റോയല്‍ ബംഗാള്‍ കടുവകളുടെ വിഹാരഭൂമിയായ സുന്ദര്‍ബന്‍സിലേക്ക്


മനു റഹ്മാന്‍

പ്രകൃതിയൊരുക്കിയ അദ്ഭുതങ്ങളില്‍ ഒന്നായാണ് സുന്ദര്‍ബന്‍സ് കണക്കാക്കപ്പെടുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരപ്രദേശത്ത് പതിനായിരം ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന പ്രദേശം.

Photo: Manu Rahman

കൊല്‍ക്കത്തയിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടു മടങ്ങിയതാണ്. അവിചാരിതമായാണ് മേഘാലയയില്‍നിന്ന് മടങ്ങിയപ്പോള്‍ വീണ്ടും ഒരു പകല്‍ ആ മഹാനഗരത്തില്‍ കറങ്ങാന്‍ ലഭിച്ചതിനാലാണ് സുന്ദര്‍ബന്‍സിലേക്ക് പോയി വരാമെന്ന് കരുതിയത്. കൊല്‍ക്കത്തക്കാരുടെ ഹിതമനുസരിച്ച് മാസങ്ങള്‍ താമസിച്ചാലും കണ്ടു തീരാത്തത്രയും വിശാലമാണ് കാഴ്ചകള്‍.

ഗുവാഹട്ടിയില്‍നിന്നു തലേന്ന് ഉച്ചക്ക് പുറപ്പെട്ട ട്രെയിന്‍ രാവിലെ 5.45ന് ഹൗറയിലെത്തി. സുന്ദര്‍ബന്‍സിലേക്ക് പോകാമെന്ന ചിന്തക്ക് ഏതാനും മണിക്കൂറുകളുടെ പഴക്കമേയുള്ളൂ. റെയില്‍വേ സ്റ്റേഷന് തൊട്ട് എതിര്‍ദിശയിലായിരുന്നു ഹൗറ ബസ് സ്റ്റാന്റ്. റോഡ് മുറിച്ചുകടന്നു സ്റ്റാന്റിലേക്കെത്തി. അവിടെ കണ്ടുമുട്ടിയ മിക്കവര്‍ക്കും അങ്ങോട്ട് എത്താനാവുന്ന വഴി നിശ്ചയമില്ല. ഒടുവില്‍ സയന്‍സ് സിറ്റിയിലേക്ക് പോയാല്‍ അവിടെനിന്നു ധാരാളം ബസുകള്‍ സുന്ദര്‍ബന്‍സിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വിസ് നടത്തുന്നുണ്ടെന്ന് ചിലര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സയന്‍സ് സിറ്റിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നഗരത്തിന്റെ ഗതാഗതക്കുരുക്കില്‍ മുങ്ങിത്താഴ്ന്ന് അവിടേക്ക് എത്തിപ്പെടാന്‍ രണ്ടു മണിക്കൂറോളം വേണ്ടി വരുമെന്നതിനാല്‍ ആ പദ്ധതി മാറ്റി. ഹൗറയുടെ മറുകരയില്‍ എത്തി മറ്റൊരു സ്റ്റാന്റില്‍ ചെന്നാല്‍ ബസ് കിട്ടുമെന്നു കേട്ടതോടെ ഫെറി ഘാട്ടിലേക്ക് വെപ്രാളപ്പെട്ട് ഓടി. പോകേണ്ടത് ഒരു വിദൂരദേശത്തേക്കാണ്. അവിടെ എത്തിയാല്‍തന്നെ മടങ്ങാന്‍ ബസ് കിട്ടുമോയെന്ന് അറിയില്ല. ആ റൂട്ടില്‍ എത്ര മണിവരെ സര്‍വിസ് ഉണ്ടാവുമെന്നതും അജ്ഞാതം.

ഫെറി ഘാട്ടില്‍ (ബോട്ട് ജെട്ടി) നിന്നും ലോഞ്ചില്‍ ബാബുഘാട്ടിലെത്തിയാല്‍ അവിടുത്തെ ബസ് സ്റ്റാന്റില്‍നിന്നു ദരംതല വഴി പോകുന്ന ബസ് കിട്ടുമെന്നും സുന്ദര്‍ബന്‍സിലേക്ക് വേഗത്തില്‍ ചെന്നെത്താമെന്നും ചില ബസ് ഡ്രൈവര്‍മാര്‍ പറഞ്ഞതോടെയാണ് ഹൗറയില്‍നിന്ന് പുഴ കടക്കാന്‍ ഓടിപ്പോന്നത്. 7.15 ആയിട്ടേയുള്ളൂ. കടത്ത് ഏഴരക്കേ ആരംഭിക്കൂവെന്ന് യാത്രക്കായി എത്തിയവരില്‍ ചിലര്‍ പറഞ്ഞു. ടിക്കറ്റ് കൗണ്ടറില്‍ നേരത്തെ എത്തിയ ഏതാനും പേര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കൊപ്പം നിന്നു. അഞ്ചു രൂപയേ വേണ്ടൂ പുഴ കടക്കാന്‍. ഹൂഗ്ലി നദിയെ മുറിച്ചു കടന്ന് ലോഞ്ച് മുരണ്ടു നീങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട ഹൂഗ്ലി നദിയുടെ കലങ്ങിമറിഞ്ഞ ഒഴുക്കിന് ഒരു മാറ്റവുമില്ല. ഗംഗാ നദിയുടെ പ്രധാനപ്പെട്ട കൈവഴികളില്‍ ഒന്നാണ് 260 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ നദി.

sundarbans

ബാബു ഘാട്ടിലെത്തിയിട്ടും സുന്ദര്‍ബന്‍സിലേക്കുള്ള വഴി കീറാമുട്ടിപോലെ കിടന്നു. ആര്‍ക്കും കൃത്യമായ ഒരുത്തരവുമില്ല. ബസ് സ്റ്റാന്റിലേക്ക് ബസ് കയറാന്‍ ചിലര്‍ ഉപദേശിച്ചു. ബാബുഘാട്ടില്‍നിന്നു ഏതാനും കിലോമീറ്റര്‍ മാറിയായിരുന്നു ആ ബസ് സ്റ്റാന്റ്. ബസും സമീപത്തായി ട്രാമുംമെല്ലാം പാര്‍ക്ക് ചെയ്യുന്ന ഒരു വിശാലമായ പ്രദേശം. ഒരു പകിട്ടുമില്ല. ജീവിതത്തിന് വേഗവും എങ്ങും ദൃശ്യമല്ല. ഏറെ നേരം തപ്പിനടന്നാണ് ബസ് കണ്ടെത്തിയത്. 8.30 ന് ഒരു ബസ് ഉണ്ടെന്നും അവസാന സ്‌റ്റോപ്പില്‍ ഇറങ്ങി മറ്റൊരു ബസ് കയറിയാല്‍ സുന്ദര്‍ബന്‍സിന്റെ അതിരില്‍ എത്താമെന്നും ഒരു ബസ് ജീവനക്കാരന്‍ പറഞ്ഞതാണ് പ്രതീക്ഷയായത്. ആ ബസില്‍ കയറി ഇരുപ്പുറപ്പിച്ചു.

അര മണിക്കൂറോളം ബാക്കിയുണ്ട് അത് പുറപ്പെടാന്‍.. ആരും വന്നുകയറിയിട്ടില്ലാത്ത ബസില്‍നിന്നും പുറത്തേക്കിറങ്ങി. 8.10ന് പുറപ്പെടുന്ന മറ്റൊരു ബസ് കണ്ടെത്താനായത് മഹാഭാഗ്യമായി. ആ ബസ് നേരിട്ട് സുന്ദര്‍ബന്‍സിലേക്ക് പോകുന്നതാണെന്നതും എന്തെന്നില്ലാത്ത ആനന്ദം നല്‍കി. കൊല്‍ക്കത്തയില്‍ എവിടെ തിരിഞ്ഞാലും കാണുന്ന പഴകിയ ഒരു ബസ്. സീറ്റ്‌പോലും ദീര്‍ഘിച്ചൊരു യാത്രക്ക് ഉതകുന്നതായിരുന്നില്ല. നാലു മണിക്കൂര്‍ യാത്രയുണ്ട.് 70 രൂപയായിരുന്നു ടിക്കറ്റ്. പശ്ചിമ ബംഗാളില്‍ പത്യേകിച്ചും കൊല്‍ക്കത്തയില്‍ ബസ് സ്റ്റോപ്പോ, പണം നല്‍കുന്നവന് ടിക്കറ്റോ ഒന്നും ഉണ്ടാവില്ലെന്ന് അറിഞ്ഞിരിക്കണം. പഴഞ്ചനാണെങ്കിലും എല്ലാം ബസും നല്ല വേഗത്തിലാണ് സഞ്ചരിക്കുന്നത്. 10.40 ആയപ്പോഴേക്കും ഡയമണ്ട് ഹാര്‍ബറില്‍ എത്തി. കഴിഞ്ഞ ദിവസം ഇതേ വഴി സഞ്ചരിച്ചതാണ്. ഭേദപ്പെട്ട ഒരു പട്ടണമാണ് അത്. ആളു തിരക്കും വേണ്ടതിലധികമുണ്ട്.

ഡയണ്ട് ഹാര്‍ബര്‍ പിന്നിട്ടതോടെ പുറം കാഴ്ചകളില്‍ കൗതുകം വര്‍ധിച്ചു. വിശാലമായ പാടശേഖരങ്ങള്‍ക്കിടയിലൂടെ നെടുനീളത്തില്‍ കിടക്കുന്ന റോഡ്. നാലു ദിക്കിലും ആകാശം ചാഞ്ഞുകിടക്കുന്നു, അതിലൂടെ സഞ്ചരിക്കുമ്പോള്‍ ആകാശം ആരോ കെട്ടിയുണ്ടാക്കിയ വിശാലമായ തമ്പുപോലെ തോന്നി. ഇടക്ക് ജനവാസത്തിന്റെ ലക്ഷണങ്ങളായി മണ്‍ചുവരുള്ള കൊച്ചുവീടുകള്‍ പാതയോരത്ത് പ്രത്യക്ഷമായി. ഓടും പുല്ലും മേഞ്ഞ വൃത്തിയുള്ള ആ കുടിലുകള്‍ ഗ്രാമങ്ങളുടെ പരിശുദ്ധി ഉറപ്പിക്കുന്നു.

കുല്‍പി എന്ന ചെറുപട്ടണത്തില്‍ ഞങ്ങളെത്തിയപ്പോള്‍ 11 മണിയായി. അങ്ങാടിയില്‍ ആളും തിരക്കും പാരമ്യത്തിലെത്തിയിരുന്നു. വീടുകള്‍ക്കും പരിസരങ്ങള്‍ക്കും കാര്യമായ മാറ്റമൊന്നുമില്ല. പുല്ലുമേഞ്ഞ കുടിലുകള്‍ക്ക് മുകളില്‍ മത്തനും ചുരങ്ങയും എളവനുമെല്ലാം പടര്‍ന്നുപന്തലിച്ചു കിടക്കുന്നു. ചില വള്ളികളില്‍ മുഴുത്ത എളവനും മത്തനുമെല്ലാം വെയില്‍കായുന്നു.

വീടുകളെല്ലാം വയലുകളുടെ അരികില്‍ റോഡിനോട് ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. വീടുകളോട് ചേര്‍ന്നു മിക്കയിടത്തും കുളങ്ങള്‍. മരപ്പലക നാട്ടിയ കടവുകളില്‍ സ്ത്രീകള്‍ പാത്രം കഴുകുന്നു. ചില വീടുകള്‍ക്ക് രണ്ട് കുളങ്ങളുണ്ടായിരുന്നു. അത്തരം ചിലതില്‍ വസ്ത്രം അലക്കുന്നവരെ കണ്ടു.

ഒന്ന് കുളിക്കും അലക്കിനും രണ്ടാമത്തേത് കുടിവെള്ളത്തിനുമുളളതാവണം. അമ്മമാര്‍ സോപ്പ് പതപ്പിച്ച് നഗ്നരായ കുഞ്ഞുങ്ങളെ ഉരച്ചു കഴുകി വെളുപ്പിച്ചെടുക്കുന്നു. ബംഗാളില്‍ മത്സ്യമുള്ള കുളങ്ങളായിരുന്നു സ്ത്രീധനമായി നല്‍കുകയെന്ന് യാത്രാവിവരണങ്ങളില്‍ വായിച്ചത് ഓര്‍മ്മയിലേക്കെത്തി.11.45ന് ഞങ്ങളുടെ ബസ് കക്കദ്വീപില്‍ എത്തി. മൂന്നര മണിക്കൂറോളം ഓടിയ ബസ് നിശ്ചലമായി. ലഘുഭക്ഷണം കഴിക്കാനായി ഡ്രൈവറും കണ്ടക്ടറും യാത്രക്കാരുമെല്ലാം പുറത്തിറങ്ങി. നിരവധി വാഹനങ്ങളാണ് അവിടെ റോഡരുകില്‍ നിര്‍ത്തിയിരിക്കുന്നത്. യാത്രക്കാര്‍ കടകള്‍ക്ക് മുമ്പില്‍ വെള്ളവും ലഘുപലഹാരങ്ങളും വാങ്ങാന്‍ തിരക്കുകൂട്ടുന്നു. 15 മിനുട്ടിന് ശേഷം ബസ് വീണ്ടും ഓടിത്തുടങ്ങി. പുറത്തേക്ക് നോക്കിയപ്പോള്‍ വെള്ളംവറ്റിച്ച കുളത്തിലൂടെ പോകുന്ന പ്രതീതി വയലിനെക്കാള്‍ താഴ്ന്ന പ്രദേശത്തുകൂടിയാണ് യാത്ര. വെള്ളക്കെട്ടിന് നടുവിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. തണ്ണീര്‍ത്തടങ്ങളുടെ വിദൂരക്കാഴ്ചകള്‍ സംശയങ്ങള്‍ക്കെല്ലാമുള്ള ഉത്തരം നല്‍കി.

പത്തോര്‍ പോത്തിമയെന്ന ചതുപ്പുനിലം

അഞ്ചു മണിക്കൂറോളം ദീര്‍ഘിച്ച യാത്രക്ക് അവസാനമായിരിക്കുന്നു. ഡ്രൈവര്‍ എഞ്ചിന്‍ ഓഫ് ചെയ്തു. ഇറങ്ങാന്‍ അവശേഷിച്ചിരുന്നത് നാലു യാത്രക്കാര്‍ മാത്രം. പത്തോര്‍ പോത്തിമ ഓണംകേറാ മൂലയാണെന്ന് പെട്ടെന്ന് തിരിച്ചറിയാനാവും. മണ്ണിട്ട് ഉയര്‍ത്തി ബലപ്പെടുത്തിയാവണം ഈ ഭാഗങ്ങളിലെല്ലാം വാഹനം വന്നെത്താന്‍ റോഡ് സജ്ജമാക്കിയത്.

റോഡരുകില്‍ ഒരു മാടക്കട കണ്ടു. ഏതാനും സിഗരറ്റ് കൂടുകളും മുറുക്കാനും വെള്ളക്കുപ്പികളും മറ്റുചില വസ്തുക്കളും മാത്രമുള്ള കട. അതിന് പിന്നില്‍ ചതുപ്പുകളുടെ പ്രവിശാല ലോകം. നാലതിരിലേക്കും കണ്ണുകള്‍ പായിച്ചു കണ്ടല്‍പോലുള്ള ചെടികളും ചളികുഴഞ്ഞ താഴ്ന്ന മൈതാനംപോലെ പത്തോര്‍ പോത്തിമ സന്ദര്‍ശകന് മുന്നില്‍ നാട്യങ്ങളില്ലാതെ മയങ്ങുന്നു.സുന്ദര്‍ബന്‍സിലേക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് മുറുക്കാന്‍ കടക്കാരനോട് ചോദിച്ചു. ഇടതുവശത്തെ കോണ്‍ക്രീറ്റ് ഗലിയിലൂടെ കുറച്ചു നടന്നാല്‍ ടോട്ടോ കിട്ടുമെന്ന് കൈചൂണ്ടി അയാള്‍ ഉത്തരംനല്‍കി. ആ വഴിയിലൂടെ നടന്നു. നമ്മുടെ തീരദേശത്ത് കാണുന്നപോലെ തൊട്ടുട്ടായി കൂരകള്‍ നിരന്നു നില്‍ക്കുന്ന വഴി.

sundarbans

അല്‍പദൂരം നടന്നതോടെ മൂന്നു നാലുപേരുമായി യാത്രക്കായി ഒരുങ്ങിനില്‍ക്കുന്ന ഒരു ടോട്ടോ കണ്ടു. എല്ലാവരും ആ പ്രദേശത്തുകാരാണെന്നു വേഗം തിരിച്ചറിയാം. ബംഗാളി ഗ്രാമങ്ങളില്‍ എങ്ങും കാണുന്ന പകിട്ടില്ലാത്ത വസ്ത്രമമിഞ്ഞ മനുഷ്യര്‍. അവരുടെ ആവശ്യങ്ങള്‍ തുലോം കുറവാണെന്ന് വേഗം ബോധ്യപ്പെടും.

മിതംഗബങ്ക നദി

ബംഗാളിന്റെ മുഖമുദ്രയാണ് ടോട്ടോകള്‍. എവിടെയും അവയുടെ നേര്‍ത്ത ഇരമ്പമുള്ള പ്രയാണം കാണാം. അധികദൂരമൊന്നും കുലുങ്ങുന്ന ആ വാഹനത്തില്‍ പോകാനാവില്ല. നേര്‍ത്ത ടയറുകളാവണം കുലുക്കത്തിന് കാരണം. മരബഞ്ചുപോലുള്ള ഇരിപ്പിടത്തിനും യാത്ര ദുരിതമാക്കുന്നതില്‍ പങ്കുണ്ടാവണം. എണ്ണമെഴുകിയപോലുള്ള പ്രധാന പാതകളില്‍ അവയുടെ ദൗര്‍ബല്യങ്ങള്‍ യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടെന്ന് വരില്ല. രണ്ടു പേര്‍ കൂടി എത്തിയതോടെ ടോട്ടോ പുറപ്പെട്ടു. രണ്ടു മീറ്ററോളമുണ്ടാവണം ആ പാതയുടെ വീതി. എതിരേ വന്ന സൈക്കിള്‍ പ്രയാസപ്പെട്ടാണ് ടോട്ടോയെ കടന്നുപോയത്. ഫുട്പാത്തുപോലെ തോന്നിച്ച ആ വഴിയുടെ ഇരുവശങ്ങളിലും കൊച്ചുകൊച്ചു വീടുകള്‍ ചിതറിക്കിടന്നത് പുറത്തേക്കുള്ള കാഴ്ചയില്‍ കണ്ടുകൊണ്ടിരുന്നു.

പത്തു മിനുട്ടോളം ഓടിയ ശേഷം ടാര്‍ ചെയ്ത മറ്റൊരു റോഡിനരുകില്‍ ടോട്ടോ എത്തി. മൂന്നു കിലോമീറ്ററോളം ഞങ്ങള്‍ പോന്നിരിക്കണം. ടോട്ടോയില്‍നിന്ന് എല്ലാവരും ആ പാതയ്ക്കരുകില്‍ ഇറങ്ങി. പണം നല്‍കി റോഡിലേക്ക് നടന്നകന്നു. സമീപത്തെ ബേട്ടു ജെട്ടിയിലേക്കാണ് ആളുകള്‍ നീങ്ങുന്നത്.

ഏതോ പ്രേരണക്ക് വിധേയനായി അവര്‍ക്കൊപ്പം ഞാനും നടന്നു. നദിക്കരയിലെ ടിക്കറ്റ് കൗണ്ടറില്‍നിന്ന് ടിക്കറ്റ് വാങ്ങി. ക്യൂവില്‍ പിന്നിലുണ്ടായിരുന്ന ആളായിരുന്നു രണ്ടുരൂപയുടെ ടിക്കറ്റ് നല്‍കാന്‍ കൗണ്ടറില്‍ ഇരിക്കുന്ന ആളോട് നിര്‍ദേശിച്ചത്. വേലിയിറക്കമായതിനാല്‍ മിതംഗബങ്ക ഉള്‍വലിഞ്ഞാണ് ഒഴുകുന്നത്. നമ്മുടെ നാട്ടിലെ വീതികുറഞ്ഞ പുഴക്ക് സമാനം. കലങ്ങിമറിഞ്ഞ ഒഴുക്കായതിനാല്‍ ആഴം അളക്കാനായില്ല. നദിയുടെ മറുകരയില്‍ ഇടതൂര്‍ന്ന കണ്ടല്‍ക്കാടുകള്‍. ആ കാഴ്ച കണ്ടിട്ടും സുപ്രസിദ്ധമായ സന്ദര്‍ബന്‍സിന്റെ ഒരറ്റത്താണ് എത്തിയിരിക്കുന്നതെന്ന് വിശ്വസിക്കാനായില്ല.

സാമാന്യം വലിപ്പമുള്ള ഒരു ബോട്ടായിരുന്നു ഞങ്ങളെല്ലാം കയറിയത്. പവിത്രയായ ഗംഗയുടെ പല ശാഖകളില്‍ ഒന്നാവാനും മതി ഈ മിതംഗബങ്ക. എന്തായാലും ഗംഗയിലെ ജലം അതിലുണ്ടാവുമെന്ന് തീര്‍ച്ച. ഈ നാട്ടുകാരും നദികളെ പുണ്യങ്ങളുടെ ഗണത്തിലാവും അടിയാളപ്പെടുത്തിയിരിക്കുക.

ദുനിയാവിന്റെ അറ്റം ഇവിടം തന്നെയാവാമെന്ന് നിശബ്ദമായ ആ പ്രകൃതി ഓര്‍മിപ്പിച്ചു.. സുന്ദര്‍ബന്‍സിന്റെ ചിത്രങ്ങളിലും വിഡിയോകളിലും കാണുന്ന അതേ പ്രകൃതിഭംഗിയാണ് ആ പ്രദേശത്തിനെന്നത് അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. എക്കല്‍ അടിഞ്ഞുചളിക്കുളമായ തീരങ്ങള്‍. ബോട്ട് പുഴയുടെ മധ്യത്തിലെത്തിയതോടെ അനേകം കൈവഴികള്‍ ആ പുഴയില്‍ വന്നു ചേരുന്നത് കണ്ടു. അതൊരു പുഴകളുടെ സമ്രാജ്യമാണെന്ന് മനസ്സ് പറഞ്ഞു. നിരവധി തോടുകളും പുഴകളുമാണ് ചാലുകള്‍ കീറിയപോലെ കിടക്കുന്നത്. ഒരു പുഴ തന്നെ കണ്ടലുകള്‍ക്കിടയില്‍ വിവിധ ചാലുകളായി ഒഴുകുന്നതുമാവാം. സുന്ദര്‍ബന്‍സിന്റെ പ്രകൃതി ഏറെക്കുറെ എല്ലായിടത്തും ഇതുപോലെ ചാലുകീറിയപോലെതന്നെയാണ്.

സുന്ദര്‍ബന്‍സിന്റെ ഭാഗമായ ഭഗവദ്പൂര്‍ പ്രദേശമായിരുന്നു നദിയുടെ മറുകര. മിതംഗബങ്കയുടെ ഇരു കരകളിലും ചെറിയ ജെട്ടികളായിരുന്നു. ബോട്ടിലെ സഹയാത്രികനായ ഒരു യുവാവ് ജെട്ടിക്ക് സമീപത്തെ അങ്ങോടിയിലുള്ള രാമഗംഗ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയി. അവനുമായി ബോട്ടില്‍ കയറിയ ഉടന്‍ പരിചയപ്പെട്ടിരുന്നു. കേരളത്തില്‍നിന്ന് വരുന്ന പത്രപ്രവര്‍ത്തകനായതിനാലാവണം അവന് ഉത്സാഹം. സുന്ദര്‍ബന്‍സ് എന്ന വിശാലലോകത്തിന്റെ ഈ ഭാഗം ഉള്‍പ്പെടുന്നത് ആ റെയ്ഞ്ച് ഓഫീസിന് കീഴിലായിരുന്നു.

അന്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തിയായിരുന്നു റെയ്ഞ്ച് ഓഫീസര്‍ ബിമല്‍. ഹൃദ്യമായ പെരുമാറ്റമായിരുന്നു ആ ഓഫീസറുടേത്. സുന്ദര്‍ബന്‍സിലെ കടുവാ സംരക്ഷണം ഭാരിച്ച ഉത്തരവാദിത്വമാണെന്ന് ആ ഓഫീസും ആ മനുഷ്യന്റെ മുഖഭാവവുമെല്ലാം ഏതൊരാളെയും ഒറ്റയടിക്ക് ബോധ്യപ്പെടുത്തും. കടുവകളെ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങളിലേക്ക് 300 മുതല്‍ 350 കിലോമീറ്റര്‍ വരെ ബോട്ടില്‍ സഞ്ചരിക്കണമെന്ന് ബിമല്‍ മൈത്തി പറഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കുമെല്ലാം സഞ്ചരിക്കുന്നതിന് ഏറെ സമാനമായ ദൂരം.

തന്റെ ഇരിപ്പിടത്തിന് പിന്നില്‍ സ്ഥാപിച്ച സുന്ദര്‍ബന്‍സിന്റെ വിശാല ഭൂപടത്തിലൂടെ കൈ ചലിപ്പിച്ച് കടുവകളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളെക്കുറിച്ച് ബിമല്‍ മൈത്തി വിശദീകരിച്ചു. മിതംഗബങ്ക ഉള്‍പ്പെട്ട ഈ ഭാഗങ്ങളിലേക്ക് കടുവകള്‍ അത്യപൂര്‍വമായേ വരാറൂള്ളൂവെന്നതും ആ വാക്കുകളില്‍നിന്ന് ബോധ്യമായി. ഹൗറയില്‍ വെച്ച് സുന്ദര്‍ബന്‍സിനെക്കുറിച്ച് സംസാരിക്കവേ വഴിപോക്കരില്‍ ഒരാളായിരുന്നു നേരിട്ട് സുന്ദര്‍ബന്‍സില്‍ ചെന്നാല്‍ ഭാഗ്യമുണ്ടെങ്കില്‍ കടുവയെ കാണാമെന്ന് പറഞ്ഞത്. മത്സ്യബന്ധന ബോട്ടുകളില്‍ ചെറിയ തുക നല്‍കിയാല്‍ കടുവകളുടെ വിഹാരഭൂമിയായ കണ്ടലുകള്‍ക്ക് ഇടയിലൂടെ ചുറ്റിയടിക്കാന്‍ കൂട്ടുപോന്നേക്കുമെന്ന ആ മനുഷ്യന്റെ വാക്കുകള്‍ക്ക് ലഹരിയുടെ വീര്യമുണ്ടായിരുന്നു.

വര്‍ഷത്തില്‍ അന്‍പതോളം പേരെ കടുവ ഭക്ഷണമാക്കുന്ന ഞെട്ടിക്കുന്ന സത്യവും ബിമല്‍ പറഞ്ഞവയില്‍ ഉള്‍പ്പെട്ടിരുന്നു. കടുവകളെ തേടി രാവും പകലും കണ്ടലുകളിലൂടെ സന്ദര്‍ബന്‍സിന്റെ പല ഭാഗങ്ങളിലും കറങ്ങിയിട്ടും ഒരൊറ്റ കടുവയെയും കാണാതെ നിരാശരായി മടങ്ങേണ്ടി വരുന്നവരെക്കുറിച്ചും ആ റെയ്ഞ്ച് ഓഫീസറില്‍നിന്ന് അറിയാനായി. ബിമല്‍ മൈത്രിയോട് യാത്ര പറഞ്ഞു ഓഫീസ് കെട്ടിടത്തിന്റെ കോണിയിറങ്ങി റോഡിലേക്ക് വന്നപ്പോഴും ആലസ്യംപൂണ്ട ആ അങ്ങാടിക്ക് ഒരു മാറ്റവും കാണാനായില്ല.

ആവശ്യമായ തോതില്‍ ഭക്ഷണം ലഭ്യമാവാത്തതാവാം മനുഷ്യരെ ലക്ഷ്യമിടാന്‍ കടുവകളെ പ്രേരിപ്പിക്കുന്നത്. കടുവയാല്‍ വിധവകളായ നിരവധി മുക്കുവ സ്ത്രീകള്‍ സുന്ദര്‍ബന്‍സിന്റെ വിവിധ മേഖലകളിലുണ്ട്. അമ്മ, അച്ഛന്‍, സഹോദരങ്ങള്‍, മക്കള്‍... കടുവ കൊന്നുതിന്ന ഒറ്റവരെക്കുറിച്ച് ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുന്ന എത്രയോ മനുഷ്യരെ ഈ മേഖലയില്‍ നമുക്ക് കണ്ടുമുട്ടാനാവും. അവരുടെ ജീവിതങ്ങളില്‍ വില്ലന്റെ വേഷം മാത്രമേ കടുവക്കു ചേരൂ. നാം സഞ്ചാരികള്‍ ആനന്ദത്തിനായി കടുവയെ കാണാന്‍ ഇറങ്ങുന്നു. മനസില്‍ വല്ലാത്ത കുറ്റബോധം ഉടലെടുക്കുന്നു. സുന്ദര്‍ബന്‍സില്‍ രണ്ടോ, മൂന്നോ ദിവസം താമസിച്ച് കടുവകളെ തേടി സഞ്ചരിക്കാന്‍ ഉതകുന്ന പാക്കേജുമായി വന്‍കിട ടൂറിസം സ്ഥാപനങ്ങള്‍ മുതല്‍ ചെറുകിടക്കാര്‍വരെ രംഗത്തുണ്ട്. കൊല്‍ക്കത്തയിലാണ് ഈ വ്യവസായം തഴച്ചുവളരുന്നത്. അറിയപ്പെടുന്ന ടൂര്‍ കമ്പനികളെല്ലാം പാക്കേജുകള്‍ നടപ്പാക്കുന്നുണ്ട്.

സുന്ദര്‍ബന്‍സിന്റെ ചുതുപ്പ് നിലത്ത് എത്താനായെങ്കിലും കടുവയെ കാണാമെന്ന മോഹത്തിന് അവസാനമായിരിക്കുന്നു. അതിനായി ഒരുങ്ങിപ്പിടിച്ച് വന്നേ മതിയാവൂ. ദീര്‍ഘയാത്ര നടത്തി എത്തിയിട്ടും കാര്യമായ പ്രയോജനം ഉണ്ടായില്ല. ചില യാത്രകളെല്ലാം അങ്ങനെയാണ് നാം പ്രതീക്ഷിക്കുന്നതൊന്നും കാണാന്‍ ഇടവരുത്തില്ല. പക്ഷേ ചിലപ്പോള്‍ പ്രതീക്ഷിക്കാത്ത പല അപൂര്‍വ കാഴ്ചകളിലേക്കും നമ്മെ യാത്ര കൊണ്ടെത്തിക്കുകയും ചെയ്യും. ഇനി മടങ്ങേണ്ടിയിരിക്കുന്നു. നേരം ഉച്ച കഴിഞ്ഞിരിക്കുന്നു. കൊല്‍ക്കാത്ത രാവില്‍ ഉറങ്ങാത്ത നഗരമാണെങ്കിലും ഈ ഓണംകേറാ മൂലയില്‍നിന്ന് അങ്ങോട്ട് എത്തുകയെന്നത് ചില്ലറ കാര്യമല്ല. നദിക്കരയില്‍നിന്നു അങ്ങാടിയിലേക്ക് നടന്നു. വിശപ്പിന്റെ വിളി കാഹമായി രൂപാന്തരപ്പെട്ടിരിക്കുന്നു.

തട്ടുകടയുടെ ചൂരുള്ള ഒരു റെസ്‌റ്റോറന്റ്. മട്ടണും ചോറിനും ഓര്‍ഡര്‍ നല്‍കി. ചോറ് നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. പ്ലാസ്റ്റിക്‌പോലുള്ള എന്തോ ചവയ്ക്കുകയാണെന്നേ തോന്നിയുള്ളൂ. മട്ടണ്‍ കറിയുടെ കൂട്ടും അത്രനല്ലതായിരുന്നില്ല. ഏതാനും പിടി ഉരുട്ടിവിഴുങ്ങി. ബോട്ട് ജെട്ടിയിലേക്ക് തിരിച്ചുനടന്നു. ബോട്ട് മറുകരയിലേക്ക് പുറപ്പെട്ടിട്ടേയുള്ളൂ. അത് തിരിച്ചെത്തേണ്ടിയിരിക്കുന്നു. ചുരുങ്ങിയത് പത്തോ ഇരുപതോ മിനുട്ട് കാത്തുനില്‍ക്കേണ്ടതുണ്ട്. ഇനി ഈ പ്രദേശത്ത് എത്താനാവുമെന്ന് ഉറപ്പില്ലെങ്കിലും ഒരുനാള്‍ കടുവയെതേടി സുസജ്ജമായി എത്തണമെന്ന് ആത്മഗതംചെയ്ത് മറുകരയില്‍നിന്നു ബോട്ട് മടങ്ങുന്നതും ഉറ്റുനോക്കി ജെട്ടിയില്‍ നിര്‍വികാരനായി നിന്നു.

പ്രകൃതിയൊരുക്കിയ അദ്ഭുതങ്ങളില്‍ ഒന്നായാണ് സുന്ദര്‍ബന്‍സ് കണക്കാക്കപ്പെടുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരപ്രദേശത്ത് പതിനായിരം ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ഒരു പ്രദേശം.ബ്രഹ്മപുത്ര, പദ്മ, മേഗ്‌ന നദീ തടങ്ങളിലാണ് പതിനായിരം കിലോമീറ്ററിലധികം വിസ്തൃതമായ സുന്ദര്‍ബന്‍സ് രൂപാന്തരപ്പെട്ടത്. സുന്ദര്‍ബന്‍സ് എന്ന വാക്കിന് സുന്ദരമായ വനപ്രദേശമെന്നാണ് അര്‍ഥം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നിവയിലായി 4,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇന്ത്യക്ക് അവകാശപ്പെട്ടത്. ബംഗ്ലാദേശിലെ ഖുല്‍ന, സത്ഖിറ, ബഗേര്‍ഹട്ട് എന്നീ ജില്ലകളിലായി ഏകദേശം ആറായിരം ചതുരശ്ര കിലോമീറ്ററോളം പ്രദേശവും ഇതിന്റെ ഭാഗമാണ്. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖലയെ 1992 മെയ് 21ന് പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് റാംസര്‍ സൈറ്റായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

Content Highlights: Sundarbans is a mangrove area in the delta formed by the confluence of the Ganges, Brahmaputra and Meghna Rivers in the Bay of Bengal.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented