ദ്വീപ് ഉണർന്നു; കുറുവയിൽ ഇനി സഞ്ചാരികളുടെ കാലം


രമേഷ്കുമാർ വെള്ളമുണ്ട

വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന വിനോദ കേന്ദ്രങ്ങളിലൊന്നാണ് കുറുവ ദ്വീപ്

കുറുവദ്വീപിലേക്ക് ചങ്ങാടത്തിൽ വരുന്ന സഞ്ചാരികൾ | ഫോട്ടോ: രമേഷ്കുമാർ വെള്ളമുണ്ട

യനാട്ടിലെ കുറുവാ ദ്വീപ് വീണ്ടും സഞ്ചാരികൾക്കായി വാതിൽ തുറന്നു. മഴക്കാലത്തിന്റെ ഇടവേളയ്ക്ക് ശേഷം ദ്വീപ് തുറന്നതോടെ സഞ്ചാരികളുടെ വരവായി. ഇതോടെ ഒരു വിനോദ സഞ്ചാര സീസണിലേക്ക് സഞ്ചാരികളെ സ്വീകരിക്കാൻ സമീപ ഗ്രാമങ്ങളും തയ്യാറെടുപ്പ് തുടങ്ങി. രണ്ടു കവാടങ്ങളിൽക്കൂടി 575 വീതം സഞ്ചാരികളെയാണ് ദിവസവും ദ്വീപിലേക്ക് കടത്തിവിടുന്നത്. പ്രതിദിനം 1150 സഞ്ചാരികൾക്ക് മാത്രമാണ് കുറവയിലേക്ക് നിലവിലെ സാഹചര്യത്തിൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രവേശനം തരപ്പെടുക. 2019 മാർച്ച് 24 മുതലാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കുറുവാ ദ്വീപ് അടക്കമുള്ള വനകേന്ദ്രീകൃത ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. പിന്നീട് സഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ച് ദ്വീപ് തുറക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. മഴക്കാല ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ദിവസം തന്നെ അതിരാവിലെ മുതൽ കുറുവയിലേക്ക് സഞ്ചാരികളുടെ വാഹനങ്ങൾ ഒഴുകിയെത്തിയിരുന്നു. സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള അടിസ്ഥാന ഒരുക്കങ്ങളെല്ലാം ഇതിനിടയിൽ പൂർത്തീകരിച്ചിരുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയോ​ഗിച്ചിരുന്നു. ആദ്യം ദിവസം ഉച്ചയാകുമ്പോഴേക്കും പാൽവെളിച്ചത്തുള്ള ഡി.ടി.പി.സിയുടെ കൗണ്ടറിൽ പരമാവധി സഞ്ചാരികളുടെ പരിധിയിൽ ടിക്കറ്റുകൾ തീർന്നു. ഇവിടെ അപ്പോഴും എത്തിക്കൊണ്ടിരുന്ന സഞ്ചാരികൾ പലരും 12 കിലോമീറ്റർ അകലെയുള്ള വനംവകുപ്പിന്റെ പാക്കം കവാടത്തിലൂടെയും ദ്വീപിലേക്കുള്ള പ്രവേശനം തരപ്പെടുത്തിയത്. ദ്വീപിനുള്ളിൽ വെള്ളം കൂടുതലുള്ള ഭാഗങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്. ഇവിടെയെല്ലാം സഞ്ചാരികളെ നിരീക്ഷിക്കാൻ സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

ചങ്ങാടയാത്ര വൈകുംറിവർറാഫ്ടിങ്ങ് കുറുവയിലെത്തുന്ന സഞ്ചാരികളുടെ പ്രിയ വിനോദമായിരുന്നു. രണ്ടു വർഷത്തോളമായ പഴയ റാഫ്ടിങ്ങ് മുളം ചങ്ങാടങ്ങൾ നശിച്ചതിനാൽ ഇവ പുതുക്കി പണിയുന്നത് വരെ ഇനി സഞ്ചാരികൾ കാത്തിരിക്കേണ്ടി വരും. ദ്വീപിനകത്തേക്കുള്ള സഞ്ചാരികളുടെ പ്രതിദിന എണ്ണം കഴിഞ്ഞാലും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് റിവർ റാഫ്ടിങ്ങ് നടത്താനുള്ള സൗകര്യമുണ്ടായിരുന്നു. അതിനാൽ മുളംചങ്ങാടങ്ങൾ എത്രയും വേഗം പുതുക്കിപ്പണിയാനുള്ള തീരുമാനത്തിലാണ് അധികൃതർ. റാഫ്ടിങ്ങ് വൈകീട്ട് നാല് വരെയാണ് ഇവിടെ അനുവദിച്ചിരുന്നത്. അഞ്ച് പേരടങ്ങുന്ന സംഘത്തിന് 300 രൂപയും രണ്ടുപേരടങ്ങുന്ന 15 മിനിറ്റ് റാഫ്ടിങ്ങിന് 150 രൂപയുമാണ് ചാർജ്ജ് ഈടാക്കിയിരുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന വിനോദ കേന്ദ്രങ്ങളിലൊന്നാണ് കുറുവ ദ്വീപ്. റാഫ്ടിങ്ങ് ഉൾപ്പെടെയുള്ള കൂടതൽ പരിസ്ഥിതി സൗഹൃദ വികസനങ്ങൾ കുറവയിൽ വേണമെന്നാണ് സഞ്ചാരികളുടെ അഭിപ്രായം.

പുഴയുടെയും മരങ്ങളുടെയും ഇടയിലൂടെ സഞ്ചാരികൾ | ഫോട്ടോ: രമേഷ്കുമാർ വെള്ളമുണ്ട

പച്ചപ്പിന്റെ പാഠങ്ങൾ

കുറുവാ ദ്വീപിൽ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരമാണ് അധികൃതർ പ്രോത്സാഹിപ്പിക്കുന്നത്. വർഷങ്ങളോളം ഇവിടെ വനംവകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമാണ് കൈകോർത്ത് ഇവിടെ വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നത്. ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും ഇവിടെയുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വേണം ഇവിടെ ടൂറിസം നടപ്പാക്കാനെന്ന് പരിസ്ഥിതി സംഘടനകളും മുറവിളികൂട്ടുമായിരുന്നു. പൂർണ്ണമായും പരിസ്ഥിതി സൗഹൃദ സൗകര്യങ്ങൾ ഒരുക്കി സഞ്ചാരികളെ സ്വീകരിക്കാനും അധികൃതർ പരമാവധി ശ്രദ്ധിച്ചിരുന്നു.

കുറുവ ദ്വീപ് വിനോദ കേന്ദ്രമായതോടെ നാടിനും അതൊരു വരുമാന മാർഗ്ഗമായിരുന്നു. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് നാടൻ ഭക്ഷണം നൽകുന്ന ചെറുകിട സംരംഭങ്ങൾ മുതൽ നിരവധി ഹോംസ്റ്റേകളും തദ്ദേശീയർ നടത്തിയിരുന്നു. വന ഉത്പന്നങ്ങളുടെ വിപണിയും ഇവിടെ ധാരാളം ഉണ്ടായിരുന്നു. പാൽവെളിച്ചം ചേകാടി ഗ്രാമങ്ങളുടെ മുഖച്ഛായ പോലും ചുരുങ്ങിയ കാലം കൊണ്ട് മാറുകയായിരുന്നു.

നിരവധി തദ്ദേശീയരായ ആദിവാസി യുവതി യുവാക്കൾക്കും കുറുവ ദ്വീപിലെ വിനോദ സഞ്ചാരം വരുമാനമാർഗ്ഗമാണ്. മഴക്കാലം കഴിയുന്നതോടെ ദ്വീപിനുള്ളിൽ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന സമയമാണിത്. ഈ വേളയിലും ദ്വീപ് തുറക്കാത്തത് ഇവർക്കെല്ലാം നിരാശ പകരുന്നു. എങ്കിലും റിവർ റാഫ്ടിങ്ങ് ഇഷ്ടപ്പെടുന്നവരെ ദ്വീപ് നിരാശരാക്കുന്നില്ല. സമൃദ്ധമായ കാടിനെ തൊട്ടുരുമ്മി ഒഴുകുന്ന കബനിയിലൂടെ ദ്വീപിനെ അടുത്തറിയാനും ഈ യാത്ര ഉപകരിക്കും.

ദ്വീപിനുള്ളിൽ പ്രകൃതിയുടെ ഇടനാഴികളിലൂടെ സഞ്ചാരികൾ | ഫോട്ടോ: രമേഷ്കുമാർ വെള്ളമുണ്ട

പ്രകൃതിയുടെ ഇടനാഴികൾ

കത്തുന്ന വേനലിലും ഒരു തരി സൂര്യപ്രകാശം അരിച്ചിറങ്ങാത്ത കാടിന്റെ ഇരുളറകൾ ഇവിടെ ധാരാളമുണ്ട്. യഥേഷ്ടം സ്വാതന്ത്ര്യത്തോടെ ശിഖരങ്ങൾ നീട്ടി വളർന്ന സപുഷ്പികളായ വൻമരങ്ങൾ ചാഞ്ഞും ചെരിഞ്ഞും കാണാം. കുറുവയുടെ ഉള്ളറകളിൽ തന്നെയുള്ള എണ്ണമറ്റ ദ്വീപുകളും ഉപദ്വീപുകളിലുമായി വെള്ളത്തിലേക്ക് മേലാപ്പുകൾ കുത്തിവളഞ്ഞു നിൽക്കുന്ന മര മുത്തശ്ശിമാരും ഇവിടെയുള്ള സാധാരണ കാഴ്ചയാണ്. ചാഞ്ഞ മരക്കൊമ്പുകളിൽ ഊഞ്ഞാലാടി പോകുന്ന പക്ഷികളുടെ കൂട്ടങ്ങൾ ദ്വീപിലാകെയുണ്ട്. ഗ്രീഷ്മ കാലമെത്തുമ്പോൾ രാജ്യത്തിന്റെ അതിരുകൾ കടന്നും ഇവിടെക്ക് ദേശാടന പക്ഷികൾ മുടങ്ങാതെ വിരുന്നെത്തും. ചെറു ജലാശയങ്ങളിൽ നീന്തിത്തുടിച്ച് വൻമരങ്ങളുടെ തണൽപറ്റി ഇവരും ജീവിതത്തിന്റെ ഒരുഭാഗം ഇവിടെ ചെലവിടും. വെള്ളിപ്പാത്രങ്ങൾ പോലെ വെട്ടിത്തിളങ്ങുന്ന ഈ തടാകങ്ങൾ ചെറുമത്സ്യങ്ങളുടേയും ജലജീവികളുടെയും സങ്കേതംകൂടിയാണ്.

ദ്വീപിനുള്ളിലേക്ക് ഉല്ലാസയാത്ര | ഫോട്ടോ: രമേഷ്കുമാർ വെള്ളമുണ്ട

യൂജീനിയ അർജന്റീയ എന്ന കേസലി കൂട്ടവും, റോയൽ ഫേൺ എന്ന പന്നൽചെടിയും ഇവിടെ സമൃദ്ധം. വെള്ളക്കാശാവ് എന്നറിയപ്പെടുന്ന മെമിസിലോൺ സിസ്പാറൻസി, മിസാ വെല്യൂട്ടിന, റാംഗിയ ഡിസ്പാറൻസിസ്, ഒസ്ബിക്കയ വയനാടൻസിസ് തുടങ്ങി അപൂർവ്വ സസ്യജനുസ്സുകളുടെ പട്ടിക നീളുകയാണ്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളുടെയും അലങ്കാരച്ചെടികളുടെയും അമൂല്യനിധി സൂക്ഷിപ്പുകേന്ദ്രം കൂടിയാണ് ഈ കാടുകൾ. അഗസ്ത്യമലനിരകളിൽ മാത്രമായി കണ്ടുവരുന്ന കാട്ടുതെറ്റി 'ഇക്സറോ അഗസ്ത്യമലയാന ഇവിടെയുണ്ട്. പാമ്പുവിഷത്തിന് പ്രതിവിഷമായി ഇവിടത്തെ ആദിവാസി സമൂഹം ഉപയോഗിച്ചുവരുന്ന 'അല്പ്പം' എന്ന കുറ്റിച്ചെടിയും കുറുവയിലുണ്ട്. ഒരുദിവസംകൊണ്ട് ജീവിതചക്രം അവസാനിപ്പിക്കുന്ന ശപോജീവിയായ ഓർക്കിഡ് എപ്പിപ്പോജിയം റോസിയം' ഇന്ത്യയിലെ ആൾപ്പാർപ്പില്ലാത്ത ഏറ്റവും വലിയ ദ്വീപായ കുറുവയിലുണ്ട്.

Content Highlights: travel destination Wayanad kuruva dweep kuruva island


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented