വാഗമൺ | ഫോട്ടോ: ബി മുരളീകൃഷ്ണൻ
ട്രാവല്‍ ലെഷര്‍ മാസിക പ്രസിദ്ധീകരിച്ച ഇന്ത്യയിലെ മികച്ച പത്ത് വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടി വാഗമണ്‍. കേരളത്തില്‍ നിന്ന് വാഗമണ്‍ മാത്രമാണ് പട്ടികയിലിടം നേടിയത്. നേരത്തെ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായും വാഗമണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വാഗമണ്‍- കാഴ്ചയുടെ വസന്തം
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ പശ്ചിമഘട്ടമലനിരകളുടെ തുടര്‍ച്ചയായി മീനച്ചില്‍ താലൂക്കിലേക്ക് വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് വാഗമണ്‍. വാഗമണ്‍ പട്ടണം ഉള്‍പ്പെടെ വാഗമണ്‍ മലനിരകളുടെ ഭൂരിഭാഗവും ഇടുക്കി ജില്ലയുടെ അതിര്‍ത്തിയിലാണ്. സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെയാണ് ഇവിടം.
പൈന്‍മരങ്ങളും തേയിലത്തോട്ടങ്ങളും മലനിരകളുമായി കാഴ്ചകളുടെ വിരുന്നാണ് വാഗണ്‍ ഒരുക്കുക. കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡുകളിലൂടെയുള്ള യാത്ര മികച്ച അനുഭവമായിരിക്കും. സിനിമാക്കാരുടെ പ്രധാന ലൊക്കേഷനുകളിലൊന്ന് കൂടിയാണ് വാഗമണ്‍. ടൗണിന് സമീപത്ത് തന്നെയുള്ള ടീ ഗാര്‍ഡന്‍ ലെയ്ക്ക് എന്ന തടാകവും കാണേണ്ടത് തന്നെയാണ്. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യവുമുണ്ട്. പൈന്‍മരക്കാടുകളിലും മൊട്ടക്കുന്നുകളിലും അലഞ്ഞ് തിരിയുന്നതിന്റെ ഭംഗിയും ഒന്ന് വേറെ തന്നെയാണ്.
വ്യത്യസ്ത യാത്രാനുഭവം നല്കുന്ന മാര്‍മല വെള്ളച്ചാട്ടവും ഹൈക്കിങ്ങിന്റെ അനുഭവം നല്കുന്ന ഇല്ലിക്കല്‍കല്ലും ഇവിടേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കാം. സൂഫി സന്യാസിയായിരുന്ന ഹസ്രത്ത് ഷെയ്ഖ് ഫരീദുദ്ദീന്‍ ബാബയുടെ വിശ്രമസ്ഥലമായിരുന്ന തങ്ങളുപാറയും കണ്ടിരിക്കേണ്ടത് തന്നെയാണ്. സാഹസിക നടത്തം, പാരാഗ്ലൈഡിംഗ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ക്കു പറ്റിയ സ്ഥലമാണ് വാഗമണ്‍. തങ്ങള്‍മല, കുരിശുമല, മുരുകന്‍ മല എന്നിങ്ങനെ മൂന്നു പ്രധാന മലകള്‍ വാഗമണ്ണിന്റെ അടയാളങ്ങളാണ്. കുരിശുമലയിലെ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഒരു കന്നുകാലി ഫാം നടത്തുന്നുണ്ട്.
Content Highlights: Travel Leisure Asia magazine ranks Vagamon as one of the top 10 summer destinations in India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..