സിർട്ടി ഗ്രാമം | ഫോട്ടോ: ദിപിൻ അഗസ്റ്റിൻ മാതൃഭൂമി യാത്ര
പുതിയ യാത്ര ഹിമാചൽ പ്രദേശിലേക്കാണ് എന്ന് അറിഞ്ഞപ്പോൾ സുഹൃത്തിന്റെ ഫോൺ വന്നു;
"ഹിമാചലിൽ എവിടേക്കാണ്? കസോളിലേക്കാണോ?" അല്ലെന്ന് മറുപടി നൽകി.
"കുളു മണാലി? സ്പിറ്റി?" ചോദ്യങ്ങൾ വിരാമമില്ലാതെ വന്നുകൊണ്ടിരുന്നു. എല്ലാത്തിനും ഒരേ ഉത്തരമായിരുന്നു: "അല്ല".
മറുവശത്ത് അദ്ഭുതം, "പിന്നിതെങ്ങോട്ടാണ്"
"തിർഥൻ വാലി". "അതേത് സ്ഥലം? അവിടെ എന്തുണ്ട്?"
"അത് ഒരു പ്രത്യേക സ്ഥലമല്ല. അവിടെ ഒരുപാട് സ്ഥലങ്ങളുണ്ട്, ഹിമാലയൻ ഗ്രാമങ്ങൾ".
"എന്തെങ്കിലും ആക്ടിവിറ്റീസ് ഉണ്ടോ അവിടെ?" ഇല്ലെന്ന് മറുപടി.
"പിന്നെ എന്തിന് അവിടെ പോവുന്നു?"
"അവിടെ ഒന്നുമില്ലാത്തത് കൊണ്ടുതന്നെ".
പിറുപിറുക്കലിന് ശേഷം മറുപുറം ശൂന്യമായി. തിർഥൻ താഴ്വര എന്ന പേര് ആദ്യമായി അകം പൂകിയത്, ആറേഴുവർഷങ്ങൾ മുൻപ് ഒരു ഹിമാലയൻ യാത്രയിലാണ്. ഉത്തരാഖണ്ഡിലെ മലമുകളിലേക്കുള്ള ട്രെക്കിങ്ങിൽ പരിചയപ്പെട്ട ചണ്ഡീഗഢ് സ്വദേശിയായ സുഹൃത്തുമായുള്ള സംസാരത്തിനിടയിൽ കസോൾ ചർച്ചാവിഷയമായി. കസോൾ ഒരു ഓവർറേറ്റഡ് പ്ലേസ് ആണ് എന്ന വാചകം രണ്ടു പേരുടെയും നാവിൽനിന്ന് ഒരേസമയം പുറപ്പെട്ടപ്പോൾ അദ്ഭുതപ്പെട്ടു. ഹിമാചലിന്റെ മുക്കും മൂലയും വ്യക്തമായി അറിയുന്ന ആ സുഹൃത്തിൽ നിന്നുമാണ് തിർഥൻ താഴ് വരയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്.

പാർവതി താഴ്വരയുടെ മടിയിൽ സ്ഥിതിചെയ്യുന്ന കസോൾ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ പ്രശസ്തമായപ്പോൾ, അത്രയൊന്നും ആഡംബരമില്ലാതെ, ഏകാന്തവും അത്രതന്നെ പ്രശാന്തവുമായി നിലകൊണ്ടു ഈ താഴ്വര. ഇന്ന് അതിന് ഏറെക്കുറെ മാറ്റം വന്നിട്ടുണ്ടെ ങ്കിൽപോലും ഗ്രാമക്കാഴ്ചകളുടെ വിശുദ്ധി നഷ്ടപ്പെട്ടിട്ടില്ല. ഇവിടേക്കുള്ള എന്റെ എല്ലാ യാത്രകളും അതുകൊണ്ടു തന്നെ ഹിമാലയൻ ഗ്രാമക്കാ ഴ്ചകൾ തേടിയുള്ളതായിരുന്നു. ഹിമാചൽ പ്രദേശിലെ ഏറ്റവും പ്രിയപ്പെട്ട പത്ത് സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ അതിൽ ഒരിക്കലും ഷിംല, കുളു, മണാലി, കസോൾ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെടില്ല. ഒന്നിലേറെ തവണ ഇവിടെയൊക്കെ പോയിട്ടുണ്ടെങ്കിലും ഇത്തരം സ്ഥലങ്ങൾ ശ്വാസം മുട്ടിക്കുകയാണ് ചെയ്യാറ്.

തിർഥൻ താഴ്വരയിലെ ജിബ്ബി (jibhi) ആയിരുന്നു ആദ്യ ലക്ഷ്യം. അവിടെനിന്ന് 'ബാഹു' ഗ്രാമത്തിലേക്ക് പോകാനായിരുന്നു പ്ലാൻ. ഡൽഹിയിൽനിന്ന് കുളുവിലേക്കുള്ള ബസ്സിൽ കയറിയാൽ 'ഒട്ട്’ (AUT) എന്ന സ്ഥലത്തുനിന്ന് വഴിതിരിഞ്ഞാണ് തിർഥൻ ഭാഗത്തേക്ക് പോവേണ്ടത്. സ്വകാര്യവാഹ നത്തിലാണെകിൽ ഒട്ട് ടണലിൽ കയറാതെ വലത്തേക്ക് തിരിഞ്ഞുപോവാം, എന്നാൽ ബസ്സിൽ ആണെങ്കിൽ ടണലിനുശേഷമുള്ള സ്റ്റോപ്പിൽ ഇറങ്ങിയാൽ ബഞ്ചാറിലേക്കുള്ള ബസ് കിട്ടും. 'ബഞ്ചാർ' ആണ് തിർഥൻ താഴ്വരയിലെ പ്രധാന പട്ടണം. ചെറുതും വലുതുമായ ഗ്രാമങ്ങളിലേക്കുള്ള ബസ്സുകൾ അവിടെനിന്ന് ലഭിക്കും. രാത്രി ഏറെ വൈകിയാണ് ഒട്ടിൽ എത്തിച്ചേർന്നത്. രാത്രി അവിടെ മുറിയെടുത്ത് തങ്ങിയശേഷം പിറ്റേന്ന് രാവിലെ ഏഴുമണിക്ക് ജിബ്ബിയിലേക്ക് പോവുന്ന ബസ്സിൽ കയറി. ചേതോഹരങ്ങളായ തെളിമയാർന്ന ദൃശ്യങ്ങൾ നിറഞ്ഞ യാത്ര. മലഞ്ചരി വുകളെ പുൽകി നിൽക്കുന്ന നിത്യഹരിത വനങ്ങൾ. താഴെ താഴ്വാരത്തിലൂടെ ഒഴുകുന്ന തിർഥൻ നദി. 10 മണിക്ക് മുൻപായി ജിബ്ബിയിലെത്തി. 5500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊച്ചു പട്ടണമാണ് ജിബ്ബി. രണ്ടുകിലോമീറ്റർ അകലെയുള്ള ഗിയാഗി (Ghyagi) എന്ന ഗ്രാമത്തിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. അവിടെനിന്ന് പിറ്റേന്ന്, ഏഴ് കിലോമീറ്റർ അകലെയുള്ള ബാഹു ഗ്രാമത്തിലേക്ക് പോവാനായിരുന്നു പദ്ധതി.

ഓൺലൈൻ ആപ്പ് വഴി ബുക്ക് ചെയ്ത താമസസ്ഥലത്ത് എത്തിയപ്പോൾ ശരിക്കും അദ്ഭുതപ്പെട്ടു. ഹോട്ടലുടമ മലയാളിയാണ്. കൊല്ലം സ്വദേശിയായ ജോൺസൻ. സ്ഥലം പാട്ടത്തിന് എടുത്ത് ഹോട്ടൽ നടത്തുകയാണ് അദ്ദേഹം. പാറക്കെട്ടുകളിലൂടെ കുതിച്ചൊഴുകുന്ന അരുവിക്ക് അഭിമുഖമായാണ് മുറികൾ. ബാഗെല്ലാം മുറിയിൽ വെച്ചശേഷം അരുവിയിലെത്തി മുഖം കഴുകിയതോടെ യാത്രാ ക്ഷീണമെല്ലാം എങ്ങോ പോയി മറഞ്ഞു. തിർത്ഥൻ നദിയിലേക്ക് ഒഴുകിച്ചേരുന്ന ഈ അരുവിയാണ് ഈ പ്രദേശത്തെ മനോഹര കാഴ്ചകളിൽ ഒന്ന്. ചുറ്റുപാടുമുള്ള പച്ച നിഴൽപ്പാടുകളെ വ്യാപിപ്പിക്കുന്ന, നേർത്ത കണ്ണാടിപോലെ ശാന്തമായി ഒഴുകുന്ന അരുവി. താഴ്വരയെ തഴുകി കടന്നുപോവുന്ന, സ്ഫടികംപോലെ തെളിഞ്ഞ ജലാശയത്തിന് ആഴം തീരെ കുറവാണ്. നൂറ്റാണ്ടുകൾ നീണ്ട പ്രവാഹത്താൽ മിനുസപ്പെട്ട ഉരുളൻ കല്ലുകൾ നിറഞ്ഞ അരുവിയിലെ ജല ത്തിന് അസഹ്യമായ തണുപ്പായിരുന്നു.
പൈൻ, ദേവദാരു മരങ്ങൾ നിറഞ്ഞ മലകളാണ് ചുറ്റുപാടും. അവയ്ക്കിടയിൽ അങ്ങിങ്ങായി ഒറ്റപ്പെട്ട ഗ്രാമങ്ങൾ കാണാം. ഡിസംബർ മുതൽ മാർച്ച് വരെ മഞ്ഞ് പുതച്ചുകിടക്കുന്ന പ്രദേശങ്ങളാണ് ഇവ. ജലാശയത്തിനരികിലൂടെ കുന്നിൻ മുകളിലേക്ക് നീളുന്ന പാതയിൽ നിന്നുകൊണ്ട് ചുറ്റിലുമുള്ള ഗ്രാമഭംഗി വീക്ഷിച്ചു. വെളുത്ത പൂക്കൾ നിറഞ്ഞുനിൽക്കുന്ന ആപ്രിക്കോട്ട് മരങ്ങളുടെ നീണ്ട നിരകൾക്കിടയിലൂടെ കുന്നിൻ മുകളിലേക്ക് നീളുന്ന മൺപാത. ഫലഭൂയിഷ്ഠതയാർന്ന ചുവന്ന മണ്ണിനെ പുണർന്നുകിടക്കുന്ന പച്ചപ്പ്. മരത്തടികളാൽ തീർത്ത ചെറിയ വീടുകളോരോന്നും കൃഷിയിടങ്ങളാലും പൂന്തോട്ടങ്ങളാലും ചുറ്റപ്പെട്ടതാണ്.

സമീപത്തെ ചായക്കടയിൽനിന്ന് ആലുപറാത്തയും കഴിച്ച് വെറുതെ ചുറ്റി ത്തിരിയുന്നതിനിടയിലാണ് രണ്ടുമൂന്ന് സ്ത്രീകൾ മുതുകിൽ വലിയൊരു ചാക്കും ചുമന്ന് മലയിറങ്ങിവരുന്നത് കണ്ടത്. കുഴപ്പക്കാരനല്ല എന്ന് തോന്നിയപ്പോൾ സംസാരിക്കാൻ തുടങ്ങി. ‘ഖാനോട്ട്' എന്നൊരു കായയാണ് ചാക്കിൽ. ഭക്ഷ്യാവശ്യങ്ങൾക്കും, എണ്ണയ്ക്കും വേണ്ടി ഉപയോഗിക്കുന്ന ഒന്നാണത്. അവരുടെ കൂടെ വനത്തിലേക്ക് ചെല്ലാൻ അനുവാദം കിട്ടി. അവരോടൊപ്പം മലകയറി മുകളിലെത്തി. വനത്തിന്റെ പലഭാഗത്തുനിന്നും ശേഖരിച്ച് കായകൾ വലിയൊരു കൂനയായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഏതാണ്ട് അൻപത് കിലോയോളം ഭാരമുള്ള ഓരോ ചാക്കും മുതുകിൽ ചുമന്നു കൊണ്ടാണ് മൂന്നുപേരും മലയിറങ്ങുന്നത്. ഒരു കിലോ ഗ്രാം പഴത്തിന് ഒൻപത് രൂപയാണ് കൂലി. വഴിയരികിൽ കൂട്ടിവെച്ചിരിക്കുന്ന ചാക്കുകൾ മൊത്തവ്യാപാരികൾ വന്ന് എടുത്ത് കൊണ്ടുപോവും. ദുഃഖകരമായ കാര്യം എന്തെന്നാൽ, എത്ര കിലോ ശേഖരിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ഇവർക്ക് വ്യക്തമായ ധാരണയില്ല എന്നുള്ളതാണ്. പിറ്റേന്ന് വ്യാപാരി പറയുന്ന കണക്ക് തൂക്കത്തിന്റെയും കൂലിയുടെയും, ഇവർ അംഗീകരിക്കുന്നു. അവിടെ നിന്നിറങ്ങി വീണ്ടും ചുറ്റിത്തിരിഞ്ഞു.
വഴിയരികിലെ ധാബയിൽ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെയാണ് ജെലോരി ചുരത്തിലേക്കുള്ള ബസ് എത്തിച്ചേർന്നത്. ജെലോരി ചുരത്തിലേക്ക് പോവാ നാണ് തീരുമാനമെങ്കിൽ ബസ്സിൽ കയറിക്കൊള്ളൂ. ഇന്നിനി ഉച്ചയ്ക്കുശേഷമേ ബസ് ഉണ്ടാകു. അവിടെനി ന്നും തിരിച്ചുള്ള അവസാന ബസ്, ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും. ഈ ബസ്സിൽത്തന്നെ പൊയ്ക്കൊള്ളൂ, ഇല്ലെങ്കിൽ തിരികെ വരാൻ കഴിഞ്ഞെന്നുവരില്ല.'-ചായക്കടക്കാരൻ പറഞ്ഞു. പകുതി കുടിച്ചു തീർത്ത ചായയും കാശും മേശപ്പുറത്ത് വെച്ച് ബസ്സിലേക്ക് ഓടിക്കയറിയതിനുശേഷമാണ് അദ്ദേഹത്തോട് ഒരു നന്ദി വാക്ക് പറയാൻ കഴിഞ്ഞില്ല എന്നോർത്തത്. പക്ഷേ, അദ്ദേഹവുമായുള്ള സംഭാഷണത്തിനിടയിൽ മറ്റൊരു മഹത്തായ വിവരം എനിക്ക് ലഭിക്കുകയുണ്ടായി. ഞാൻ കേരളത്തിൽനിന്നാണ് എന്നു പറഞ്ഞപ്പോൾ അദ്ദേഹം വെളിപ്പെടുത്തിയതാണത് മലമുകളിലെ സിർട്ടി എന്ന ഗ്രാമത്തിൽ കേരളത്തിൽനിന്ന് ഒരു പെൺകുട്ടി സ്ഥലം പാട്ടത്തിനെടുത്ത് ഹോം സ്റ്റേ നടത്തുന്നുണ്ട്. നാല് കിലോമീറ്റർ മലകയറിയാൽ മാത്രമേ അവിടെ എത്തിച്ചേരൂ. ഗൂഗിളിൽ തിരഞ്ഞിട്ടൊന്നും അങ്ങനെ ഒരു ഗ്രാമത്തെക്കുറിച്ചുള്ള വിവരം എനിക്ക് ലഭിച്ചില്ല. പല യാത്രകളിലും ഗൂഗിൾ മാപ്പിനോ, ഇന്റർനെറ്റിനോ നൽകാൻ കഴിയാത്ത വിവരങ്ങൾ ഇതുപോലെ ഗ്രാമീണരിൽനിന്ന് ലഭിക്കാറുണ്ട്. തിരികെച്ചെന്ന് അദ്ദേഹത്തോട് കൂടുതൽ വിവരങ്ങൾ അറിയണമെന്ന് തീർച്ചപ്പെടുത്തി.

10800 അടി ഉയരത്തിലുള്ള പ്രദേശമാണ് ജെലോരി ചുരം. പർവതത്തിന് മുകളിലുള്ള മനോഹരമായ പുൽമേടിൽ നിന്നാൽ ചുറ്റു പാടും തരംഗങ്ങൾപോലെ മലനിരകൾ കാണാം. 360 ഡിഗ്രി കാഴ്ചയിൽ മഞ്ഞു പുതച്ചുകിടക്കുന്ന വലിയ കൊടുമുടികൾ. ചുരത്തിനുമുകളിൽ പുൽമേട്ടിൽ, ആകാശത്തൂടെ പാഞ്ഞൊഴുകുന്ന മേഘശകലങ്ങളെ നോക്കി ഞാൻ മലർന്നുകിടന്നു.
മൊമോയും കഴിച്ച് പുൽ മേട്ടിലൂടെ ചുറ്റിത്തിരിയുന്നതിനിടയിൽ "പോരുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് ഗ്രാമത്തിലേക്കുള്ള അവസാന ബസ് പുകതുപ്പിക്കൊണ്ട് ചുരം കേറുന്നു. തിരികെ ഗിയഗിയിലെത്തി ചായക്കടക്കാരനെ കണ്ടു. മോനിക്ക എന്നൊരു പെൺകുട്ടിയാണ് സിർട്ടി ഗ്രാമത്തിൽ ഹോംസ്റ്റേ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലേക്ക് പോവാൻ നാല് കിലോമീറ്റർ ദേവദാരുവനത്തിലൂടെ മലകയറ്റം അല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ല. രാവിലെ കടയിൽ എത്തിയാൽ സിർട്ടി ഗ്രാമത്തിലേക്ക് പോവുന്ന ഏതെങ്കിലും ഗ്രാമീണരെ പരിചയപ്പെടുത്തിത്തരാമെന്നും അവരോടൊപ്പം മലകയറാമെന്നും അദ്ദേഹം പറഞ്ഞു. തിരികെ മുറിയിലെത്തി ജോൺസനോട് കാര്യം തിരക്കി. മോനിക്കയോടൊപ്പം ഹോംസ്റ്റേ നടത്തുന്ന സൂരജ് എന്ന മലയാളി യുവാവിന്റെ നമ്പർ ജോൺസൻ എനിക്ക് നൽകി. തത്കാലം ‘ബാഹു' യാത്ര മാറ്റിവെച്ചുകൊണ്ട് സിർട്ടിയിലേക്ക് പോവാൻ തീരുമാനിച്ചു.

‘സ്പാൻ' എന്നറിയപ്പെടുന്ന റോയിലൂടെയാണ് മുകളിലെ ഗ്രാമത്തിലേക്ക് സാധനങ്ങൾ കൊണ്ടുപോവുന്നത്. സിർട്ടിയിൽനിന്നും ഗിയാഗിയിലേക്ക് സമാന്തരമായി കെട്ടിയിട്ടുള്ള രണ്ട് കയറുകളും അറ്റങ്ങളിൽ, കപ്പിയിൽ ഘടിപ്പിച്ചിട്ടുള്ള വലിയ പെട്ടിയും കാണാം. റോപ്പുകളിലൊന്നിൽ വലിയ പെട്ടിയിൽ താഴെ ഗ്രാമത്തിൽ നിന്ന് വാങ്ങിയ അരിയും സാധനങ്ങളുമെല്ലാം ഗ്രാമീണർ വെക്കും. തുടർന്ന് മുകളിലെ ഗ്രാമത്തിലുള്ള ആളോട് സാധനങ്ങളുടെ ഭാരം എത്രയെന്ന് ഫോണിലൂടെ അറിയിക്കും. ആ ഭാരത്തിന്റെ ഇരട്ടി ഭാരം വരുന്ന വിധത്തിൽ വലിയ പാത്രങ്ങളിൽ വെള്ളം നിറച്ച് സമാന്തര റോപ്പിലൂടെ താഴേക്ക് അയയ്ക്കുമ്പോൾ അരിയും സാധനങ്ങളുമെല്ലാം മുകളിലേക്ക് എത്തും. നാല്പതോളം വീടുകളുള്ള ഗ്രാമമാണ് സിർട്ടി. മറ്റാരെയും കാത്തുനിൽക്കാതെ ഒറ്റയ്ക്ക് മലകയറാൻ തീരുമാനിച്ചു.
ഏകാന്തമായ കാട്ടുവഴി. ദേവദാരുവും പൈനും അല്ലാതെ മറ്റു മരങ്ങളൊന്നും കാണുന്നില്ല. മുകളിലേക്ക് പോകുന്തോറും ഏകാന്തതയ്ക്ക് ആഴവും ഇരുളും വർധിക്കുവാൻ തുടങ്ങി. പൈൻ മരത്തിന്റെ പൂക്കൾക്ക് പ്രത്യേക ഗന്ധമാണ്. തീർത്തും അപരിചിതം എന്ന് പറയാനാവുന്നില്ല, പക്ഷേ, എങ്ങനെയാണ് ഈ ഗന്ധം എനിക്ക് പരിചിതമായിത്തീർ ന്നത് എന്ന് കുറെ ആലോചിച്ചു. ഒടുവിലാണ് പണ്ട് മുത്തശ്ശിക്ക് കാലിൽ പുരട്ടി കൊടുക്കുമായിരുന്ന വേദനസംഹാരി തൈലത്തിന്റെ (ടർപ്പന്റയ്ൻ) ഗന്ധമാണിത് എന്നോർമവന്നത്.

സൂര്യരശ്മി അരിച്ചുവരാത്ത ഇരുണ്ട മരച്ചില്ലയിൽ പക്ഷികൾ പാട്ടുപാടുന്നു. ഇടയ്ക്ക് മരങ്ങൾക്കിടയിലൂടെ ഒരു കുറുനരി പാഞ്ഞുപോയി. ഞാൻ മാത്രമല്ല കാടു മുഴുവൻ ഒരു നിമിഷത്തേക്ക് നടുങ്ങിയതായി തോന്നി. പക്ഷികളടക്കം സർവവും നിശ്ശബ്ദമായി. വീണ്ടും ഭൂമിയുടെ സംഗീതം ഉയരുന്നു. ഞാനെവിടെ എത്തിയെന്നോ എപ്പോൾ ഇതിന് പുറത്തുകടക്കുമെന്നോ എനിക്കുതന്നെയും നിശ്ചയമില്ലായിരുന്നു. ആശ്വാസകരമായ ഒരുകാര്യം എന്തെന്നാൽ, ചായക്കടക്കാരൻ പറഞ്ഞതനുസരിച്ച് ഗുഡ്ഡു എന്നൊരു ഗ്രാമീണനും ജോൺസൻ പറഞ്ഞതനുസരിച്ച് സൂരജും എന്നെ വിളിച്ചുകൊണ്ടിരുന്നു. രണ്ടുപേരും എനിക്കുള്ള താമസം ഒരുക്കിയിരുന്നു എന്നതാണ് രസകരമായ കാര്യം.
രണ്ടുമണിക്കൂർ നേരത്തെ മലകയറ്റത്തിനൊടുവിൽ കാടിന്റെ മൗനമൂകതയിൽ നിന്ന് പുറത്തുകടന്നു. ആദ്യമെത്തിയത് സൂരജിന്റെ അടുത്താണ്. മരംകൊണ്ട് നിർമിച്ച മനോഹരമായൊരു വീട്. സുഹൃത്തായ യുവതി നാട്ടിൽ പോയിരിക്കുന്നതിനാൽ അയാൾ ഇപ്പോൾ തനിച്ചാണ്. രണ്ടുപേരും കൂടിയാണ് ഹോം സ്റ്റേ നടത്തുന്നത്. ആലപ്പുഴ സ്വദേശിയാണ് സൂരജ്. ഗുഡ്ഡുവിന്റെ കാര്യം പറഞ്ഞതോടെ അയാളുടെ വീട്ടിലേക്കുപോവാം എന്ന് തീരുമാനിച്ചു.

ഗ്രാമത്തിന്റെ ഏറ്റവും ഒടുവിൽ, ഏറ്റവും ഉയരത്തിലായാണ് ഗുഡ്ഡു ഭായിയുടെ വീട്, നാല്പതോളം വീടുകളുള്ള കൊച്ചു ഗ്രാമമാണത്. ഏകാന്തവും അത്രതന്നെ പ്രശാന്തവും. പൂർണമായും കൃഷിയെയും കന്നുകാലികളെയും ആശ്രയിച്ചുകഴിയുന്ന, അത്രമേൽ സുഭിക്ഷതയോടും സന്തോഷത്തോടും കൂടിയ ജീവിതം നയിക്കുന്ന ഗ്രാമീണർ. വിസ്മയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് ഗ്രാമവീഥിയിലൂടെ നടന്നു.
വിളവെടുപ്പ് കഴിഞ്ഞ ആപ്പിൾ തോട്ടങ്ങളിൽ ഇലകൾ പൊഴിച്ച് മഞ്ഞുവീഴ്ചയെ പ്രതീക്ഷിച്ചുനിൽക്കുകയാണ് മരങ്ങൾ. ഡിസംബർ ആദ്യത്തോടെ ഇവിടമാകെ മഞ്ഞുമൂടും എന്ന് സൂരജ് പറഞ്ഞു. തട്ടുതട്ടായുള്ള കൃഷിയിടങ്ങൾ ഭൂരിഭാഗവും ശൂന്യമാണ്. വീടുകളെല്ലാം തന്നെ ഏതാണ്ട് ഒരേ മാതൃ കയിലുള്ളതാണ്. കല്ലുകൾ അടുക്കിവെച്ച്, അതിനുമേൽ ചെളിയും പുല്ലും ചേർത്ത മിശ്രിതം തേച്ചുണ്ടാക്കിയ ചുവരുകൾ. തടികൾ നിരത്തിവെച്ച് അതിനുമേൽ ചെളി മെഴുകിയതാണ് താഴത്തെയും മുകളിലത്തെയും തറകൾ. മലയിൽനിന്ന് വെട്ടിയെടുക്കുന്ന സ്ലേറ്റുകല്ലുകൾകൊണ്ടാണ് മേൽക്കൂര നിർമാണം. ചൂടുകാലത്ത് തണുപ്പും തണുപ്പുകാലത്ത് ചൂടും കിട്ടും. വീടുകളുടെ കൊത്തുപണിയും ബാൽക്കണിയുമെല്ലാം പ്രകൃതിഭം ഗിയുമായി ഒത്തുപോവുന്ന വിധത്തിലുള്ളവയാണ്.

ഗുഡ്ഡുവിന്റെ വീട്ടിലെത്തിയപാടെ ഊഷ്മളമായൊരു സ്വീകരണം ലഭിച്ചു. മൊമോയും സിഡ്ഡി എന്നൊരു പ്രാദേശിക പലഹാരവുമായാണെന്നെ സ്വീകരിച്ചത്. അതുണ്ടാക്കുന്നതെങ്ങനെയെന്ന് അദ്ദേഹത്തിന്റെ ഭാര്യ കാണിച്ചുതന്നു. ഉരുളക്കിഴങ്ങുചേർത്ത മസാലക്കൂട്ട് ഗോതമ്പുമാവിനുള്ളിൽ നിറച്ച് ആവിയിൽ പുഴുങ്ങിയെടുക്കുന്നതാണത്. ചെമ്മരിയാടുകളും പശുക്കളുമാണ് അദ്ദേഹത്തിന്റെ വരുമാനമാർഗം. അന്ന് രാത്രി അവിടെ തങ്ങാൻ വീട്ടുകാർ നിർബന്ധിച്ചതോടെ അങ്ങനെയാവട്ടെ എന്ന് കരുതി.
പക്ഷേ, അപ്പോഴാണ് എന്നെക്കുഴപ്പിച്ച് മറ്റൊരുകാര്യം അയാൾ ശ്രദ്ധയിൽ പെടുത്തിയത്. അവിടെ ടോയ്ലറ്റ് സൗകര്യങ്ങളൊന്നുമില്ല. പ്രാഥമിക കൃത്യങ്ങളൊക്കെ പുൽമേട്ടിലാണ് നടത്തേണ്ടത്. പ്രദേശത്താണെങ്കിൽ കുറുക്കന്മാരുടെ ശല്യവും. കേരളത്തിൽ വൈൽഡ് ലൈഫ് സെൻസസ് എടുക്കാൻ ഒരുപാടുതവണ ഉദ്യോഗസ്ഥരോടൊപ്പം കാട്ടിൽ പോയി താമസിച്ചപ്പോഴൊക്കെ ഇതുപോലുള്ള എക്കോ ഫ്രണ്ട്ലി രീതികൾ എനിക്ക് ശീലമുണ്ട്. പക്ഷേ, ഇപ്പോൾ അതിനുവയ്യ. അദ്ദേഹത്തോട് അനുവാദം വാങ്ങി സൂരജിനൊപ്പം ഹോംസ്റ്റേയിലേക്ക് പോയി. അടുത്തതവണ ഞാനെത്തുമ്പോൾ അവിടെ ഒരു കക്കൂസ് ഉണ്ടായിരിക്കുമെന്നൊരുറപ്പും ഗുഡ്ഡുഭായ് നൽകിയിട്ടുണ്ട്. വളരെയധികം സ്നേഹത്തോടെയും അതുപോലെ വിഷമത്തോടെയുമാണ് അവരെന്നെ യാത്രയാക്കിയത്.
പകൽ മുഴുവൻ ഗ്രാമത്തിൽ ചുറ്റിനടന്നശേഷം സൂരജിന്റെ വീട്ടിലെത്തി. മലനിരകൾക്ക് അഭിമുഖമായാണ് ഹോംസ്റ്റേ. മൗനത്തിലാണ്ടുകിടക്കുന്ന മലനിരകളെ നോക്കി ബാൽക്കണിയിലിരിക്കുമ്പോൾ മായികമായ സ്വപ്നംപോലെ രാത്രി കടന്നുവന്നു. രാത്രിയിൽ തണുപ്പ് അസഹനീയമാ യതോടെ മുറ്റത്ത് തീകൂട്ടി ഞങ്ങൾ അതിനോട് ചേർന്നിരിപ്പായി, ഗുഡ്ഡുഭായ് ദാരു എന്ന ഓമനപ്പേരിലറിയപ്പെടുന്ന വാറ്റുചാരായവുമായെത്തി. ഈ കാലാവസ്ഥയിൽ അവർക്കതില്ലാതെ കഴിയാൻ പ്രയാസമത്രെ. ഞാൻ മദ്യപിക്കില്ല എന്നറിഞ്ഞതോടെ മുഖം വാടി. വൈൻ മാത്രം, അതും വീട്ടിലുണ്ടാക്കുന്നതേ കുടിക്കൂ എന്നറിയിച്ചതോടെ അല്പനേരത്തേക്ക് അദ്ദേഹം അപ്രത്യക്ഷനായി. കുറച്ചു നേരത്തിനുശേഷം കൈയിൽ കുപ്പിയുമായി വീണ്ടും വന്നു. "ആപ്രിക്കോട്ട് കൊണ്ടുണ്ടാക്കിയതാണ്. നാട്ടിൽ കിട്ടില്ല', ഗ്ലാസിലേക്ക് പകർന്ന് എനിക്കുനേരേ നീട്ടിക്കൊണ്ട് ഗുഡ്ഡുഭായ് പറഞ്ഞു. അത്രമേൽ രുചിയേറിയതും വീര്യം കൂടിയതുമായ വൈൻ മുൻപൊരിക്കലും ഞാൻ കഴിച്ചിട്ടില്ലായിരുന്നു.

ദൂരെ താഴ്വരയിലെ ഗ്രാമത്തിൽനിന്ന് കൊട്ടും കുഴൽ വിളിയും കേൾക്കാം. അവിടെ ക്ഷേത്രത്തിലെ ഉത്സവമാണെന്നും പുലരുവോളം നീളുന്ന ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. സൂരജ് വലിയൊരു സ്പീക്കറുമായെത്തി. ശാന്തമായ രാത്രിയിലേക്ക് പെയ്തിറങ്ങിയ സംഗീതമാ സ്വദിച്ചുകൊണ്ട് നിശ്ചലമായി ഞങ്ങൾ തീയ്ക്ക്ചുറ്റുമിരുന്നു. മലനിരകളിൽ നിന്ന് വീശുന്ന മഞ്ഞുകാറ്റിന്റെ സീൽക്കാരം വ്യക്തമായി കേൾക്കാം. രാത്രിയുടെ വിശാലതയിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് താഴെ മണ്ണിൽ കിടന്നു. മുഖമില്ലാത്ത വിസ്മയകരമായ നൃത്തം പോ ലെ തീയാളിക്കൊണ്ടിരുന്നു. പുകച്ചുരുളുകൾ ഞങ്ങളെ വലയം ചെയ്തു.
യാത്രകളിൽ പുതിയ അനുഭവങ്ങൾ സുലഭമാണ്. പക്ഷേ, മറ്റൊരിക്കൽ പോലും അനുഭവഭേദ്യമാവാത്തത മനോഹരമായ രാത്രി ഇനിയുണ്ടാവുമോ എന്നറിയില്ല. നേരമ്പോക്കുകൾ നീണ്ടുപോയി. ഊഷ്മളമായൊരു സൗഹൃദാലിംഗനത്തോടെ നല്ല രാത്രി നേർന്നുകൊണ്ട് ഞങ്ങൾ പിൻവാങ്ങിയപ്പോഴേക്കും ചന്ദ്രൻ ചക്രവാളത്തിന്റെ അതിരിലേക്ക് നീന്തിയിറങ്ങിയിരുന്നു. ദൂരെ ഗ്രാമത്തിൽ അപ്പോഴും വാദ്യഘോഷം കേൾക്കാമായിരുന്നു.
(മാതൃഭൂമി യാത്ര 2022 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: solo trip, lonely himalayan village sirti, himalayan village travel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..