മാലദ്വീപിലെ മന്താ രേ മത്സ്യം | ഫോട്ടോ: മാതൃഭൂമി ന്യൂസ്
കടലാഴങ്ങളിലെ കൗതുകങ്ങളുടെ കലവറയാണ് മാലദ്വീപ്. അങ്ങനെയൊന്ന് തേടിയാണ് മാതൃഭൂമി യാത്രയുടെ ഈ യാത്ര. ഹുളു മാലെയിലെ ലഖിണി ബോട്ട് ജെട്ടിയില്‍ നിന്നാണ് കടലുകാണാന്‍ പോകുന്നത്. സ്പീഡ് ബോട്ട് റെഡിയാണ്.
നമുക്കീ യാത്രയെ സാഹസിക വിനോദത്തിന്റെ ഗണത്തില്‍പ്പെടുത്താം. ഒരു സംഘം തന്നെയുണ്ട് യാത്രയ്ക്ക്. ഏതുനാട്ടില്‍പ്പോയാലും മലയാളികളുണ്ടാവുമല്ലോ. തിരുവനന്തപുരം സ്വദേശിയായ സച്ചിനായിരുന്നു ടൂര്‍ കോര്‍ഡിനേറ്റര്‍. ഒപ്പം ആഴക്കാഴ്ചകളെ പരിചപ്പെടുത്താനായി ട്രെയിനര്‍മാരുമുണ്ട്.

ബെംഗളൂരുവില്‍ നിന്നുള്ള ഒരു കുടുംബം കൂടി ഈ യാത്രയില്‍ച്ചേര്‍ന്നു. എല്ലാവരും സ്‌നോര്‍ക്കലിങ്ങിനേക്കുറിച്ച് സച്ചിനോട് ചോദിക്കുന്നുണ്ട്. കടലിനകത്തേക്ക് മുഖം താഴ്ത്താന്‍, കാഴ്ചകള്‍ കാണാന്‍ എല്ലാവരും ആവേശത്തിലാണ്. ത്രില്ലടിപ്പിക്കുന്ന അനുഭവങ്ങള്‍ കണ്‍മുന്നിലുള്ളപ്പോള്‍ മനസില്‍ കടലുപോലെ തിരയിളക്കമുണ്ടാകും. സ്പീഡ് ബോട്ടിന്റെ വേഗം മുന്നോട്ടുപോകുന്തോറും കൂടിവരികയാണ്. കുതിപ്പില്‍ കടലോളങ്ങളെ മുറിച്ചുകടക്കുകയാണ് ബോട്ട്.

മാലെ, ഹുളുമാലെ, ഹുല്‍ ഹുലെ ദ്വീപുകള്‍ക്കപ്പുറത്തേക്കാണ് നമ്മുടെ യാത്ര. ഇടയ്ക്ക് ബോട്ട് കരയോട് ഒന്നടുത്തു. ട്രെയിനര്‍ അലിക്കുട്ടി നമ്മുടെ ടീമിലേക്കെത്തി. കാണാന്‍ പോകുന്ന കാഴ്ചകളേക്കുറിച്ച് ഒരു ചെറുവിവരണം അദ്ദേഹം തന്നു. അലിയുടെ നിര്‍ദേശമനുസരിച്ച് ബോട്ട് കുറച്ചുകൂടി മുന്നോട്ടുപോയി. പിന്നെ നിര്‍ത്തി. ആകാംക്ഷാപൂര്‍വം കടലിലേക്ക് കാല്‍വെയ്ക്കാന്‍ കാത്തിരുന്നു. സച്ചിനും ടീമും ഓരോ നിമിഷത്തേയും ആവേശത്തിലേക്ക് ചേര്‍ത്തുവെച്ചു. അതെ, നമ്മള്‍ മന്താ രേയെ കാണാന്‍ പോവുകയാണ്.

സ്‌നോര്‍ക്കലിങ് കിറ്റൊക്കെ ധരിച്ച് ട്രെയിനര്‍ വെള്ളത്തിലേക്ക് സശ്രദ്ധം നോക്കിയിരിക്കുകയാണ്. അധികം വൈകാതെ അയാള്‍ കടലിലേക്ക് ചാടി. നമ്മള്‍ കരയില്‍ നിന്നും അധികം ദൂരത്തല്ല. സ്ഥിരമായി സഞ്ചാരികളേയും കൊണ്ടുവരുന്ന ചില സ്‌പോട്ടുകളുണ്ട്. കടല്‍ ജീവിതത്തെ തൊട്ടറിയുകയാണ് നമ്മള്‍. എല്ലാവരും പരിശീലകരുടെ നിര്‍ദേശമനുസരിച്ച് സ്‌നോര്‍ക്കലിങ് ഉപകരണങ്ങളെല്ലാമണിഞ്ഞ് വെള്ളത്തിലേക്കിറങ്ങി.

സ്‌കൂബാ ഡൈവിങ് പോലെ സങ്കീര്‍ണമല്ല സ്‌നോര്‍ക്കലിങ്. വലിയ ആഴങ്ങളിലേക്കുള്ള യാത്രയല്ലിത്. ആഴം കൂടി ഇടങ്ങളിലേക്കൊക്കെ പോകണമെങ്കില്‍ പ്രത്യേക പരിശീലനം കൂടിയേ തീരൂ. മൂന്നുപകരണങ്ങളാണ് സ്‌നോര്‍ക്കലിങ് ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. സ്‌നോര്‍ക്കലാണ് ആദ്യത്തേത്. വെള്ളത്തിനടിയിലൂടെ നീന്തുന്ന സമയത്ത് ശ്വസിക്കാന്‍ കഴിയുംവിധം തയ്യാറാക്കിയ പ്ലാസ്റ്റിക് ട്യൂബ് മാസ്‌കാണിത്. അടുത്തത് സ്‌നോര്‍ക്കലിങ് മാസ്‌കാണ്. കണ്ണും മൂക്കുമൊക്കെ മാസ്‌കിന്റെ സംരക്ഷണയിലായിരിക്കും. കാഴ്ച മറയുകയുമില്ല. എളുപ്പത്തില്‍ നീന്താന്‍ കഴിയുന്ന ഡൈവിങ് ഫിന്നുകളാണ് അടുത്തത്. കാലുകളിലാണ് ഫിന്നുകള്‍ അണിയുന്നത്. എല്ലാത്തിനും പുറമേ കടലില്‍ വലിയ അനുഭവസമ്പത്തൊന്നും ഇല്ലാത്തതുകൊണ്ട് സഞ്ചാരികള്‍ക്കെല്ലാം ലൈഫ് ജാക്കറ്റും നല്‍കി.

അണ്ടര്‍വാട്ടര്‍ ക്യാമറയുമായി മുങ്ങിയും പൊങ്ങിയുമുള്ള കാത്തിരിപ്പിനൊടുവില്‍ മന്താ രേ ചിറകുവിരിച്ച് ഞങ്ങള്‍ക്ക് മുന്നിലേക്ക് കടന്നുവന്നു. തിരണ്ടി വിഭാഗത്തില്‍പ്പെടുന്ന മത്സ്യമാണ് മന്താ രേ. സ്റ്റിങ് രേ എന്നും വിളിക്കാം. മാലദ്വീപില്‍ സാധാരണയായി ആറ് സ്റ്റിങ് രേ സ്പീഷീസുകളാണ് കണ്ടുവരുന്നത്. പ്രധാനപ്പെട്ട കാര്യം എന്താണെന്നുവച്ചാല്‍ ഇവിടെ മന്താ രേയെ പിടിക്കുന്നതിന് വിലക്കുണ്ട് എന്നതാണ്. ഏതാണ്ട് ഒരു മണിക്കൂറോളം കടലില്‍ ചെലവഴിച്ചാണ് ഞങ്ങളിതിനെ കണ്ടതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും. ക്യാമറ ഓണ്‍ ചെയ്ത് കാത്തിരുന്ന് പകര്‍ത്തുകയായിരുന്നു. ആ വെല്ലുവിളി പുതിയൊരനുഭവമായിരുന്നു.
സ്‌നോര്‍ക്കലിങ്ങിന്റെ ആവേശം പരസ്പരം പങ്കുവെച്ചാണ് തിരിച്ച് ബോട്ടിലേക്ക് കയറിയത്. അഡ്വഞ്ചര്‍ ടൂറിസം എന്നൊക്കെ പറയുന്നതിന്റെ ആദ്യപടിയായി കണ്ടാല്‍ മതി ഇതിനെയെന്ന് ടൂര്‍ ഓപ്പറേറ്റര്‍ സച്ചിന്‍ പറഞ്ഞു.
(ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച് മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്)
Content Highlights: Manta Rays, Maldives travel, Snorkeling in Maldives, Maldives boating
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..