കുഴിച്ചെടുത്തത് മഹാക്ഷേത്രങ്ങൾ; ചരിത്രത്തിലേക്ക് വാതിൽ തുറന്ന് തലക്കാട്


സുനിൽ തിരുവമ്പാടി

1,200-ഓളം ഏക്കറിൽ പരന്നുകിടക്കുന്ന മണൽക്കാടാണ് ഇപ്പോൾ ഈ ക്ഷേത്രനഗരി. ഒന്നര കിലോമീറ്ററോളം നീണ്ട മണൽപ്പാതയിലൂടെ സഞ്ചരിച്ചാൽ ഓരോ ക്ഷേത്രങ്ങളിലുമെത്താം.

തലക്കാട് ഉദ്ഖനനം ചെയ്തെടുത്തക്ഷേത്രങ്ങളിലൊന്ന് | ഫോട്ടോ: മാതൃഭൂമി

കാവേരിനദിക്കരയിൽ ഏക്കറുകളോളം പരന്നുകിടക്കുന്ന മണൽക്കാടിനുള്ളിൽ മണൽപ്പരപ്പിൽനിന്ന് കുഴിച്ചെടുത്ത ഏതാനും മഹാക്ഷേത്രങ്ങൾ. നൂറ്റാണ്ടുകൾക്കുമുമ്പ് മൺമറഞ്ഞു പോയ ക്ഷേത്രങ്ങളുടെ പ്രാചീന എടുപ്പുകളിൽ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ. ഈ ക്ഷേത്രങ്ങളിലേക്ക് ഇപ്പോൾ ഭക്തജനങ്ങളുടെയും സഞ്ചാരികളുടെയും പ്രവാഹം.

മൈസൂരുവിൽനിന്ന് 45 കിലോമീറ്റർ അകലെ ടി. നരസിപൂരിനടുത്തുള്ള തലക്കാട് ഗ്രാമം ചരിത്രവും ഐതിഹ്യവും ഇഴചേർന്ന് കാഴ്ചകളുടെ അപൂർവതകളുമായി സഞ്ചാരികളെ മോഹിപ്പിക്കും. ആ മണൽക്കൂനകളിലൂടെ നടക്കുമ്പോൾ നൂറ്റാണ്ടുകൾക്കപ്പുറമുള്ള ചരിത്രം നമ്മെ വന്നു തൊടും. മഹാക്ഷേത്രങ്ങളുടെ ശില്പഭംഗികൾ അദ്ഭുതപ്പെടുത്തും. കൊത്തുപണികൾ നിറഞ്ഞ കരിങ്കൽപ്പാളികളിൽ ഉയർന്നുനിൽക്കുന്ന ക്ഷേത്രങ്ങൾ മൺമറഞ്ഞ ഒരു കാലത്തിന്റെ മഹാസംസ്കാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.

ഗംഗ, ചോള രാജവംശങ്ങളുടെ രാജധാനിയായാണ് ചരിത്രത്തിൽ തലക്കാടിന്റെ സ്ഥാനം. പിന്നീട് ഹൊയ്‌സാലരുടെ കീഴിലായി. അതിനുശേഷം വിജയനഗര സാമ്രാജ്യവും പിന്നീട് മൈസൂരു രാജവംശവും തലക്കാട് വാണു. മുമ്പ് ഇവിടെ 30-ൽപ്പരം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നാണ് ചരിത്രാന്വേഷികൾ പറയുന്നത്. പിന്നീട് ഏതോ കാരണങ്ങളാൽ ഈ സ്ഥലം മുഴുവൻ മണൽക്കാടായി മാറി. ക്ഷേത്രങ്ങൾ മണ്ണിനടിയിലായി. പിന്നീട് നടന്ന പുരാവസ്തുഉദ്ഖനനത്തിലാണ് ഏതാനും ക്ഷേത്രങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഒട്ടേറെ ക്ഷേത്രാവശിഷ്ടങ്ങളും കുഴിച്ചെടുത്തവയിൽപ്പെടുന്നു. ഇൗ ക്ഷേത്രങ്ങൾ ഇപ്പോൾ കേന്ദ്ര പുരാവസ്തു വകുപ്പിനുകീഴിലാണ്.

1,200-ഓളം ഏക്കറിൽ പരന്നുകിടക്കുന്ന മണൽക്കാടാണ് ഇപ്പോൾ ഈ ക്ഷേത്രനഗരി. ഒന്നര കിലോമീറ്ററോളം നീണ്ട മണൽപ്പാതയിലൂടെ സഞ്ചരിച്ചാൽ ഓരോ ക്ഷേത്രങ്ങളിലുമെത്താം. പാതാളേശ്വര ക്ഷേത്രം, മരളേശ്വര ക്ഷേത്രം, ശ്രീ ചൗഡേശ്വരീ ക്ഷേത്രം, കീർത്തി നാരായണ സ്വാമി ക്ഷേത്രം, വൈദ്യനാഥേശ്വര ക്ഷേത്രം, വീര ഭദ്രേശ്വര ക്ഷേത്രം എന്നിവയാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇതിൽ പാതാളേശ്വര ക്ഷേത്രവും മരളേശ്വര ക്ഷേത്രവും ഉദ്ഖനനം ചെയ്ത കുഴികളിലാണ് നിൽക്കുന്നത്. കീർത്തിനാരായണ സ്വാമി ക്ഷേത്രത്തിന്റെ കരിങ്കൽപ്പാളികളിൽ പണ്ടത്തെ ലിപിയിലുള്ള രേഖപ്പെടുത്തലുകൾ കാണാം. വൈദ്യനാഥേശ്വര ക്ഷേത്രത്തിൽ കരിങ്കൽത്തൂണുകളിലുള്ള മണ്ഡപം ആരെയും ആകർഷിക്കും.

ഒരു ശാപത്തിന്റെ കഥ

ശ്രീരംഗപട്ടണത്തിലെ റാണിയായിരുന്ന അലമേലമ്മയുടെ ശാപവുമായി ബന്ധപ്പെട്ട ഐതിഹ്യകഥയാണ് തലക്കാടിൽ അലിഞ്ഞുചേർന്നു കിടക്കുന്നത്. 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിജയനഗര സാമ്രാജ്യത്തിനുവേണ്ടി ശ്രീരംഗപട്ടണം ഭരിച്ച തിരുമല രാജായുടെ ഭാര്യയാണ് അലമേലമ്മ. രാജാവിന് മാറാവ്യാധി പിടിപെട്ടപ്പോൾ തലക്കാട് വൈദ്യനാഥ ക്ഷേത്രത്തിലേക്കുപോയി. പിന്നാലെ റാണിയും തലക്കാട്ടെത്തി. ഈ സമയം മൈസൂരു വൊഡയാർ രാജാവ് ശ്രീരംഗപട്ടണം കീഴടക്കി. പിന്നീട് തലക്കാട്ടെ മാലംഗിയിലായിരുന്ന റാണിയുടെ പാരമ്പര്യ ആഭരണങ്ങൾ കവരാനും മൈസൂരു രാജാവ് ശ്രമിച്ചു. ഈ സമയം റാണി വൊഡയാർ രാജാവിനുമേൽ ശാപവയസ്സുകളുതിർത്ത് കാവേരിയിൽ ചാടി ജീവത്യാഗം ചെയ്തെന്നാണ് കഥ.

വൊഡയാർ രാജാവിനെതിരേ അലമേലമ്മ നടത്തിയ ശാപത്തിന്റെ ഫലം ഇപ്പോഴും നിലനിൽക്കുണ്ടെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. തലക്കാട് മണൽ നിറഞ്ഞുപോകട്ടെയെന്നായിരുന്നു ഒരു ശാപം. മാലംഗി ചുഴികൾ നിറഞ്ഞുപോകട്ടെയെന്നായിരുന്നു മറ്റൊരു ശാപവാക്യം. മൈസൂരു രാജാക്കന്മാർക്ക് അനന്തരാവകാശികൾ ഇല്ലാതെ പോകട്ടെയെന്നായിരുന്നു ഇനിയൊന്ന്.

തലക്കാട് നഗരം മണൽക്കാടിൽ മറഞ്ഞുപോയതും മൈസൂരു രാജാക്കന്മാർക്ക് അനന്തരാവകാശികൾ ഇല്ലാതെ വരുന്നതും മാലംഗി ഇപ്പോഴും ചുഴികൾ നിറഞ്ഞുനിൽക്കുന്നതും ഇതുകൊണ്ടാണെന്നും അവർ വിശ്വസിക്കുന്നു. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ തലക്കാട് നഗരം കാലക്രമേണ മണലിൽ മൂടിപ്പോയതാണെന്ന് കരുതുന്നവരുമുണ്ട്.

പഞ്ചലിംഗദർശനം

തലക്കാട്ടെ പഞ്ചലിംഗദർശന ഉത്സവം പ്രസിദ്ധമാണ്. തലക്കാട്ടും സമീപത്തുമുള്ള അഞ്ച് ശിവക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിന് പ്രാധാന്യംനൽകിയുള്ള ഉത്സവമാണിത്.

തലക്കാട്ടെ വൈദ്യനാഥേശ്വര ക്ഷേത്രം, ശ്രീ മരുളേശ്വരക്ഷേത്രം, ശ്രീ പാതാളേശ്വര ക്ഷേത്രം, സമീപത്തുള്ള മുഡുകുന്തോർ മല്ലികാർജുനസ്വാമി ക്ഷേത്രം, ശ്രീ അർക്കേശ്വര ക്ഷേത്രം എന്നിവിടങ്ങളിലാണ് ഉത്സവനാളുകളിൽ ഭക്തർ ദർശനത്തിനെത്തുക.

അഞ്ച്, ഏഴ്, ഒമ്പത്, 12 വർഷങ്ങൾ കൂടുമ്പോഴാണ് ഈ ഉത്സവമെത്താറ്. കാർത്തിക മാസത്തിലെ അമാവാസി ദിവസമാണ് പഞ്ചലിംഗദർശനത്തിന് പ്രാധാന്യം.

ഇത്തവണ ഡിസംബർ 14-നാണിത്. 10 മുതൽ 19 വരെയാണ് ഉത്സവം. 2013-ലാണ് ഒടുവിലത്തെ പഞ്ചലിംഗദർശന ഉത്സവം നടന്നത്. അന്ന് 20 ലക്ഷത്തോളം പേർ എത്തിയെന്നാണ് കണക്ക്. ഇത്തവണ, പക്ഷേ, കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് കടുത്തനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Thalakkad, Temples Excavated in Thalakkad, Mysore Tourism, Karnataka Tourism

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented