തൃശ്ശൂർ പൂരം | Photo: Madhuraj
മേടത്തിലെ പൂരം നക്ഷത്രത്തിൽ തൃശ്ശിവപേരൂരിലെ വഴികൾ മുഴുവനും വടക്കുംനാഥന്റെ സന്നിധിയിലേക്കാണ് പുറപ്പെടുന്നത്. തൃശ്ശിവപേരൂരിലെ പൂരം 36 മണിക്കൂറാണ്. നേരത്തെ പുറപ്പെടാൻ കഴിഞ്ഞ് പൂരത്തിന് രണ്ടുദിവസം മുൻപെ എത്തണം. പൂരത്തിന് തൊട്ടുതലേന്ന് ചമയ പ്രദർശനം. അതിനു തലേന്ന് സന്ധ്യയ്ക്ക് സാമ്പിൾ വെടിക്കെട്ട്.പൂരപ്രേമിയുടെ യഥാർഥ സങ്കടം മറ്റൊന്നാണ്. ഒരു മേളത്തിന്റെ മുൻപിൽ നിന്നാൽ മറ്റൊരു മേളം നഷ്ടപ്പെടും. ഒരാനയെ കണ്ട് ഭ്രമിച്ചാൽ, മറ്റ് ആനകൾ കടന്നുപോയിരിക്കും.

എട്ട് ഘടകപൂരങ്ങളും പാറമേക്കാവ്, തിരുവമ്പാടി ദേവിമാരും വടക്കുംനാഥന്റെ സന്നിധിയിൽ നടത്തുന്ന പൂരമാണിത്. പെരുവനത്തെ ഇരട്ടയപ്പനെപ്പോലെ ശ്രീവടക്കുംനാഥനും പൂരത്തിന്റെ സാക്ഷിയാകുന്നു.പൂരത്തിനു മുന്നോടിയായി തലേന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പൻ, പൂരത്തിനായി വടക്കുംനാഥന്റെ തെക്കേഗോപുര നട തുറന്നിടും.
പൂരദിവസം പുലർച്ചെ മൂന്നിന് ശ്രീവടക്കുംനാഥന്റെ തട്ടകത്തിൽ നിയമവെടി മുഴങ്ങുന്നതോടെ പൂരം ഉണരുകയായി. ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിൽനിന്നു പുറപ്പെടുന്ന ഘടകപൂരങ്ങൾ നേരം പുലരുമ്പോൾതന്നെ പുറപ്പെടും. ആദ്യം കണിമംഗലം ശാസ്താവ്, മഴയും വെയിലും കൊള്ളാതെ പുലർച്ചെ യാത്ര തുടങ്ങും. വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്ത് ഈ പൂരം ഏഴരയോടെ എത്തും. പിന്നെ ഉച്ചയ്ക്ക് ഒന്നര വരെ ശ്രീമൂലസ്ഥാനത്ത് ഗംഭീരമായ പാണ്ടിമേളങ്ങളാണ്. പുറപ്പെടുമ്പോൾ മിക്ക പൂരങ്ങളും പഞ്ചവാദ്യവുമായാണ് തുടക്കമിടുന്നത്. പനംമുക്കംപിള്ളി, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ട്കാവ്, അയ്യന്തോൾ, നൈതലക്കാവ് എന്നീ ക്ഷേത്രങ്ങളിലെ പൂരങ്ങൾ ക്രമത്തിൽ എത്തിച്ചേരും. ഈ മേളങ്ങൾക്കൊക്കെ പ്രമാണം വഹിക്കുന്നത് അതിപ്രശസ്തരായ വാദ്യവിദഗ്ധരാണ്. ഈ പൂരങ്ങൾ കണ്ടുനിന്നാൽ മഠത്തിലെ വരവും പാറമേക്കാവിന്റെ പുറപ്പാടും നഷ്ടമാവും.

തിരുവമ്പാടി ഭഗവതി, കൃഷ്ണന്റെ തിടമ്പേറ്റി രാവിലെ ഏഴുമണിക്കാണ് അമ്പലത്തിൽനിന്ന് മൂന്നാനകളോടെ നടപ്പാണ്ടിയുമായി മഠത്തിലേക്ക് പുറപ്പെടുന്നത്. ഇതിനെ മഠത്തിലേക്കുള്ള വരവ് എന്നാണ് വിളിക്കുക. മഠത്തിലെത്തിക്കഴിഞ്ഞാൽ കോലം പൂജിച്ച് തിരുവമ്പാടി ശിവസുന്ദറിന്റെ ശിരസ്സിൽ കയറ്റും. പതിനൊന്നു മണിക്ക് തിരുവമ്പാടിയുടെ വിഖ്യാതമായ മഠത്തിൽനിന്നുള്ള വരവ് ആരംഭിക്കും. ഈ പഞ്ചവാദ്യത്തിന്റെ പതികാലം ശ്രുതിഗംഭീരമാണ്. മഠത്തിൽനിന്നു പുറപ്പെട്ട ഈ പഞ്ചവാദ്യം നടുവിലാലിൽ എത്തിയശേഷം നായ്ക്കനാലിലേക്ക് പുറപ്പെടുമ്പോൾ ഏഴ് ആനകളുണ്ടാകും.

2.30-ന് പഞ്ചവാദ്യം അവസാനിക്കുമ്പോൾ 15 ആനകളുമായി തിരുവമ്പാടിയുടെ പൂരം തുടങ്ങുന്നു. നായ്ക്കനാലിൽനിന്ന് ശ്രീമൂലസ്ഥാനത്തേക്ക് കിഴക്കൂട്ട് അനിയൻമാരാരുടെയും ചെറുശ്ശേരി കുട്ടന്റെയും പ്രമാണത്തിൽ പാണ്ടിയുടെ ഗംഭീരയാത്ര. പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പെടുന്നത് ഉച്ചയ്ക്ക് 12 മണിക്ക്. പാറമേക്കാവ് പത്മനാഭൻ, ഭഗവതിയുടെ കോലമേന്തും. ചെമ്പട കൊട്ടിയാണ് മേളം പുറത്തേക്ക് വരുക. 15 ആനകളുമായി പാറമേക്കാവിന്റെ മുൻപിൽ പൂരം നിരക്കുന്നത് മനോഹരമായ കാഴ്ച തന്നെ. ഇവിടെനിന്ന് ഇലഞ്ഞിത്തറയിലേക്ക് പൂരം പുറപ്പെടുന്നു.

രണ്ടരയ്ക്ക് വടക്കുംനാഥന്റെ വടക്കേ പ്രദക്ഷിണ വഴിയിൽ തിരുമ്പാടിയുടെ പാണ്ടി ഒലമ്പൽ തുടങ്ങുമ്പോൾ അതേ സമയത്ത് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ പാണ്ടിയും പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ഒലമ്പൽ തുടങ്ങും. കുട്ടൻ മാരാരോടൊപ്പം കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശനുമുണ്ടാകും. അപ്പോൾ വടക്കുംനാഥന്റെ അകത്തും പുറത്തും പാണ്ടി കൊട്ടിത്തകർക്കും. അഞ്ചുമണിയോടെ ഒരു മതിലിനു അകത്തും പുറത്തുമായി പാണ്ടി ഇരമ്പും. ഒരേസമയം പാണ്ടി കലാശിച്ചാൽ എല്ലാ കാലുകളും തെക്കേ ഗോപുര നടയിലേക്ക് നീങ്ങും. പാറമേക്കാവിന്റെ ആനകൾ തെക്കേ ഗോപുര നടവഴി കടന്ന് മുനിസിപ്പൽ റോഡിൽ അഭിമുഖമായി നിൽക്കും. തിരുവമ്പാടിയുടെ ആനകൾ തെക്കേ ഗോപുര നടയുടെ പുറത്ത് വരിയായി അണിനിരക്കും. ഇതാണ് തെക്കോട്ടിറക്കം. പിന്നാലെ കുടമാറ്റം. ഇത്രയും അഴകാർന്ന കാഴ്ച മറ്റൊരു പൂരത്തിനുമില്ല. കുടമാറ്റം കഴിഞ്ഞാൽ ചെറിയ വെടിക്കെട്ടുണ്ടാകും.

രാത്രി ഏഴു മണി മുതൽ വീണ്ടും ഘടകപൂരങ്ങൾ എത്തും. രാത്രി 10.30-ന് വീണ്ടും ബ്രഹ്മസ്വം മഠത്തിൽനിന്ന് തിരുവമ്പാടിയുടെ പഞ്ചവാദ്യം. അതേ സമയത്തുതന്നെ പാറമേക്കാവിന്റെ പഞ്ചവാദ്യം അമ്പലനടയിൽ ആരംഭിക്കും. തിരുവമ്പാടിക്കാർ നായ്ക്കനാലിലും പാറമേക്കാവ് മണികണ്ഠനാലിലും പഞ്ചവാദ്യം അവസാനിപ്പിക്കും. പിന്നെ വെടിക്കെട്ട് പ്രേമികൾ കാത്തിരിക്കുന്ന വെടിക്കെട്ടിന്റെ സമയമാണ്. വർണവും ശബ്ദവും നിറയുന്ന മാനത്തെ പൂരം ആറുമണിവരെ നീളും.

പൂരപ്പിറ്റേന്ന് വീണ്ടും എഴുന്നള്ളിപ്പുകൾ തുടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളങ്ങൾ രാവിലെ ആരംഭിക്കും. മേളം തീരുന്നതോടെ ഉച്ചയ്ക്ക് ഒരുമണിക്കും ഉഗ്രൻ കരിമരുന്നു പ്രയോഗം ഉണ്ടാകും.വെടിക്കെട്ടു കഴിഞ്ഞാൽ ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയും. പൂരം കണ്ടു കഴിഞ്ഞവർക്ക് പാറമേക്കാവിൽ പൂരക്കഞ്ഞിയും വിളമ്പും.തൃശൂർ പൂരത്തിന്റെ ചേതോഹരമായ കാഴ്ചകൾക്കൊപ്പം പ്ര
ദർശനവും കലാപരിപാടികളുമുണ്ട്. എന്തിന് പൂരദിവസം തൃശ്ശൂരിൽ അക്ഷരശ്ലോകമത്സരം വരെ നടക്കുന്നു!
(2016 മാർച്ച് ലക്കം മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)
Content highlights: Thrissur Pooram Memories, Mathrubhumi Yathra Thrissur pooram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..