ബുദ്ധവിഹാരത്തിൽനിന്നുള്ള തുർതുക് ഗ്രാമക്കാഴ്ച | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
‘രാവിലെ എഴുന്നേറ്റപ്പോഴാണറിയുന്നത് ഞങ്ങൾ ഇന്ത്യയുടെ ഭാഗമായെന്ന്. ഉറങ്ങാൻ കിടന്നപ്പോൾ പാകിസ്താനിലും എഴുന്നേറ്റപ്പോൾ ഇന്ത്യയിലും. ഒറ്റ രാത്രികൊണ്ട് അവിശ്വസനീയമായ മാറ്റം. ആകെ പേടിച്ചുപോയി. മാനസികസംഘർഷങ്ങളും അങ്കലാപ്പുകളും നിറഞ്ഞ ദിവസങ്ങൾ. പക്ഷേ, ഒരാഴ്ച വീട്ടിൽ അടച്ചിരിക്കേണ്ടിവന്നെങ്കിലും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്താതെ ഇന്ത്യൻ സൈനികർ സംരക്ഷിച്ചു. യുദ്ധത്തിന്റെ ഭാഗമായി മലമുകളിൽ ഒളിപ്പിച്ചുതാമസിപ്പിച്ച ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും ഞങ്ങൾ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നശേഷം ഇവിടത്തെ ജനജീവിതം പഴയതു പോലെയായി’
1971ലെ പാകിസ്താനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട അനുഭവം ഓർത്തെടുക്കുകയായിരുന്നു കരീം മാസ്റ്റർ. ആ യുദ്ധം വിജയിച്ച്, ഇന്ത്യ തിരിച്ചുപിടിച്ച നാല് ഗ്രാമങ്ങളിലൊന്നാണ് തുർതുക്. ഗവൺമെന്റ് മേഖലയിൽ ജോലികിട്ടിയ തുർതുക്കിലെ ആദ്യത്തെ അധ്യാപകനാണ് കരീം മാസ്റ്റർ. ‘‘ഇന്ത്യയുടെ ഭാഗമായശേഷം ആറേഴു കൊല്ലം ഞങ്ങൾക്ക് ഗ്രാമംവിട്ട് ലേ വരെ പോകാൻപോലും അനുവാദമില്ലായിരുന്നു. ആ സമയത്തും ഞങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ആവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്തുതന്നിരുന്നത് നമ്മുടെ സൈനികരായിരുന്നു. ഞങ്ങൾക്കാവശ്യമുള്ള പലചരക്കും വസ്ത്രങ്ങളും അവർ ലേയിൽനിന്ന് എത്തിച്ചുതന്നു. ഞങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസവും ഞങ്ങളുടെ ആരോഗ്യവും എല്ലാം സംരക്ഷിച്ചതിലൂടെ ഞങ്ങളുടെ മനസ്സും ഇന്ത്യയുടെ ഭാഗമായി’’.
ലഡാക്ക് യാത്രയ്ക്ക് തയ്യാറെടുത്തപ്പോഴാണ് പണ്ട്, പാകിസ്താനിൽ ഉൾപ്പെട്ടതും ഇന്ന് ഇന്ത്യയുടെ ഭാഗവുമായ തുർതുക്, ത്യാക്ഷി, താങ്, ചാലുങ്ക എന്നീ ഗ്രാമങ്ങളെപ്പറ്റി അറിഞ്ഞത്. ഇവിടെ താമസിക്കുന്നതാകട്ടെ പാകിസ്താനിലെ ഗിൽഗിത്ത് പ്രദേശത്തെ ബാൾട്ടി മുസ്‌ലിങ്ങളും. 17,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കർതുന്ഗ്ലാ പാസ് കടന്ന് ഉച്ചയായപ്പോഴാണ് തുർതുക്കിൽ എത്തിയത്. ഷയോക് നദിക്കും കാരക്കോറം മലനിരകൾക്കും ഇടയിലാണ് ഈ ഉത്തരേന്ത്യൻ ഗ്രാമത്തിന്റെ സ്ഥാനം. ദൂരെ അരുവിക്ക് കുറുകെയുള്ള തടിപ്പാലത്തിന്റെ അപ്പുറത്തെ ഫറൂൾ എന്നും ഈ പ്രദേശത്തെ യൂൾ എന്നുമാണ് അറിയപ്പെടുന്നതെന്നും ഹോം സ്റ്റേ ഉടമ ഇസ്മായിലാണ് പറഞ്ഞത്.

പാറക്കല്ലുകൊണ്ടുണ്ടാക്കിയ ഇരുനില കെട്ടിടങ്ങളായിരുന്നു ഗ്രാമത്തിലെ വീടുകൾ. വീടുകൾക്കിടയിലെ ഇടുങ്ങിയ പാതയിലൂടെ ഇസ്മായിൽ ഞങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബാഗ് ഇസ്മായിലിന്റെ വീട്ടിലെ മുറിയിൽവെച്ച്, ഭാഭി ഉണ്ടാക്കിയ ചോറും ബീൻസ് മെഴുക്കുപുരട്ടിയും ചേർത്ത് ഊണ് കഴിച്ചു. അദ്ദേഹത്തോടൊപ്പം യൂൾ കാണാനിറങ്ങി. തൊട്ടടുത്തുള്ള ധാന്യങ്ങൾ പൊടിക്കുന്ന മിൽ കാണാനാണ് ആദ്യം പോയത്. ഗ്രാമവാസികൾ ഗോതമ്പും ബാർലിയും മറ്റും പൊടിക്കുന്നത് ഈ മില്ലിലാണ്. താഴ്ന്ന മേൽക്കൂരയുള്ള ഇടുങ്ങിയ രണ്ടുമുറി കെട്ടിടത്തിലാണ് മിൽ. ഒരു മുറിയുടെ അടിയിൽ വലിയ ഫാൻ നീരൊഴുക്കിൽ മുട്ടിനിൽക്കുന്ന വിധം ഘടിപ്പിച്ചിട്ടുണ്ട്. നീരൊഴുക്കിന്റെ ശക്തിയിൽ ഫാൻ കറങ്ങുകയും അതിനോടുചേർത്ത് ഘടിപ്പിച്ച പൊടി മിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ആദ്യത്തെ മുറിയിൽ ഗ്രാമവാസിയായ റസിയ ഗോതമ്പുപൊടിക്കാനായി ഇരിപ്പുണ്ടായിരുന്നു. മില്ലുടമ എവിടെ എന്നു ചോദിച്ചപ്പോൾ അവർ ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു: ‘ഞങ്ങൾ തന്നെയാണ് ഈ മിൽ പ്രവർത്തിപ്പിക്കുന്നത്. ഉടമയുടെ കൈയിൽനിന്നു താക്കോൽ വാങ്ങി തുറന്ന് ഉപയോഗിക്കും. കൂലിയായി പൊടിക്കുന്ന പൊടിയുടെ ഒരു ഭാഗം ഉടമയ്ക്ക് നൽകും.’ പണത്തിന്റെ വിനിമയമില്ലാതെയുള്ള ഇവിടത്തെ ക്രയവിക്രയ സംവിധാനം ആശ്ചര്യപ്പെടുത്തി.

ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഒരേയൊരു ടിബറ്റൻ വംശജരാണ് ബാൾട്ടികൾ. ഞങ്ങൾ പോയ മസ്ജിദ് നിർമിച്ചത് എപ്പോഴാണെന്ന് ആർക്കും അറിയില്ല. ആദ്യത്തെ പുനരുദ്ധാരണം നടന്നത് പതിനേഴാം നൂറ്റാണ്ടിലാണെന്ന് പള്ളിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശാലമായ ഹാളിൽ തടിയിൽ കടഞ്ഞെടുത്ത ഇരുപതിൽപ്പരം തൂണുകളുണ്ടായിരുന്നു. മച്ചിലെ തടിയുടെ പാനലിൽ ബുദ്ധമതചിഹ്നങ്ങളും ഇറാനിയൻ ചിഹ്നങ്ങളും കൊത്തിവെച്ചിട്ടുണ്ട്. ബാൾട്ടികൾ ‘നൂർബക്ഷ്യ’ എന്ന സൂഫിവിഭാഗത്തിൽ പെടുന്നവരായിരുന്നു. എന്നാൽ, തുർതുക്കിൽ ഇപ്പോൾ കൂടുതലും സുന്നികളാണ് ഉണ്ടായിരുന്നത്.

തുർതുക്കിന് ഇപ്പോഴും ഒരു രാജാവുണ്ട്. അദ്ദേഹം ഞങ്ങളെ വീട്ടിൽ കാത്തിരുന്നു. യാബ്‌ഗോ മുഹമ്മദ് ഖാൻ കാച്ചോ എന്നാണദ്ദേഹത്തിന്റെ പേര്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്നതും മംഗോളിയയിൽ വേരുകളുള്ളതുമായ രാജവംശത്തിന്റെ പേരാണ് യാബ്‌ഗോ. 1846-ൽ ഡോഗ്ര സാമ്രാജ്യം കശ്മീരിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ ഈ പ്രദേശം ഭരിച്ചിരുന്നത് യാബ്‌ഗോ വംശജരായിരുന്നു. അന്ന് തുർതുക് ഇവരുടെ വേനൽക്കാല ആസ്ഥാനമായിരുന്നു. ആ വീട്ടിലാണ് ഇപ്പോൾ മുഹമ്മദ് ഖാൻ താമസിക്കുന്നത്. കഴുകന്റെ വലിയ രൂപം വെച്ച ഗേറ്റിലൂടെ ഞങ്ങൾ രാജാവിന്റെ വസതിയിൽ പ്രവേശിച്ചു. പ്രവേശന കവാടത്തിന്റെ മുകളിലായി ഐബെക്‌സ് കൊമ്പുകൾകൊണ്ട് അലങ്കരിച്ചിരുന്നു. അകത്ത് വിശാലമായ അങ്കണവും രാജാവ് ജനങ്ങളുമായി സംവദിക്കാൻ ഉപയോഗിച്ചിരുന്ന മട്ടുപ്പാവും കാണാം. തടിയുടെ കോണിപ്പടികൾ കയറി ഞങ്ങൾ മുകളിലെത്തി. അവിടെ ആർഭാടത്തോടെ സജ്ജീകരിച്ചിരുന്ന ഹാളിലേക്ക് രാജാവ് ഞങ്ങളെ സ്വീകരിച്ചു

ആ ഹാളിൽ മനോഹരമായി ഒരുക്കിവെച്ചിരുന്ന സാധന സാമഗ്രികൾ ഓരോന്നായി അദ്ദേഹം ഞങ്ങളെ പരിചയപ്പെടുത്തി. പൂർവികർ ഉപയോഗിച്ചിരുന്ന മംഗോളിയൻ ശൈലിയിലുള്ള വില്ലുകൾ, വാളുകൾ, തോക്കുകൾ, രാജകീയ വസ്ത്രങ്ങൾ, ഐബെക്‌സ് കൊമ്പുകൾ... ഏറ്റവും കൗതുകകരമായി തോന്നിയത് ഒരു പാറക്കഷണമായിരുന്നു. അത് ഒരു ഉൽക്കാശിലയാണെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. രാജാക്കന്മാർ യുദ്ധസമയത്ത് ഭാഗ്യചിഹ്നമായി കൊണ്ടുപോയിരുന്നത് ഈ പാറക്കഷണമായിരുന്നത്രേ.
ജൂലായ്‌മുതൽ ഒക്ടോബർവരെയുള്ള കാലയളവിൽ ഈ ഗ്രാമക്കാർ പശുക്കളെയും ആടുകളെയും ദൂരെ ഒരു കുന്നിലാണ് പരിപാലിക്കുന്നത്. ജൂലായ് മാസം തുടങ്ങുമ്പോൾ ഗ്രാമത്തിലെ ഒരാൾ ആ പ്രദേശത്തെ എല്ലാ പശുക്കളുടെയും പാല് കറന്ന് അളവ് തിട്ടപ്പെടുത്തും. ശേഷം പത്തിരുപതു പശുക്കളുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കും. ആ പശുക്കളെ പരിപാലിക്കേണ്ടത് ഉടമകളുടെ ഉത്തരവാദിത്വമാണ്. ഓരോ വ്യക്തിക്കും അയാളുടെ പശുവിന്റെ പാലിന്റെ അളവ് അനുസരിച്ച് പശുക്കളെ നോക്കാനുള്ള പ്രത്യേകദിവസങ്ങൾ നിശ്ചയിച്ചുകൊടുക്കും. ആ ദിവസങ്ങളിൽ പ്രസ്തുത വ്യക്തിക്ക് ഗ്രൂപ്പിലെ എല്ലാ പശുക്കളുടെയും പാൽ കറന്നെടുത്ത് അതിൽനിന്നു വെണ്ണയും പനീറും എടുക്കാം. ഇങ്ങനെ ഉണ്ടാക്കുന്ന വെണ്ണയും പനീറും മലമുകളിലെ മുറിയിൽ കേടുകൂടാതെ സൂക്ഷിച്ചുവെക്കും. വേനൽ അവസാനിക്കുമ്പോൾ കന്നുകാലികളെയും ഉണ്ടാക്കിവെച്ച വെണ്ണയും മറ്റും ഗ്രാമത്തിലേക്ക് കൊണ്ടുവരും. മഞ്ഞുകാലത്താണ് ഇവർ വെണ്ണയും മറ്റും ഉപയോഗിക്കുന്നത്.
മുസ്ലിങ്ങൾ മാത്രം താമസിക്കുന്ന ഈ പ്രദേശത്ത് ബുദ്ധവിഹാരം എങ്ങനെ വന്നു എന്നെനിക്ക് അദ്‌ഭുതമായിരുന്നു. ബുദ്ധവിശ്വാസിയായ ആർമി കമാൻഡർ ആയിരുന്നു ഈ പ്രദേശം പിടിച്ചെടുത്തത്. വർഷങ്ങളോളം ആർമിക്കാർ ഈ പ്രദേശത്തു തമ്പടിച്ചിരുന്നു. ബുദ്ധവിശ്വാസികളായ സൈനികർക്കു വേണ്ടിയായിരുന്നു കമാൻഡർ ഇതു നിർമിച്ചത്. ആ പ്രദേശങ്ങളിലുള്ള സൈനികർക്കാണ് ഇപ്പോൾ ഇതു പരിപാലിക്കാനുള്ള ചുമതല. കുന്നുകയറി ഞങ്ങൾ വിഹാരത്തിൽ എത്തി. ഒരു ചെറിയ കെട്ടിടമായിരുന്നു അത്. അവിടെ നിന്നാൽ ഷയോക് നദിയും ഫറൂളിലെ പാടങ്ങളുടെ പച്ചപ്പും കാരക്കോറം മലനിരകളും കൂടി ചേർന്ന് മനോഹരമായ ദൃശ്യവിരുന്ന് ആസ്വദിക്കാം.

തിരിച്ചു യൂളിൽ പോകുന്ന വഴി, ഫറൂളിൽ ‘നാങ്ചുങ്’ എന്ന ‘തണുത്ത വീട്’ സന്ദർശിച്ചു. തുർതുക് ലഡാക്കിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് താഴ്ന്നതാണ്. ഈ ഉയരത്തിൽ വേനൽ കടുത്തചൂടായിരിക്കും. ഗ്രാമീണർ പ്രകൃതിദത്ത കല്ലുകൾകൊണ്ട് തണുപ്പിക്കുന്ന സംഭരണസംവിധാനങ്ങൾ നിർമിച്ചു. അതാണ് നാങ്ചുങ്. ഈ കല്ലു ബങ്കറുകൾക്കുള്ളിൽ പുറത്തെക്കാൾ താപനില കുറവായിരിക്കും. ചൂടുള്ള മാസങ്ങളിൽ മാംസം, വെണ്ണ, തുടങ്ങിയ കേടാവാതിരിക്കാൻ ഈ സംവിധാനം ഉപയോഗിക്കുന്നു. പ്രകൃതിദത്തമായ കൂളറുകൾ വേറെയും ഉണ്ടായിരുന്നു. വലിയ മലയുടെ ഇടുക്കിലുള്ള സ്ഥലമായിരുന്നു അവ. കൈ ഒന്ന് ഉള്ളിലേക്ക് നീട്ടിയപ്പോൾത്തന്നെ കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ടു. നടവഴിയുടെ അരികിലൂടെ ഒഴുകുന്ന അരുവികളിൽ പല സ്ഥലങ്ങളിലും ആളുകൾ വെണ്ണയും മറ്റും കേടാകാതിരിക്കാൻ തുണിയിൽ കെട്ടി അരുവിയിൽ സൂക്ഷിച്ചിരുന്നു.
ഇന്ത്യയുടെ ഏറ്റവും വടക്കേ അതിർത്തിയിൽ സന്ദർശകരെ അനുവദിക്കുന്ന ഗ്രാമമാണ് താങ്. ഇതു സന്ദർശകർക്ക് തുറന്നുകൊടുത്തിട്ട് രണ്ടാഴ്ച ആയതേയുള്ളൂ. വഴിയിലുടനീളം ഞങ്ങൾക്ക് കൂട്ടായി പാകിസ്താനിലേക്ക് ഒഴുകുന്ന ഷയോക് നദിയും ഉണ്ടായിരുന്നു. പുരാതന കാലംമുതൽ ലഡാക്കിലെ ആളുകൾക്ക് ഷയോക് ഒരു സുരക്ഷാ അതിർത്തി പോലെയാണ്. അത് അവരെ വിദേശ ആക്രമണകാരികളിൽനിന്ന് തുടർച്ചയായി രക്ഷിച്ചു. മംഗോളിയർ, ചൈനക്കാർ തുടങ്ങിയ ഏതെങ്കിലും വിദേശ ആക്രമണകാരികൾ നദി മുറിച്ചുകടക്കാൻ ശ്രമിച്ചാൽ അവർ നദിയിൽ മുങ്ങിമരിക്കുമായിരുന്നു. അങ്ങനെയാണ് ഷയോക് നദി ‘മരണത്തിന്റെ നദി’ ആയി അറിയപ്പെട്ടുതുടങ്ങിയത്. സിയാച്ചിൻ ഹിമാനിയുടെ നാവുകളിലൊന്നായ റിമോ ഗ്ലേസിയറിൽനിന്നാണ് ഷയോക് നദി ഉദ്‌ഭവിക്കുന്നത്. ആദ്യം തെക്കുകിഴക്കു ദിശയിൽ ഒഴുകിത്തുടങ്ങുന്ന നദി പാങ്കോങ്ങിൽ വെച്ച് 'യു' ടേൺ എടുത്ത്, മുൻ പാതയ്ക്ക് സമാന്തരമായി ഒഴുകി പാകിസ്താനിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.
പോകുന്ന വഴിയിൽ ഞങ്ങൾ ത്യാക്ഷി ഗ്രാമവും കടന്നുപോയി. 1971-ലെ യുദ്ധാനന്തരം ഇന്ത്യ തിരിച്ചുപിടിച്ച മറ്റൊരു ഗ്രാമമാണ് ത്യാക്ഷി. പാകിസ്താൻ നിർമിച്ചതും ഇപ്പോൾ ഇന്ത്യ പരിപാലിക്കുന്നതുമായ ഒരു വിദ്യാലയം ത്യാക്ഷി ഗ്രാമത്തിൽ ഉണ്ട്. താങ് ഗ്രാമംവരെ മാത്രമേ വണ്ടിപോകൂ. ശേഷം അരക്കിലോമീറ്റർ ഗ്രാമത്തിലൂടെ നടന്നുവേണം അതിർത്തിയിൽ എത്താൻ. പത്തിരുപത്തിയഞ്ചു വീടുകളും ചുറ്റും പോപ്ലാർ മരങ്ങളും നിറഞ്ഞ ഗ്രാമമാണ് താങ്. ഒരു താത്കാലിക ചായക്കടയുടെ അരികിൽനിന്നാണ് അതിർത്തി കാണാൻ പറ്റുക. ഇന്ത്യയുടെ ത്രിവർണ പതാക അവിടെ സ്ഥാപിച്ചിരിക്കുന്നത് ദൂരെനിന്നുതന്നെ കാണാൻ സാധിക്കും. പതാകയ്ക്ക് അരികിൽ കുറച്ചാളുകൾ ഒരു വൃദ്ധനുചുറ്റും കൂടിനിൽപ്പുണ്ടായിരുന്നു. തിരക്കൊഴിഞ്ഞപ്പോൾ ഞാൻ പോയി അദ്ദേഹത്തോട് സംസാരിച്ചു. പേര് അഹമ്മദ് ഷാ. ഇപ്പോൾ പ്രായം അറുപത്തിയഞ്ച്. അദ്ദേഹം ജനിച്ചതും വളർന്നതും എല്ലാം താങ്ങിലാണ്. ‘‘ഞാൻ ജനിച്ചത് പാകിസ്താനിലും വളർന്നത് ഇന്ത്യയിലുമാണ്’’ -അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. 1971-ലെ യുദ്ധത്തിൽ ഇന്ത്യ തിരിച്ചുപിടിച്ച നാല് ഗ്രാമങ്ങളിൽ ഒന്നാണ് താങ്. അദ്ദേഹം കൈവശമുള്ള ബൈനോക്കുലർ എനിക്കു നേരെ നീട്ടി. പോപ്ലാർ മരങ്ങൾ ഇടതിങ്ങി നിന്നിരുന്ന സ്ഥലം കഴിഞ്ഞാൽ, ഷയോക് നദി കാണാം. അതിന്റെ മറുകരയിൽ പൊട്ടുപോലെ ചില വീടുകളും ആർമിക്യാമ്പും കാണാൻ പറ്റി. അതായിരുന്നു പാകിസ്താനിലെ ഫർണൂ ഗ്രാമം.

വാർധക്യത്തിന്റേതായ അസ്വസ്ഥതകളുള്ള അദ്ദേഹം തന്റെ കഥ പറഞ്ഞു: ‘എനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോഴാണ് ഇന്ത്യ-പാക് യുദ്ധം നടക്കുന്നത്. ഒരു ദിവസം ഇരുട്ടിവെളുത്തപ്പോൾ ഞങ്ങൾ ഇന്ത്യയുടെ ഭാഗമായി. എന്റെ സഹോദരങ്ങൾ ഫർണൂ ഗ്രാമത്തിൽ അകപ്പെട്ടുപോയി. ഞാൻ ഏതാനും ബന്ധുക്കൾക്കൊപ്പം താങ്ങിലും. അമ്പതുകൊല്ലമായി അവരെ നേരിൽക്കണ്ടിട്ട്. ഒരു സഹോദരി മരിച്ച വിവരമറിഞ്ഞിട്ടുപോലും രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള അവരെ എനിക്ക് സന്ദർശിക്കാൻ പറ്റിയില്ല...’ യുദ്ധത്തിന്റെയും വിഭജനത്തിന്റെയും പരിണതഫലങ്ങൾ ഇന്നും തീരാ വേദനയായി അനുഭവിക്കുന്ന ഗ്രാമീണരുടെ ഒരു പ്രതിനിധിയായിരുന്നു ഷാ. ഗ്രാമത്തിൽ ഇരുപത്തിയഞ്ചു വീടുകളായിരുന്നു ഉണ്ടായിരുന്നത്. ഉപ്പുതൊട്ട് കർപ്പൂരം വരെ എത്തിക്കുന്നത് സൈനികരാണ്. ‘ഞങ്ങളുടെ മക്കളെ പഠിപ്പിക്കാനാണ് സൈനികർ ഇവിടെ ഗുഡ് വിൽ സ്കൂളുകൾ നടത്തുന്നത്. രാവിലെ, അവർ തന്നെ കുട്ടികളെ വണ്ടികളിൽ കൊണ്ടുപോകും. ഉച്ചയ്ക്കുള്ള ഭക്ഷണം അവർ നൽകും. വൈകീട്ട് തിരിച്ചയക്കും’. അതിർത്തിഗ്രാമങ്ങൾ ശത്രുക്കളിൽനിന്ന് കാക്കുന്ന ധീരയോദ്ധാക്കൾ മാത്രമല്ല സൈനികർ, അവിടെ താമസിക്കുന്ന പാവം ഗ്രാമീണർക്ക് എല്ലാമെല്ലാമാണ്.
തിരികെ നടക്കുമ്പോൾ വണ്ടിനിർത്തിയ സ്ഥലത്ത് ഒരു മ്യൂസിയം. അതിമനോഹരമായ വീടും അതിനു ചുറ്റും അതിലും സുന്ദരമായ പൂന്തോട്ടവും. പല സ്ഥലങ്ങളിലും കറുപ്പും പച്ചയും മുന്തിരിക്കൂട്ടം തൂങ്ങിക്കിടക്കുന്നു. ഇതു ഗോബാ അലിയുടെ വീടാണെന്ന് ആരോ പറഞ്ഞു. ആരാണീ ഗോബാ ആലി? 1971-ൽ യുദ്ധക്കാലത്ത് അഞ്ചുവയസ്സുകാരൻ ഗോബാ അലി അവന്റെ മാതാപിതാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും വേർപെട്ടു പോവുകയും സൈനികർ അവനെ എടുത്തുവളർത്തുകയുമായിരുന്നു. പഠനത്തിൽ മികവ് തെളിയിച്ച അലി, താങ് വിട്ടുപോകാൻ മനസ്സുകാണിക്കാതെ പൂന്തോട്ടവും മറ്റും പരിപാലിച്ചും ഗ്രാമീണരുടെ കാര്യങ്ങൾ നോക്കിയും അവിടെ കൂടുകയായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽത്തന്നെ ഈ പ്രദേശത്തുനിന്നു ശേഖരിച്ച പല സാധനങ്ങളും പ്രദർശനത്തിനു വെച്ചു. അങ്ങനെ അതൊരു മ്യൂസിയമായി മാറി. ഗോബാ ആലി ഇപ്പോഴും ജീവിച്ചിരിക്കുന്നു.

ഞാൻ ജനിച്ചത് പാകിസ്താനിലും വളർന്നത് ഇന്ത്യയിലുമാണ്’’ -അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. 1971-ലെ യുദ്ധത്തിൽ ഇന്ത്യ തിരിച്ചുപിടിച്ച നാല് ഗ്രാമങ്ങളിൽ ഒന്നാണ് താങ്.
ഇന്ത്യയുടെ ഭാഗമായശേഷം ആറേഴു കൊല്ലം ഞങ്ങൾക്ക് ഗ്രാമംവിട്ട് ലേ വരെ പോകാൻപോലും അനുവാദമില്ലായിരുന്നു. ആ സമയത്തും ഞങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ആവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്തുതന്നിരുന്നത് നമ്മുടെ സൈനികരായിരുന്നു. ഞങ്ങൾക്കാവശ്യമുള്ള പലചരക്കും വസ്ത്രങ്ങളും അവർ ലേയിൽനിന്ന് എത്തിച്ചുതന്നു.
Content Highlights: turtuk and tang, villages in india, village travel, women travel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..