കൊളോസിയം ഉൾഭാഗം | ഫോട്ടോ: മാതൃഭൂമി
2019 ഓഗസ്റ്റ് പത്താംതീയതി രാത്രി രണ്ടുമണിയോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുമാണ് ഇറ്റലി, സ്വിറ്റ്സർലൻഡ് യാത്ര തുടങ്ങിയത്. ഏഴുമണിക്കൂറോളം നീണ്ട യാത്ര. രാവിലെ ഏഴുമണിയോടെ റോമിലെ ലിയോനാർഡോ ഡാവിഞ്ചി വിമാനത്താവളത്തിലെത്തി. സുഹൃത്ത് സുജിത് വണ്ടിയുമായി കാത്തുനിന്നിരുന്നു. ഹോട്ടലിലെത്തി കുളിച്ച് ഉഷാറായി. ഭക്ഷണശേഷം അടുത്തുള്ള പ്രദേശങ്ങളെല്ലാം ചുറ്റിക്കറങ്ങി. വഴിയിൽ പഴയ റോമിന്റെ ചില ഭാഗങ്ങളും കൊളോസിയം, കുറെ ദേവാലയങ്ങൾ തുടങ്ങി ഒട്ടേറെ കാഴ്ചകൾ. പിറ്റേന്നായിരുന്നു പ്രധാന സന്ദർശനങ്ങളെല്ലാം. സെയ്ന്റ് പീറ്റേഴ്സ് ചത്വരം, ‘കാറ്റകോംബെ സാൻ കലിസ്റ്റോ’ എന്നുപേരായ ഒരു ഭൂഗർഭ കല്ലറ. ഗൈഡ് കാറ്റകോംമ്പിനെക്കുറിച്ച് വിശദമായി പറഞ്ഞുതന്നു. രണ്ടാംനൂറ്റാണ്ടുമുതൽ അഞ്ചാംനൂറ്റാണ്ടുവരെയുള്ള ക്രിസ്ത്യൻ ശവകുടീരങ്ങൾ ആണിവ. ഇതിലും പഴക്കമേറിയവ വത്തിക്കാൻ നിക്രോപോളിസിൽ കാണാം. അവിടെയാണ് വിശുദ്ധ പത്രോസിന്റെ ശവകുടീരം. 65 വയസ്സെങ്കിലും തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു ഞങ്ങളുടെ ഗൈഡ്. പ്രായത്തിന്റെ അവശതകൾ ഒന്നുമില്ലാതെ മൂന്നുനിലകളിലുള്ള ഈ കല്ലറകൾ ഓരോന്നും ശ്രദ്ധാപൂർവം അവർ കാണിച്ചുതന്നു. ഒരുനിലയിൽ ആദ്യനൂറ്റാണ്ടുകളിൽ വീരമൃത്യു വരിച്ച രക്തസാക്ഷികളും വേറൊരുനിലയിൽ ആദ്യനൂറ്റാണ്ടുകളിലെ മാർപാപ്പമാരെയും അടക്കംചെയ്തിരിക്കുന്നു. ക്രൈസ്തവ പ്രതീകങ്ങളും ചിഹ്നങ്ങളും കല്ലറകളുടെ ഭിത്തിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ശവക്കല്ലറകൾപോലും മനോഹരമായ സന്ദർശകസ്ഥലങ്ങളായി സൂക്ഷിക്കാനുള്ള മാനുഷികബുദ്ധിയെ നമിച്ചുപോയി. ഒപ്പം, സഹസ്രാബ്ദങ്ങൾക്കിപ്പുറം തങ്ങളുടെ സംസ്കാരം ലോകത്തെ അറിയിച്ച മാനവികതയെയും.
45 മിനിറ്റോളം നീണ്ടുനിന്ന സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങി, വഴിയിൽ മനോഹരമായ പൂന്തോപ്പുകളും പാതയോരങ്ങളും. ഓരത്തെല്ലാം വലുതും ചെറുതുമായ കല്ലുകൾ പാകിയിരിക്കുന്നു. പുരാതന റോമിലെ വഴികളാണ്. ആധുനികതയുടെയും നവീകരണത്തിന്റെയും പേരിൽ പഴയത് വെട്ടിനിരത്തി പുതിയ നിർമിതികൾ പാതിവഴിയിൽ ഉപേക്ഷിച്ചുപോകുന്ന നമ്മുടെ ഭരണാധികാരികൾ ഇവയൊക്കെ കാണേണ്ടതാണ്.
320 മീറ്റർ നീളവും 240 മീറ്റർ വീതിയുമുള്ള ഈ ചതുർഭുജനിർമിതി ഏകദേശം മൂന്നുലക്ഷം ജനങ്ങൾക്കുവരെ സംഗമിക്കാവുന്നത്ര വിസ്തൃതമാണ്. ചത്വരത്തിന്റെ മധ്യഭാഗത്തായി ഈജിപ്ത്യൻ ഒബലിസ്ക് തലയുയർത്തിനിൽക്കുന്നു. 4000 വർഷത്തോളം പഴക്കമുള്ള ഈ സ്തൂപത്തിന്റെ മുകളിൽ വിശുദ്ധ കുരിശ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും പ്രതീകംപോലെ നിലകൊള്ളുന്നു. സീസറിന്റെ ചിതാഭസ്മമുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരു ഗ്ലോബായിരുന്നു ഈ കുരിശിന്റെ സ്ഥാനത്ത് ആദ്യമുണ്ടായിരുന്നത്. സ്തൂപത്തിനുചുറ്റുമുള്ള വടക്കുനോക്കിയന്ത്രവും ഒരു സൂര്യഘടികാരമായി മാറുന്ന ഒബലിസ്ക് തന്നെയും വിസ്മയത്തോടെ നോക്കിനിന്നപ്പോൾ, മനസ്സിലേക്ക് അറിയാതെ കടന്നുവന്നത് ഹാർവാഡ് പ്രൊഫസർ റോബർട്ട് ലാങ്ടൻ എന്ന സാങ്കല്പിക കഥാപാത്രം.
ചുറ്റും ലോകമെമ്പാടുമുള്ള ജനങ്ങൾ... സ്തംഭനിരകൾക്ക് നേർമുകളിലായി സ്ഥാപിച്ച വിശുദ്ധരുടെ രൂപങ്ങൾ... മുമ്പിൽ വിസ്മയക്കാഴ്ചയായി സെയ്ന്റ് പീറ്റേഴ്സ് ബസിലിക്ക... ഒബലിസ്കിന് ഇരുവശത്തുമായുള്ള അതിമനോഹരമായ ജലധാരകൾ... ഒരു മായാലോകത്തിൽ എത്തിച്ചേർന്നതുപോലെ...

ജനങ്ങളുടെ ആർത്തിരമ്പൽകേട്ട് മുകളിലേക്ക് നോക്കിയപ്പോൾ ചുവന്ന പരവതാനി നിവർത്തിയിട്ടിരിക്കുന്ന ജനാലയ്ക്കരികിൽ, കൈകൂപ്പി നിൽക്കുന്ന ഫ്രാൻസിസ് പാപ്പ. ആനന്ദാശ്രുക്കൾ ദൃഷ്ടിപടലത്തെ തെല്ലിടയെങ്കിലും മറക്കാതിരുന്നില്ല. സ്ക്വയറിൽ ക്രമീകരിച്ചിരിക്കുന്ന സ്ക്രീനുകളിൽ പാപ്പയെ ശരിയായി കാണാമെങ്കിലും ആ ജാലകവാതില്ക്കൽ മുഖാമുഖം കാണുന്ന നിർവൃതി അനിർവചനീയം!
പ്രാർഥനയ്ക്കും ആശീർവാദത്തിനുംശേഷം ജനങ്ങൾ ഒന്നൊന്നായി പിരിഞ്ഞുപോകുന്നു. ചത്വരത്തിലെ നീർധാരകളും തൂണുകളുടെ മുകളിൽ സൃഷ്ടിച്ചിരിക്കുന്ന 140 വിശുദ്ധരുടെ ശില്പങ്ങളും മറ്റും ദർശിച്ച് മനസ്സുനിറയെ ചോദ്യങ്ങളുമായി ഞാനും നടന്നു. ബസിലിക്കായുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന 13 ശില്പങ്ങൾ ഒറ്റനോട്ടത്തിൽ യേശുവും ശിഷ്യന്മാരും എന്നുതോന്നിപ്പിക്കുമെങ്കിലും യാത്രയ്ക്കുമുമ്പ് നടത്തിയ മുന്നൊരുക്കങ്ങളിൽ എവിടെയോ വായിച്ചതോർത്ത്, അതിലൊന്ന് സ്നാപക യോഹന്നാൻ ആണെന്നും സാക്ഷാൽ വിശുദ്ധ പത്രോസ് അക്കൂട്ടത്തിൽ ഇല്ലെന്നും എളുപ്പത്തിൽ മനസ്സിലാക്കാനായി. പിന്നെ റോമിലെ മറ്റുകാഴ്ചകൾ കാണാനുള്ള ആകാംക്ഷയായി.
കൊളോസിയം..ചോരയുടെ മണം തളംകെട്ടി കിടന്നിരുന്ന, ക്രൂരവിനോദങ്ങൾമൂലം നാലുലക്ഷത്തിൽപ്പരം ആളുകളുടെ അന്ത്യം കുറിച്ച, ഒരു ലക്ഷത്തിൽപ്പരം മൃഗങ്ങളുടെയും ശവപ്പറമ്പായി മാറിയ, ലോകത്തിലെ ഏറ്റവും വലിയ ആംഫി തിയേറ്റർ. ഗ്ലാഡിയേറ്റർ സിനിമയിൽ റസ്സൽ ക്രൊവ് അരീനയിലേക്ക് കാലെടുത്തുവെക്കുന്ന പോലെ ഞാനും കയറി കൊളോസിയത്തിനുള്ളിലേക്ക്. ചരിത്രത്തിന്റെ നൂലാമാലകളിൽ കുരുങ്ങിക്കിടക്കാൻ ഇഷ്ടപ്പെടാത്ത, ആധുനികതയുടെ ധാരാളിത്തത്തിൽ സന്തുഷ്ടരായ എന്റെ സന്തതികൾ ഇയർഫോൺ തട്ടിയെടുക്കാനും ശബ്ദംകുറച്ച് എന്നെ പറ്റിക്കാനും വളരെയേറെ പണിപ്പെട്ടു. എങ്കിലും അമ്മയുടെ അംശവടിയുടെ പഴയ സാക്ഷ്യപത്രങ്ങൾ ഓർമപ്പെടുത്തി അവരെക്കുറിച്ചൊക്കെ വരുതിയിലാക്കി എന്നുപറയാം.
കൊളോസിയം എന്നത് റോമിന്റെ ചരിത്രത്തിൽ മങ്ങാതെ മായാതെ കിടക്കുന്ന ഒന്നാണെങ്കിലും അതിന്റെ യഥാർഥ പേര് ഫ്ളാവിയൻ ആംഫി തിയേറ്റർ എന്നാണെന്ന് ഗൈഡ് പറഞ്ഞാണ് മനസ്സിലായത്. വെസ്പാസിയൻ ചക്രവർത്തി എ.ഡി. 72-ൽ ആരംഭിച്ച നിർമാണം എ.ഡി. 80-ൽ അദ്ദേഹത്തിന്റെ പിൻഗാമിയായ ടൈറ്റസ് ചക്രവർത്തിയാണ് പൂർത്തീകരിച്ചത്. പിന്നീട്, ഡൊമീഷ്യൻ ചക്രവർത്തി കുറെ പരിഷ്കാരങ്ങളും വരുത്തി. ഫ്ലാവിയൻ വംശപരമ്പരയിലെ രാജാക്കന്മാർ നിർമിച്ചതുകൊണ്ട് ഫ്ലാവിയൻ ആംഫി തിയേറ്റർ എന്ന് പേരും വന്നു.
കൊളോസിയം എന്ന പേര് വന്നതിനുപിന്നിലുമുണ്ട് കഥ. നീറോ ചക്രവർത്തി തന്റെ ഭീമാകാരമായ ഒരു വെങ്കലപ്രതിമ നിർമിച്ച് അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ ഒരുവശത്തായി പ്രതിഷ്ഠിച്ചു. അദ്ദേഹത്തിന്റെ കാലംകഴിഞ്ഞ് വർഷങ്ങൾക്കുശേഷം വേസ്പാസ്യൻ രാജാവ് ആ വെങ്കലപ്രതിമയ്ക്ക് കുറച്ച് ഭംഗിവരുത്തി സൂര്യദേവന്റെ (സോൾ) രൂപമാക്കി. പിന്നീട് വർഷങ്ങൾക്കുശേഷം ഹാഡ്രിയൻ ചക്രവർത്തി വീനസ്, റോമാ മന്ദിരം പണിയുന്ന കാലത്ത് ഈ രൂപം കൊളോസിയത്തിന്റെ ഒരുവശത്തായി സ്ഥാപിച്ചു. ‘കൊളോസ്സൽ നീറോ’ എന്ന ആ പ്രതിമയുടെ സമീപത്തായിരുന്നതുകൊണ്ട് ഈ ആംഫി തിയറ്ററിന് കൊളോസിയം എന്ന് പേരുവന്നു.
ദീർഘവൃത്താകൃതിയിൽ, നാലുനിലകളിലായി കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നു ലോകമഹാത്ഭുതങ്ങളിൽ ഒന്നായ ഈ ബൃഹത് സൃഷ്ടി. ഒരേസമയം അൻപതിനായിരത്തിൽപരം കാഴ്ചക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഇതിന് കമാനരൂപത്തിലുള്ള 80 പ്രവേശനകവാടങ്ങൾ ഉണ്ടായിരുന്നു. ഓരോ പ്രവേശനകവാടവും അക്കമിട്ട് രേഖപ്പെടുത്തിയിരുന്നു. റോമൻനമ്പറുകൾ ആലേഖനം ചെയ്തിരിക്കുന്നത് കവാടഭിത്തികളിൽ ചിലതിൽ കാണാൻകഴിയും. ഇതിൽ 76 എണ്ണം സാധാരണജനങ്ങൾക്കും രണ്ടു വിശിഷ്ട കവാടങ്ങൾ ചക്രവർത്തിക്കും മറ്റുന്നതർക്കുംവേണ്ടി. മറ്റു രണ്ടുകവാടങ്ങൾ അരീനയിലേക്ക് നേരിട്ടുളളവയാണ്. ഒന്ന് ജീവന്റെ കവാടം എന്നും മറ്റേത് മരണത്തിന്റെ കവാടം എന്നറിയപ്പെട്ടിരുന്നു. പൂർവദിക്കിലുള്ള ജീവന്റെ കവാടത്തിലൂടെയാണ് യോദ്ധാക്കൾ രണാങ്കണത്തിലേക്ക് പ്രവേശിക്കുന്നതും വിജയശ്രീലാളിതരായി മടങ്ങുന്നതും. എന്നാൽ, മത്സരത്തിൽ വീരചരമം പ്രാപിക്കുന്ന യോദ്ധാവ് അന്ത്യയാത്ര പറയുന്നത് പശ്ചിമഭാഗത്തുള്ള മരണത്തിന്റെ വാതിലിലൂടെയും. ചുണ്ണാമ്പുകല്ലുകളും അഗ്നിപർവത സ്ഫോടനാനന്തരം ഉരുവാകുന്ന പ്രത്യേകതരം കല്ലുകളും ഇഷ്ടികയും പലതരം മാർബിൾഫലകങ്ങളും കോൺക്രീറ്റും മറ്റും ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. ഓരോ നിലകളും യവനസ്തൂപങ്ങളും ശിലാപ്രതിമകളുംകൊണ്ട് മോടിപിടിപ്പിച്ചിരുന്നു. സൂര്യാതപത്തിൽനിന്ന് കാണികളെ സംരക്ഷിക്കുവാൻ പര്യാപ്തമായ ‘വേലാരിയം’ എന്ന വിരിപ്പന്തലും ഉണ്ടായിരുന്നു. ‘വോമിറ്ററിയ’ എന്നറിയപ്പെടുന്ന പാതവരികളും നിരവധിയായ പ്രവേശനകവാടങ്ങളും കാഴ്ചക്കാരുടെ ആഗമന നിർഗമനം അനായാസമാക്കി. കുത്തനെയുള്ള കോണിപ്പടികൾകയറി ഇറങ്ങാൻ കുറച്ച് പണിപ്പെട്ടു എന്നുപറയാം. പ്രധാന രംഗസ്ഥാനമായ അരീനയുടെ താഴെ, ഹൈപോജിയം എന്ന പേരിലുള്ള ഭൂഗർഭയറകളും തുരങ്കങ്ങളും അദ്ഭുതപ്പെടുത്തുന്ന കാഴ്ചകൾതന്നെ. വിഖ്യാതമായ ഗ്ലാഡിയേറ്റർ പ്രദർശനങ്ങളിൽ പോരാളികളുടെ ആയുധങ്ങളും ആയോധനത്തിനുള്ള മൃഗങ്ങളും ഈ ഭൂഗർഭയറകളിലൂടെയാണ് മുഖ്യ പോർക്കളത്തിലേക്ക് സദസ്യരെ അമ്പരപ്പിച്ചുകൊണ്ട് ദ്രുതഗതിയിൽ എത്തിച്ചിരുന്നത്.
മാർസ്ദേവന്റെയും റിയ സിൽവിയ എന്ന പുരോഹിതകന്യകയുടെയും മക്കളായി പിറന്ന ഇരട്ടക്കുട്ടികളെ വധിക്കാൻ അമ്മാവൻ രാജാവിന്റെ നിർദേശപ്രകാരം ടൈബർ നദിയിലൂടെ ഒഴുക്കിവിട്ടെങ്കിലും ടിബേരിയസ് ദേവന്റെ സംരക്ഷണയാൽ ഒരുചെന്നായ അതിന്റെ മക്കളോടൊപ്പം അവരെയും പാലൂട്ടി വളർത്തി. കുറച്ചുനാളുകൾക്കുശേഷം ഒരു ആട്ടിടയൻ ആ കുട്ടികളെ യാദൃച്ഛികമായി കണ്ടെത്തി വളർത്തിവലുതാക്കി. 'ലുപർകാൽ' എന്നറിയപ്പെടുന്ന ആ ചെന്നായ് ഗുഹ പലാറ്റിൻ മലയിൽ ആയിരുന്നു. പിന്നീട്, അധികാരസീമയുടെ തർക്കത്തിൻമേൽ റോമുലസ് , സഹോദരൻ റീമസിനെ വധിക്കുകയും റോമിന്റെ ആദ്യഭരണാധികാരിയായി വാഴുകയുംചെയ്തു. റോമുലുസ് റോം പടുത്തുയർത്തിയത് പാലറ്റീൻ താഴ്വാരത്തിലായിരുന്നു. നീറോയുടെയും ഡോമിഷ്യൻകൊട്ടാരത്തിന്റെയുമൊക്കെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെകാണാൻ കഴിയും. കൊളോസിയത്തിനും പലാറ്റിൻ മലയുടെയും മധ്യത്തിൽ ആർച്ച് ഓഫ് കൺസ്റ്റന്റിൻ എന്ന വിജയസ്മാരകവും നിലനിൽക്കുന്നു.

റോമൻ ഫോറം പഴയ റോമൻ നാഗരികതയുടെ കേന്ദ്രമായിരുന്നു. ദീർഘചതുരാകൃതിയിൽ സൃഷ്ടിക്കപ്പെട്ട ഈ ചത്വരം സർക്കാർ കെട്ടിടങ്ങളും മാർക്കറ്റും എല്ലാം നിറഞ്ഞ ഒരു ജനവിഹാരകേന്ദ്രം മാത്രമല്ല, പുരാതന റോമിന്റെ ചങ്കിടിപ്പായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. റോമുലസിന്റെ ശവകുടീരംമുതൽ ജൂലിയസ്, അഗസ്റ്റസ് സീസറിന്റ കൊട്ടാരങ്ങളും റോമൻ സെനറ്റ് മന്ദിരം, ഭഗവാൻ ശനിയുടെയും വെസ്റ്റയുടെയും മന്ദിരങ്ങൾ, നീറോയുടെ കൊട്ടാരം, സർക്കസ് മാക്സിമസ്, കോൺസ്റ്റന്റിൻ ചക്രവർത്തി നിർമിച്ച ബസിലിക്ക മാക്സിന്റസ് എന്നിങ്ങനെ എന്തെല്ലാം. പലറ്റിൻ മലമുകളിൽനിന്ന് പൗരാണിക റോമിന്റെ നാഗരികത ഒന്നാകെ ദർശിക്കാൻ സാധിച്ചു. അങ്ങിനെ, റോമൻസാമ്രാജ്യത്തിന്റെ അതിരുകളിലൂടെയുള്ള സഞ്ചാരം പലറ്റിൻ കുന്നിൻമുകളിൽ പര്യവസാനിച്ചു.
സാമ്രാജ്യത്വകഥകളും പേറി ഭാരപ്പെട്ട് കുന്നിൽനിന്ന് പതിയെ ഇറങ്ങിവരുമ്പോൾ, കുന്നിൻപുറത്തുനിന്ന് മത്സരയോട്ടം നടത്തി എന്റെ മക്കൾ. വെട്ടിപ്പിടിക്കലും അധികാര മാത്സര്യവും നിറഞ്ഞ കഥകൾ കേട്ട ആവേശത്തിൽ ഓട്ടത്തിനിടെ നിയന്ത്രണം വിട്ട എന്റെ മകൾ ‘വീണിതല്ലോ കിടക്കുന്നു ധരണിയിൽ..ഭാഗ്യം.. ശോണിതമണിഞ്ഞിട്ടില്ല. റോമിലെ കാഴ്ചകൾക്ക് വിരാമം ഉണ്ടാകുന്നില്ല...
Content Highlights: Women Travel, Saint Peter's Square Rome, colosseum rome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..