കുന്നിറങ്ങുന്ന കോട, നുരഞ്ഞു പതയുന്ന വെള്ളച്ചാട്ടങ്ങൾ; പച്ചപ്പ് ചിത്രം വരയ്ക്കുന്ന ശിരുവാണി


എഴുത്ത്: എൻ.വി. ബാലകൃഷ്ണൻ | ചിത്രങ്ങൾ : കെ. സനിത

കഥകളുടെയും ആത്മാന്വേഷണത്തിന്റെയും പച്ചനീർത്തുകയാണ് ശിരുവാണിയിലെ കാടുകൾ. കാട്ടിലേയ്ക്ക്, ജീവനുറവിട്ട പ്രകൃതിയുടെ ഗർഭത്തിലേയ്ക്ക് ഒരു പിന്മടക്കം

ശിരുവാണിയിൽ നിന്നൊരു ദൃശ്യം

വെള്ളിങ്കിരി കൊടുംതപസ്സിലാണ്. ജടാവൽക്കലങ്ങളായി വൻമരങ്ങളും പടർപ്പുകളും ഗംഗ സമതലങ്ങളെ ലക്ഷ്യമാക്കി പൊട്ടിച്ചിരിച്ച് കിന്നരിച്ചൊഴുകുന്നു. ചന്ദ്രക്കലയിൽനിന്ന് വഴിഞ്ഞൊഴുകുന്ന പാൽനിലാവ് മഞ്ഞിൽ കുതിരുന്നു. അവ കനംവെച്ച് ഇലച്ചാർത്തുകളിലും മണ്ണിലും വീണുടയുമ്പോഴുള്ള സീൽക്കാരം. രൗദസൗന്ദര്യമൂർത്തിയായ സാക്ഷാൽ പരമശിവനാണ് ഈ മല എന്ന് സങ്കല്പിച്ച ആദിമമനുഷ്യർക്ക് നമോവാകം. ശിരുവാണിയിലെ വെള്ളിങ്കിരിമല തമിഴ്നാട്ടിലേയും കേരളത്തിലേയും ആദിവാസികൾക്ക് ഒരുപോലെ ആരാധനാമൂർത്തിയായ സാക്ഷാൽ പുരുഷനാണ്. പ്രകൃത്യാരാധനാമൂർത്തിയായ ശിവരൂപം, പ്രകൃതി പുരുഷ സംയോഗത്തിലെ പ്രഥമൻ.

തെക്കിരുന്ന് ഉഗ്രതപസ്സിലേർപ്പെട്ട ശിവനെ വടക്കിരുന്ന് കൺപാർക്കുന്ന പാർവതി. അത് പ്രകൃതിസൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവമായ കരിമല. പാർവതിയുടെ അംഗലാവണ്യവും അംഗചലനങ്ങളും ലാസ്യനടനവും വളകളും കാൽച്ചിലമ്പുകളും തീർത്ത പൊട്ടിച്ചിരികളും സാക്ഷാൽ ശിവരൂപത്തെപ്പോലും ഇരുത്തിപ്പൊറുപ്പിച്ചില്ല. വെള്ളിങ്കിരി കരിമലയെ പ്രാപിച്ചു. അനേകം ദേവവർഷങ്ങളോളം വെള്ളിങ്കിരി-കരിമല (പുരുഷ-പ്രകൃതി) സംയോഗം തുടർന്നത്രേ! അതിനിടയിൽ ഋതുക്കൾ മാറിമാറി വന്നു. അവസാനം തളർന്നവശയായ പാർവതിക്ക് ഒന്ന് സ്നാനം ചെയ്യണമെന്ന ഉത്കടമായ ആഗ്രഹമുണ്ടായി. പക്ഷേ, അതിനവിടെ കുളങ്ങളും നദികളുമുണ്ടായിരുന്നില്ല. പാർവതിയുടെ ആഗ്രഹം സാ ധിക്കുന്നതിനായി ശിവമൂർത്തി ഒരു പുൽത്തണ്ട് പറിച്ച് ജപിച്ച് മണ്ണിലേക്ക് എറിഞ്ഞു. അവിടെ ഒരു കുളം രൂപം കൊണ്ടു. അതാണ് മുത്തികുളം.(മുത്തിയെന്നാൽ ആദിവാസികളുടെ ദേവിയായ പാർവതി) മുത്തികുളത്തിൽ ഇരുവരും ജലക്രീഡകളാരംഭിച്ചു. കുളത്തിലെ ജലം ഇളകി മറിഞ്ഞ് മലമുകളിൽനിന്ന് താഴോട്ടൊഴുകി. അതാണ് മുത്തിക്കുളം വെള്ളച്ചാട്ടം എന്നാണ് പുരാവൃത്തം.

Muthikulam river
മുത്തിക്കുളം നദി

കാടിന്റെ ദേവീദേവന്മാരായ പാർവതീ-ശിവദ്വന്ദ പ്രസാദിപ്പിക്കലാണ് ജീവി തസാക്ഷാത്കാരം എന്ന് കരുതുന്നവരാണ് കാടിന്റെ മക്കൾ, ദേവതകളുടെ കോപം മഴയായും കാറ്റായും ഇടിമിന്നലായും ഹിംസ ജന്തുക്കളായുമൊക്കെ വേട്ടയാടും. പതറാതെ എല്ലാം അവരിലർപ്പിച്ച് പാറപോലെ നിൽക്കണം. എല്ലാ പ്രതിബന്ധങ്ങളും ഒഴിഞ്ഞുപോകും. കാട് അശുദ്ധമാക്കരുത്. സവർണ ഹൈന്ദവാരാധനാ രീതിയനുസരിച്ചുള്ള മഹാദേവനല്ല ആദിവാസികളുടെ ശിവസങ്കല്പം. അത് പ്രകൃതിയെ ചൈതന്യവത്താക്കുന്ന വനമൂർത്തിയാണ്. പാർവതി വനദേവതയായ മുത്തിയും. ശിവ- മുത്തിമാരും കാടിന്റെ മക്കളും ജീവിതസൗന്ദര്യം ആവോളം നുകർന്ന് സുഖശീതളിമയിൽ പുലരുന്ന കാട്, ശിവവാണി. അതത്രേ പിന്നീട് ശിരുവാണിയായത്.

Kerala Border
കേരള അതിർത്തിയിൽ നിന്നുള്ള കാഴ്ച

മണ്ണാർക്കാട് താലൂക്കിലെ അട്ടപ്പാടി മേഖലയിൽ, ഷോളയൂർ പഞ്ചായത്തിലാണ് ശിരുവാണി. പാലക്കാടുനിന്ന് 46 കി.മീ ദൂരമുണ്ട് ശിരുവാ ണിയിലേക്ക്. പശ്ചിമഘട്ട മലനിരകളിൽ, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നിത്യഹരിതവനം. കേരളത്തിന്റെ സൈലന്റ് വാലി, അട്ടപ്പാടി, അഗളി, മലമ്പുഴ, തമിഴ്നാടിന്റെ ബൂലുവംപെട്ടി, ആനക്കട്ടി കാടുകളാൽ ചുറ്റപ്പെട്ട ഹൈറേഞ്ച് പ്രദേശം. മണ്ണാർക്കാട് ടൗണിൽനിന്ന് പാലക്കാട് റൂട്ടിൽ ചിറക്കൽ പടിയിലെത്തി അവിടെനിന്ന് കാഞ്ഞിരപ്പുഴ ഡാം, പാലക്കയം വഴി വനത്തിൽ പ്രവേശിക്കുന്നതാണ് കേരളത്തിലൂടെയുള്ള ഏക സഞ്ചാരമാർഗം. എന്നാൽ കോയമ്പത്തൂരിൽ നിന്ന് അവരുടെ വനത്തിലൂടെ 36 കി.മീ. റോഡുവഴി സഞ്ചരിച്ചും ശിരുവാണിയിലെത്താം. സംസ്ഥാന അതിർത്തിയിലെ ഇരു ചെക്ക് പോസ്റ്റിലും ആവശ്യമായ രേഖകൾ കാണിച്ച് അനുമതി വാങ്ങണമെന്ന് മാത്രം. കേരളം വഴി വരുമ്പോൾ ഇഞ്ചിക്കുന്നിലാണ് ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷൻ.

ആദിവാസിവിഭാഗങ്ങളായി മുടുകരുടെയും ഇരുളടെയും ഏതാനും ഊരുകളൊഴിച്ചാൽ മനുഷ്യസ്പർശമേൽക്കാത്ത കാടുകൾ. കേരളത്തിൽ ഇത്രയും വന്യവും സാന്ദ്രവും സുന്ദരവുമായ മറ്റൊരു കൊടും കഴിഞ്ഞ 35 വർഷത്തെ വനയാത്രയ്ക്കിടയിൽ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഭക്ഷണം, വെള്ളം എന്നിവയ്ക്ക് ക്ഷാമമില്ലാത്തതുകൊണ്ടാവാം, കേരളത്തിൽ പൊതുവായിക്കാണുന്ന എല്ലാവിധ വന്യമൃഗങ്ങളും സുലഭമായുള്ള കാടാണിത്. ഔഷധസസ്യങ്ങളാലും ഉഷ്ണമേഖലാവനങ്ങളിലെ ഒട്ടുമിക്കവാറും മരങ്ങളാലും ചെടികളാലും സമ്പന്നമായ ഇടം. അതിസങ്കീർണമായ ഏറ്റിറക്കങ്ങളും ചുറ്റിവളയലുകളും നിറഞ്ഞ ഭൂപ്രദേശം (Terrain), വരണ്ട കാലാവസ്ഥയിൽ നാലു ടയറുകൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന വനപാതകൾ, 4x4 ജീപ്പുകൾ പോലുള്ള വാഹനങ്ങളാണ് യാത്രയ്ക്ക് അഭികാമ്യം. മഴക്കാലയാത്ര അപകടകരവുമാണ്. കോവിഡ് കാലത്ത് സന്ദർശകരെ അനുവദിക്കാത്തതിനാലും കനത്ത വർഷപാതത്താലും വഴികളൊക്കെ കാടുമൂടിയിട്ടുണ്ട്.

Mudugar
മുടുകർ, വളർത്തുനായ്ക്കൾക്കൊപ്പം

സാധാരണ ഏതു വനയാത്രയിലും കണ്ണുകൾ വന്യമൃഗങ്ങളെ പരതിക്കൊണ്ടിരിക്കും. പക്ഷേ, ഇത്തവണത്തെ യാത്രയിൽ എന്തെങ്കിലും അപകടങ്ങളിൽ ചെന്നുപെടുമോ എന്ന ആശങ്കയായിരുന്നു മനസ്സിൽ. കാടിന്റെ വന്യത കനംവെക്കുന്നതനുസരിച്ച് കളിചിരികൾ നിലച്ചു. ആനകളുടെ ചിന്നംവിളികളും വനപാതകളിലെ ആവി പാറുന്ന ആനപ്പിണ്ടവും മരങ്ങൾ ഒടിച്ചുകൂട്ടുന്ന ശബ്ദവുമെല്ലാം പതിവ് ധൈര്യമൊക്കെ ചോർത്തിക്കളയുന്നുണ്ടായിരുന്നു. സാധാരണ കാടുകളിൽ മൃഗസാന്നിധ്യം അല്പം അകലെനിന്നെങ്കിലും പൊതുവേ തിരിച്ചറിയാനാകും. ശിരുവാണിയിൽ തൊട്ടടുത്തെത്തിയാലേ ഇതിന് കഴിയൂ. വിശേഷിച്ച് മഴക്കാലത്ത്. വളവുതിരിഞ്ഞ് ചെന്നുകയറുന്നത് ആനക്കൂട്ടത്തിലോ കാട്ടിക്കൂട്ടത്തിലോ ആവാം. കരടികളും കടുവയും പുലികളും പലതരം കുരങ്ങുകളും ചെന്നായ്ക്കുട്ടങ്ങളും മാൻ, മയിൽ, മലയണ്ണാൻ, പാമ്പുകൾ എന്നിവയും ധാരാളമായുണ്ട്. പക്ഷികളുടെ വൈവിധ്യത്താലും സമ്പന്നമാണ് വനച്ചാർത്ത്. അടുത്തകാലംവരെ ആട്ടകളുടെ സാന്നിധ്യം കുറവായിരുന്നെങ്കിൽ ഇപ്പോൾ ഒരു ചവിട്ടടിയിൽ നൂറുകണക്കിന് നൂലട്ടകളെ എണ്ണിയെടുക്കാം.

എല്ലാത്തരം യാത്രകളും തികഞ്ഞ ജാഗ്രതയോടെ വേണം ഇവിടെ ആസൂത്രണം ചെയ്യാൻ. വനയാത്ര പരിചയമുള്ളവർക്ക് എൻട്രി പോയിന്റ് വരെ വാഹനങ്ങളിലെത്തിയശേഷം ഫോറസ്റ്റ് വാച്ചർമാരുടെ അകമ്പടിയോടെ ട്രെക്കിങ് നടത്താം. കോവിഡ് കാലത്ത് ഇതൊന്നും അനുവദിക്കുന്നില്ല.

ശിരുവാണി യാത്രയെ ഏറ്റവും ആകർഷകമാക്കുന്നത് പട്ടിയാർ ബംഗ്ലാവിലെ താമസമാണ്. ഇത്രയും സുഖസുന്ദരമായ അനുഭൂതി കേരളത്തിൽ മറ്റൊരിടത്തും ലഭിച്ചെന്നുവരില്ല. 150 വർഷത്തിലധികം പഴക്കമുണ്ട് ഈ തറവാടിയായ ബംഗ്ലാവിനെന്ന് പറയപ്പെടുന്നു. ബ്രിട്ടീഷുകാരാണി ത് നിർമിച്ചത്. ഇത്രയേറെ സാന്ദ്രമായ വനത്തിനകത്ത്, ഒരു ഗതാഗതസംവിധാന വുമില്ലാത്ത കാലത്ത്, ഇത മനോഹരമായ ഒരു സൗധം എങ്ങനെ പണിതെടുത്തുവെന്നത് അദ്ഭുതം തന്നെ. അണക്കെട്ട് നിർമാണം നടക്കുന്നതിന്റെയൊക്കെ എത്രയോ മുൻപ് പട്ടിയാർ ബംഗ്ലാവുണ്ട് എന്നുപറയുന്നു. പാറയും മരങ്ങളുമൊക്കെ കാട്ടിൽനിന്നെടുത്തതാവും. തീപിടിക്കാത്ത, ചിതലെടുക്കാത്ത, നനഞ്ഞു കുതിരാത്ത പുളിമരമാണ് ഇതിന്റെ നിർമാണത്തിനു പയോഗിച്ചത്. അപ്പോഴും ഓട്, കുമ്മായം തുടങ്ങിയ നിർമാണവസ്തുക്കൾ അവിടെയെത്തിച്ചതിനു പിന്നിലെ സാഹസികപ്രയത്നം അപാരംതന്നെ. തൊണ്ണൂറുകളുടെ അവസാനമാണ് ആദ്യമായി ഇവിടെ വന്നത്. അന്നത് തറയോടുകൾ പാകിയ മരത്തിന്റെ സീലിങ്ങുള്ള കെട്ടിടമായിരുന്നു. ഇപ്പോൾ ടൈൽ പതിച്ച്, പി.വി.സി. സീലിങ് നൽകി, മുറ്റത്ത് ഇന്റർലോക്ക് പതിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്.

Pattiyar Bunglow
പട്ടിയാർ ബംഗ്ലാവ്

ശിരുവാണി ഡാം പിന്നിട്ട് രണ്ട് കി.മീ. അധികം സഞ്ചരിക്കണം പട്ടിയാർ ബംഗ്ലാവിലേക്ക്. പതിവ് വനപാതയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ അര കി.മീ. സഞ്ചരിച്ചാൽ ബംഗ്ലാവിന്റെ ഓരത്തെത്തും. ആന കയറാതിരിക്കാൻ കിടങ്ങുണ്ടെങ്കിലും അതൊക്കെ ഇടിച്ചുനിരത്തി ആനകൾ ബംഗ്ലാവിന്റെ വളപ്പിൽ തേരാ പാരാ നടക്കുന്നത് കാണാം. അടുക്കളയിലെ ജനലരികിൽ വെച്ചിരുന്ന ഉപ്പ് ആന തുമ്പി കൈയിൽ എടുത്തുകൊണ്ട് പോയ കഥയൊക്കെ, മരിച്ചു പോയ വാച്ചർ കൃഷ്ണേട്ടൻ പറഞ്ഞുകേട്ടിട്ടുണ്ട്. ആദ്യം വരുമ്പോൾ ഇവിടെ അദ്ദേഹമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ റജിയാണ് വാച്ചർ. വാഹനം ബംഗ്ലാവിന്റെ മുറ്റ കയറ്റാൻ കിടങ്ങിന് മുകളിലെ ഇരുമ്പുപാളങ്ങളിലൂടെ സൂക്ഷ്മതയോടെ വണ്ടിയോടിക്കണം. പുറത്ത് വനത്തിൽ വാഹനങ്ങൾ നിർത്താൻ അനുവദിക്കില്ല. ആനകൾ ഒന്ന് പ്രതിഷേധിച്ചാൽ വാഹനം തടാകത്തിന്റെ അഗാധതയിൽ പതിച്ചെന്നിരിക്കും.

രണ്ട് കുടുംബമുറികളും അടുക്കളയും അനുബന്ധ സൗകര്യങ്ങളും വിശാലമായ വരാന്തയും മുറ്റവുമൊക്കെയുണ്ട് പട്ടിയാർ ബംഗ്ലാവിന്. തണുപ്പകറ്റാൻ വിറകുകത്തിക്കാനുള്ള സംവിധാനം രണ്ട് മുറിയിലുമുണ്ട്. ബംഗ്ലാവിന്റെ മുറ്റത്തോ വരാന്തയിലോ ഇരുന്നാൽ കാണുന്ന ചേതോ ഹരമായ കാഴ്ച കണ്ടവർ മറക്കുകയില്ല. മുൻപിൽ കരിമല, അവിടെനിന്ന് തലകുത്തനെ കീഴ്പ്പോട്ട് ചാടുന്ന ഒരുപാട് വെള്ളച്ചാട്ടങ്ങൾ. ഏതാണ്ട് മധ്യത്തിലായി പ്രകൃതിയുടെ അപാരത വിളിച്ചറിയിക്കുന്ന മുത്തികുളം വെള്ളച്ചാട്ടം. അനുബന്ധമായി ശോബിയാർ, സോള്ളയാർ, പട്ടിയാർ, വിരാർ, പാമ്പാർ വെള്ളച്ചാട്ടങ്ങൾ. താഴെ വെള്ളം നിറഞ്ഞുനിൽക്കുന്ന തടാകം. തടാകത്തിൽ അങ്ങിങ്ങായി മുങ്ങിനിവരാൻ കൂന്നുനിൽക്കുന്ന കൊച്ചുകുന്നുകൾ. മലയിടുക്കുകളിലെ ചോലവനങ്ങളും മൊട്ടക്കുന്നുകളും ഫ്രീക്കൻമാരുടെ ഹെയർ സ്റ്റൈലിനെ ഓർമിപ്പിക്കും.

Vellinkiri stream
വെള്ളിങ്കിരി മലയിൽനിന്ന് ഒഴുകിവരുന്ന നീർച്ചോല

കുന്നിറങ്ങിവരുന്ന കോട പ്രകൃതിയുടെ നഗ്നതയെ വെള്ളപ്പുതപ്പുകൊണ്ട് മൂടുന്നു. പുതപ്പുനീങ്ങുമ്പോൾ ലജ്ജകൊണ്ട് വിറച്ച് സീൽക്കാരശബ്ദം പുറപ്പെടുവിക്കുന്ന വൻമരങ്ങൾ. നുരഞ്ഞുപതഞ്ഞ് പതിയെ മലയിറങ്ങിവരുന്ന വെള്ളച്ചാട്ടങ്ങളുടെ ഭംഗി. അത് തീർക്കുന്ന ആരവങ്ങളും വെള്ളം തടാകത്തിൽ പതിക്കുന്നതിന്റെ മുഴക്കവും. നിർത്താതെ വീശിയടിക്കുന്ന കാറ്റിന്റെ ഇരമ്പൽ, ചന്ദ്രകളഭവും സൂര്യകിരണവും നക്ഷത്രത്തിള ക്കങ്ങളും മേഘങ്ങളും ചേർന്ന് മാറ്റി മാറ്റി വരയ്ക്കുന്ന ചിത്രങ്ങൾ. പിറകിൽ വെള്ളിങ്കിരി മലയിൽ കാറ്റുരഞ്ഞ് ധ്വനികളും പ്രതിധ്വനികളുമായി വരുന്ന വിചിത്ര ശബ്ദങ്ങൾ. സ്പ്രേ ചെയ്തപോലെ പാറിവരുന്ന മഴ നൂൽമഴയും തുള്ളിക്കൊരു കുടമായി പെയ്യുന്ന പെരുമഴയുമാകുമ്പോൾ ലോകം തന്നെ പുതുതാകുന്നു. തണുപ്പ് അസ്ഥികളിലേക്ക് അരിച്ചുകയറും. മദ്യം കഴിക്കുന്നവർ കുപ്പികൾ തിരയും. അല്ലാത്തവർ കമ്പിളിപ്പുതപ്പുകളും. വിവിധ ഋതുക്കളിൽ പട്ടിയാർ ബംഗ്ലാവിന്റെ മുറ്റത്തുനിന്നുള്ള കാഴ്ചകളും മാറും. വേനലിൽ വെള്ളച്ചാട്ടം അല്പം ക്ഷീണിക്കുമെങ്കിലും സർവപ്രതാപിയായിത്തന്നെ നിലകൊള്ളും. ഗ്രീഷ്മത്തിലും ഹേമന്തത്തിലും ശിശിരത്തിലുമൊക്കെ പലതവണ ഇവിടെ വന്ന് പ്രകൃതി സൗന്ദര്യത്തിന്റെ ഈ നിറച്ചാർത്ത് ആവോളം നുകർന്നുപോയിട്ടുണ്ട്. അപ്പോഴും മനസ്സിൽ ഒരാഗ്രഹം ബാക്കി വെച്ചിരുന്നു. വർഷകാലത്ത് ഈ കാടിനെയൊന്ന് വന്ന് കാണണം. മഴക്കുളിരിൽ വനത്തോടുചേർന്ന് കിടന്നുറങ്ങണം. മുത്തിക്കുളം വെള്ളച്ചാട്ടത്തിന്റെ രൗദ്രസൗന്ദര്യം ആസ്വദിക്കണം. കുന്നിറങ്ങിവരുന്ന ആനക്കൂട്ടങ്ങൾ, തുമ്പിക്കൈകൾ മുഷ്ടികളായി ഉയർത്തിപ്പിടിച്ച്, തടാകത്തിന് കുറുകെ നീന്തി മറ്റൊരു കുന്നിലേക്ക് കയറിപ്പോകുന്ന കാഴ്ച കാണണം.

തടാകക്കരയിലെ മൺതിട്ടയിൽ ഒരു മാനിനെ ചെന്നായ്ക്കുട്ടം വളഞ്ഞു പിടിച്ച് ജീവനോടെ ഇറച്ചി കടിച്ച് പറിച്ചെടുക്കുന്ന കാഴ്ച ബംഗ്ലാവിന്റെ മുറ്റത്ത് ഞങ്ങളൊരുമിച്ച് കണ്ടുനിന്നിട്ടുണ്ട്. കഴുത്ത് കണ്ടിച്ച് കൊന്നിട്ട് കാട്ടിയുടെ ജീർണിച്ച് പുഴുത്ത് തുടങ്ങിയ ശരീരവും അതിനരികിലായി കടുവയുടെ കാൽപ്പാടുകളും കണ്ടിട്ടുണ്ട്. കടുവകൾ അങ്ങനെയാണത്രേ. ഇരയെ പിടികൂടിയപാടേ ഭക്ഷണമാക്കില്ല. അതവിടെക്കിടന്ന് ജീർണിച്ച് പുഴുവെക്കണം. അപ്പഴേ ഭക്ഷിക്കൂ. അതിനിടയിൽ കഴുകനും പരുന്തിനും കുറുക്കനുമൊക്കെ ഭക്ഷണം ലഭിക്കും. പുറ്റുകളിൽ ചിതലിനെ തിരയുന്ന കരടിയും കൂട്ടത്തോടെ മേയുന്ന കാട്ടികളും ഒറ്റയാന്റെ ചിന്നം വിളിയുമൊക്കെ ഈ ബംഗ്ലാവിന്റെ സുരക്ഷയിൽ തന്നെ കണ്ടും കേട്ടും അനുഭവിക്കാം. "മായുന്ന സന്ധ്യകൾ മടങ്ങി വരുമോ..പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ..' എന്ന് ഒ.എൻ.വി. പാടിയത് ഇവിടെയിരുന്നാ യിരിക്കുമോ? അത്രയേറെ പക്ഷികളും പൂമ്പാറ്റകളുമൊക്കെയാണ് നമുക്ക് മുമ്പിലൂടെ പാറിപ്പറന്നും നൃത്തംവെച്ചും കടന്നുപോകുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് കരിമലയ്ക്കപ്പുറത്തെ കാട്ടിൽ ഒരു യുദ്ധവിമാനം തകർന്നു വീണ കഥ ശിരുവാണി സന്ദർശനത്തിനിടയിലൊക്കെ കേൾക്കാം. ജപ്പാന്റെ യുദ്ധവിമാനമാണ് തകർന്ന് വീണതെന്നും അത് ഇതുവരെ കണ്ടെത്താനായില്ലെന്നും ആധികാരികമായി' തന്നെ പലരും വിശദീകരിച്ചു തരും. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസികൾ വിമാനാവശിഷ്ടങ്ങൾ കണ്ടതായും ലോഹഭാഗങ്ങൾ പൊളിച്ചെടുത്ത് ആക്രിക്കടകളിൽ വില്ക്കാറുണ്ടെന്നുമൊക്കെ കഥ നീളും. നിജ സ്ഥിതിയൊന്നറിയണം എന്ന് കരുതി അന്വേഷിച്ച് ചെന്നപ്പോൾ വിമാനം തകർന്നത് കഥയല്ലെന്നും വസ്തുത തന്നെയാണെന്നും മനസ്സിലായി. സുലൂർ വ്യോമസേനാത്താവളത്തിൽ നിന്ന് കൊച്ചി നേവൽബേസിലേക്ക് പറന്ന ബ്രിട്ടീഷ് യുദ്ധവിമാനം കാറ്റിൽപെട്ട് നിലതെറ്റി മലയിലിടിച്ച് തകരുകയായിരുന്നു. രണ്ട് ബ്രിട്ടീഷ് വൈമാനികരാണ് വിമാനത്തിലുണ്ടായിരുന്നത്. അന്ന് തന്നെ ആദിവാസികളുടെ സഹായത്തോടെ കൊടുംവനത്തിൽ തിരച്ചിൽ നടത്തി മൃതദേഹങ്ങൾ കണ്ടെടുത്തതാണ്. വിമാനാവശിഷ്ടങ്ങൾ വീണ സ്ഥലത്ത് എത്തിച്ചേരൽ അതീവ ദുഷ്കരമാണെങ്കിലും ആദിവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരുമൊക്കെ പലപ്പോഴായി അവിടെ പോയിട്ടുമുണ്ട്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വനം വകുപ്പിന്റെ അനുമതിയോടെ ഒരു ചരിത്രാന്വേഷണ യാത്രയുടെ സ്കോപ്പ് ഇനിയും അവശേഷിക്കുന്നുമുണ്ട്.

ഇനി മലയിറക്കം. മടക്കയാത്ര ആരംഭിക്കുകയാണ്. കാടിന്റെ സ്വച്ഛതയിൽനിന്ന് നാടിന്റെ പൊടിയിലേക്കും വിയർപ്പിലേക്കും തിരക്കിലേക്കുമൊക്കെയുള്ള പടിയിറക്കം ദുഃഖമുണ്ടാക്കുന്നുണ്ട്. പക്ഷേ, അതൊരനിവാര്യതയാണ്. കാടിനെ ഇത്രമാത്രം സ്നേഹിക്കുമ്പോഴും നാം സാധാരണ മനുഷ്യർക്ക് എത്രകാലം കാട്ടിൽ ജീവിക്കാനാകും? സൗന്ദര്യാനുഭൂതികൾ മടുപ്പിന് വഴിമാറും. കാലാവസ്ഥയും അസൗകര്യങ്ങളും വീർപ്പുമുട്ടിക്കും. ഫോണിന് സിഗ്നൽ ലഭിക്കാതെ ഇന്റർനെറ്റ് ബന്ധങ്ങളില്ലാതെ നാം ആധുനിക മനുഷ്യർക്ക് എത്രകാലം ജീവിക്കാൻ കഴിയും? അപ്പോൾ നാട് മാടി വിളിക്കും.

Siruvani Dam backside
ശിരുവാണി ഡാമിന്റെ മറുപുറം

കാട്ടിലെ മനുഷ്യർക്കും ഇത് ബാധകമാണ്. നിയോൺ വിളക്കുകൾ കത്തിനിൽക്കുന്ന, വാഹനങ്ങൾ ഇരമ്പിപ്പായുന്ന, പലതരം ഉത്പന്നങ്ങൾ നിറഞ്ഞ അങ്ങാടികളൊക്കെ അവരെ മോഹിപ്പിക്കുന്നുണ്ടാകും. പക്ഷേ, ആദ്യത്തെ കൗതുകങ്ങൾ അവസാനിക്കുമ്പോൾ അവർക്കും മടുക്കും. കാടിന്റെ സ്വച്ഛതയിലേ അവർക്ക് ജീവിക്കാൻ കഴിയൂ. അതേ,പ്രകൃതി ദ്വന്ദ്വാത്മകമാണ്. വിരുദ്ധങ്ങളായോ വിപരീതങ്ങളായോ നമുക്ക് തോന്നു ന്നതൊന്നും അങ്ങനെയാവണമെന്നില്ല. ഒരേ ഉൺമയുടെ പ്രകാശനങ്ങളും പ്രകടനങ്ങളും (Manifestations) തന്നെയായിരിക്കാം അവ.

ഒരുതരത്തിലുള്ള യാത്രകളും പൂർണമല്ല. ഓരോ തവണ വരുമ്പോഴും എന്തെങ്കിലുമൊന്ന് ബാക്കി വെച്ചുകൊണ്ടേ നിങ്ങൾക്ക് തിരിച്ചുപോകാൻ കഴിയൂ. മഴക്കാല സൗന്ദര്യാനുഭൂതികളുടെ പേരിലാണ് ശിരുവാണി ഇത്തവണ തിരിച്ചുവിളിച്ചതെങ്കിൽ, അടുത്തതിന് പുതിയ കാരണങ്ങളുണ്ടാകും. പുതിയ ആഗ്രഹങ്ങൾ കിളിർക്കുന്നു. ശിങ്കപ്പാറയിൽ നിന്ന് 17 കി.മീ. അകലെ മുത്തിക്കുളം വെള്ളച്ചാട്ടം ആരംഭിക്കുന്ന കരിമലയുണ്ട്. ഒമ്പതു കിലോമീറ്റർ കൊടുംവനത്തിലൂടെ കാൽനടയായി സഞ്ചരിച്ച് അവിടെയെത്താം. അപ്പുറത്തെ കാട്ടിൽ തകർന്നു വീണ വിമാനത്തിന്റെ അവശി ഷങ്ങളുണ്ട്. കുത്തനെയുള്ള മലകൾ കയറി, കാടിന്റെ സൗന്ദര്യമാസ്വദിച്ച് നടന്ന് അവിടംവരെ ചെല്ലണം. ആനകളും കടുവകളും മേയുന്ന കാട്ടിൽ ടെന്റടിച്ച് അവരോടൊപ്പം ഒരുനാൾ കഴിയണം. ഇനിയും വരും, ഈ വനച്ചാർത്തിന്റെ കുളിരിലേക്ക്.

ശിരുവാണിയുടെ കഥ

കേരളത്തിൽ നിന്നുദ്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദിയാണ് ശിരുവാണി. ഒടുവിൽ കാവേരിനദിയുമായി ചേർന്നൊഴുകുന്ന ഭവാനിയുടെ കൈവഴി. കരിമലയിൽനിന്നുള്ള മുത്തികുളം വെള്ളച്ചാട്ടവും അതിനുമുകളിലെ മലനിരകളുമാണ് മുഖ്യ ജലസ്രോതസ്സ്. കോയമ്പത്തൂർ ജില്ലയ്ക്ക് ഇവിടെ നിന്ന് വെള്ളമെത്തിക്കാനുള്ള നീക്കങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലേ സജീവമായിരുന്നു. കോയമ്പത്തൂർ കളകറുൾപ്പെടെയുള്ളവരാണ് അതിന് മുൻകൈയെടുത്തത്. എന്നാലത് ഭവാനിയിലെ നീരൊഴുക്കിനെ ബാധിക്കുമെന്നും മദിരാശി സംസ്ഥാന ത്തിലെ ഈറോഡ്, തിരുപൂർ ജിലകളിലെ കൃഷിയെ ബാധിക്കുമെന്നുമുള്ള ആശങ്കകൾ നിലനിന്നിരുന്നു.

1915-ൽത്തന്നെ ഇവിടെ 23 അടി മാത്രം ഉയരമുള്ള മേസൺറി ഗ്രാവിറ്റി ഡാം പണിയാനുള്ള നീക്കമുണ്ടായിരുന്നതായും എതിർപ്പുകളെത്തുടർന്ന് നടക്കാതെ പോയതായും പറയപ്പെടുന്നു. 1927-ൽ പണി പുനരാരംഭിച്ചു. ഇവിടെ എത്തിച്ചേരാനുള്ള പ്രയാസം, വന്യമൃഗങ്ങളുടെ ആധിക്യം, പ്രതികൂലമായ കാലാവസ്ഥ എന്നിവ നിമിത്തം നിർമാണം നീണ്ടുനീണ്ടുപോകുകയായിരുന്നു.

തോക്കേന്തിയ കാവൽക്കാർ കുതിരപ്പുറത്ത് സഞ്ചരിച്ച് വഴിയൊരുക്കിയാണ്, ഇരുട്ട് പള്ളത്ത് താമസിപ്പിച്ച തൊഴിലാളികളെ നിർമാ ണസ്ഥലത്തെത്തിച്ചത്. നിർമാണ പ്രവൃത്തികൾക്ക് ഗതിവേഗം കൈവന്നത് സ്വാതന്ത്ര്യാനന്തരമാണ്. തമിഴ്നാടും കേരളവും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ നിർമാണച്ചെലവുകൾ തമിഴ്നാട് വഹിക്കാനും കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കകത്ത്, കേരളം അണകെട്ടി കോയമ്പത്തൂർ ജില്ലയ്ക്ക് കുടിവെള്ളം നൽകാനും ധാരണയായി. ശിരുവാണി അണക്കെട്ടിന് ഷട്ടറുകളില്ല. ടണൽ വഴിയാണ് വെള്ളം കൊണ്ടുപോകുന്നത്. അധിക ജലം കവിഞ്ഞൊഴുകും. ഡാമിന്റെ തമിഴ്നാട് ഭാഗത്തുള്ള പ്രവേശനകവാടം കേരളീയ വാസ്തുശില്പമാതൃകയിലും കേരളത്തിന്റെ പ്രവേശനകവാടം തമിഴ് ശൈലിയിലുമാണ് പണിതിട്ടുള്ളത്. 1973-ൽ നിർമാണപ്രവൃത്തികൾ പുനരാരംഭിച്ചു. 84-ൽ കമ്മിഷൻ ചെയ്തു. പക്ഷേ, ഇതുവരെ ഉദ്ഘാടനം നടന്നിട്ടില്ല. 84-ൽത്തന്നെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനംചെയ്യാൻ തീയതി നിശ്ചയിച്ചിരുന്നു. അതിനിടയിലാണ് അവർ കൊല്ലപ്പെടുന്നത്. ഇപ്പോൾ കോയമ്പത്തൂർ ജില്ലയ്ക്ക് ദാഹജലം നൽകുന്ന പദ്ധതിയാണ് ശിരുവാണി.

Siruvani Dam
ശിരുവാണി ഡാം

അണക്കെട്ടിൽ നിന്ന് മൂന്നു കി.മീ. തമിഴ്നാട് ഭാഗത്തേക്ക് സഞ്ചരിച്ചാൽ തടാകത്തിൽ തമിഴ്നാടിന്റെ പമ്പിങ് സ്റ്റേഷൻ കാണാം. അവിടെനിന്ന് രണ്ടു കി.മീ. കൂടി ദുർഘടമായ വനപാതയിലൂടെ സഞ്ചരിച്ചാൽ കേരള -തമിഴ്നാട് അതിർത്തിയായി. അവിടെ ഇരുസംസ്ഥാനങ്ങളിലെയും വനംവകുപ്പ് ചെക്ക് പോസ്റ്റുകൾ കാണാം. അതിർത്തിയിലെ പുല്ലുനിറഞ്ഞ മല കേരളമേട് എന്നാണറിയപ്പെടുന്നത്. നടന്നുകയറി അതിന്റെ മണ്ടയിലെത്തിയാലുള്ള കാഴ്ച അതിമനോഹരമാണ്. കോയമ്പത്തൂർ ജില്ലയും ശിരുവാണിക്കാടുകളും താഴ്വാരവുമൊക്കെ ഇവിടെനിന്ന് കാണാം. ശക്തമായ കാറ്റാണിവിടെ. ഇരുസംസ്ഥാനങ്ങളുടെയും അതിർത്തിയിൽ ഒരു “മണികെട്ടിയാലുണ്ട്. അതായിരുന്നു സംസ്ഥാനാതിർത്തിയായി കണക്കാക്കിയിരുന്നത്. പണ്ട് കൊല്ലങ്കോട് രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. അദ്ദേഹവും നാടുവാഴികളും നായർ പടയാളികളോടൊപ്പം കുതിരപ്പുറത്തു വന്ന് ഈ ആലിൽ മണികെട്ടി അതിർത്തി പ്രഖ്യാപിച്ചതാണ്. അങ്ങനെയാണ് ഇവിടം "മണികെട്ടിയാൽ ആയത്. കേരള ഫോറസ്റ്റിന്റെ അനുമതി മാത്രം വാങ്ങി വരുന്നവരെ തമിഴ്നാട്ടിലേക്കു കടക്കാൻ അവർ അനുവദിക്കാറില്ല. എന്നാൽ, അവരുടെ ഉദ്യോഗസ്ഥരിൽ നിന്ന് പ്രത്യേകാനുമതി ലഭിച്ചാൽ യാത തുടരാം.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ശിരുവാണിയാത്ര വനംവകുപ്പ് പ്രോത്സാഹിപ്പിക്കാറില്ല. പട്ടിയാർ ബംഗ്ലാവിലെ താമസത്തിന് തിരുവനന്തപുരം വനശ്രീയിൽ നിന്ന് ഓൺലൈനായി ബുക്കിങ് അനുവദിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ നിലവിൽ വന്നതോടെ അത് നിർത്തി. ഇപ്പോൾ മണ്ണാർക്കാട് ഡി.എഫ്.ഒ.ആണ് കസ്റ്റോഡിയൻ. ആവശ്യം പരിഗണിച്ച് താമസം അനുവദിക്കാറുണ്ട്.

ബന്ധപ്പെടേണ്ട നമ്പർ: 9447979066

LOCATION

The sprawling forest, which merges with the woods of Tamilnadu, is home to the popular tourist destination of Palakkad district – Siruvani dam site.
Siruvani offers both jungle safari and trekking together.

GETTING THERE

By Road: Mannarkkad is the nearest town,which is about 38 kms from Palakkad Bus Station.

By Rail: Palakkad Railway Station (47 km)

Yathra Subscription
യാത്ര വാങ്ങാം

SITES AROUND

  1. Safari to Keralamedu
  2. Silentvalley national park
  3. Parambikulam Tiger Reserve
CONTACT

Divisional Forest Officer Mannarkkad : +91 4924 222574

(മാതൃഭൂമി യാത്ര 2021 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section
Most Commented