കാപ്പാട് ബീച്ചിൽ നിന്നൊരു കാഴ്ച | ഫോട്ടോ: അക്ഷയ് മോഹൻ. എം.കെ മാതൃഭൂമി
കുട്ടികൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം വിനോദയാത്രയ്ക്കുള്ള അവസരമാണ് ക്രിസ്മസ് അവധിക്കാലം. ഒരുദിവസംകൊണ്ട് പോയിവരാവുന്ന, കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം
കോഴിക്കോട് നഗരം
നഗരത്തോടുചേര്‍ന്ന് കുട്ടികള്‍ക്കായി അദ്ഭുതലോകമൊരുക്കി കാത്തിരിക്കുന്ന പ്ലാനറ്റോറിയത്തിലേക്കാകാം ആദ്യയാത്ര.കുട്ടികള്‍ക്കായി വിവിധ ശാസ്ത്രകൗതുകങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
അണിഞ്ഞൊരുങ്ങി സഞ്ചാരികളെ കാത്തിരിക്കുകയാണ് കോഴിക്കോട് ബീച്ച്. നഗരത്തിലെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ എത്തി്‌ചേരാവുന്ന ഇടമാണ് ബീച്ച്.കൂടാതെ, പൈതൃകപദ്ധതികളായ കുറ്റിച്ചിറയും തളിയും ബീച്ചിനൊപ്പം തന്നെ സുന്ദരിയായിട്ടുണ്ട്. ബീച്ച് ആസ്വദിച്ചശേഷം അല്പം വിശ്രമത്തിനായി മാനാഞ്ചിറ പുല്‍ത്തകിടിയിലേക്ക് വരാം. എരഞ്ഞിപ്പാലത്തുള്ള സരോവരം ബയോപാര്‍ക്കില്‍ ഇളംകാറ്റേറ്റ് വിശ്രമിക്കാം. ഇവിടെ നിന്ന് കാരപ്പറമ്പ് വഴി ഈസ്റ്റ് ഹില്ലിലേക്കെത്തിയാല്‍ കൃഷ്ണമേനോന്‍ മ്യൂസിയം സന്ദര്‍ശിക്കാം. കുട്ടികള്‍ക്കായി ശലഭോദ്യാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.

കടലുണ്ടി
പടര്‍ന്നുപന്തലിച്ച കണ്ടല്‍വനങ്ങളുടെ തണലിലൂടെ പുഴയുടെ ഭംഗി കണ്‍നിറയെക്കണ്ട്, തുരുത്തിലെ കുടിലിലിരുന്ന് ഗ്രാമീണവിഭവങ്ങള്‍ ആസ്വദിച്ച്, വിരുന്നെത്തിയ പക്ഷികളുടെ സൗന്ദര്യം നുകര്‍ന്ന് ഒരു തോണിയാത്രയ്ക്കായി കടലുണ്ടിയിലോട്ട് വരാം. കടലുണ്ടി പക്ഷി സങ്കേതത്തിലൂടെ ചുരുങ്ങിയ ചെലവില്‍ കുടുംബവുമൊത്ത് ഉല്ലാസയാത്ര നടത്താം.
കോഴിക്കോട് നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍. മാനാഞ്ചിറയില്‍ നിന്ന് കടലുണ്ടിയിലേക്ക് ബസ് സര്‍വീസുണ്ട്.

ബേപ്പൂര്‍
സായാഹ്നങ്ങളെ ഉല്ലസിക്കാന്‍ ബേപ്പൂരിലേക്ക് പോകാം. ഹൃദ്യമായ കാഴ്ചയൊരുക്കി തുറമുഖവും പുലിമുട്ടും കപ്പലുകളും ഉരുവും ലൈറ്റ്ഹൗസുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുകയാണ്. ബേപ്പൂരും ചാലിയത്തും അഴിമുഖത്തിന് അഭിമുഖമായി പണിത പുലിമുട്ടുകളാണ് മുഖ്യ ആകര്‍ഷണം. സൂര്യോദയ-അസ്തമയ ദൃശ്യങ്ങള്‍ മറ്റൊരു ഭംഗിയാണ്. ഉരുനിര്‍മാണകേന്ദ്രവും സന്ദര്‍ശിക്കാം.
കോഴിക്കോട് നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ബേപ്പൂര്‍. നഗരത്തില്‍ നിന്ന് ബസ് സര്‍വീസ് ഉണ്ട്.

പെരുവണ്ണാമൂഴി ഡാം
കോഴിക്കോട് നഗരത്തില്‍ നിന്ന് 43 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പെരുവണ്ണാമൂഴി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെസസ് റിസര്‍ച്ചിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികള്‍ പെരുവണ്ണാമൂഴി ഡാം കാണാതെ മടങ്ങാറില്ല.
കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ കടിയങ്ങാട് നിന്ന് എട്ടുകിലോമീറ്ററോളം സഞ്ചരിച്ചാല്‍ പെരുവണ്ണാമൂഴിയിലേക്കെത്താം.

കക്കയം
വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് കക്കയം വിനോദസഞ്ചാരകേന്ദ്രം. കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ കണ്ട് വനത്തിലൂടെ ചെങ്കുത്തായ പാതയിലൂടെയുള്ള യാത്ര ഏതൊരാളുടെയും മനം കുളിർപ്പിക്കും. മലബാർ വന്യ ജീവിസങ്കേതത്തിൽ ഉൾപ്പെട്ട കക്കയം വനം അപൂർവ ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്. കക്കയത്തെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഉരക്കുഴി വെള്ളച്ചാട്ടം. ഡാംസൈറ്റിൽനിന്ന് വനമേഖലയിലൂടെ അല്ല ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം. കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്കായി നിർമിച്ച - ഡാമാണ് കക്കയത്തത്. ഇവിടെ ഹൈഡൽ ടൂറിസം സെൻറർ ഒരുക്കിയിട്ടുണ്ട്.
കോഴിക്കോട് നഗരത്തിൽനിന്ന് 45 കിലോമീറ്റർ അകലെയാണ് കക്കയം. ബാലുശ്ശേരി-തലയാട് വഴിയും പേരാമ്പ്ര-കൂരാച്ചുണ്ട് വഴിയും എത്തിച്ചേരാം.

കാപ്പാട്
ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് ലഭിക്കുന്ന ബ്ലൂഫ്ലാഗ് പദവിയുടെ അംഗീകാരത്തോടെയാണ് കാപ്പാട് സഞ്ചാരികളെ വരവേൽക്കുന്നത്. എട്ടുകോടി രൂപ മുടക്കിയാണ് ബീച്ച് നവീകരിച്ചിരിക്കുന്നത്.
കോഴിക്കോട് നഗരത്തിൽനിന്ന് 18 കിലോമീറ്റർ ദൂരെയാണ് കാപ്പാട്. വെങ്ങളം, തിരുവങ്ങർ, പൂക്കാട്, പൊയിൽക്കാവ് എന്നിവിടങ്ങളിൽ നിന്നൊക്കെ കാപ്പാടുതീരത്തേക്ക് എത്തിച്ചേരാം. ബീച്ചിലേക്ക് പ്രവേശിക്കാൻ മുതിർന്നവർ 25 രൂപയും കുട്ടികൾ 10 രൂപയും നൽകണം.

വടകര സാന്‍ഡ് ബാങ്ക്‌സ്
വടകരയിലെ പ്രധാനപ്പെട്ട ബീച്ച് ടൂറിസം കേന്ദ്രമാണ് സാൻഡ് ബാങ്ക്. ബീച്ചിൽ പ്രവേശനം സൗജന്യം. കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുള്ള സ്ഥലത്തേക്ക് കയറണമെങ്കിൽ 10 രൂപ ഫീസ്. കുട്ടികൾക്ക് അഞ്ച്. പുഴയും കടലും ചേരുന്ന അഴിത്തല അഴിമുഖം ഇവിടെനിന്ന് കാണാം. ഒരുഭാഗത്ത് പുഴയോരഭംഗിയും മറുഭാഗത്ത് കടലിന്റെ സൗന്ദര്യവും.
വടകര ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ പടിഞ്ഞാറ് മാറി അഴിത്തലയിലാണ് സാൻഡ് ബാങ്ക്.

തോണിക്കടവ്
മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്ത് ദൃശ്യവിരുന്നൊരുക്കുകയാണ് തോണിക്കടവ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോടിനും കരിയാത്തുംപാറയ്ക്കും ഇടയിലുള്ള സ്ഥലത്താണ് തോണിക്കടവ് ടൂറിസം പദ്ധതി. കുന്നിൻമുകളിൽ സഞ്ചാരികൾക്കായി വാച്ച് ടവറും ഒരുക്കിയിട്ടുണ്ട്. കൂരാച്ചുണ്ടിൽനിന്ന് കക്കയത്തേക്കുള്ള വഴിയിൽ രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ തോണിക്കടവിലെത്താം.

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ
ഒളവണ്ണ പഞ്ചായത്തിൽ 45 ഏക്കറിൽ സ്ഥിതിചെയ്യുന്ന മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് കേരളത്തിന്റെ സസ്യവൈവിധ്യത്തിന്റെ നേർക്കാഴ്ചയാണ്. ജലസസ്യങ്ങളുടെ കാര്യത്തിൽ ലോകത്തുതന്നെ മുന്നിൽനിൽക്കുന്ന സസ്യോദ്യാനമാണിത്. സസ്യലോകത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഉദ്യാനസന്ദർശനം വിദ്യാർഥികളെ സഹായിക്കും.
കോഴിക്കോട് നഗരത്തിൽനിന്ന് എട്ടുകിലോമീറ്റർ അകലെയാണ് ഒളവണ്ണ. സർക്കാർ പ്രവൃത്തിദിവസങ്ങളിൽ കാലത്ത് പത്തുമുതൽ അഞ്ചുവരെയാണ് പ്രവേശനം. 30 രൂപയാണ് പ്രവേശനഫീസ്.

ഒളോപ്പാറ
അകലാപ്പുഴയുടെ തീരത്തെ സായാഹ്നം ആസ്വദിക്കാനായി ഒളോപ്പാറയിലേക്ക് വരാം. ഈയടുത്താണ് ഒളോപ്പാറ സഞ്ചാരികളുടെ ഭൂപടത്തിൽ ഇടംപിടിച്ചത്. ആമ്പലും പായലും നിറയുന്ന ചിറകൾ, ചെറിയവെള്ളക്കെട്ടുകൾ, പുഴയിലൂടെ ഒഴുകുന്ന തോണികൾ, കാഴ്ചയുടെ മറ്റൊരുലോകം ഇവിടെ തുറക്കുകയാണ്.
കോഴിക്കോട്ടുനിന്ന് രണ്ടുവഴികളിലൂടെ ഒളോപ്പാറയിലെത്താം. കക്കോടിയിൽ നിന്ന് ചെറുകുളം റോഡ് വഴിയും ചേളന്നൂർ ഏഴേആറിൽനിന്ന് ഇടതുവശത്തേക്കുള്ള റോഡിലൂടെയും പോകാം.

ഇരിങ്ങൽ സർഗാലയ
ഇരുപതേക്കറിൽ പരന്നുകിടക്കുന്ന കരവിരുതിന്റെ ആസ്ഥാനമാണ് ഇരിങ്ങൽ സർഗാലയ കരകൗശലഗ്രാമം. 27 കുടിലുകളിലായി 63 പവിലിയനുകൾ പ്രവർത്തിക്കുന്നു. ഇവ കാണാനും വാങ്ങാനും കഴിയുന്നതോടൊപ്പം നിർമാണവും നേരിൽ മനസ്സിലാക്കാം.
ദേശീയപാതയ്ക്ക് സമീപമാണ് ഇരിങ്ങൽ സർഗാലയ. കോഴിക്കോട് ഭാഗത്തുനിന്ന് ബസിൽ വരുന്നവർ വടകര മൂരാട്പാലം എത്തുന്നതിന് തൊട്ടുമുൻപുള്ള മൂരാട് ഓയിൽമിൽ സ്റ്റോപ്പിൽ ഇറങ്ങണം. ഇവിടെനിന്ന് 200 മീറ്റർ പടിഞ്ഞാറോട്ടുപോയാൽ കോട്ടക്കൽ റെയിൽവേ ഗേറ്റിനരികെയാണ് സർഗാലയഗ്രാമം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 40 രൂപയുമാണ് പ്രവേശനഫീസ്. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. തിങ്കളാഴ്ച അവധിയാണ്.

പയംകുറ്റിമല
ഉദയവും അസ്തമയും വീക്ഷിക്കാൻ കഴിയുന്ന സ്ഥലം. അസ്തമയക്കാഴ്ച ഏറെ മനോഹരം. ഇവിടെനിന്ന് വടകര ടൗണും പരിസരവും കടലും കടലിലെ വെളളിയാങ്കല്ലുമെല്ലാം കാണാൻകഴിയും. ഈയിടെ നവീകരണം പൂർത്തിയായശേഷം അതിമനോഹരമായ കാഴ്ചയുടെ കേന്ദ്രം. മുത്തപ്പൻ ക്ഷേത്രത്തിലും ഒട്ടേറെപ്പേരെത്തുന്നുണ്ട്. കാഴ്ചകൾ കാണാൻ വാച്ച്ടവറുണ്ട്.
വടകരയിൽനിന്ന് തിരുവള്ളൂർ റോഡിലൂടെ പണിക്കോട്ടി റോഡിലെത്തി കുറച്ച് മുന്നോട്ടുപോയാൽ ഇടത്തോട്ടുള്ള വഴി.വടകരയിൽനിന്ന് ലോകനാർകാവിലെത്തി ക്ഷേത്രത്തിനു മുന്നിലുള്ള റോഡിൽനിന്ന് വലത്തോട്ടുള്ള റോഡിലൂടെ പോയാലും മുത്തപ്പൻ മലയിലെത്താം. (5.2 കിലോമീറ്റർ ദൂരം)

വയലട
കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ് വയലട. പനങ്ങാട് പഞ്ചായത്തിലെ മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ സ്ഥലങ്ങളാണ് വയലടയും അതിനോടുചേർന്നുള്ള ചുരത്തോടുമലയും. ഇരുമലകളുടെയും മുകളിലെത്തിക്കഴിഞ്ഞാൽ സമശീതോഷ്ണകാലാവസ്ഥയാണ്. വയലട മലമുകളിലെ മുള്ളൻപാറയാണ് ഏറെ ആകർഷണീയം. ഇവിടെനിന്ന് നോക്കിയാൽ പെരുവണ്ണാമൂഴി ഡാംസൈറ്റും റിസർവോയറും കാണാം. തലയാട് അങ്ങാടിയിൽനിന്ന് നാലുകിലോമീറ്റർ അകലെയുള്ള ചുരത്തോട് മലയിലും ധാരാളം സഞ്ചാരികളെത്താറുണ്ട്.
ബാലുശ്ശേരിയിൽനിന്ന് കുറുമ്പൊയിൽ വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ വയലടയിലെത്താം. കെ.എസ്.ആർ.ടി.സി. ബസ് സർവീസുണ്ട്. തലയാട് അങ്ങാടിയിൽനിന്ന് മണിച്ചേരി മലവഴിയും വയലടയിലെത്താം. ജീപ്പ് സർവീസുണ്ട്.

തുഷാരഗിരി
കാടിന്റെ വന്യതയും കാട്ടുചോലകളുടെ കുളിർമയും തൊട്ടറിയാൻ തുഷാരഗിരിയിലേക്ക് പോകാം. പാറക്കെട്ടുകളിൽനിന്നുള്ള വെള്ളച്ചാട്ടങ്ങളും നിബിഡവനത്തിലൂടെ കാട്ടുപാതകൾ താണ്ടിയുള്ള നടത്തവും ആരെയും ത്രസിപ്പിക്കും.
ഇടതൂർന്ന് മരങ്ങളും കാട്ടുവള്ളികളും അതിലെ മൂന്നു വെള്ളച്ചാട്ടങ്ങളുമാണ് തുഷാരഗിരിയുടെ പ്രധാനആകർഷണം. മൂന്നു വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമുണ്ട്.
കാപ്പാട്-തുഷാരഗിരി-അടിവാരം ടൂറിസം ഹൈവേയിൽ കോടഞ്ചേരി ടൗണിൽനിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ തുഷാരഗിരിയിലെത്താം. കോഴിക്കോട്ടുനിന്ന് താമരശ്ശേരി വഴിയും ഓമശ്ശേരി വഴിയും തുഷാരഗിരിയിലെത്താം. സഞ്ചാരികൾക്ക് താമസിക്കാൻ കോട്ടേജ് സൗകര്യങ്ങളുമുണ്ട്. മുതിർന്നവർക്ക് 30 രൂപയാണ് പ്രവേശഫീസ്. കുട്ടികൾക്ക് 15 രൂപയും.

കെ.എസ്.ആർ.ടി.സി.യിൽ ഉല്ലാസയാത്ര നടത്താം
കെ.എസ്.ആർ.ടി.സി.യിൽ ഉല്ലാസയാത്ര നടത്താം. തുഷാരഗിരി, കാക്കവയൽ വനപർവം, വയനാട് വൈത്തിരിയിലെ പൂക്കോട് തടാകം എന്നീ മൂന്നിടങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള യാത്ര ആരംഭിക്കുന്നത് താമരശ്ശേരിയിൽനിന്നാണ്. രാവിലെ ഏഴിന് ആരംഭിക്കും. ആദ്യയാത്ര 26-ന് ആരംഭിക്കും. ഭക്ഷണവും പ്രവേശന ഫീയും ഉൾപ്പെടെ ഒരാൾക്ക് 650 രൂപയാണ് നിരക്ക്. എല്ലാ ഞായറാഴ്ചയുമാണ് യാത്ര.
ഫോൺ: 0495-2222215, 9895218975.
Content Highlights: tourists destinations in kozhikode, beypore port, kakkayam, vayalada view point, sand banks vadakara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..