-
ഭുവനേശ്വര്‍ ക്ഷേത്രനഗരത്തിന് മുകളില്‍ വട്ടമിട്ടു പറക്കുമ്പോള്‍ പൈലറ്റ് കാലാവസ്ഥ പിണങ്ങുന്നതിനെക്കുറിച്ച് താക്കീത് തന്നു. പതിവില്ലാത്തപോലെ കാറ്റും മഴയും മേഘാവൃതമായ ആകാശവും. പുരാതനമായ ആ ക്ഷേത്രനഗരിയെ സ്പര്‍ശിക്കുമ്പോള്‍ മഴ തിമര്‍ത്തുപെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഒഡിഷ തീരത്തെ ന്യൂനമര്‍ദം വഴിതെറ്റി കേരളത്തിലേക്ക് വന്നപ്പോഴുണ്ടായ പ്രളയദുരന്തം ഓര്‍ത്തുപോയി. മഴ വന്നാല്‍ നനയുക എന്നതാണ് ഇവിടത്തുകാരുടെ പതിവ്. വല്ലപ്പോഴും വരുന്ന മഴയ്ക്കായി കുടകള്‍ കരുതാറില്ല.

ഹോട്ടലില്‍ തലശ്ശേരിയുടെ രുചിപ്പെരുമ നുണഞ്ഞ് പ്രാരാബ്ധങ്ങള്‍ ഇറക്കിവെച്ച് വിശ്രമിക്കാന്‍ നില്‍ക്കാതെ ഞങ്ങള്‍ ഖാണ്ഡഗിരി-ഉദയഗിരി സന്ദര്‍ശനത്തിന് പുറപ്പെട്ടു. മഴയുടെ താണ്ഡവം മങ്ങിയ താളത്തിലേക്ക്, പതിഞ്ഞ മട്ടിലായിരിക്കുന്നു. ചാറ്റല്‍മഴയെ വകവെക്കാതെ തെരുവോര കച്ചവടക്കാരും കാല്‍നടക്കാരും. തിക്കിനും തിരക്കിനും ഒരു കുറവുമില്ല. പഴമയുടെ ചാരുതകള്‍ പേറിനില്‍ക്കുന്ന നഗരത്തെ കൈവിട്ട് ഗ്രാമീണതയെ പുല്‍കാന്‍ തുടങ്ങി. ആളും ആരവവും ഒട്ടൊതുങ്ങിയിരിക്കുന്നു. ദൂരെത്തെളിയുന്ന ഇരട്ടക്കുന്നുകളെ ചൂണ്ടിക്കാട്ടി ഡ്രൈവര്‍ പറഞ്ഞു അതാണ് ഖാണ്ഡഗിരി-ഉദയഗിരി...

മഴ ഒന്നുകൂടി ഒതുങ്ങിയിരിക്കുന്ന ഇടവേളയിലാണ് ഞങ്ങള്‍ ഖാണ്ഡഗിരിയുടെ കവാടത്തിലെത്തുന്നത്. ഖാണ്ഡഗിരി ഏറെക്കുറെ പൂര്‍ണമായി പാറയാണെന്ന് പറയാം. സന്ദര്‍ശകരുടെ തിരക്കിന് കുറവില്ല. രണ്ടുനിലകളിലുള്ള ഒരു മന്ദിരസമുച്ചയം പോലുള്ള, പാറ തുരന്നുള്ള അറകളോടുകൂടിയ റാണികുംഭ, സ്വര്‍ഗപുരി-മാഞ്ചപുരി ഗുഹകളുടെ വിസ്മയക്കാഴ്ചയാണ് ആദ്യം കണ്ണില്‍പ്പെടുക. ഇത്തരം ഇരുനിലഗുഹകള്‍ ജൈന വിഹാരങ്ങളില്‍ അപൂര്‍വമത്രെ. ഖരാവാലയുടെയും പിന്‍ഗാമികളുടെയും കാലത്താണ് ഈ ശിലാനിര്‍മിതി രൂപപ്പെട്ടതെന്ന് കരുതുന്നു.
ബി.സി. ഒന്നാം നൂറ്റാണ്ടുമുതല്‍ എ.ഡി. 10-11 നൂറ്റാണ്ടുകള്‍ വരെയാണിതിന്റെ നിര്‍മാണകാലം. തുറസ്സായ വരാന്തയിലേക്ക് തുറക്കുന്ന അറകളാണ് ഇവയുടെ പൊതുസ്വഭാവം. ഡോര്‍മെട്രികളായി ഉപയോഗിച്ചിരുന്നവയാവാം ഈ ജൈനവിഹാരം. അറകള്‍ക്കകത്ത് ചെറിയ ചരിവുകളോടുകൂടി കിടപ്പാടങ്ങള്‍ കാണാം. ചില അറകള്‍ ആരാധനയ്ക്കും ഉപയോഗപ്പെടുത്തിയിരുന്നിരിക്കാം. അത്തരം അറകളുടെ തറയ്ക്ക് താഴ്ച കാണാം.
ശില്പാലംകൃതമായ ചതുരസ്തംഭങ്ങള്‍ കൗതുകകരമാണ്. മൃഗങ്ങള്‍, പൂക്കള്‍, വള്ളികള്‍, ചെറുജീവികള്‍ എന്നിവയുടെ രൂപങ്ങള്‍ കല്ലില്‍ മനോഹരമായി കൊത്തിയിരിക്കുന്നു. ഹാതിഗുംഭയില്‍ ഖരവേലയുടെ ശിലാലിഖിതങ്ങളും കാണാം. ബ്രാഹ്മിലിപിയില്‍ 17 വരികള്‍. മഗധയ്ക്കുമേല്‍ നേടിയ യുദ്ധവിജയങ്ങളുടെ ഗാഥകള്‍. ജൈനകാലത്തെ നന്ദരാജാവിന്റെ വിജയഗാഥകള്‍. 24 തീര്‍ഥങ്കരന്മാരുടെയും ശാസനാദേവിയുടെയും ബരാഹാഭുജിയുടെയും ഗുഹകളെ കൂടാതെ ഗജലക്ഷ്മി, സൂര്യ, സ്വസ്തിക, നന്ദിപാദ, അനന്തകുംഭ എന്നീ ഗുഹകളും. ചില കൂറ്റന്‍ പാറകളുടെ ഉയരത്തില്‍ തുരന്നെടുത്ത അറകള്‍ മറ്റുള്ളവയുടെ സാമീപ്യമോ സംസര്‍ഗമോ ഇല്ലാതെ ധ്യാനിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ടതാകാം.
ഖാണ്ഡഗിരിയും ഉദയഗിരിയും ഇരട്ടക്കുന്നുകളാണ്. വലുപ്പവും ഉയരവും കൂടുതല്‍ ഉദയഗിരിക്കാണ്. ഉദയഗിരിയില്‍ 17 അറകളും ഖാണ്ഡഗിരിയില്‍ 15 അറകളുമുണ്ട്.

അവിടത്തുകാര്‍ മഴയത്ത് കുട ഉപയോഗിക്കുന്നില്ലെങ്കിലും ഖാണ്ഡഗിരിയുടെ പ്രവേശനകവാടത്തിനരികിലെ പെട്ടിക്കടയില്‍ 20 രൂപ വാടകയ്ക്ക് കുടകള്‍ കിട്ടും. തീറ്റ കൊടുത്ത് ശീലിപ്പിച്ച സന്ദര്‍ശകരെ വാനരപ്പടകള്‍ വെറുതെ വിടുന്നില്ല. അറകളില്‍ അലസമായുറങ്ങുന്ന നായ്ക്കളുമുണ്ട്. കുട്ടികളോടും സ്ത്രീകളോടും സൗഹൃദഭാവത്തിലാണ് വാനരന്മാരുടെ സമീപനം. ബാഗിലോ പോക്കറ്റിലോ തീറ്റസാമഗ്രികളുണ്ടെങ്കില്‍ അനുവാദമില്ലാതെ തന്നെ അവര്‍ അടിച്ചെടുക്കുമെന്ന് ഗൈഡ് മുന്നറിയിപ്പ് തന്നു. പാന്റിന്റെ പോക്കറ്റ് പരിശോധിക്കുന്ന കുരങ്ങനെയും വിസമ്മതം കൂടാതെ അതിന് നിന്നുകൊടുക്കുന്ന ഒരു ആണ്‍കുട്ടിയെയും ക്യാമറ കൈക്കലാക്കി. സന്ദര്‍ശകര്‍ പിരിഞ്ഞാലും ഒരു കാലത്ത് ധ്യാനനിര്‍ഭരമായിരുന്ന അറകളില്‍ ശ്വാന-വാനര സൈ്വരവിഹാരമാണെന്നും ഗൈഡ് കൗതുകപൂര്‍വം പറഞ്ഞു.
Content Highlights: Udayagiri Khandagiri caves in Odisha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..