ത്രിപുര യാത്ര; ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയായ അഖോറയില്‍ ചെന്നെത്തുമ്പോള്‍


മനു റഹ്മാന്‍

1949ല്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നത് വരെ രണ്ടായിരം വര്‍ഷത്തോളം ത്രിപുര ഭരിച്ചത് മാണിക്യ രാജവംശമായിരുന്നു. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ചെറിയ സംസ്ഥാനമാണ് വടക്കും തെക്കും പടിഞ്ഞാറും ബംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ത്രിപുര. 856 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തി മിസോറാമും ആസാമുമായി പങ്കിടുന്നതാണ്.

അഗർത്തലയിൽ നിന്നുള്ള കാഴ്ച: Photo: ANI

ത്രിപുരയെന്നത് രണ്ട് സംസ്‌കൃത വാക്കുകള്‍ ചേര്‍ന്നതാണ്. ത്രി എന്നത് മൂന്നും പുര എന്നത് നഗരവുമാണ്. അതായത് സ്വര്‍ണം, വെള്ളി, ഇരുമ്പ് എന്നിവയാല്‍ ആകാശത്തും വായുവിലും ഭൂമിയിലുമായി അസുരന്മാര്‍ക്കായി പണികഴിപ്പിച്ച മൂന്നു നഗരങ്ങളെന്ന് ഇവയെ നിര്‍വചിക്കാം. 1949ല്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നത് വരെ രണ്ടായിരം വര്‍ഷത്തോളം ത്രിപുര ഭരിച്ചത് മാണിക്യ രാജവംശമായിരുന്നു. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ചെറിയ സംസ്ഥാനമാണ് വടക്കും തെക്കും പടിഞ്ഞാറും ബംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ത്രിപുര. 856 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തി മിസോറാമും ആസാമുമായി പങ്കിടുന്നതാണ്. ദേശീയപാത 44 ആണ് ത്രിപുരയെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളുമായി കൂട്ടിയിണക്കുന്നത്. ബംഗാളിക്കൊപ്പം കൊക്‌ബൊരോക്കും ഇംഗ്ലീഷും സംസ്ഥാനം ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. മോഗ്, ചോക്മ, ഹലാം, ഗാരോ, ബിഷ്ണുപ്രിയ മണിപ്പൂരി, മണിപ്പൂരി, ഹിന്ദി, ഒറിയ തുടങ്ങിയ ഭാഷകളും ഇവിടെ പ്രചാരത്തിലുണ്ട്. 15 ലക്ഷമാണ് ജനസംഖ്യ. ദെബ്ബാര്‍മ, ത്രിപുര, റിയാങ്(ബ്രു), ജമാട്ടിയ, കൊലൊയി തുടങ്ങയവയാണ് പ്രധാന ജനവിഭാഗങ്ങള്‍. സംസ്ഥാന വിസ്തൃതിയുടെ 54.78 ശതമാന(5,745 ചതുരശ്ര കിലോമീറ്റര്‍)വും വനമാണ്. വര്‍ഷത്തില്‍ 2,500 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന ത്രിപുരയില്‍ വേനച്ചൂട് 20 ഡിഗ്രി സെന്റീഗ്രീഡിനും 36 ഡിഗ്രി സെന്റീഗ്രീഡിനും ഇടയിലാണ്അനുഭപ്പെടുന്നത്. മഞ്ഞുകാലത്ത് താപനില ഏഴിനും ഇരുപത്തിയേഴിനും ഇടയാലായിരിക്കും.

വഴികള്‍

കൊല്‍ക്കത്തയില്‍നിന്ന് 1,584 കിലോമീറ്ററാണ് അഗര്‍ത്തലക്ക് റോഡ് മാര്‍ഗമുള്ള ദൂരം. എത്തിച്ചേരാന്‍ 40 മണിക്കൂറില്‍ അധികം വേണ്ടിവരും. വായുമാര്‍ഗം ഒരു മണിക്കൂര്‍ മതി. ഭൂവനേശ്വര്‍, ഗോഹട്ടി തുടങ്ങിയ പട്ടണങ്ങളില്‍ചെന്നും അഗര്‍ത്തലയിലേക്ക് എത്താനാവും. ഗോഹട്ടിയില്‍നിന്നു റോഡു മാര്‍ഗം 16 മണിക്കൂര്‍ മതി ത്രിപുരയുടെ തലസ്ഥാന നഗരിയിലേക്ക് ചെന്നെത്താന്‍. 545 കിലോമീറ്ററാണ് ദൂരം. സമയ ലാഭം ആഗ്രഹിക്കുന്നവര്‍ മിക്കവരും ഗുവാഹത്തിയില്‍ പറന്നെത്തി അഗര്‍ത്തലക്ക് വിമാനത്തില്‍ പോകാറാണ് പതിവ്. ഒരു മണിക്കൂര്‍ മതി വായുമാര്‍ഗം എത്താന്‍. തെക്കേ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് പ്രത്യേകിച്ചും മലയാളികള്‍ക്ക് ബംഗളൂരുവില്‍നിന്ന് രണ്ടേമുക്കാല്‍ മണിക്കൂറുകൊണ്ട് അഗര്‍ത്തലയില്‍ എത്തിച്ചേരാം. ഇതിനെല്ലാം പുറമേ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയും കണ്ട് കൊല്‍ക്കത്തക്ക് മടങ്ങിപോകാനും അഗര്‍ത്തലയിലെത്തുന്നവര്‍ക്ക് അവസരമുണ്ട്. അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസി. ഹൈ കമ്മിഷന്‍ ഓഫിസില്‍ ചെന്നു വിസ സംഘടിപ്പിച്ചുവേണം യാത്ര ആരംഭിക്കാന്‍. 550 കിലോമീറ്ററേ ദൂരം വരൂ. 10 മണിക്കൂറിനകം കൊല്‍ക്കത്തയില്‍ എത്താം.

ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയായ അഖോറ നഗരത്തിന്റെ തിരക്കില്‍നിന്ന് മാറി 11 കിലോമീറ്റര്‍ ദൂരെയുള്ള സിങ്കര്‍ബില്ലിലാണ് അഗര്‍ത്തല വിമാനത്താവളം സ്ഥിതിചെയ്യുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആഭ്യന്തര വിമാനത്താവളമാണിത്. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഗുവാഹത്തി കഴിഞ്ഞാല്‍ തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം. അഗര്‍ത്തല വിമാനത്താവളത്തെ രാജ്യാന്തര നിലവാരത്തിലേക്കു ഉയര്‍ത്താനുള്ള നീക്കം സജീവമാണ്. 1942ല്‍ മഹാരാജ ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹാദൂറാണ് ഈ വിമാനത്താവളം രൂപകല്‍പന ചെയ്തതും സാക്ഷാത്കരിച്ചതും. രണ്ടാം ലോക മഹായുദ്ധ കാലത്ത് യു.എസ് വായുസേന ഇവിടുത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ബാഗും വലിച്ച് പുറത്തേക്ക് നടന്നു. ഓട്ടോകളുടെ നീണ്ട നിര. ഒരെണ്ണത്തില്‍ നഗരത്തിലേക്ക് പുറപ്പെട്ടു. തലസ്ഥാനത്ത് ഓടുന്ന ഓട്ടോകളുടെ നിറം പച്ചയാണ്. കമ്മ്യൂണിസം മൂന്നു പതിറ്റാണ്ട് തുടര്‍ന്ന നാട്ടിലെ ഓട്ടോയുടെ നിറം...

ഇരുഭാഗത്തും വാതിലുകള്‍ ഘടിപ്പിച്ച ഓട്ടോകളാണ് ഇവിടെ ഓടുന്നത്. 150 രൂപയായിരുന്നു വാടക. ഡ്രൈവര്‍ ഒരു ലോഡ്ജിന് സമീപത്ത് എന്നെ ഇറക്കി. അവിടെ മുറി വാടക 700 രൂപയായതിനാല്‍ ഓട്ടോകൂലി നല്‍കി ആ ഡ്രൈവറെ പറഞ്ഞുവിട്ട് ബേഗും തൂക്കി വാടക കുറഞ്ഞ താമസസ്ഥലം തേടി നടന്നു. ഒന്നു രണ്ടു ടോട്ടോകളില്‍ കയറിയാണ് നഗരഹൃദയമായ എം.എസ് റോഡില്‍ എത്തിയത്. 250 രൂപക്ക് ബാത്ത് അറ്റാച്ച്ഡ് മുറി എം.എസ് റോഡില്‍ തരപ്പെട്ടത് ആശ്വാസമായി. വലിയ കുഴപ്പമില്ലാത്ത ഒരു മുറിയായിരുന്നു അത്. ബേഗുകള്‍ മുറിയില്‍വെച്ച് പുറത്തേക്കിറങ്ങി. തെളിഞ്ഞ കാലാവസ്ഥയായിരുന്നു അഗര്‍ത്തലയില്‍. തിങ്ങിഞെരുങ്ങി നീങ്ങുന്ന വാഹനങ്ങളും ജനബാഹുല്യവുമുള്ള നഗരം. ഈ മേഖലയിലെല്ലാം ആളുകളുടെ പ്രധാന യാത്രാമര്‍ഗം ഓട്ടോകളാണ്. തനിച്ച് വിളിച്ച്(റിസര്‍വ് ചെയ്ത്) യാത്ര ചെയ്യുന്ന നഗരവാസികള്‍ വളരെ ചുരുക്കമാണ്. മിക്കയിടത്തേക്കും ഷെയറിങ്ങില്‍ യാത്ര ചെയ്യാനാവുമെന്നത് ആശ്വാസകരമായ കാര്യമാണ്. നാലും അഞ്ചും കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പത്തു രൂപ മതിയെന്നത് ആശ്ചര്യപ്പെടുത്തി. നഗരത്തില്‍ സഞ്ചാരികള്‍ക്കായി ഒരുപാട് കാഴ്ചകളുണ്ട്. നടക്കാവുന്ന ദൂരത്തിലായിരുന്നു അഗര്‍ത്തലയിലെ ത്രിപുര ഗവ. മ്യൂസിയം. അങ്ങോട്ട് നടന്നു. അര കിലോമീറ്റര്‍ ദൂരമേയുള്ളൂ. പക്ഷേ തിങ്കളാഴ്ച(ഏപ്രില്‍ 16) ആഴ്ച അവധിയായതിനാല്‍ അടിച്ചിട്ടിരിക്കുകയാണ്. രാവിലെ 11 മണി മുതലാണ് പ്രവേശനം. അവിടെ നിന്ന് ഇറങ്ങി തൊട്ടടുത്തുള്ള ജഗന്നാഥ് മന്ദിരത്തിലേക്ക് നടന്നു. ഉച്ചയായിട്ടും കുറേ ഭക്തരെയും സന്ദര്‍ശകരുമെല്ലാം അവിടെ കാണാനായി. അമ്പലനടയ്ക്ക് സമീപത്തെ വിശാലമായ ഹാളില്‍ ഭജന്‍ ആലാപനം. തലയില്‍കുടുമയുള്ള ഒരു ബ്രാഹ്മണന്‍ കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ഇടവിട്ട് മണിയടിക്കുകയും ചെയ്യുന്നു. അമര്‍ചിത്രകഥയില്‍ കണ്ടു പരിചയമുള്ള നെറ്റിയില്‍നിറയെ ഭസ്മം പൂശിയ ഒരാള്‍. മണിയുടെ ഭാഗമായ ഞാന്നുകിടക്കുന്ന കയറില്‍ പിടിച്ചുനില്‍ക്കുന്ന മെലിഞ്ഞൊട്ടിയ അയാളുടെ ദൃശ്യം ആടുന്ന നേര്‍ത്ത ഊഞ്ഞാലുപോലെ ഉള്ളിലുണ്ട്. ഉച്ചയ്ക്ക് നട തുറന്നതോടെ ഭജന്‍ അവസാനിച്ചു. തീര്‍ഥം വാങ്ങി ഭക്തര്‍ നിവേദ്യചോറിനായി വരിനിന്നു. സബ്ജിയുടെ രുചിയായിരുന്നു ഉരുട്ടിനല്‍കുന്ന ആ നിവേദ്യച്ചോറിന്. ക്ഷേത്രവളപ്പിലെ സത്രത്തിലേക്ക് കയറി. നൂറു രൂപയാണ് ഡോര്‍മെട്രിയില്‍ കിടക്കക്ക് ഈടാക്കുന്നത്. അഹിന്ദുക്കള്‍ക്ക് നല്‍കാന്‍ സന്‍സത് നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ ക്ഷേത്ര ജീവനക്കാരന്‍ ഒന്നിലധികം തവണ ക്ഷമ ചോദിച്ചു. മാന്യമായ പെരുമാറ്റം. എല്ലാറ്റിനും നിയമങ്ങളുണ്ടല്ലോ, ഭക്തിയുടെ കേദാരമായ ഇന്ത്യയില്‍ അതില്‍ തെറ്റൊന്നുംആരും കാണേണ്ടതില്ല.

ഇന്ത്യ-ബം​ഗ്ലാദേശ് അതിര്‍ത്തിയായ അഖോറ സമീപത്താണെന്ന് കേട്ടു. അങ്ങോട്ടാക്കി അടുത്ത സന്ദര്‍ശനം. മൂന്നു നാലു കിലോമീറ്ററേ ദൂരമുള്ളൂ. ഓട്ടോകള്‍ എല്ലായിടത്തും തോന്നിയ ചാര്‍ജാണ് ആവശ്യപ്പെടുകയെന്ന് യാത്രകള്‍ പഠിപ്പിച്ചിരുന്നു. മൂന്നു നാലു പേരെ സമീപിച്ച ശേഷമാണ് 100 രൂപക്ക് കൊണ്ടുപോയി തിരിച്ചെത്തിക്കാമെന്ന് ഒരു ഡ്രൈവര്‍ സമ്മതിച്ചത്. അര മണിക്കൂര്‍ കാത്തുനില്‍പ് ഉള്‍പ്പെടെയായിരുന്നു തുക. അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്ന പട്ടാള കവാടത്തില്‍നിന്ന് ഇരുനൂറു മീറ്ററോളം മാറിയാണ് ഓട്ടോ നിര്‍ത്തിയത്. അവിടെ നിന്ന് നടന്നുവേണം രാജ്യാന്തര അതിര്‍ത്തിയിലേക്ക് എത്താന്‍. നട്ടുച്ചയായിരിക്കുന്നു, വെയിലിന് നല്ല ചൂട്. കാലിയാക്കിയിട്ട ഒരു മൈതാനം കടന്നുവേണം പോകാന്‍. ഇരു രാജ്യങ്ങളിലേക്കും ചരക്കുകളുമായി നീങ്ങുന്ന വാഹനങ്ങള്‍ക്കായി മാറ്റിയിട്ടതാവണം ആ പ്രദേശം. ആള്‍പ്പെരുമാറ്റം തീരെ കുറവ്. വളരെ മോശം റോഡിലൂടെയാണ് ഓട്ടോയില്‍ തുള്ളിക്കുലുങ്ങി അങ്ങോട്ട് എത്തിയത്. റോഡരികിലൂടെ മൂന്നു നാലു മീറ്ററോളം വീതിയില്‍ ഊക്കോടെ ഒഴുകുന്ന ഒരു അഴുക്കുചാല്‍. കറുത്ത് കുഴമ്പുപോലുള്ള വെള്ളം ഒഴുകിപ്പോകുന്നത് ബംഗ്ലാദേശിലേക്കാണ്. നമ്മുടെ നഗരത്തിന്റെ അഴുക്കും കാലങ്ങളായി പേറാന്‍ വിധിക്കപ്പെട്ട നാടുകൂടിയാണ് പരമദരിദ്രമായ ബംഗ്ലാദേശെന്ന് ബോധ്യമായി. നേരെ ഒന്നാമത്തെ ഗേറ്റിലേക്ക് നടന്നു. കവാത്ത് നടത്തുന്ന പട്ടാളക്കാരനോട് അനുമതി വാങ്ങി അതിര്‍ത്തിക്ക് അകത്തേക്ക് കടന്നു. വീണ്ടും ഒരു കവാടം കൂടി കടന്നു. മുന്നില്‍ ഇരുനൂറു മീറ്ററോളം വിജനമായ പ്രദേശം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുന്ന യാത്രാവാഹനങ്ങള്‍ക്കും ചരക്കുവാഹനങ്ങള്‍ക്കുമുള്ള പാര്‍ക്കിങ് കേന്ദ്രമാവണം ഈ പ്രദേശവും. അരികിലൂടെ നേരത്തെ കണ്ട ഓട ഒഴുകുന്നു. ഒരു ചതുപ്പുപ്രദേശം. ചെക്ക്‌പോസ്റ്റിന് അപ്പുറത്താണ് അയല്‍രാജ്യം. ബംഗ്ലാദേശ് എന്ന് എഴുതിയ പില്ലര്‍ പട്ടാളക്കാരുടെ അനുമതിയോടെ കടന്ന് ബംഗ്ലാദേശിന്റെ മണ്ണിലേക്ക് ഏതാനും മീറ്റര്‍ നടന്നു.

ബംഗ്ലാദേശിന്റെ വിമോചന കാലവും നായകന്‍ ശൈഖ് മുജീബ്‌റഹ്മാനുമെല്ലാം ഉള്‍പ്പെട്ട ചരിത്രം അകത്ത് ഇരമ്പുന്നു. പാകിസ്താനെന്ന 'പരിശുദ്ധരുടെ'നാടിന് കിട്ടിയ ആദ്യ തിരിച്ചടിയായിരുന്നു ആ വിഭജനം. നമ്മുടെ പട്ടാളക്കാരില്‍ ഒരാളുടെ സഹായത്താല്‍ ഏതാനും ഫോട്ടോകളും പകര്‍ത്തി. പത്തന്‍പത് മീറ്റര്‍ അകലെയായി ബംഗ്ലാദേശില്‍നിന്നുള്ള സഞ്ചാരികള്‍ വന്ന ഒരു ടൂറിസ്റ്റ് ബസ് കണ്ടു. അവരും കൗതുകത്തോടെ ഇന്ത്യയിലേക്ക് നോക്കുന്നു. അവരുടെ മനസും എനിക്ക് സമാനമാവണം. ആ ബസിനും പിറകില്‍ എവിടെയോ ആവണം ബംഗ്ലാദേശിന്റെ ചെക്കുപോസ്റ്റും പട്ടാളക്കാരുമെല്ലാം. സമയം ഓടിപോകുന്നു. അര മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. വെയില്‍ വകവെക്കാതെ കാലുകള്‍ നീട്ടിവെച്ച് ഓട്ടോക്കരികിലേക്ക് നടന്നു.

4,156 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയില്‍ 4,156 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് അതിര്‍ത്തി. കരയിലൂടെയുളള ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ രാജ്യാന്തര അതിര്‍ത്തിയാണിത്. ബംഗ്ലാദേശിലെ എട്ടു ഡിവിഷനുകളിലായുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളായ പശ്ചിമബംഗാള്‍, ആസാം, ത്രിപുര, മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി പങ്കിടപ്പെടുന്നു. പശ്ചിമ ബംഗാളുമായി 2,217 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ബംഗ്ലാദേശിനുള്ളത്. ആസാമുമായി 262 കിലോമീറ്റര്‍, ത്രിപുരപുരയുമായി 856, മിസോറാമുമായി 180, മേഘാലയയുമായി 443 എന്നിങ്ങനെയാണിത്. അഗര്‍ത്തലയെയും ബംഗ്ലാദേശിലെ അഖോറയെയും ബന്ധിപ്പിച്ചാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ രാജ്യാന്തര അതിര്‍ത്തി. ആവശ്യമായ രേഖകളുമായി എത്തുന്നവര്‍ക്ക് ഇതുവഴി ഇരു രാജ്യത്തേക്കും സഞ്ചരിക്കാനാവും. ബംഗ്ലാദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ ചിറ്റഗോങ്ങിന് കീഴിലുള്ള പ്രദേശമാണിത്. ബംഗ്ലാദേശ് വിമോചന സമരത്തിലും ലോക മഹായുദ്ധങ്ങളിലും ചരിത്രപരമായ പങ്കുവഹിച്ച പ്രദേശമായ അഖോറ ആ ഓര്‍മകളെ ഇന്നും നെഞ്ചേറ്റുന്നുണ്ടാവണം. അഗര്‍ത്തലയില്‍നിന്ന് ബംഗ്ലാദേശിലേക്കു പോകുന്ന തീവണ്ടികള്‍ക്ക് അഖോറയില്‍ സ്‌റ്റോപ്പുണ്ട്. അഗര്‍ത്തലയില്‍നിന്ന് ഗോഹത്തി, സിലിഗുരി വഴി കൊല്‍ക്കത്തയിലേക്ക് 1,550 കിലോമീറ്ററാണ് ദൂരം. എന്നാല്‍ അഖോറയില്‍നിന്ന് ബംഗ്ലാദേശ് അതിര്‍ത്തി കടന്നു പോകുകയാണെങ്കില്‍ കൊല്‍കത്തക്ക് മൂന്നിലൊന്ന്(450 കിലോമീറ്റര്‍) ദൂരമേയുള്ളൂ. അഗര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന ബംഗ്ലാദേശ് വിസ ഓഫിസില്‍ അപേക്ഷ നല്‍കിയാല്‍ ഓഫിസ് ചടങ്ങുകള്‍ അവസാനിപ്പിച്ച് അര മണിക്കൂറിനകം മടങ്ങാമെന്നും വൈകുന്നേരമാവുമ്പോഴേക്കും പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്തു തിരിച്ചുകിട്ടുമെന്നുമാണ് ഇതുവഴി യാത്ര ചെയ്തവരുടെ അനുഭവസാക്ഷ്യം. അഖോറയിലെ ഇന്ത്യന്‍ തുറമുഖ വകുപ്പിന്റെ കെട്ടിടത്തില്‍നിന്ന് വിദേശകാര്യ വകുപ്പിന്റെയും കസ്റ്റംസിന്റെയും പരിശോധനകള്‍ കഴിഞ്ഞ് ഡിപാര്‍ച്ചല്‍ സീല്‍ പതിപ്പിച്ച് രണ്ടു മിനുട്ട് നടന്നാല്‍ മതി ബംഗ്ലാദേശിലേക്ക് പ്രവേശിക്കാന്‍. ഈ അതിര്‍ത്തി വഴി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ധാരാളം ലോറികളും ഇതര വാഹനങ്ങളും ചരക്കുകളുമായി ദിനേന സഞ്ചരിക്കുന്നുണ്ട്.

കര വഴി വാഹനങ്ങള്‍ കടന്നുപോകാന്‍ അനുമതിക്കായി കാത്തിരുന്നത് 28 വര്‍ഷം. ഇന്ത്യയും പാക്കിസ്ഥാനും 1947ല്‍ സ്വതന്ത്ര രാജ്യങ്ങളായെങ്കിലും വിഭജിക്കപ്പെട്ട കിഴക്കന്‍ബംഗാളിനും പശ്ചിമബംഗാളിനുമിടയില്‍ 43 വര്‍ഷത്തോളം കരവഴിയുള്ള ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പാകിസ്താനില്‍നിന്ന് ഇന്ത്യന്‍ സഹായത്തോടെ കിഴക്കന്‍ പാകിസ്താന്‍ 1971ല്‍ സ്വാതന്ത്ര രാജ്യമായിട്ടും കൊല്‍ക്കത്തക്കും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കക്കുമിടയില്‍ 1999ലാണ് ബസ് സര്‍വിസ് ആരംഭിച്ചത്. ധാക്കക്കും അഗര്‍ത്തലക്കുമിടയില്‍ ബസ് സര്‍വിസ് ആരംഭിക്കാന്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ വീണ്ടും രണ്ടു വര്‍ഷം കാത്തരിക്കേണ്ടി വന്നു. 1965ല്‍ നടന്ന ബംഗ്ലാദേശ് വിമോചന സമരത്തോടെയായിരുന്നു ഇന്ത്യക്കും പാകിസ്താനുമിടിയില്‍ കൊല്‍ക്കത്തയെയും ധാക്കയെയും ബന്ധിപ്പിച്ചുള്ള ട്രെയിന്‍ സര്‍വിസ് നിര്‍ത്തലാക്കിയത്. സ്വാതന്ത്ര്യാനന്തരം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ ഇതുവഴിയുള്ള ചരക്കുഗതാഗതം ഉള്‍പ്പെടെയുള്ളവയും മന്ദീഭവിച്ചു.

ചരിത്രം എന്നും അങ്ങനെയാണ് ആകസ്മികതകളും അനിശ്ചിതത്വങ്ങളും അവിശ്വസനീയതകളും കൂടിക്കലര്‍ന്ന ഒന്ന്. രക്തവും മരണവും പ്രയത്‌നവും പരാജയവും വിജയവുമെല്ലാം അതിന്റെ ഇടനാഴികളില്‍ വേണ്ടതിലധികം കാണാനാവും. ചരിത്രമെന്ന കുത്തൊഴുക്കില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല. ചരിത്രമില്ലാത്ത ഒന്നും ഉണ്ടായിട്ടുമില്ല. എല്ലാറ്റിനും പിന്നില്‍ കാണാച്ചരടുകളില്‍ അത് സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു. അതിര്‍ത്തിയില്‍നിന്ന് തിരിച്ചുനടക്കുമ്പോള്‍ ഓര്‍മകള്‍ അതിവേഗം ഓടുന്നത് കേള്‍ക്കാമായിരുന്നു. ഞാന്‍ കാണുന്ന മൂന്നാമത്തെ രാജ്യാന്തര അതിര്‍ത്തിയാണ് അഖോറ. 2003ലെ കശ്മിര്‍ യാത്രയില്‍ ഇന്ത്യാ - പാകിസ്താന്‍ അതിര്‍ത്തിയായ പഞ്ചാബിലെ വാഗയില്‍ പോയിരുന്നു. 2016ലെ യാത്രയിലായിരുന്നു ദുഷ്‌കരമായ ഇന്ത്യാ-ചൈന അതിര്‍ത്തിയായ നാഥുല സന്ദര്‍ശിച്ചത്. ഒറ്റക്കുള്ള ഓരോ പുറപ്പാടുകളിലും രാജ്യത്തിന്റെ ഓരോ അതിര്‍ത്തിയും കാണാനായത് മഹാഭാഗ്യമായി കരുതുകയാണ്. ആദ്യം സന്ദര്‍ശിച്ചത് വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയായിരുന്നെങ്കില്‍ പിന്നീടുള്ളവ രണ്ടും വടക്കുകിഴക്കന്‍ അതിര്‍ത്തികളായിരുന്നു. ഓട്ടോക്കാരന്‍ എന്റെ വരവും കാത്തുനില്‍ക്കുകയാണ്. ഞാന്‍ കയറിയിടത്ത് ഇറക്കിയിട്ടുവേണം അയാള്‍ക്ക് അടുത്ത ആളെ തേടി നീങ്ങാന്‍. വെട്ടിത്തിളങ്ങുന്ന വെയില്‍. ശുഭ്രമായ ആകാശം. ചൂട് വകവെക്കാതെ ആളുകള്‍ അതിവേഗം റോഡിലൂടെ നടക്കുന്നു. വസ്ത്രധാരണത്തില്‍ കാര്യമായ പകിട്ടൊന്നും അനുഭവപ്പെടുന്നില്ല. മിക്കവരുടേതും ഉദാസീനമായി വാരിച്ചുറ്റിയ വസ്ത്രങ്ങളായിരുന്നു. നഗരത്തിന്റെ വികാസം പ്രാപിക്കാത്ത അവയവങ്ങളില്‍ ഒന്നാവണം ഈ അതിര്‍ത്തി പ്രദേശം. ഉത്തരേന്ത്യയില്‍ പൊതുവില്‍ കാണുന്ന പൊടിനിറഞ്ഞ നഗരക്കാഴ്ചയില്‍നിന്ന് അഗര്‍ത്തലയും വ്യത്യസ്തമല്ല. ഒരു മണി കഴിഞ്ഞിട്ടേയുള്ളൂ. അഗര്‍ത്തലയിലെ ബര്‍ദോവലിയിലെ ട്രാന്‍സിറ്റ് റോഡിലുള്ള നാഗര്‍ജല ബസ് സ്റ്റാന്റിലേക്ക് പുറപ്പെട്ടു. മിനി ബസുകളാണ് ഇവിടെ കൂടുതലും സര്‍വിസ് നടത്തുന്നത്. ഈ പകലില്‍ പോയി വരാന്‍ സാധിക്കുന്ന ഇടം ഉദയ്പുരാണെന്ന് അറിഞ്ഞതിനാല്‍ അങ്ങോട്ട് പുറപ്പെട്ടു. നല്ല വീതിയുള്ള റോഡ് നാട്ടിലേതിന് സമാനം. നഗരാതിര്‍ത്തി വിട്ടതോടെ കാടായി ഇരുഭാഗത്തും. ഇതിനിടെ റോഡരികിലായി നീളത്തില്‍ ചായത്തോട്ടം കണ്ടു. സെപാഹിജല ഫോറസ്റ്റ് ഡിവിഷന്റെ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു. കാടിന് സമീപത്തായി റബര്‍ത്തോട്ടം, നെല്‍വയലുകള്‍... ചില പ്രദേശങ്ങള്‍ കേരളകര്‍ണാടക അതിര്‍ത്തി പ്രദേശമായ മുത്തങ്ങയുടെ തനിപകര്‍പ്പായിരുന്നു.

Content Highlights: tripura travel akhaura India Bangladesh border

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented