ആവി എൻജിന്റെ മാതൃകയിൽ പള്ളിവാസൽ പഞ്ചായത്ത് രണ്ടാംമൈലിൽ സ്ഥാപിച്ചിരിക്കുന്ന വാച്ച് ടവർ
കേരളത്തിലെ ആദ്യ റെയില്‍പാത മൂന്നാറിലായിരുന്നു. തമിഴ്‌നാട്ടിലേക്ക് തേയില കൊണ്ടുപോകുന്നതിനുവേണ്ടി 1902-ലാണ് ബ്രിട്ടീഷുകാര്‍ റെയില്‍വേലൈന്‍ സ്ഥാപിച്ചത്. 1924-ലെ പ്രളയത്തില്‍ അത് മണ്‍മറഞ്ഞുപോയി.
എന്നാല്‍ ഇപ്പോള്‍ അന്നത്തെ ആവി എന്‍ജിന്റെ മാതൃകയില്‍ വാച്ച് ടവര്‍ ഒരുക്കിയിരിക്കുകയാണ് പള്ളിവാസല്‍ പഞ്ചായത്ത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പള്ളിവാസല്‍ രണ്ടാംമൈല്‍ സണ്‍സെറ്റ് വ്യൂ പോയിന്റിലാണ് മനോഹരമായ ഈ വാച്ച് ടവര്‍ നിര്‍മിച്ചിരിക്കുന്നത്.
മൂന്ന് തട്ടുകളായിട്ടാണ് ടവര്‍ ഒരുക്കിയിരിക്കുന്നത്. താഴത്തെ തട്ടില്‍ ബസ് കത്തിരിപ്പുകേന്ദ്രവും പോലീസ് എയിഡ് പോസ്റ്റും. രണ്ടാംതട്ടില്‍ കാഴ്ചകള്‍ കാണുന്നതിനുള്ള പ്ലാറ്റ്ഫോം. മൂന്നാംതട്ടില്‍ സെല്‍ഫി പോയിന്റ് എന്നിവയുണ്ട്. 10 ലക്ഷം രൂപയാണ് ചെലവ്. പ്രവേശനം സൗജന്യമാണ്.
മൂന്നാര്‍ മുതല്‍ ഇടുക്കിവരെ
ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് പള്ളിവാസല്‍ രണ്ടാംമൈല്‍. മൂന്നാറിന്റെ കവാടം എന്ന് പറയാവുന്ന സ്ഥലമാണിത്. ഇവിടം മുതലാണ് ഈ നാടിന്റെ മുഖമുദ്രയായ തേയില തോട്ടങ്ങള്‍ കണ്ടുതുടങ്ങുന്നത്.
മൂന്നാര്‍മുതല്‍ ഇടുക്കിവരെ പരന്നുകിടക്കുന്ന മനോഹര കാഴ്ചകള്‍ ആസ്വദിക്കുന്നതിനായാണ് പഞ്ചായത്ത് ഇപ്പോള്‍ വാച്ച് ടവര്‍ ഒരുക്കിയിരിക്കുന്നത്. നല്ല തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളില്‍ ഈ ടവറില്‍നിന്ന് ഇടുക്കി അണക്കെട്ടുവരെ കാണാന്‍ സാധിക്കും.
പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍.എല്‍. വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് വാച്ച് ടവര്‍ ഡിസൈന്‍ ചെയ്തത്. ഉടന്‍തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
Content Highlights: steam engine view point pallivasal munnar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..