ഒരു തുർക്കി കാഴ്ച
വലിയൊരു ദുരിതക്കയത്തിലാണ് തുര്‍ക്കിയെന്ന മഹാരാജ്യം. ഫെബ്രുവരി ആറിനുണ്ടായ ഭൂചലനത്തില്‍ പതിനായിക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും വീടുകളും മറ്റ് കെട്ടിടങ്ങളും തകരുകയും ചെയ്തു. മഹാദുരിതം സംഭവിക്കുന്നതിന് മുന്‍പ് തുര്‍ക്കിയിലൂടെ നടത്തിയ സഞ്ചാരത്തെ കുറിച്ചുള്ള കുറിപ്പ് വായക്കാം
'ഒരു ഭൂപ്രദേശത്തിന്റെ സൗന്ദര്യം കുടികൊള്ളുന്നതത്രയും അതിന്റെ വിഷാദത്തിലാണ് -(അഹമ്മദ് റസീം)
രണ്ടു ഭൂഖണ്ഡങ്ങള്‍ പങ്കിട്ടെടുത്ത ഒരു രാജ്യം... ടര്‍ക്കി (Turkey). നമ്മള്‍ മലയാളികള്‍ക്ക് തുര്‍ക്കി. യൂറോപ്പിന് ഏഷ്യ നല്‍കിയ സമ്മാനം പോലെയാണ് ഭൂപടത്തില്‍ തുര്‍ക്കിയുടെ സ്ഥാനം. ഒരു കാലഘട്ടത്തില്‍ യൂറോപ്പിനെ വിറപ്പിച്ചു ഏഷ്യയെ ഭരിക്കുകയും, പിന്നീട് ഏഷ്യയെ അവഗണിച്ചു യൂറോപ്പിനെ ഭരിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പിടിമുറുക്കങ്ങള്‍ പലയിടങ്ങളിലും ഇന്നും തുര്‍ക്കിയില്‍ അവശേഷിക്കുന്നുണ്ട്.
ഭൂപ്രകൃതിയില്‍ നിന്നും തുടങ്ങിയാല്‍ മെഡിറ്ററെനിയന്‍ കടലും കരിങ്കടലും (black sea) ഒരുപോലെ തുര്‍ക്കിയെ തൊട്ടു തലോടി കൊണ്ടിരിക്കുന്നു. ഏഷ്യന്‍ ഭാഗത്തിനെ ആന്റ്റോലിയന്‍ (Antolian) എന്നും യൂറോപ്യന്‍ ഭാഗത്തെ ത്രേയ്‌സ് (Thrace) എന്നും വിളിച്ചു പോരുന്നു. ഈ രണ്ടു കടലിടുക്കുകള്‍ക്കും ഇടയില്‍ കിടങ്ങു പോലെ നിലകൊള്ളുന്ന ഒരു ഭാഗമുണ്ട് ബോസ്‌ഫെറസ് (Bhospherus) എന്നാണ് അതറിയപ്പെടുന്നത്. തുര്‍ക്കിയുടെ പ്രകൃതിരാമണീയമായ ഇടവും അവിടം തന്നെ.
വടക്കു കിഴക്ക് ബള്‍ഗേരിയ, പടിഞ്ഞാറു ഗ്രീസ്, വടക്ക് കിഴക്ക് ജോര്‍ജിയ, അര്‍മാനിയ തെക്കു കിഴക്ക് ഇറാഖ്, സിറിയ എന്നിങ്ങനെ ആയി എട്ടോളം രാജ്യങ്ങളുമായി അയല്‍ബന്ധം നിലനില്‍ക്കുന്നു തുര്‍ക്കിക്ക്. മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഒരു പോലെ അനുകൂലമായ രാജ്യമാണ് തുര്‍ക്കി. ഏറെ കാലവും തണുപ്പ് തന്നെ ആണിവിടം. ഹസല്‍ നട്ട്‌സ്, ചെസ്റ്റ്‌നട്ട് ഒക്കെയും ഉത്പാദനത്തിന്റെ മുക്കാല്‍ ഭാഗവും തുര്‍ക്കിയില്‍ തന്നെയാണ്. പരുത്തി നൂലിന്റെ കൃഷിയും ധാരാളം.
ട്യൂലിപ് പൂക്കളുടെ യഥാര്‍ത്ഥ ഉറവിടം തുര്‍ക്കി ആയിരുന്നു. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ട്യൂലിപ് പൂപ്പാടം തുര്‍ക്കിയിലെ ആകര്‍ഷകമായ ഒരിടം ആണ്. ഇവിടുത്തെ സുല്‍ത്താന്‍ ആയിരുന്നു നെതര്‍ലന്‍ഡിനു ആദ്യമായി ട്യൂലിപ് പൂക്കള്‍ നല്‍കിയത്. പിന്നീട് അംസ്റ്റര്‍ഡാം ആ പൂക്കളുടെ ഒരു പറുദീസ ആയി മാറുകയായിരുന്നു.
ഇസ്താംബുള്‍ (Istanbul)
ഇന്നത്തെ ഇസ്താംബുള്‍ അറിയപ്പെട്ടിരുന്നത് കോണ്‍സ്റ്റന്റിനോപ്പിള്‍ എന്നായിരുന്നു. ഓട്ടോമാന്‍ സാമ്രാജ്യം എ.ഡി. 15ല്‍ ആയിരുന്നു ഇസ്താംബുള്‍ പിടിച്ചെടുത്തത്. അക്കാലത്ത് കോണ്‍സ്റ്റനിയന്‍ ചക്രവര്‍ത്തി ആയിരുന്നു തുര്‍ക്കി ഭരിച്ചിരുന്നത്. ലോകചരിത്രത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ മതം സ്വീകരിച്ച ചക്രവര്‍ത്തി അദ്ദേഹമായിരുന്നു. മംഗോളിയന്‍ പടയോട്ടങ്ങളും ഓട്ടോമാന്‍ കലാപങ്ങളുമെല്ലാം തുര്‍ക്കിയുടെ സമാധാനവും സമ്പത്തും പാടെ തകര്‍ത്തു.. അക്കാലത്തു നശിച്ച പല കെട്ടിടാവശിഷ്ടങ്ങളും ഇന്നും പലയിടങ്ങളിലും കാണാനുണ്ട്.
അങ്കാറ ആണ് നിലവിലെ തുര്‍ക്കിയുടെ തലസ്ഥാനം എങ്കിലും ഇന്നും വലിപ്പത്തിലും സാമ്പത്തികമായും മുന്നിലും വാണിജ്യ സിരാകേന്ദ്രമായും ജനവാസ മേഖല കൂടിയ ഇടമായും ഒക്കെ ഇസ്തമ്പുള്‍ ആണ് പ്രധാന ഇടം.
ഹഗ്യ സോഫിയ (Hagiya Sophiya)

.jpg?$p=7c9a5cc&f=1x1&w=284&q=0.8)
.jpg?$p=e175360&q=0.8&f=16x10&w=284)
.jpg?$p=c3e641c&q=0.8&f=16x10&w=284)
.jpg?$p=a0a4575&q=0.8&f=16x10&w=284)
+6
എ.ഡി. 360 കാലഘട്ടത്തില്‍ കോണ്‍സ്റ്റനിയന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച മനോഹരമായ പള്ളിയായിരുന്നു ഹഗ്യ സോഫിയ. അക്കാലത്തെ റോമന്‍ സംസ്‌കാരം കടം കൊണ്ട വളരെ മനോഹരമായ സൃഷ്ടി ആയിരുന്നു ആ പള്ളി. പലയിടത്തും റോമിലെ പള്ളികളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള കലാവിരുത് കാണാനുണ്ട്.
ഓട്ടോമാന്‍ പടയോട്ടത്തിന്റെ അവസാനം ഈ പള്ളി അവര്‍ മുസ്ലിം പള്ളി ആയി മാറ്റിയെടുത്തു. എങ്കിലും ഇന്നും പള്ളിയുടെ അകത്തളത്തില്‍ പലയിടത്തും കോണ്‍സ്റ്റനിയന്‍ നിര്‍മിതികളും ചില ചിത്രങ്ങളും ഇന്നും നിലയുറപ്പിച്ചിട്ടുണ്ട്. മുസ്ലിം വിശ്വാസ പ്രകാരം ചിത്രങ്ങള്‍ ഒന്നും തന്നെ അവരുടെ ആരാധനാലയങ്ങളില്‍ പാടുള്ളതല്ല. എങ്കിലും ഇവിടെ ഇന്നും ചില ചിത്രങ്ങള്‍ തുണി വച്ച് മറച്ചു കൊണ്ടു അവിടെ തന്നെയുണ്ട്.
നിരവധി മാറ്റങ്ങള്‍ മുസ്ലിം വിശ്വാസികള്‍ക്കായി പള്ളിയുടെ അകത്തു വരുത്തിയതായും കാണാം. 1938 കാലഘട്ടത്തില്‍ നടന്ന ചില സാമൂഹിക മതപരമായ കലാപങ്ങള്‍ക്കൊടുവില്‍ ഏറെക്കാലം ഹഗ്യ സോഫിയ അടച്ചിടുകയുണ്ടായി.. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആയിരുന്നു മ്യൂസിയം പോലൊരു ആശയം ആയി അവരത് പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കൊടുത്തത്.. അങ്ങനെ ഓട്ടോമാന്‍ കാലത്തു മറച്ചു വച്ചിരുന്ന പലതും മറ നീക്കി പുറത്തു വന്നു.
ബ്ലൂ മോസ്‌ക് (Blue mosque)
ഹഗ്യ സോഫിയ എന്ന ഈ വിവാദ പള്ളിയുടെ വെറും 500മീറ്റര്‍ ചുറ്റളവില്‍ തന്നെ ആണ് ബ്ലൂ മോസ്‌ക് പണികഴിപ്പിച്ചിട്ടുള്ളത്. സുല്‍ത്താന്‍ അഹമ്മദ് രണ്ടാമന്‍ ആയിരുന്നു ഈ നീല പള്ളി പണിയിച്ചത്. പള്ളിക്ക് ഈ പേര് വരാന്‍ കാരണം പള്ളിയുടെ അകത്തളത്തില്‍ പതിച്ചിരിക്കുന്ന നീല മാര്‍ബിള്‍ കല്ലുകള്‍ തന്നെ ആണ്. പള്ളിയുടെ മിനാരത്തിനു ചുറ്റിലും നീല ചില്ലുകള്‍ ഉള്ളത് കൊണ്ടു സൂര്യരശ്മികള്‍ അവയില്‍ തട്ടി അകത്തേക്ക് നീല വെളിച്ചം നിറക്കുന്നുന്നത് കാണാന്‍ തന്നെ മനോഹരമാണ്.
ചക്രവര്‍ത്തിമാരുടെ പള്ളി എന്നായിരുന്നു ബ്ലൂ മോസ്‌ക് അറിയപ്പെട്ടിരുന്നത്. പള്ളിയുടെ ചരിത്രം രേഖപ്പെടുത്തിയ 8 വോളിയം അടുത്തുള്ള മ്യൂസിയത്തില്‍ രേഖകള്‍ ആയി സൂക്ഷിച്ചിട്ടുണ്ട്. 70മീറ്റര്‍ ഉയരമുള്ള വലിയ ആറ് തൂണുകളില്‍ ആണ് ഇത്രയും വലിയ പള്ളി നിലയുറപ്പിച്ചിട്ടുള്ളത്.
ടോപ്കപി പാലസ് മ്യൂസിയം (Topkapi Palace Museum)
ഈ മ്യൂസിയം കൂടി ചേരുന്ന ഒരു ഭാഗത്തെയാണ് ബ്ലൂ മോസ്‌ക് സ്‌ക്വയര്‍ എന്ന് പറയപ്പെടുന്നത്. ഹഗ്യ സോഫിയ, ബ്ലൂ മോസ്‌ക്, ടോപ്കപി മ്യൂസിയം എല്ലാം കൂടി ചേരുന്ന ഇടം. വളരെ ചരിത്രപ്രാധാന്യമുള്ള ഒന്നാണ് അത്. ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ പടയോട്ടത്തിന്റെയും പതനത്തിന്റെയും തുര്‍ക്കിയുടെ ഉയര്‍ച്ച താഴ്ചകളുടേയുമൊക്കെ എല്ലാ ചരിത്രവും ഉറങ്ങുന്ന ഇടം. അക്കാലത്തെ ചക്രവര്‍ത്തിമാരുടെ കൊട്ടാരമായിരുന്നു ടോപ്കപി പാലസ്.
ഞാന്‍ കണ്ട തുര്‍ക്കി
എന്റെ യാത്രയില്‍ ആദ്യമെത്തിയ ഇടം ഇസ്താംബൂളില്‍ ബോസ്‌ഫെറസ് കടലിടുക്കിന് അടുത്ത് തന്നെയുള്ള സ്വിസ്സോട്ടല്‍ ദി ബോസ്ഫറ്‌സ് (Swissotel the Bospherus) ആയിരുന്നു. വന്നിറങ്ങിയപ്പോള്‍ പുറത്തെ തണുപ്പ് 14 ഡിഗ്രീ ആയിരുന്നു. ഉള്ളു കോച്ചുന്ന തണുപ്പില്‍ ഹോട്ടല്‍ മുറിയില്‍ എത്തി ഹീറ്റര്‍ ഓണാക്കി കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ കണ്ട കാഴ്ച മനസ്സു നിറയ്ക്കുന്നതായിരുന്നു. നേരെ മുന്നില്‍ ബ്ലാക്ക് സീ എന്നറിയപ്പെടുന്ന കരിങ്കടല്‍. അത് വന്നു തലോടുന്ന കരിങ്കല്‍ പാളികള്‍. നേര്‍ത്ത മഞ്ഞു പൊങ്ങി തുടങ്ങിയ അന്തരീക്ഷം.
അന്ന് രാത്രിയില്‍ പുറത്തൊരു കപ്പലില്‍ ആയിരുന്നു അത്താഴം. യാര്‍ന ഓണ്‍ ബോര്‍ഡ് (Yaarna on Board) എന്നായിരുന്നു ആ ആഡംബര കപ്പലിന്റെ പേര്. നീണ്ട 89 മണിക്കൂര്‍ യാത്രയുടെ ക്ഷീണമൊക്കെ ആ കരിങ്കടലിലെ ഓളങ്ങളില്‍ ഒഴുകി നീങ്ങിയ കപ്പലില്‍ ഒരുക്കിയ സംഗീതത്തിലും ആനന്ദത്തിലും നേര്‍ത്തലിഞ്ഞു.
പിറ്റേന്ന് രാവിലെ ബ്ലൂ മോസ്‌ക്, ഹഗ്യ സോഫിയ, ടോപ്കപി പാലസ് മ്യൂസിയം ഒക്കെ കാണാന്‍ പോയി തുര്‍ക്കി ചരിത്രമൊക്കെ മനസ്സിലാക്കി. വൈകുന്നേരം ഗ്രാന്‍ഡ് ബസാറില്‍ ഉള്ള മനോഹരമായ ഷോപ്പിംഗ് അനുഭവം ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴയ വലിപ്പമുള്ള തുറന്ന മാര്‍ക്കറ്റ് ആയിരുന്നു തെരുവിന് ഇരുവശവും.
അടുത്ത ദിവസം ടര്‍ക്കിഷ് മിനിയ്ചര്‍ സിറ്റി കാണാന്‍ പോയിരുന്നു. ഇന്ന് തുര്‍ക്കിയില്‍ ഉള്ള എല്ലാ ബില്‍ഡിങ്ങുകളും പഴയ ചരിത്ര അവശേഷിപ്പുകളും ഒക്കെയും മിനിയ്ചര്‍ രൂപത്തില്‍ ഉണ്ടാക്കിയ ഒരിടം. അവിടുന്ന് നേരെ വിന്റേജ് കാറില്‍ ഒരു യാത്ര. നേരെ പോയത് കെ.ഒ.സി. മ്യൂസിയം (KOC museum) അവിടെ വളരെ മനോഹരമായി ഏറ്റവും കൃത്യതയോടെ പരിപാലിച്ചു പോരുന്ന ഒരു കൂട്ടം വിന്റേജ് കാര്‍ കളക്ഷന്‍ കാണാന്‍ ഉണ്ടായിരുന്നു.
തുര്‍ക്കിയുടെ ഭൂപ്രകൃതിയില്‍ കടലുകളുടെ സ്ഥാനം നമ്മള്‍ കണ്ടതാണല്ലോ. ആദ്യകാലത്തും ഇന്നും കടല്‍ ഗതാഗതം വളരെ കൂടുതലായി നടക്കുന്ന ഒരിടം കൂടെ ആണ് അവിടം. പഴയകാല ബോട്ടുകള്‍ വഞ്ചികള്‍ ചെറിയ പയ്ക്കപ്പലുകള്‍ ഒക്കെയും ആ മ്യൂസിയത്തിലുണ്ട്.
ആന്റാല്യ (Antalya)
യൂറോപ്യന്‍ മേഖലയുടെ പ്രധാന ഭാഗമായിരുന്നു ഇസ്താംബുള്‍ എങ്കില്‍ ഏഷ്യ പങ്കിടുന്ന തുര്‍ക്കിയുടെ ഏറ്റവും മനോഹരവും പ്രധാന വിനോദ സഞ്ചാര കേന്ദ്രവും ആണ് ആന്റാല്യ. നാഗരികതയുടെ കടന്നുകയറ്റം അധികമില്ലാത്ത വളരെ ശാന്തമായ ധാരാളം കൃഷിയിടങ്ങള്‍ ഒക്കെയുള്ള ഒരിടം. ആന്റാല്യ വളരെ സുന്ദരിയായിരുന്നു. ഇസ്തമ്പുള്‍ ഒരു നാഗരിക സുന്ദരി ആയിരുന്നുവെങ്കില്‍ ആന്റാല്യ കുറച്ചൊരു ഗ്രാമീണത വിളിച്ചോതുന്ന സുന്ദരി എന്ന് പറയാം. ഇവിടെ പല പ്രധാന സന്ദര്‍ശന ഇടങ്ങളും നഗരത്തില്‍ നിന്നും വിട്ടുമാറി കുറച്ച് ഉള്‍പ്രദേശങ്ങളില്‍ ആയിരുന്നു..
എന്റെ യാത്രയിലെ പ്രധാന ആകര്‍ഷണം താമസിക്കാനായി ഒരുക്കിയിരുന്ന ഹോട്ടല്‍ ആയിരുന്നു ടൈറ്റാനിക് മാര്‍ഡാന്‍ പാലസ് (Titanic Mardan Palace) പേര് സൂചിപ്പിക്കും പോലെ ഒരു കൊട്ടാരം. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ചൊരു ആഡംബര ഹോട്ടല്‍. പ്രധാന ആകര്‍ഷണം അഞ്ചു ഏക്കറോളം വിസ്ത്രിയില്‍ പരന്നു കിടക്കുന്ന സ്വിമ്മിംഗ് പൂളായിരുന്നു. അതിനെ അഭിമുഖീകരിച്ച് ആയിരുന്നു ആ ഹോട്ടല്‍ മുറികള്‍ എല്ലാം. അതി വിശിഷ്ഠമായ അത്താഴം കഴിഞ്ഞു ആ കൊട്ടാരത്തില്‍ ഒരു റാണിയെന്ന പോലെ കിടന്നുറങ്ങി.
പിറ്റേന്ന് അന്റാലിയയുടെ ഉള്‍പ്രദേശങ്ങളില്‍ ആയിരുന്നു യാത്ര. റിവര്‍ റാഫിറ്റിംഗ് ആയിരുന്നു ആദ്യം. നീല നിറത്തിലുള്ള വെള്ളത്തിനടിയില്‍ ഒഴുക്കില്‍ രൂപം കൊണ്ട ഉരുളന്‍ വെള്ള കല്ലുകള്‍. തണുത്തുറഞ്ഞ വെള്ളം. അതിലൂടെ 78 പേര്‍ക്ക് ഇരിക്കാവുന്ന വലിയൊരു ബോട്ട്; ക്യനോയീ ബോട്ട് (canoe boat) അതിലിരുന്ന് നമ്മള്‍ തന്നെ തുഴയുന്ന ഒരു എക്‌സ്പീരിയന്‍സ് വളരെ മനോഹരമായിരുന്നു.
ഗ്രാമങ്ങളുടെ നടുവിലൂടെ യാത്ര ചെയ്യുമ്പോള്‍ മിക്ക വീടുകളുടെയും മുറ്റത്തു നിറയെ ഓറഞ്ച് മരങ്ങളും മാതള മരങ്ങളും കായ്ച്ചു നില്‍ക്കുന്നുണ്ടായിരുന്നു. കരിംപച്ച ഇലകള്‍ക്ക് ഇടയില്‍ മഞ്ഞയും ഓറഞ്ചു നിറവും മലര്‍ന്നു പഴുത്തു നില്‍ക്കുന്ന മധുര നാരങ്ങകള്‍. ചെറിയ പച്ചിലകള്‍ക്ക് ഇടയില്‍ മൂത്തു പഴുത്തു തുടുത്തു നില്‍ക്കുന്ന വലുപ്പം കൂടിയ മാതളങ്ങള്‍. വീടുകള്‍ ഒക്കെയും വളരെ സാധാരണ കണ്‍സ്ട്രക്ഷന്‍. മുറ്റത്തു കോഴിയും മക്കളും നടക്കുന്ന വീടുകള്‍ വരെ കാണാനായി. തികച്ചും ഗ്രാമീണത വിളിച്ചോതുന്ന പ്രദേശവും വഴികളും.
അവിടുന്ന് നേരെ ജീപ്പ് സഫാരി നടത്തി വലിയൊരു കാട്ടിലൂടെ പൈന്‍ മരങ്ങള്‍ക്ക് നടുവിലൂടെ ക്യാന്‍യോണ്‍ മല മുകളില്‍ എത്തി. അവിടെ ആയിരുന്നു ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം സമ്മാനിച്ച സിപ് ലൈന്‍ (zip line) നടത്തിയത്. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ, ലോകത്തിലെ വലിയ ഒരു സിപ് ലൈന്‍ ആയിരുന്നു അവിടെ ഉള്ളത്. അതി ശക്തമായ ഒരു കേബിള്‍ താഴേക്ക്, അതിലൂടെ ആവശ്യമായ സുരക്ഷ ക്രമീകരങ്ങളോടെ വളരെ വേഗത്തില്‍ നമ്മെ തള്ളി വിടും. വളരെ സഹസികമായ ഒരു ആക്ടിവിറ്റി ആയിരുന്നു അത്. ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും എക്‌സ്പീരിയന്‍സ് ചെയ്യേണ്ട ഒന്ന്.
പിറ്റേന്ന് കേബിള്‍ കാറില്‍ യാത്ര ചെയ്യാന്‍ പോയെങ്കിലും തലേന്നത്തെ സിപ് ലൈന്‍ അത്ഭുതം മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നത് കൊണ്ടു കേബിള്‍ കാര്‍ അത്രയും നന്നായി ആസ്വദിക്കാന്‍ ആയോ എന്ന് സംശയം ആണ്. കേബിളില്‍ ഘടിപ്പിച്ച കാറില്‍ ഇരുന്നു മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ആയി എന്നത് സത്യമാണ്. അന്ന് വൈകുന്നേരം ഒരുക്കിയ അത്താഴ വിരുന്നില്‍ മനോഹരമായ സുഫി സംഗീതത്തില്‍ മതിമറന്നു. സൂഫി സംഗീതത്തിന്റെ ആത്മാവ് തൊട്ട ഗായകര്‍.. കാതിലൂടെ ഇറങ്ങി ഹൃദയത്തില്‍ മഞ്ഞു പെയ്യിച്ച സംഗീതം.
ഓര്‍ഹാന്‍ പമുക്
പുസ്തകങ്ങളെയും വായനയെയും ഇത്രയേറെ സ്‌നേഹിക്കുന്ന എനിക്കു ഓര്‍ഹാന്‍ പമുകിനെ കുറച്ചു പറയാതെ ഈ എഴുത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. 2006 ലെ നോബല്‍ അവാര്‍ഡ് ജേതാവ് കൂടി ആയ പാമുക് മനോഹര സൃഷ്ടികളുടെ രചയിതാവ് കൂടി ആണ്. ചുവപ്പാണെന്റെ പേര്, മഞ്ഞ് , വൈറ്റ് കാസ്റ്റല്‍, മ്യൂസിയം ഓഫ് ഇന്നസന്‍സ് എന്നിവയൊക്കെ ഇന്നും ഒരുപാട് ആരാധകരുള്ള ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ ആണ്. എങ്കിലും (ഇസ്താംബുള്‍ മെമ്മൊറീസ് ആന്‍ഡ് ദി സിറ്റി) 'Istanbul – memories and the ctiy' എന്ന പുസ്തകം ഇസ്തമ്പുള്‍ നഗരത്തെയും തുര്‍ക്കിഷ് ചരിത്രതെയുമെല്ലാം വളരെ വ്യക്തമായും വിശദീകരിച്ചും വായനക്കാരിലേക്ക് എത്തിച്ചു.
തുര്‍ക്കിഷ് കുര്‍ദ് ജനതയ്ക്ക് നേരെ നടത്തിയ വംശീയ വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ അപലപിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഓര്‍ഹാന്‍ പമുകിനെ അറസ്റ്റ് ചെയ്യുക വരെയുണ്ടായി. അന്താരാഷ്ട്ര ഇടപെടലുകള്‍ക്കൊടുവില്‍ ആയിരുന്നു അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വിട്ടയച്ചത്.
അദ്ദേഹം തന്റെ പ്രശസ്തമയ 'ഇസ്താംബുള്‍' എന്ന കൃതിയില്‍ കുറിയിക്കുകയുണ്ടായി,'രണ്ടായിരത്തോളം വര്‍ഷം നിലനിന്നിരുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഏറ്റവും വികലവും ദരിദ്രവും ഏകാന്തവുമായ നഗരത്തിലേക്കാണ് ഞാന്‍ ജനിച്ചു വീണത്, അവശിഷ്ടങ്ങളുടെയും വിഷാദത്തിന്റെയും നഗരമായിരുന്നു ഇസ്താന്‍ബുള്‍ എനിക്കെന്നും.. ഈ വിഷാദത്തോട് പടവെട്ടിയോ, (അല്ലെങ്കില്‍ എല്ലാ ഇസ്താംബുള്‍ നിവാസികളെയും പോലെ) അതിനെ എന്റേതാക്കിയോ ഞാനിവിടെ ജീവിതം ചിലവിട്ടു'എന്ന്...
ഇസ്താന്‍ബുള്‍ തെരുവുകളില്‍ നടന്നപ്പോള്‍ എന്റെ കണ്ണുകള്‍ അവിടെയും ബുക്ക് ഷോപ്പില്‍ തന്നെ ആയിരുന്നു ഉടക്കി നിന്നത്.. അകത്തു കയറിയ ഞാന്‍ ഇപ്പോളും ബെസ്റ്റ്‌സെല്ലര്‍ ആയി വച്ചിരിക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ (മൈ നെയിം ഈസ് റെഡ്) 'my name is red', (ഇസ്താന്‍ബുള്‍) 'Istanbul' എന്നിവയൊക്കെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി. ഇന്നും പാമുക് ലോകത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായി തുടരുന്നു.
അവിടുത്തെ നിരത്തുകളില്‍ നിറയെ മേപ്പിള്‍ മരങ്ങളായിരുന്നു. അതിലെ ഇലകള്‍ ഓരോന്നായി ഞാന്‍ എടുത്തു വച്ചിരുന്നു. മരത്തില്‍ നിന്നും പൊട്ടിച്ചെടുത്ത ഒന്ന്, പഴുത്തു തുടങ്ങിയ മറ്റൊന്ന്, നിലത്തു വീണു കിടന്ന ഉണങ്ങാന്‍ തുടങ്ങിയത്, വളരെ ഉണങ്ങി കാറ്റില്‍ പാറി നടക്കുന്ന വേറെ ഒരെണ്ണം. അങ്ങനെ പച്ച മുതല്‍ ഉണങ്ങിയ ഇലകള്‍ വരെ എല്ലാം. ഈ യാത്രയും അതുപോലെ തോന്നിപ്പോയി. ഇലകള്‍ പോലെ ദിനം കൊഴിയുംതോറും പറന്നകലുന്ന നിമിഷങ്ങള്‍.
Content Highlights: turkey istanbul travel hagia sophia blue mosque Antalya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..