ചോക്ലേറ്റ് മണമുള്ള സ്വിസ് രാത്രികൾ


എഴുത്തും ചിത്രങ്ങളും: മൻസൂർ അഹമ്മദ്

ഇതാ, ഇവിടെ... സ്വിസ് മണ്ണിൽ, ലിമ്മത് നദിക്കരയിൽ, ഫിഫ മ്യൂസിയത്തിൽ... ജീവിതത്തിൽ അതുവരെ കേട്ടും വായിച്ചും മാത്രം അറിഞ്ഞതിനൊക്കെയും ജീവൻവെക്കുന്നു

ലിമ്മത് നദിയുടെ തീരത്തെ ഫ്രോമുൻസ്റ്റർ ചർച്ച് | ഫോട്ടോ: മൻസൂർ അഹമ്മദ്

ദാവോസിൽനിന്ന് മൂന്നരമണിക്കൂർ യാത്രയുണ്ടായിരുന്നു സൂറിച്ചിലേക്ക്. ഞങ്ങൾക്ക് താമസിക്കേണ്ട ഹോർഗനിലെ ​ഗ്ലാർണിഷോഫ് ഹോട്ടലിലെത്തിയപ്പോൾ രാത്രി ഒമ്പത് മണിയായിക്കാണും. ഭംഗിയുള്ള ചെറിയൊരു കെട്ടിടം. പണ്ടിതൊരു സ്‌കൂൾ ആയിരുന്നു. സ്വിറ്റ്സർലൻഡിലെ ജനങ്ങളുടെ ഇടപെടലുകളിലെ കുലീനത അവരെ മറ്റുപല രാജ്യങ്ങളിൽനിന്നും മാറ്റിനിർത്തുന്നുണ്ട്. ഈ യാത്രയിൽ ഏറ്റവും ഹൃദ്യമായ പെരുമാറ്റം അനുഭവിച്ചത് ഇവരിൽനിന്നായിരുന്നു. ഹലാൽ ഭക്ഷണം കിട്ടാനുള്ള ഞങ്ങളുടെ അന്വേഷണത്തെ എത്ര സൗഹാർദപരമായാണ് ഡാനിയേൽ ഏറ്റെടുത്തത്. ഗ്ലാർണിഷോഫിലെ മാനേജരാണ് ഡാനിയേൽ. സ്വന്തം കാറിൽ അയാൾ ഞങ്ങളെ ഹോർഗൻ റെയിൽവേ സ്റ്റേഷനിലെ റെസ്റ്റോറന്റുകൾക്കുമുന്നിൽ കൊണ്ടുവന്നിറക്കി. ഹോട്ടലിൽനിന്ന് പത്തുമിനിറ്റ് ഡ്രൈവ് മാത്രമേ ഇങ്ങോട്ടുള്ളൂ. സ്റ്റേഷനിലെ ഒരു തുർക്കിഷ് റെസ്റ്റോറന്റിൽ അത്താഴം കഴിക്കാനിരുന്നു. രുചികരമായ ബീഫ് ഡോണർ പ്‌ളേറ്റിനൊപ്പം ചൂടുള്ള കാപ്പി ഈ തണുപ്പിന് പറ്റിയ കോമ്പിനേഷനാണ്. മനോഹരമായ സ്വിസ് മണ്ണിൽനിന്ന് ഇന്ത്യക്കാരായ ഞങ്ങൾ തുർക്കിയുടെ രുചി ആസ്വദിക്കുന്നു. വ്യത്യസ്ത സംസ്‌കാരമുള്ള മൂന്ന് രാജ്യങ്ങൾ. ലോകം എത്ര മനോഹരമാണ്, യാത്രകളും.

തിരിച്ച് ഹോട്ടലിലേക്ക് നടക്കാനാണ് തീരുമാനിച്ചത്. ഭക്ഷണം കഴിഞ്ഞിട്ട് വിളിക്കാൻ ഡാനിയേൽ പറഞ്ഞിരുന്നെങ്കിലും അയാളെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. പക്ഷേ, നല്ല തണുപ്പുള്ള ഈ രാത്രിയിൽ ഗ്ലാർണിഷോഫ് വരെ നടന്നെത്താൻ നന്നായി ബുദ്ധിമുട്ടുമെന്ന് മനസ്സിലാവാൻ ഏറെദൂരം പോവേണ്ടിവന്നില്ല. മൂന്ന് ഡിഗ്രിയാണ് തണുപ്പ്. ഡാനിയേലിനെ വിളിച്ചപ്പോൾ അരമണിക്കൂറിനുള്ളിൽ എത്തുമെന്ന് പറഞ്ഞു. തൊട്ടപ്പുറത്ത് ഒരു ഇന്ത്യൻ റെസ്റ്റോറന്റ് കണ്ടു. അടഞ്ഞുകിടക്കുകയാണ്. വാതിലിൽ ഇന്ത്യൻ പതാകയുടെ ചിത്രം തെരുവുവെളിച്ചത്തിൽ വ്യക്തമായി കാണാം. മറ്റൊരു ദേശത്ത് നമ്മുടെ അഭിമാനമായ അടയാളങ്ങൾ കാണുമ്പോൾ സന്തോഷം തോന്നും. ഇന്ത്യക്കാർ മാത്രമായിരിക്കും ഇവിടത്തെ കസ്റ്റമേഴ്സ് എന്ന ചിന്ത മാറിയത് രണ്ടുദിവസം കഴിഞ്ഞ് ഓർലിക്കോണിലെ മലബാർ എന്ന ഇന്ത്യൻ റെസ്റ്റോറന്റിൽ എത്തിയപ്പോഴാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വറുത്തരച്ച ചിക്കൻകറിയൊക്കെ കഴിക്കുന്ന സ്വിസ് കസ്റ്റമേഴ്സിനെ കണ്ടപ്പോൾ രസകരമായി തോന്നി. സത്യത്തിൽ ഈ യാത്ര തുടങ്ങിയശേഷം ആദ്യമായിട്ടായിരുന്നു ഞങ്ങളൊരു ഇന്ത്യൻ ഭക്ഷണം കഴിക്കുന്നത്.

Switzerland


തണുപ്പ് സഹിക്കാൻ വയ്യാതെ വീണ്ടും ഹോട്ടലിനകത്തേക്കുതന്നെ കയറിയിരുന്നു. പറഞ്ഞപോലെ അരമണിക്കൂറിനുള്ളിൽ ഡാനിയേൽ എത്തി. ഷമീറും നിയാസും നാളത്തെ പരിപാടികളുടെ പ്ലാൻ തയ്യാറാക്കാനായി ഇരുന്നു. പതിവുപോലെ നാളെ തെറ്റിക്കാനുള്ളതാണ് അതുമുഴുവനും. ഡാനിയേലിനെ ഫ്രീ ആയി കിട്ടിയാൽ കുറച്ച് പ്രാദേശിക ചരിത്രം ചൂഴ്ന്നെടുക്കാമായിരുന്നു എന്ന ഉദ്ദേശ്യത്തോടെ ഞാൻ പുറത്തേക്കിറങ്ങി. യാത്രാപരിപാടികൾ പ്ലാൻ ചെയ്യുന്നിടത്ത് ഞാനുണ്ടാവില്ലെന്ന് അവർക്കറിയാം. ഒരാസൂത്രണത്തിനും വിട്ടുകൊടുക്കാത്ത യാത്രകളും തീരുമാനങ്ങളുമാണല്ലോ അനുഭവത്തിന്റെയും ആസ്വാദനത്തിന്റെയും കാര്യത്തിൽ എന്നും മുന്നിട്ടുനിൽക്കുന്നത്.

അല്പസമയത്തിനകം ഡാനിയേൽ എത്തിച്ചേർന്നെങ്കിലും ഒരു ചരിത്രം പറഞ്ഞുതരാൻ മാത്രമുള്ള ഭാഷാപരിജ്ഞാനം അദ്ദേഹത്തിനില്ലായിരുന്നു. എങ്കിലും സിഗരറ്റും വലിച്ച് കുറേനേരം മുറ്റത്ത് ചെലവഴിച്ചു. താമസക്കാരെല്ലാം ഉറങ്ങിയെന്ന് തോന്നുന്നു. ഏതാനും മുറികളിൽ മാത്രം ചെറിയ വെളിച്ചം കാണാം. കെട്ടിലും മട്ടിലുമിപ്പോൾ ചെറിയൊരു ഭാർഗവീനിലയം പോലെയുണ്ട് ഗ്ലാർണിഷോഫ്. എനിക്ക് ദാവോസിലെ സുഹൃത്തുക്കളായിരുന്ന ഹബീബിനെയും സാറയെയും നന്നായി മിസ്സ് ചെയ്തു. അവരിവിടെ ഉണ്ടായിരുന്നെങ്കിൽ ആരുടെ ശബ്ദമായിരിക്കും ഈ തണുത്തരാവിനെ സംഗീതസാന്ദ്രമാക്കുക? തീർച്ചയായും അത് മെഹ്ദി ഹസ്സനായിരിക്കും. കുറച്ചകലെ ലേക്ക് സൂറിച്ചിലെ ബോട്ടുകളിൽനിന്നും തീരങ്ങളിലെ കത്തീഡ്രലുകളിൽ നിന്നുമുള്ള വെളിച്ചം കാണുന്നുണ്ട്. നിശ്ശബ്ദമായ രാത്രികളിൽ കത്തീഡ്രലുകളിൽനിന്നുമുള്ള അരണ്ട വെളിച്ചം നോക്കിയിരുന്നിട്ടുണ്ടോ നിങ്ങൾ? അതൊരു മായക്കാഴ്ചയാണ്. ഫെയറി ടെയിലുകളിലെ കോട്ടകൾപോലെ തോന്നും. കുറച്ചുനേരം അതും നോക്കിയിരുന്നു. പിന്നെ മുറിയിലേക്ക് തിരിച്ചുകയറി. സൂറിച്ചിലെ വരാനുള്ള ദിനരാത്രങ്ങളെ താലോലിച്ച് പുതപ്പ് തലവഴി വലിച്ചിട്ടു. ഏത് യാത്രകളേയും എന്നും ഓർമിക്കപ്പെടുന്ന അനുഭവമാക്കി മാറ്റുന്നതിൽ താമസിക്കുന്ന ഇടങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. പത്തുദിവസം നീണ്ടുനിന്ന യൂറോപ്യൻ യാത്രകളിൽ ഞങ്ങൾ താമസിച്ച ഇടങ്ങളെല്ലാം ഹൃദയത്തിൽ 'വീടുപിടിച്ച്' നിൽക്കുന്നുണ്ട്. ഇനിയേതുകാലത്ത് അവിടെ എത്തിപ്പെട്ടാലും ഇന്നലെ ഇറങ്ങിയ വീട്ടിലേക്ക് തിരികെക്കയറുന്നപോലെ അനുഭവപ്പെടുന്നൊരു ആത്മബന്ധം അവയോടെല്ലാം തോന്നിയിട്ടുണ്ട്.

Switzerland 3
ഫിഫ ആസ്ഥാനത്തേക്കുള്ള റോഡ്

​ഗ്ലാർണിഷോഫ് ഒട്ടും തിരക്കില്ലാത്തൊരു നിരത്തിന്റെ അരികിലാണ്. തിരക്ക് കുറഞ്ഞൊരു സ്വിസ് ഗ്രാമംപോലെ. മുറ്റം നിറയെ പൂക്കളാണ്. ഇതിൽ ഏത് പൂവിന്റെ മണമാണ് ജാലകങ്ങൾ കടന്ന് ഇന്നലെ രാത്രിയിലെന്നെ തേടിവന്നത്..! രാത്രിയിൽ മായക്കാഴ്ചയായി അനുഭവപ്പെട്ട സൂറിച് തടാകവും ബോട്ടുകളും കെട്ടിടങ്ങളുമെല്ലാം ഇപ്പോൾ വ്യക്തമായി കാണാം. പ്രഭാതഭക്ഷണത്തിനായി താഴെ റെസ്റ്റോറന്റിലേക്ക് ചെന്നു. ബട്ടർ ക്രോസന്റിൽ ഹണി ചോക്ലേറ്റ് മിക്സ് ആണ് എല്ലായ്പ്പോഴും എന്റെ ഫസ്റ്റ് ചോയ്സ്. ഒരു കാപ്പിയും കൂടെ കഴിഞ്ഞപ്പോൾ പുതിയൊരു ആൽപൈൻ ദിവസം തുടങ്ങുകയായി.

ട്രാമിൽ കയറി സീസ്ട്രാസേയിൽ ഇറങ്ങുമ്പോൾ മുന്നിൽഫിഫ മ്യൂസിയമാണ്. ഫുട്ബോളിന്റെ ആസ്ഥാനനഗരിയിൽ സ്ഥിതിചെയ്യുന്ന ഫിഫ മ്യൂസിയം ഏതൊരു ഫുട്ബോൾപ്രേമിയുടെയും മനം നിറയ്ക്കുന്ന കാഴ്ചകൾകൊണ്ട് സമ്പന്നമാണ്. മാറഡോണയും ബെക്കൻ ബോവറും മത്തേയൂസും ദുംഗയും അടക്കമുള്ള നായകന്മാർ മൈതാനങ്ങളിലെ ആരവങ്ങൾക്കിടയിൽ ആകാശത്തേക്കുയർത്തിയ ആ സ്വർണകപ്പ് കയറിച്ചെല്ലുമ്പോൾതന്നെ കാണാം. രാജകീയപ്രൗഢിയോടെ അത് ഇരിക്കുന്ന ചില്ലുകൂടിനരികിൽ നിൽക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദം അവർണനീയമാണ്. ഫുട്ബോളെന്ന വികാരം പേറുന്ന എത്രയെത്ര ജനത നെഞ്ചിലേറ്റുന്ന സ്വപ്‌നമാണത്. കളികളെല്ലാം സാങ്കേതികമായി മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ആ ഓർമകളും ആരവങ്ങളും ആരുടെ മനസ്സിൽനിന്നും പെയ്‌തൊഴിഞ്ഞിട്ടില്ല.

ഫിഫയുടെ കലക്ഷൻ ഗാലറി അവർക്കുള്ള സമ്മാനമാണ്. 1986-ലെ ലോകകപ്പിൽ മാറഡോണ ധരിച്ചിരുന്ന ജേഴ്സിയുണ്ട് ഇവിടെ. ഒരു യുഗത്തെയാണ് ചില്ലിട്ടുവെച്ചിരിക്കുന്നത്. അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെളിയിലും വിയർപ്പിലും കാണുന്നത് മാറഡോണയെന്ന ഇതിഹാസം കളിക്കളത്തിൽ അർപ്പിച്ച സമർപ്പണത്തിന്റെ നിറഭേദങ്ങളാണ്. ഇന്ന് ഞാനാ അനുഭവങ്ങൾ എഴുതാനിരിക്കുമ്പോൾ, മാറഡോണ ഓർമയായിരിക്കുന്നു. ആ ജഴ്സിക്കരികിൽ റൂഡി വോളറിന്റെ ബൂട്ടും പ്രദർശിപ്പിച്ചിട്ടുണ്ട്. ഫൈനലിൽ ജർമനിയുടെ സമനില പിടിച്ച ഗോൾ നേടിയത് റൂഡി വോളറായിരുന്നു. ഒന്ന് പടക്കളത്തിൽ ജയിച്ചുകയറിയവന്റെ പടച്ചട്ടയാണെങ്കിൽ മറ്റെത് പൊരുതിവീണവന്റെ പാദമുദ്രയാണ്. 1986 ഫൈനൽ മത്സരം നടന്ന മെക്സിക്കോയിലെ എസ്റ്റേഡിയോ ആസ്റ്റെക്കയിലെ മണ്ണും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഫിഫയുടെ കളക്ഷൻ മാനേജരായ മോറിറ്റ്സ് ആൻസോർജ് പറയുന്നത്, ''മാറഡോണയുടെ ഐതിഹാസികമായ പ്രകടനംകൊണ്ട് പവിത്രമാക്കപ്പെട്ട മണ്ണാണ് അത്'' എന്നാണ്.

Switzerland 4
ഫിഫ സ്റ്റേഡിയം​

സീസ്ട്രാസേയിൽനിന്ന് ട്രാമിൽ കയറിയാൽ നാല്പതുമിനിറ്റിനുള്ളിൽ ഫോറെൻവീഡ് സ്ട്രാസേയിൽ സ്ഥിതിചെയ്യുന്ന ഫിഫയുടെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് എത്താം. മ്യൂസിയം നൽകിയ ഉജ്ജ്വലമായ അനുഭവങ്ങളുടെ ലഹരിയുമായാണ് ഫുട്ബോളിന്റെ ശ്രീകോവിലിലേക്ക് കയറിച്ചെന്നത്. ലോകത്തെ ഏറ്റവും ആരാധകരുള്ള കായികവിനോദത്തിന്റെ ആസ്ഥാന മന്ദിരം ഒരുക്കുമ്പോൾ അത് സൂറിച്ചിൽ വേണമെന്ന് തീരുമാനിക്കാൻ രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ ആയ കാരണങ്ങൾ ഉണ്ടായേക്കാം. പക്ഷേ, അത് ആ കളിയോളം മനോഹരമായ ഒരു പ്രദേശത്തുതന്നെ ആയി എന്നത് ഏത് യാദൃച്ഛികതകൊണ്ടായിരിക്കണം..? ഫിഫ സ്ട്രീറ്റ് എന്നറിയപ്പെടുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാൽ സമ്പന്നമാണ്. ഭൂമിക്കടിയിലേക്ക് അഞ്ചും മുകളിലേക്ക് രണ്ടുമായി ഏഴ് നിലകളിലായാണ് ഈ കെട്ടിടം രൂപകല്പനചെയ്തിട്ടുള്ളത്. അവിടം സന്ദർശിക്കുന്നവർക്ക് ഫിഫതന്നെ നൽകുന്ന ചെറിയൊരു സമ്മാനമുണ്ട്. ഫിഫയുടെ ലോഗോ പതിപ്പിച്ച, മത്സരങ്ങളിൽ ഉപയോഗിക്കുന്ന കാർഡുകളും മറ്റും അടങ്ങിയ ചെറിയൊരു ഉപഹാരം. ഇതിനോട് ചേർന്ന് മനോഹരമായ സ്റ്റേഡിയം കാണാം. ഞങ്ങളെത്തുമ്പോൾ അവിടെ കുറച്ചാളുകൾ കളിക്കുന്നുണ്ട്. അവർ കളി നിർത്തിയപ്പോൾ, ഫിഫ കൗണ്ടറിൽനിന്ന് നിയാസ് സോവനീർ ആയി വാങ്ങിയ അഡിഡാസിന്റെ പന്തുമായി ഞങ്ങളും ഗ്രൗണ്ടിലേക്കിറങ്ങി. ഫുട്ബോളിന്റെ ശ്രീകോവിൽ സന്ദർശിക്കുമ്പോൾ പന്ത് തട്ടിയല്ലാതെ മറ്റെങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്. സെപ് ബ്ലാറ്റർ ഫിഫ പ്രസിഡന്റായിരുന്ന കാലത്താണ് ഇത് നിർമിക്കപ്പെട്ടത്. തിരിച്ച് പുറത്തേക്കുള്ള പടികൾ ചവിട്ടുമ്പോൾ ഓരോ പടികളിലും ഫിഫ അംഗരാജ്യങ്ങളുടെ പേരുകൾ കൊത്തിവെച്ചിട്ടുണ്ട്. ഇന്ത്യയുടെ പേരും അടയാളപ്പെടുത്തിയിട്ടുണ്ട്. നൂറ്റിമുപ്പതുകോടി ജനങ്ങളുള്ള ഒരു രാജ്യം എന്നാവും പടികൾ കയറിക്കയറി ലോകത്തിന്റെ നെറുകയിൽ എത്തുന്നത്. ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കട്ടെ. ഇന്ത്യ എന്നെഴുതിയ പടവിലിരുന്ന് ആ ഇന്ത്യൻ സ്വപ്‌നത്തിന് ഒരിക്കൽകൂടി തിരികൊളുത്തി.

സ്വിറ്റ്സർലൻഡിൽ വന്നതിനുശേഷം തോന്നിയൊരു ആഗ്രഹമല്ല, മൂന്ന് വർഷത്തോളം പഴക്കമുള്ളൊരു സ്വപ്‌നമാണ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച രവീന്ദ്രന്റെ 'സ്വിസ് സ്‌കെച്ചുകൾ' എന്ന യാത്രാപുസ്തകം വായിച്ചതുമുതലുള്ള ആഗ്രഹം. ലിമ്മത്ത്പുഴയോട് ചേർന്നൊരു കെട്ടിടത്തിൽ ഒരു കമ്മ്യൂണായി ദിവസങ്ങളോളം താമസിച്ച്, സ്വിറ്റ്സർലൻഡിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് രവീന്ദ്രൻ കുറിച്ചിട്ട ഒരു നാടിന്റെ, അവിടത്തെ മനുഷ്യരുടെ കഥ, ഒരു യാത്രികനെന്ന നിലയിൽ എന്നോ കയറിക്കൂടിയതാണ് എന്റെ മോഹമണ്ഡലങ്ങളിൽ. എന്നെങ്കിലുമൊരിക്കൽ ഇവിടെയെത്തുമ്പോൾ അതുപോലൊരു കെട്ടിടത്തിൽ താമസിക്കണമെന്നതും ലിമ്മത്തിലേക്ക് തുറക്കുന്ന ജാലകങ്ങൾക്കരികിലിരുന്ന് പുഴയിൽ നീന്തിത്തുടിക്കുന്ന അരയന്നങ്ങളെയും തീരങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പ്രണയങ്ങളെയും നോക്കിയിരിക്കണമെന്നും സ്വപ്‌നം കാണാൻ ആ എഴുത്ത് കാരണമായിട്ടുണ്ട്.

Switzerland
ന​ഗരക്കാഴ്ച

ബഹാനോഫ് സ്ട്രാസ്സെയും കടന്ന് ലിമ്മത്തിനരികിലേക്ക് എത്തിയപ്പോൾ ഞാൻ വേളിയെയും എസ്തറിനെയും ആണ്ടിയെയും സിഗിയെയുമൊക്കെ തിരഞ്ഞു. അവരെല്ലാം രവീന്ദ്രന്റെ കുറിപ്പിലെ പരിചയക്കാരായിരുന്നു. ആ കമ്മ്യൂണിലെ താമസക്കാർ. ലിമ്മത്തിന്റെ തീരത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മനുഷ്യരിൽ, ആ കഥാപാത്രങ്ങൾക്ക് ഞാൻ സങ്കല്പിച്ചുകൊടുത്ത മുഖച്ഛായയുള്ള ഒരാളെയെങ്കിലും കണ്ടിരുന്നെങ്കിൽ ഞാനവരോട് കൂട്ടുകൂടിയേനെ. വർഷങ്ങൾക്കുമുൻപ് നിങ്ങളുടെ മലയാളി സുഹൃത്ത് എഴുതിയിട്ട വരികളിലൂടെയാണ് ഞാൻ നിങ്ങളെ തേടിവന്നതെന്ന് വിളിച്ചുപറഞ്ഞേനെ. പക്ഷേ, പതിനഞ്ചോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞുകാണണം ആ കഥകൾക്ക്. ലിമ്മത്തിനരികിലൂടെ ഒരു പുഴയുടെ ആത്മാവും തേടി നടക്കുമ്പോൾ കാണുന്ന പഴയ കെട്ടിടങ്ങളിലൊന്നും അതുപോലൊരു കെട്ടിടത്തെ എനിക്ക് സങ്കല്പിച്ചെടുക്കാൻ കഴിഞ്ഞില്ല. കാല്പനികതയെ ഒരുവശത്ത് മാറ്റിവെച്ച് ഞാൻ ലിമ്മത്തിന്റെ മതിലുകളിൽ ചാരിക്കിടന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരത്തിന്റെ നടുവിലൂടെ ആ നാടുപോലെത്തന്നെ സുന്ദരമായൊരു പുഴ ശാന്തമായി ഒഴുകുന്നു. തണുപ്പിലും ഒഴുകിയെത്തുന്ന മനുഷ്യരിൽ കൂടുതലും സ്വിസ്സുകാർ തന്നെയാണ്. ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ, ജീവിതനിലവാരമുള്ള മനുഷ്യരുള്ള നാടുകളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡ് എപ്പോഴും മുൻനിരയിൽ നിൽക്കുന്നതിന്റെ ഒരടയാളംകൂടിയാണിത്. ലിമ്മത് അവരുടെ സായാഹ്നങ്ങളിൽ ഒഴിച്ചുകൂടാത്ത ഒരധ്യായമാണെന്ന് പ്രായവ്യത്യാസമില്ലാതെ ഈ തീരത്ത് ചേർന്നിരിക്കുന്നവരുടെ മുഖഭാവം പറയുന്നുണ്ട്. പ്രണയം കൗമാരക്കാരിൽ മാത്രമല്ല, വയോധികരിലും ഉണ്ടെന്ന് ഓർമപ്പെടുത്തിയാണ് ലിമ്മത്ത് ഒഴുകിനീങ്ങുന്നത്.

പകലിലും രാത്രിയിലും ലിമ്മത്തിന് വ്യത്യസ്ത ഭാവങ്ങളാണ്. സായാഹ്നങ്ങൾക്കാണ് ഏറ്റവും ഭംഗി. അസ്തമയസൂര്യന്റെ വെളിച്ചം വന്നുവീഴുന്ന പ്രണയജോഡികളുടെ മുഖഭാവങ്ങൾ ലിമ്മത്തിൽ നിഴലുകളായി രേഖപ്പെടുത്തുന്നുമുണ്ട്. നാളെ സ്വിറ്റ്സർലൻഡിൽനിന്ന് ഓസ്ട്രിയയിലേക്ക് പോവണം. ലിമ്മത്തിനെപ്പോലെ മറ്റൊരു പ്രണയമായ ഡാന്യൂബ് നദി അവിടെ കാത്തിരിപ്പുണ്ട്. ഇരുൾവീണ ബഹാനോഫ് സ്ട്രാസ്സെയുടെ കൈവഴികളിലൂടെ തിരിച്ചുനടക്കുമ്പോൾ എവിടെയൊക്കെയോ ഒരു സങ്കടം ബാക്കിയാവുന്നു. കാലങ്ങളായി കൊതിച്ചൊരു കാഴ്ചകണ്ടുമടങ്ങുമ്പോൾ ആഗ്രഹസഫലീകരണം മാത്രമല്ല ബാക്കിയാവുന്നത്. അതുവരെ സ്വപ്‌നമോ മോഹമോ ആയിരുന്ന ഒന്ന്, ഇന്നതൊരു പരിചിത മണ്ഡലമാണ്. വീണ്ടും വീണ്ടും അവിടെ എത്തിപ്പെടാനുള്ള എന്തോ ഒന്ന് നമ്മളവിടെ ഉപേക്ഷിച്ചുപോരുന്നുണ്ട്. അത് വീണ്ടെടുക്കണമെന്ന ആഗ്രഹത്തെയാണ് ഓരോ തവണ ബാക്ക്പാക്ക് ചെയ്യുമ്പോഴും ആദ്യം എടുത്തുവയ്ക്കുന്നത്. ലിമ്മത്തിന് മുകളിലുള്ള മിൻസ്റ്റർ പാലത്തിൽ നിറയെ കാഴ്ചക്കാരാണ്. ട്രാമും മറ്റുവാഹനങ്ങളും ഒരുമിച്ചുനീങ്ങുന്നത് കാണാൻ നല്ല ഭംഗി. സൂറിച്ചിലെ അവസാന രാത്രിയാണ് ഇന്ന്. നടന്നും ട്രാമുകളിൽ കയറിയിറങ്ങിയും സൂറിച്ചിലെ തെരുവുകളെ തമ്മിൽ കൊളുത്തുമ്പോൾ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞു. പകലിൽ വിസ്മയിപ്പിക്കുന്ന നഗരത്തെ മോഹിപ്പിക്കുന്നൊരു ശാന്തതയ്ക്കുള്ളിൽ ഒളിപ്പിച്ചിട്ടുണ്ട് രാത്രി.

Switzerland Night
ബഹാനോഫ് സ്ട്രാസ്സെ തെരുവിന്റെ രാത്രിദൃശ്യം

ഗ്ലാർണിഷോഫിൽ എത്തിയപ്പോൾ പുറത്ത് ഡാനിയേൽ ഇരിക്കുന്നുണ്ട്. റെസ്റ്റോറന്റിൽ തിരക്ക് കഴിഞ്ഞുള്ള വിശ്രമമാണ്. ഞങ്ങളും കൂടെയിരുന്നു. മുന്നിലിരിക്കുന്ന പോട്ടിൽനിന്ന് കാപ്പി ഒഴിച്ചുതന്നു. ഈ രാത്രികൂടെ കഴിഞ്ഞാൽ ഈ പ്രിയപ്പെട്ട ഭാർഗവീനിലയവും ഡാനിയേലും കൊച്ചുപൂന്തോട്ടവുമെല്ലാം ഓർമകളിലെ കഥാപാത്രങ്ങളായി മാറും. ​ഗ്ലാർണിഷോഫിന്റെ ചുവരുകൾക്ക് പിന്നീടൊരിക്കലും ക്ലാവ് പിടിക്കില്ല, ഡാനിയേലിന് ഒരു വയസ്സുപോലും കൂടില്ല, ഈ പൂക്കളൊന്നും ഒരുകാലത്തും വാടിപ്പോവില്ല. ദേശാന്തരങ്ങൾക്കപ്പുറത്തുനിന്ന് ഒരു സഞ്ചാരിയിങ്ങനെ ഓർമകൾകൊണ്ട് നനച്ചുകൊടുക്കുമ്പോൾ അവയ്‌ക്കെങ്ങനെ വാടിക്കൊഴിയാനാവും! ഞാൻ തോട്ടത്തിലേക്കിറങ്ങി. ആ രാത്രിക്ക് സ്വിസ് ചോക്ലേറ്റുകളുടെ ഗന്ധമായിരുന്നു.

Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

പുലർച്ചെയാണ് വിയന്നയിലേക്കുള്ള വിമാനം. നേരത്തേ എഴുന്നേറ്റ് വിമാനത്താവളത്തിലേക്ക് തിരിക്കുമ്പോഴും രാത്രി പെയ്തുതോർന്നിരുന്നില്ല. ലിമ്മത്തിന് മുകളിൽ മിൻസ്റ്റർ ബ്രിഡ്ജിലൂടെ കടന്നുപോവുമ്പോൾ താഴെ അരയന്നങ്ങൾ ഉറക്കമുണർന്നിട്ടില്ല. രാത്രിക്ക് കാവലിരുന്ന തെരുവുവിളക്കുകൾക്കും ഉറക്കക്ഷീണമുണ്ട്. ക്‌ളോട്ടനിലെ എയർപോർട്ടിൽനിന്ന് വിയന്നയിലേക്കുള്ള സ്വിസ് എയർ വിമാനം പറന്നുയരുമ്പോൾ ആൽപ്സിനുമുകളിൽ സൂര്യൻ ഉറക്കമുണരാനുള്ള ഒരുക്കത്തിലാണ്. താഴെ ഒരിക്കലും ഉരുകിത്തീരാത്ത ആൽപൈൻ മഞ്ഞുകാലവും.

(2021 സെപ്റ്റംബർ ലക്കം മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Switzerland, Mathrubhumi Yathra, Switzerland Tourism

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022

Most Commented