തിരുവണ്ണാമല... ധ്യാനത്തിന്റെ വിഭൂതിയണിഞ്ഞ ദേശം


എഴുത്ത്: ശ്രീകാന്ത് കോട്ടയ്ക്കല്‍ / ഫോട്ടോ: മധുരാജ്

തിരുവണ്ണാമല ഇന്ത്യയിലെ കേവലമൊരു തീര്‍ഥാടനസ്ഥലം മാത്രമല്ല. ധ്യാനത്തിന്റെ വിഭൂതിയണിഞ്ഞ ദേശമാണ്. മന്ത്രങ്ങളെക്കാള്‍ മൗനമാണ് ഇവിടത്തെ ഭാഷ. മഹര്‍ഷിയുടെ ആശ്രമത്തില്‍ കണ്ണടച്ചിരിക്കുമ്പോഴും അരുണാചലമലയുടെ ഉയരങ്ങളിലേക്ക് നടക്കുമ്പോഴും മഹാക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിന് മുന്നില്‍ നില്‍ക്കുമ്പോഴും ഒരേ അനുഭൂതിയാണ്. 'ഞാന്‍ ആരാണ്?' എന്ന അന്വേഷണത്തിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുന്നു.

-

ലയാണോ മഹാക്ഷേത്രമാണോ മഹര്‍ഷിയാണോ വിളിക്കുന്നത്? തിരുവണ്ണാമലയിലേക്ക് പോവുമ്പോഴെല്ലാം സ്വയം ചോദിക്കുന്ന ചോദ്യമാണിത്. മധുരയ്ക്കടുത്ത് തിരുച്ചുഴി ഗ്രാമത്തിലെ പതിനേഴുവയസ്സുകാരനായ വെങ്കിട്ടരമണന്‍ എന്ന കൗമാരക്കാരനെ വിളിച്ചത് അരുണാചല എന്ന മലയായിരുന്നു. മുതിര്‍ന്ന ഒരു ബന്ധുവിന്റെ സംസാരത്തിനിടയിലാണ് വെള്ളിടിപോലെ 'അരുണാചല' എന്ന പേര് അവന് കേട്ടത്. അത് എവിടെയാണ് എന്നന്വേഷിച്ചപ്പോള്‍ അയാള്‍ സ്ഥലവും വഴിയും പറഞ്ഞുകൊടുത്തു. വെങ്കിട്ടരമണന്‍ ആരോടും പറയാതെ പുറപ്പെട്ടുപോന്നു. തിണ്ടിവനം വഴി വില്ലുപുരം ജങ്ഷനിലെത്തി. അവിടെയിറങ്ങി, വിശന്നപ്പോള്‍ ഹോട്ടലിനുമുന്നില്‍ച്ചെന്ന് ഭിക്ഷയെടുത്തു. വഴിയോരത്തെ ഒരു വേപ്പുമരച്ചുവട്ടില്‍ ധ്യാനിച്ചിരുന്ന വെങ്കിട്ടരമണന്റെ മുന്നില്‍ ആരൊക്കെയോ ചില്ലറത്തുട്ടുകള്‍ ഇട്ടുകൊടുത്തു. അരുണാചലത്തിലേക്കുള്ള വഴി ചോദിച്ച് നടന്നുനടന്ന് ഇരുട്ടിയപ്പോള്‍ ദൂരെ അരയ്യാണിനല്ലൂര്‍ ക്ഷേത്രത്തിന്റെ ഗോപുരവും വെളിച്ചവും കണ്ടു. ആ വെളിച്ചത്തിന്റെ വഴിനോക്കിനടന്ന് കിലൂര്‍ ഗ്രാമത്തിലും പിറ്റേന്ന് തിരുവണ്ണാമലയിലും വെങ്കിട്ടരമണന്‍ എത്തി.

Arunachalam 1
അരുണാചലത്തിന് മുകളില്‍ നിന്നുള്ള ദൃശ്യം

വിശന്നുതളര്‍ന്ന കണ്ണുകളിലൂടെ വെങ്കിട്ടരമണന്‍ അരുണാചലമലയെ അകംനിറഞ്ഞുകണ്ടു. അതിന്റെ താഴ്‌വാരത്തിലെ മഹാശിവക്ഷേത്രം അവന് അഭയം നല്കി. ക്ഷേത്രത്തിനകത്തെ പാതാളലിംഗ ഗുഹയില്‍ അവന്‍ ബാഹ്യബോധമറ്റ് പലനാളിരുന്നു. നഖങ്ങള്‍ വളര്‍ന്നു; ശരീരത്തിലേക്ക് പല പല പ്രാണികള്‍ അരിച്ചുകയറി. ചിതലരിച്ചു. ദേഹബോധമില്ലാത്ത വെങ്കിട്ടരമണന് ആരൊക്കെയോ ഭക്ഷണം കൊടുത്തു. കൊടുത്ത ഭക്ഷണം പ്രാണികള്‍ തിന്നുതീര്‍ത്തു. ഒടുവിലൊരുനാള്‍ വെങ്കിട്ടരമണന്റെ ശരീരവും പ്രാണികള്‍ തിന്നുതീരുംമുന്‍പേ ആരോ അവനെ പുറത്തെടുത്തു. തെരുവുകുട്ടികള്‍ അവനെ കല്ലെറിഞ്ഞു. പിന്നീടവന്‍ അരുണാചലത്തിന്റെ താഴ്‌വാരത്തെ മാന്തോപ്പുകളിലും തീര്‍ഥക്കരകളിലും പാര്‍ത്തു. മലകയറി ഗുഹകളില്‍ വസിച്ചു. മൗനമായിരുന്നു വെങ്കിട്ടരമണന്റെ ഭാഷ. വര്‍ഷവും വസന്തവും ശൈത്യവും വേനലുമെല്ലാം മലയിലും താഴ്‌വാരങ്ങളിലും പലതവണ വന്നുപോയി. അരുണാചലമലയുടെ താഴ്‌വാരത്തിലെ മൗനമഹര്‍ഷിയെത്തേടി ലോകം വന്നുതുടങ്ങി. മലയും മഹര്‍ഷിയും ഒന്നായി. രമണമഹര്‍ഷി പിറന്നു. അതുകൊണ്ട്, തിരുവണ്ണാമലയിലേക്കുള്ള യാത്രകളില്‍ മനസ്സ് വീണ്ടും വീണ്ടും ചോദിക്കും: മലയാണോ മഹാക്ഷേത്രമാണോ മഹര്‍ഷിയാണോ വിളിക്കുന്നത്. മൂന്നും ചേര്‍ന്നാണ് എന്ന് ആരോ ഉത്തരം നല്‍കും; മൂന്നും ഒന്നുതന്നെ എന്ന തോന്നലുണ്ടാവും. തോന്നലല്ല,അതാണ് സത്യം.

Arunachalam 2
അരുണാചലത്തിന് മുകളില്‍ നിന്നുള്ള ദൃശ്യം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഴ പെയ്തുതോര്‍ന്ന ഒരു സന്ധ്യയിലാണ് ആദ്യമായി തിരുവണ്ണാമലയില്‍ എത്തിയത്. നീണ്ട റോഡുകളും പശുക്കള്‍ അലഞ്ഞുനടക്കുന്ന മണ്ണിന്റെ ഇടവഴകളും നിറയെ കടകളുമുള്ള ചെറുപട്ടണത്തിന് ചന്ദനത്തിരികള്‍ എരിയുന്നതിന്റെ മണമായിരുന്നു. ആ പട്ടണത്തിന്റെ ഏത് ഭാഗത്തുനിന്ന് നോക്കിയാലും കുറ്റിക്കാടുകളും ഇപ്പോള്‍ താഴേക്ക് വീഴും എന്ന് തോന്നിക്കുന്ന വിധത്തില്‍ തങ്ങിനില്‍ക്കുന്ന വലിയ പാറക്കല്ലുകളും നിറഞ്ഞ അരുണാചലമല കാണാം. മഴയില്‍ നനഞ്ഞ പാറക്കൂട്ടങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു. പെയ്യാന്‍ വെമ്പുന്ന കറുത്തമേഘങ്ങള്‍ മലയുടെ മസ്തകങ്ങളെ തഴുകിയൊഴുകുന്നു. കല്ലില്‍ തീര്‍ത്ത ബൃഹദ്‌ക്ഷേത്രമാകെ നനഞ്ഞുകുളിച്ചിരിക്കുന്നു.ആ ബൃഹദാകാരത്തിന്റെ ഉള്‍ത്തളങ്ങളില്‍ നനഞ്ഞ കരിങ്കല്ലിന്റെയും എരിഞ്ഞുതീര്‍ന്ന കര്‍പ്പൂരത്തിന്റെയും മണം. മലയുടെ താഴ്‌വാരത്തിലുള്ള മഹര്‍ഷിയുടെ ആശ്രമം അപ്പോഴേക്കും വാതിലുകള്‍ ചാരിത്തുടങ്ങിയിരുന്നു. പാതിവെളിച്ചത്തില്‍ അന്ന് എന്തൊക്കെയോ കണ്ടു. അരുണാചലയുടെ ശിരസ്സിലും ശരീരത്തിലും മഴപൊഴിയുന്ന ശബ്ദം കേട്ടാണ് രാത്രി ഉറങ്ങിയത്. പിറ്റേന്ന് ആശ്രമം കാണുമ്പോഴും അരുണാചലയുടെ ശൃംഗങ്ങളിലേക്ക് നടന്നുകയറുമ്പോഴും മഴ പെയ്തുകൊണ്ടേയിരുന്നു. മഹര്‍ഷി മൗനപൂര്‍വം പ്രാര്‍ഥിച്ച വിരൂപാക്ഷ ഗുഹയിലും സ്‌കന്ദാശ്രമത്തിലും കണ്ണടച്ചിരിക്കുമ്പോഴും പുറത്ത് മഴതന്നെയായിരുന്നു. നേര്‍ത്ത ശബ്ദത്തില്‍, ധ്യാനത്തെ മുറിക്കാതെ, പശ്ചാത്തലശ്രുതിപോലെ മഴ. മഹര്‍ഷിയുടെ ആശ്രമത്തിലും അരുണാചലയിലെ ചെറുവനങ്ങളിലും മഴപോലും മൗനമായി ഇരിക്കാന്‍ ശ്രമിക്കുംപോലെ തോന്നി. നിറഞ്ഞ മൗനമാണ് തിരുവണ്ണാമലയും അരുണാചലയും പഠിപ്പിക്കുന്ന ഭാഷ. അത് തേടിയാണ് ലോകം ഇങ്ങോട്ടൊഴുകുന്നത്. മറ്റൊന്നും ഇവിടെ കാണാനില്ല, കേള്‍ക്കാന്‍ തീരെയുമില്ല.

Arunachalam 3

ഒരിക്കല്‍പ്പോയി അനുഭവിച്ചാല്‍ തിരുവണ്ണാമല പിന്നെ ഒരു നിരന്തര സാന്ത്വനമാവും; ഒരുപക്ഷേ, അംബാവനത്തിന് നടുവിലെ സൗപര്‍ണികയും മൂകാംബികാക്ഷേത്രവും പോലെ; തണുപ്പും മൗനവുമുറഞ്ഞ കുടജാദ്രിപോലെ. കുന്ദാപുരത്തുനിന്നും വിട്ടാല്‍ അംബാവനത്തിലെ കാറ്റ് വന്നുവിളിക്കുന്നതുപോലെ കാട്പാടിയും വില്ലുപുരവും വിട്ടാല്‍ അരുണാചലയുടെ ആര്‍ദ്രത അടുത്തടുത്തുവരും. വഴിയിലെവിടെയൊക്കെയോ ദൂരെദൂരെ പെരിയ കോവിലുകള്‍ കാണാം. പഥികതീര്‍ഥാടകന്മാര്‍ക്ക് ഒരഭയം. തെളിഞ്ഞ ജലാശയങ്ങള്‍. ചെന്നൈയില്‍ നിന്ന് റോഡ് വഴിയാണ് യാത്രയെങ്കില്‍ ആര്‍ക്കോട്ട് നവാബിന്റെ തകര്‍ന്ന കോട്ടയുടെ അവശിഷ്ടങ്ങളും കല്‍ക്കുന്നിന്റെ ഉച്ചിയില്‍ ഇപ്പോഴും തലയുയര്‍ത്തിനില്‍ക്കുന്ന ജിഞ്ചിക്കോട്ടയും കാണാം. സമൃദ്ധമായ കൃഷി; മണികിലുക്കിപ്പോകുന്ന കാളവണ്ടികള്‍; വഴിനീളെ തണല്വൃക്ഷങ്ങള്‍; പഴങ്ങള്‍ വില്‍ക്കുന്ന സ്ത്രീകള്‍; ഗ്രാമച്ചന്തകള്‍. അരുണാചലത്തിന്റെ ശിഖരം കണ്ടുതുടങ്ങിയാല്‍ തിരുവണ്ണാമലയിലേക്ക് അധികദൂരമില്ല എന്ന് കണക്കാക്കാം.

Arunachalam 4

എന്തുകൊണ്ടോ എപ്പോഴും ആദ്യം ചെല്ലാറുള്ളത് മഹര്‍ഷിയുടെ ആശ്രമത്തിലാണ്. മറ്റ് ആശ്രമങ്ങളെയോ ക്ഷേത്രങ്ങളെയോ പോലെ കുത്തിമറിയുന്ന ജനസഞ്ചയമോ ആരാധനയുടെ ബഹളങ്ങളോ പ്രാര്‍ഥനാ മന്ത്രഘോഷങ്ങളോ കാണിക്കയിട്ട് അനുഗ്രഹം തരപ്പെടുത്താനുള്ള വെമ്പലോ ഒന്നും അവിടെയുണ്ടാവാറില്ല. ധ്യാനനിരതരായ കുറേ മനുഷ്യര്‍ എവിടെനിന്നൊക്കെയോ വരുന്നു. മഹര്‍ഷി ചരിച്ച വഴികളിലൂടെ സഞ്ചരിക്കുന്നു. അദ്ദേഹം ഇരുന്ന സ്ഥലങ്ങളില്‍ കണ്ണടച്ചിരിക്കുന്നു. അവനവനിലേക്ക് ആഴ്ന്നിറങ്ങുന്നു. സ്വന്തം സത്തയെ തിരിച്ചറിഞ്ഞ് തിരിച്ചുപോകുന്നു. ആ അനുഭവംപോലും വാക്കുകളിലൂടെ പങ്കുവയ്ക്കുക സാധ്യമല്ല.

Arunachalam 5
ആശ്രമത്തിന്റെ അകത്തളം

മനുഷ്യര്‍ക്ക് നടുവിലും മൗനത്തിന്റെ ഭംഗി ഏറ്റവും ആഴത്തില്‍ സ്പര്‍ശിക്കാന്‍ സാധിക്കുക രമണാശ്രമത്തിലെ വലിയ ഹാളിലും അതിന് തൊട്ടുമുകളിലുള്ള പഴയ ഹാളിലുമാണ്. മൗനം മനോഹരമായ ഒരു പത്മംപോലെ അവിടെ വിടരും. മഹര്‍ഷിയുടെ സമാധിയുടെ മുന്നില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നെത്തിയ മനുഷ്യര്‍, വാക്കുകളുടെയും ചിന്തകളുടെയും മറുകരയില്‍ മൗനമാണ്ടിരിക്കും. ഭൂമിയിലെ ബഹളങ്ങള്‍ മാത്രം കണ്ടും കേട്ടും ശീലിച്ച കണ്ണുകള്‍ക്കും കാതുകള്‍ക്കും നിറഞ്ഞഹാളിലെ നിരന്തരമൗനം അദ്ഭുതകരവും ആശ്വാസദായകവുമാണ്. ധ്യാനം കഴിഞ്ഞ് എഴുന്നേറ്റുപോകുന്നവര്‍ കാലടിശബ്ദംപോലും ഉണ്ടാകാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കുന്നു. തിരകളെല്ലാമടങ്ങിയ നീലജലാശയത്തില്‍ സ്വയം നോക്കിയിരിക്കുന്ന പ്രതീതിയാണ് എപ്പോഴുമുണ്ടാകാറുള്ളത്. വാക്കുകളുടെ എല്ലാ അഹങ്കാരങ്ങളും ഇവിടെ അസ്തമിക്കുന്നു. നമ്മുടെ ബോധം പ്രപഞ്ചബോധത്തില്‍ കലരുന്നു. 'നിരന്തരഭാഷണമാണ് മൗനം' എന്ന മഹര്‍ഷിയുടെ വാക്കുകള്‍ മനസ്സില്‍ തെളിയുന്നു. അരുണാചലയിലേക്കുള്ള കയറ്റം ഒരിക്കലും അത്രമേല്‍ ആയാസകരമല്ല. അതിരാവിലെയും വെയില്‍ ചാഞ്ഞ വൈകുന്നേരങ്ങളിലും സൗമ്യമായ കാട്ടിന് നടുവിലൂടെ നിറഞ്ഞ നിശ്ശബ്ദത അനുഭവിച്ചുള്ള നടത്തം. ചെറിയ കിതപ്പുകള്‍ ഒഴിച്ചാല്‍ അത് ഒരു മൗനസാധനയുടെ ഫലം തരുന്നു. മരങ്ങള്‍ക്കിടയില്‍ പക്ഷികള്‍ പാടിക്കൊണ്ടേയിരിക്കും. ചിലപ്പോള്‍ ദൂരെ കാട്ടുചോല പായുന്നത് കേള്‍ക്കാം. പലതരം കാട്ടിലകളുടെ മണങ്ങള്‍.

Arunachalam 6
രമണാശ്രമത്തിലെ മെഡിറ്റേഷന്‍ ഹാള്‍

Arunachalam 7
സ്‌കന്ദാശ്രമത്തിലേക്കുള്ള വഴി

കാറ്റ്. ശാന്തശീലരായി കടന്നുപോകുന്ന നായ്ക്കള്‍; ചില്ലകളില്‍നിന്ന് ചില്ലകളിലേക്ക് ചാഞ്ചാടുന്ന കുരങ്ങന്മാര്‍... മുകളിലെ ആശ്രമത്തില്‍ ധ്യാനിച്ച് തിരിച്ചുവരുന്ന ഏകാകിളായ മനുഷ്യര്‍ കടന്നുപോകും. നെഞ്ചില്‍ കിതപ്പ് കുരുങ്ങുമ്പോള്‍ പാറയിലിരുന്ന് വിശ്രമിക്കാം. അങ്ങനെയിരുന്ന് ചെവിയോര്‍ക്കുമ്പോള്‍ അങ്ങ് താഴെ സഹര്‍ഷം ജീവിതലീലകളാടുന്ന പട്ടണത്തിന്റെ നേര്‍ത്ത ഇരമ്പം കാടിന്റെയുള്ളിലൂടെ ഊറിവരുന്നു. ആ ജീവിതത്തില്‍നിന്ന് എത്ര ദൂരെയാണ് ഇപ്പോള്‍ എന്ന് തോന്നിപ്പോവും. ഇത്തരത്തിലുള്ള എല്ലാ കയറ്റങ്ങളും അവനവനിലേക്കുള്ളതാണ്.

Arunachalam 12
അങ്ങ് മുകളില്‍ ആത്മാവിന്റെ ആശ്രമമുണ്ട്. സ്‌കന്ദാശ്രമത്തിലെത്തും മുന്‍പേ വലത്തോട്ടുള്ള കാട്ടുവഴി ഇങ്ങോട്ടുള്ള എല്ലാ യാത്രകളിലും വിളിച്ചുകൊണ്ടേയിരുന്നു. വിരൂപാക്ഷ ഗുഹയിലേക്കുള്ള ആ വഴി ഇന്നും അല്പം ദുര്‍ഘടമാണ്. തങ്ങിനില്ക്കുന്ന പാറകളും കാലില്‍ കുരുങ്ങുന്ന വള്ളികളും കടുത്ത ഏകാന്തതയും. അവിടെ ഒരു പടുകൂറ്റന്‍ പാറയ്ക്കുള്ളില്‍ കുനിഞ്ഞുമാത്രം കടക്കാന്‍ സാധിക്കുന്ന ഗുഹ. ഇരുട്ട്. ഈര്‍പ്പത്തിന്റെയും കല്ലിന്റെയും മണം. കണ്ണ് ഇരുട്ടിനോട് കലരുമ്പോള്‍ മുന്നില്‍ ഏതൊക്കെയോ രൂപങ്ങള്‍ തെളിയും. ചില മനുഷ്യര്‍ ഇരുന്ന് ധ്യാനിക്കുന്നു. അവരുടെ ഇളകാത്ത ശിരസ്സുകള്‍. ശ്വാസോച്ഛ്വാസത്തിന്റെ നേരിയ ശബ്ദം. അതിലൊരാളായി അവിടെ കണ്ണടച്ചിരിക്കുമ്പോള്‍ ദ്വൈതങ്ങളെല്ലാമുടയുന്നു. സമഷ്ടിയെ സ്പര്‍ശിക്കുന്നു. രമണമഹര്‍ഷി എത്രയോ വര്‍ഷങ്ങള്‍ ഇവിടെ പാര്‍ത്തു. ആ സമയത്ത് ഇവിടെ പുലിയടക്കമുള്ള മൃഗങ്ങള്‍ മേയുമായിരുന്നു. അവയ്ക്ക് നടുവിലും അദ്ദേഹം മൗനം വെടിഞ്ഞില്ല. അവയ്‌ക്കൊന്നും മഹര്‍ഷി അന്യനായി തോന്നിയതുമില്ല. താഴെ പട്ടണത്തില്‍നിന്ന് ആരെങ്കിലും കൊണ്ടുവന്നുകൊടുക്കുന്ന ഭക്ഷണമാണ് അക്കാലങ്ങളില്‍ അദ്ദേഹത്തിന്റെ പ്രാണന്‍ നിലനിര്‍ത്തിയത്. രാവും പകലും തനിച്ചായപ്പോഴും വിരൂപാക്ഷ ഗുഹയിലിരിക്കുക വലിയ വിഷമമാണ്. പ്രത്യേകിച്ചും നഗരകാമനകളുടെ കുരുക്കുകള്‍ ശീലിച്ച മനുഷ്യര്‍ക്ക്.

അരുണാചലത്തിന്റെ ഉച്ചിയില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരു ചെറുകുടില്‍ സ്‌കന്ദാശ്രമം. അഗ്രഹാരങ്ങളുടെ ശൈലിയില്‍ അഴിയിട്ട ഒരു ചെറുവരാന്തയും ഉള്ളില്‍ ഇരുട്ടിലാണ്ട ഒരു മുറിയും. വിരൂപാക്ഷഗുഹയില്‍ താമസകാലത്തിനുശേഷം രമണമഹര്‍ശഷി സ്‌കന്ദാശ്രമത്തിലേക്ക് മാറി. മഹര്‍ഷിയുടെ അമ്മ അളഗമ്മാളും ഒപ്പമുണ്ടായിരുന്നു. അവര്‍ മരിച്ചതും സ്‌കന്ദാശ്രമത്തില്‍ വച്ചുതന്നെ. അമ്മയുടെ ശിരസ്സ് സ്വന്തം മടിയില്‍ വച്ച് മണിക്കൂറുകളോളം മഹര്‍ഷി അനക്കമറ്റിരുന്നു. ഒടുവില്‍ പ്രാണന്റെ അവസാന പാശവുമറ്റപ്പോള്‍ മഹര്‍ഷി അമ്മയുടെ ശിരസ്സ് എടുത്ത് താഴേക്ക് കിടത്തി. എന്നിട്ട് പറഞ്ഞു: ''ഭക്ഷണം വിളമ്പൂ, എനിക്ക് വിശക്കുന്നു.'' ഒന്നിലധകം തവണ മരണാനുഭവത്തിലൂടെ കടന്നുപോയ രമണര്‍ക്ക് മരണം എന്ന ആത്യന്തിക സത്യത്തെക്കുറിച്ച് മറ്റാരെക്കാളുമറിയാമായിരുന്നു. 'മരിച്ചു' എന്ന വാക്കല്ല മഹര്‍ഷി ഉപയോഗിച്ചത്. 'ABSORBED' എന്നാണ്. മഹാപ്രപഞ്ചം ശരീരത്തിനുള്ളിലെ സൂക്ഷ്മപ്രപഞ്ചത്തെ സ്വാംശീകരിച്ചു. ഘടാകാശം ചിദാകാശത്തില്‍ ലയിച്ചു. വരാന്തയ്ക്കപ്പുറത്തെ മുറിയിലും ഊറിവന്ന ഈര്‍പ്പത്തിന്റെയും ഇരുട്ടിന്റെയും പാറയുടെയും എരിയുന്ന വിളക്കുതിരിയുടെയും മണം. ആ ചെറിയമുറിയിലും എപ്പോഴും ആരെങ്കിലുമൊക്കെ ധ്യാനിച്ചിരിപ്പുണ്ടാവും. ശംഖില്‍ ചെവി ചേര്‍ത്തുപിടിച്ചതുപോലെയുള്ള നിശ്ശബ്ദത. മഹര്‍ഷിമാര്‍ ഗുഹയില്‍ പാര്‍ത്തതിന്റെ കാരണം വിരൂപാക്ഷ ഗുഹയിലും സ്‌കന്ദാശ്രമത്തിലും കണ്ണടച്ചിരുന്നാല്‍ അനുഭവിച്ചറിയാം. ഗുഹയില്‍ ശരീരം മാത്രമല്ല, മനസ്സും ഒതുങ്ങിയിരിക്കുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നപോലെ നാം നമ്മിലേക്കൊതുങ്ങുന്നു. ഭൂമിയെ മണക്കുന്നു. നിശ്ശബ്ദതയുടെ ആഴങ്ങള്‍ അറിയുന്നു. ഗുഹയില്‍ നമ്മള്‍ ലോകത്തിലല്ല, ലോകം നമ്മിലാണ്.

Arunachalam 8

സ്‌കന്ദാശ്രമത്തിന്റെ മുന്നില്‍ നിന്ന് നോക്കിയാല്‍ തിരുവണ്ണാമല മുഴുവന്‍ കാണാം. കുന്നുകയറിക്കിതച്ച വിയര്‍പ്പ് താഴ്‌വരയില്‍ നിന്നുള്ള തണുത്ത കാറ്റ് വന്ന് തുടയ്ക്കും. ജീവിതത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍നിന്നും ഊറിവരുന്ന നേര്‍ത്ത തമിഴ് സംഗീതവും നഗരമര്‍മരങ്ങളും. എല്ലാ പ്രവാചകന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കും സൂഫികള്‍ക്കും കുന്നിന്‍മുകളുകള്‍ പ്രിയങ്കരമായിരുന്നു. അവിടെനിന്ന് താഴേക്ക് നോക്കുമ്പോള്‍ ജീവിതം മറ്റൊന്നായതായിരിക്കാം കാരണം, അതിന്റെ താളവും വേഗവും മറ്റൊന്നാണ്. സ്‌കന്ദാശ്രമത്തില്‍ ചില മഞ്ഞുമാസങ്ങളിള്‍ ഇരിക്കുമ്പോള്‍, കുടജാദ്രിയില്‍ അഡിഗയുടെ വീടിന്റെ ഉമ്മറത്ത് അംബാവനത്തിലെ ഈറന്‍കാറ്റിള്‍ കുളിര്‍ന്നിരുന്ന പകലുകള്‍ ഓര്‍മവരും. അരുണാചലത്തിനും കുടജാദ്രിക്കുമിടയിലുള്ള ദൂരം ഉടയാത്ത മൗനത്തിന്റേതാണ്; നിതാന്തമായ വിശ്രാന്തിയുടേതാണ്. അരുണാചലത്തില്‍ നിന്ന് ഇറങ്ങിയിറങ്ങി താഴേക്ക് താഴേക്ക് വരുമ്പോള്‍ ശബ്ദങ്ങളുടെ പല ബഹളങ്ങളും അടുത്തടുത്തെത്തും. ഒടുവില്‍ അതിലൊരാളായി ഒഴുകുമ്പോഴും മലയും മഹര്‍ഷിയും പകര്‍ന്ന മൗനം ഉള്ളിലുണ്ടാവും.

Arunachalam 9
രമണാശ്രമത്തിലെ മെഡിറ്റേഷന്‍ ഹാള്‍

അരുണാചലയുടെ മുകളില്‍ പൗര്‍ണമി അതിന്റെ വെള്ളിക്കുട ചൂടുന്ന ദിവസം എവിടെനിന്നൊക്കെയോ വന്ന മഹാജനസഞ്ചയം പ്രാര്‍ഥനാപൂര്‍വം മലയെ വലംവെച്ച് നടക്കുന്നു. ആ ദിവസങ്ങളില്‍ അരുണാചലയുടെ ചുറ്റുവഴികള്‍ക്ക് മറ്റൊരു വേഗവും താളവുമാണ്. അല്ലാത്ത ദിവസങ്ങളില്‍ ആളൊഴിഞ്ഞ ചോലമരപ്പാതകള്‍ ഗിരിവല ദിവസം ഭക്തരെക്കൊണ്ടും വഴിവാണിഭങ്ങള്‍കൊണ്ടും നിറയും. വഴിയോരത്തെ ചെറിയ ചെറിയ കോവിലുകള്‍ കര്‍പ്പൂരദീപപ്രഭയില്‍ തിളങ്ങിനില്ക്കും. പാദരക്ഷകളില്ലാതെ മനുഷ്യര്‍ അരുണാചലമലയെ വന്ദിച്ചുകൊണ്ട് പരിക്രമണം ചെയ്യും. നിലാവില്‍ കുളിച്ചുനില്ക്കുന്ന മല, മൗനത്തോടെ നില്‍ക്കുന്ന മഹര്‍ഷിയെ ഓര്‍മിപ്പിക്കും. പതിന്നാല് കിലോമീറ്ററോളം നീളുന്ന പരിക്രമണം തീരുമ്പോള്‍ വിയര്‍ത്ത് കുളിക്കും. അപ്പോഴും തലോടിത്തണുപ്പിക്കാന്‍ എത്തുന്നത് അരുണാചലയിലെ ഔഷധവീര്യമുള്ള കാറ്റുതന്നെ. ക്ഷീണിച്ചുതളര്‍ന്ന് ഹോട്ടല്‍മുറിയില്‍ വന്നുകിടന്ന് ജനല്‍ തുറക്കുമ്പോള്‍ നിലാവിലാറാടിയ മലയുടെ കാഴ്ച. തിളങ്ങുന്ന പാറക്കൂട്ടങ്ങള്‍. നിഴല്‍ വിരിച്ച് നില്‍ക്കുന്ന മരങ്ങള്‍. കാറ്റുപോലും നിലച്ചിരിക്കുന്നു. പൗര്‍ണമിയിലെ കൈലാസദൃശ്യവും ഇങ്ങനെയായിരിക്കണം.

Arunachalam 10
വിരൂപാക്ഷഗുഹയുടെ ഉള്‍ഭാഗം

അരുണാചലഗിരിയില്‍നിന്ന് നോക്കുമ്പോഴാണ് അരുണാചലേശ്വരക്ഷേത്രത്തിന്റെ ഗരിമ മനസ്സിലാവുക. പത്ത് ഹെക്ടര്‍ ഭൂമിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന നാല് ഗോപുരങ്ങള്‍. അതിനകത്ത് ചെറുചെറു ഗോപുരങ്ങള്‍. ഹരിതാഭമായ ഉദ്യാനം. കല്ലുകൊണ്ടുപണിത നീണ്ട ഹാളുകള്‍. നന്ദീവിഗ്രഹങ്ങള്‍. വലിയ കുളം. വിശാലമായ മുറ്റം കടന്ന് ഉള്ളിലേക്കുള്ളിലേക്ക് പോവുമ്പോള്‍ എണ്ണയില്‍ നനഞ്ഞ ചുവരുകളും വിഭൂതിയുടെ മണവും. ഏറ്റവുമുള്ളില്‍ കല്‍ശില്‍പങ്ങളുടെ കടല്‍. തൂണുകള്‍. നിറയെ തണുപ്പ്. വിളക്കിന്‍പ്രഭയില്‍ ശിവലിംഗം. ചോളരും വിജയനഗര രാജാക്കന്മാരും സാലുവ സാമ്രാജ്യാധിപരും തുളുവ സാമ്രാജ്യാധിപരുമെല്ലാം പല കാലങ്ങളിലായി ഈ മഹാക്ഷേത്രം പണിതുതീര്‍ത്തു. ശൈവാരാധനയിലെ പഞ്ചഭൂത സങ്കല്‍പത്തില്‍ അരുണാചലേശ്വര ക്ഷേത്രം അഗ്‌നിയുടെതാണ്. സര്‍വവും വിഴുങ്ങുന്ന അഗ്‌നി. നവംബറിനും ഡിസംബറിനുമിടയിലെ അമാവാസി നാളിലെ കാര്‍ത്തികദീപ ആരാധനയില്‍ അരുണാചലയില്‍ അഗ്‌നി എരിയും. അതുകണ്ട് ഗിരിവലം നടത്തുന്നവര് വന്ദിക്കും. അരുണാചലേശ്വര ക്ഷേത്രത്തിന്റെ വിശാലമായ ഉള്‍ത്തളങ്ങളില്‍ എവിടനിന്ന് നോക്കിയാലും അരുണാചലമല കാണാം. മൂകാംബികാക്ഷേത്രത്തിന്റെ മുറ്റത്തുനിന്ന് നോക്കിയാല്‍ കുടാജാദ്രി കാണുന്നതുപോലെ.

Arunachalam 11
ധ്യാനം ഹാളിന് പുറത്തും

വിശാലമായ ക്ഷേത്രത്തിന്റെ ഹാളുകളിലും തൂണിന്റെ ചുവട്ടിലുമെല്ലാം ജടാധാരികളായ സാധുക്കള്‍ ഇരിക്കുന്നു. വിഭൂതിയില്‍പ്പൊതിഞ്ഞ നെറ്റിയും ശരീരവും. കണ്ണുകളില്‍ ഭക്തിയേക്കാളേറെ രോഷഭാവമാണ്. അവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യും. ഭിക്ഷ ചോദിക്കും. കൊടുത്തില്ലെങ്കില്‍ ക്രൂരമായി നോക്കും. രമണരില്‍ നിന്ന് എത്ര വ്യത്യസ്തം ഈ സംന്യാസം! മലയും മഹര്‍ഷിയും മഹാക്ഷേത്രവും കൂടിച്ചേര്‍ന്നാലേ തിരുവണ്ണാമല പൂര്‍ണമാവുന്നുള്ളൂ. മൂന്നിന്റെയും ആകത്തുക അവനവനിലേക്കുള്ള യാത്രയാണ്. ഉള്ളിലെ അഗ്‌നിയെയും ആശ്രമത്തെയും തിരിച്ചറിയുക. ഇത് മനസ്സിലാക്കിയതുകൊണ്ടാവണം, താന്‍ സന്ദര്‍ശിച്ചിട്ടില്ലെങ്കിലും മഹാത്മാഗാന്ധി വാര്‍ധാ സേവാഗ്രാമില്‍ ആര്‍ക്കെങ്കിലും മനശ്ശാന്തിക്കുറവുണ്ടായാല്‍ തിരുവണ്ണാമലയില്‍ രമണമഹര്‍ഷിയുടെ ആശ്രമത്തില്‍ പോയിപ്പാര്‍ത്ത് മടങ്ങിവരാന്‍ അന്തേവാസികളെ ഉപദേശിച്ചത്. ഓരോ തവണയും തിരുവണ്ണാമലയില്‍നിന്ന് തിരിച്ചുവരുമ്പോള് ആരോ തിരിച്ചുവിളിക്കുന്നു... ചിലപ്പോള്‍ മല, ചിലപ്പോള്‍ മഹാക്ഷേത്രം, മറ്റുചിലപ്പോള്‍ മഹര്‍ഷി.

തിരുവണ്ണാമല ആർക്കുവേണ്ടി?

രമണമഹർഷിയിലും അദ്ദേഹത്തിന്റെ തത്വചിന്തയിലും താത്പര്യമുള്ളവരാണ് തിരുവണ്ണാമലയിൽ എത്തുന്നവരിൽ ഭൂരിഭാഗവും . ഒരു യാത്രികന് രമണാശ്രമത്തിൽ പ്രത്യേകിച്ചൊന്നും
Arunachalam 13
ചെയ്യാനില്ല; അവർ ധ്യാനത്തിൽ തത്പരനല്ലെങ്കിൽ. ആരും നിങ്ങളെ നിയന്ത്രിക്കാനോ നിങ്ങളോട് പ്രഭാഷണം നടത്താനോ ഉണ്ടാവില്ല. സ്വയം വെളിച്ചമായി നിങ്ങൾക്ക് മുന്നോട്ട് നീങ്ങാം, ധ്യാനിക്കാം. ആശ്രമത്തിന്റെ ഗസ്റ്റ് ഹൗസിൽ താമസിക്കുന്നവർക്ക് മാത്രമേ അവിടെ നിന്നുള്ള ഭക്ഷണം ലഭിക്കൂ. മനസ്സിന്റെ സംയമനവും ശാന്തിയും തേടിയാണ് ആളുകൾ ഇവിടെയെത്തുന്നത്. അതുകൊണ്ട് മൗനത്തെയും ധ്യാനത്തെയും സ്വാംശീകരിക്കാനുള്ള മനഃസംസ്കാരം തിരുവണ്ണാമലയിലേക്ക് പോകുന്നവർ ആർജിക്കേണ്ടതാണ്. അത് നിങ്ങൾക്ക് മാത്രമല്ല അവിടെയെത്തുന്നവർക്ക് കൂടി ഉപയോഗപ്രദമാകും.

തീവണ്ടിമാർഗമാണ് യാത്രയെങ്കിൽ കാട്പാടിയിൽ ഇറങ്ങാം. അവിടെ നിന്ന് പാസഞ്ചർ ട്രെയിനുകൾ ലഭിക്കും. കാട്പാടി - വില്ലുപുരം പാസഞ്ചർ രാവിലെ 4.55-നും 6.40-നും തിരുപ്പതി - വില്ലുപുരം പാസഞ്ചർ വൈകീട്ട് 4.55 നുമാണ്. വില്ലുപുരം ജങ്ഷനിൽ നിന്നും തിരുവണ്ണാമലയിലേക്ക് നിരവധി ട്രെയിനുകളുണ്ട്. റോഡ് മാർഗം ചെന്നൈയിൽ നിന്നാണ് യാത്രയെങ്കിൽ നാല് മണിക്കൂർ എടുക്കും.

Yathra Cover
യാത്ര വാങ്ങാം

താമസം രമണാശ്രമത്തിൽ

ആശ്രമത്തിന്റെ ഗസ്റ്റ് ഹൗസുകളിൽ സൗജന്യമായി താമസിക്കാം, നേരത്തെ ബുക്ക് ചെയ്യണം. ഫോൺവഴി ബുക്കി ങ്ങില്ല. ആശ്രമ ഗ് ഹൗസിൽ താമസിക്കുന്നവർക്ക് ഭക്ഷണം ലഭിക്കും.

ബുക്കിങ്ങിന്:www.sriramanamaharshi.org

Content Highlights: Thiruvannamala, Travel to Ramana Maharshi's Ashram, Spiritual Travel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section
Most Commented