര്‍ക്കല നിന്നും ഇടവ വഴി കാപ്പിലിലേക്ക് ഏഴ് കിലോമീറ്ററാണ് ദൂരം. പരവൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യബസ്സും വര്‍ക്കല നിന്ന് ഓട്ടോറിക്ഷയും ലഭ്യ മാണ്.
Content Highlights: Varkala Beach, Varkala Travel, Papanasam Beach, Kerala Tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..