Photo: instagram.com/shraddhasrinat
അസര്‍ബയ്ജാന്‍ യാത്രയുടെ വിശേഷങ്ങളുമായി എത്തിയിരിക്കയാണ് തെന്നിന്ത്യന്‍ താരമായ ശ്രദ്ധ ശ്രീകാന്ത്. യാത്രയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ യാത്ര അനുഭവങ്ങളുടെ ഒരു നീണ്ട കുറിപ്പും ഇവയോടൊപ്പമുണ്ട്.
"അസര്‍ബയ്ജാനിലെ വെയിറ്റര്‍മാര്‍ മിടുക്കന്‍മാരാണ്. അവര്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ച് രണ്ട് കുപ്പി വൈനും രണ്ട് തരം ഡെസേര്‍ട്ടുകളും നിങ്ങളെകൊണ്ട് വാങ്ങിപ്പിക്കും. മുറി ഇംഗ്ലീഷും മനോഹരമായ ചിരിയുമാണ് അവരുടെ ആയുധങ്ങള്‍. വൈനും ഡെസേര്‍ട്ടും കൂടിപ്പോയാല്‍ ആര്‍ക്കാണ് പരാതിയുണ്ടാവുക?" - ശ്രദ്ധ കുറിയ്ക്കുന്നു.
ഒരു കിടിലന്‍ അസ്‌രി ഭക്ഷണവും റഷ്യന്‍ ഭക്ഷണവും കഴിച്ചു. എത്ര മനോഹരമായ റെസ്റ്റോറന്റുകളാണിവിടെ. പിന്നെ പൂച്ചകള്‍. ഒരുപാട് പൂച്ചകളുമുണ്ട്. ചില പൂച്ചകള്‍ പെട്ടെന്ന് കൂട്ടാവും. മറ്റു ചില പൂച്ചകള്‍ നമ്മളെ ശ്രദ്ധിക്കുകപോലുമില്ല. ആകെ ഈ രണ്ട് വിഭാഗം പൂച്ചകള്‍ മാത്രമേ ഇവിടെ ഉള്ളുവെന്ന് തോന്നുന്നു. തലസ്ഥാനമായ ബാകുവിന് പുറത്ത് ഇപ്പോഴും സോവിയറ്റ് ഛായയാണ്. അസഹ്യമായ തണുപ്പുമുണ്ട്. എന്നാല്‍ നഗരത്തിനുള്ളിലേക്ക് കടന്നാല്‍ മുഴുവന്‍ ആഘോഷങ്ങളാണ്. മനോഹരമായ വലിയ പാര്‍ക്കുകളും കോഫീ ഷോപ്പുകളും റോഡുകളുമെല്ലാമാണ്.
എല്ലായിടത്തും പോലീസുകാരുടെ സാന്നിധ്യമാണ്. അവര്‍ സഹായ മനസ്സുള്ളവരുമാണ്. ഞങ്ങളുടെ ഡ്രൈവര്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന അസര്‍ബൈജാന്‍-അര്‍മേനിയ യുദ്ധത്തില്‍ പങ്കെടുത്തയാളാണ്. അതിന്റെ മെഡലുകള്‍ അദ്ദേഹം അഭിമാനത്തോടെ കാണിച്ച് തന്നുവെന്നും ശ്രദ്ധ കുറിച്ചു. ബാകുവിലെ റെസ്‌റ്റോറന്റുകളില്‍ നിന്ന് ഭക്ഷണവും വൈനും കഴിക്കുന്നതിന്റെ ചിത്രങ്ങളും പൂച്ചകളോടൊപ്പമുള്ള വീഡിയോയുമെല്ലാം ശ്രദ്ധ പങ്കുവെച്ചിട്ടുണ്ട്.
കന്നഡ, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായ ശ്രദ്ധ മലയാള ചിത്രമായ കോഹിനൂരിലും ആറാട്ടിലും അഭിനയിച്ചിട്ടുണ്ട്.
മലയാളികളുടെയും പ്രിയപ്പെട്ട അസര്‍ബൈജാന്‍
ഇന്ത്യക്കാര്‍ക്കും പൊതുവെ മലയാളികള്‍ക്കും പ്രിയപ്പെട്ട രാജ്യമാണ് അസര്‍ബയ്ജാന്‍. യൂറോപ്പിലെ അതേ അനുഭവം നല്‍കുന്ന രാജ്യമാണ് മുമ്പ് സോവിയറ്റ് യൂണിയനില്‍നിന്നു വിട്ടുപോന്ന അസര്‍ബയ്ജാന്‍. കാണാന്‍ സുന്ദരം, വിസ കിട്ടാന്‍ എളുപ്പം, യാത്രച്ചെലവ് കുറവ്... അസര്‍ബയ്ജാനെ ഇഷ്ടപ്പടാന്‍ ഇതൊക്കെയാണ് കാരണങ്ങള്‍.
അപേക്ഷിച്ചാല്‍ കാലതാമസമില്ലാതെ വിസകിട്ടുമെന്നതാണ് അസര്‍ബയ്ജാന്റെ പ്രത്യേകത. ഏപ്രില്‍മുതല്‍ ഒക്ടോബര്‍ പകുതിവരെ നല്ല തിരക്കാണിവിടെ. നവംബറിലെ മഞ്ഞുകാണാനും സഞ്ചാരികളുണ്ടാകും. അസര്‍ബയ്ജാന്റെ തലസ്ഥാനനഗരമായ ബാകു ആണ് ഏറ്റവും മനോഹരം. കാസ്പിയന്‍കടലിന് അടുത്താണ് ഈ നഗരം. വീതിയുള്ള റോഡുകളും മനോഹരങ്ങളായ കെട്ടിടങ്ങളും ലണ്ടന്‍ ടാക്‌സിയും കേബിള്‍ കാറുമൊക്കെ യാത്രക്കാര്‍ക്കിഷ്ടപ്പെടും. മൂന്നു രാത്രിയുള്‍പ്പെട്ട സന്ദര്‍ശനത്തിന് യാത്ര, ഭക്ഷണം, താമസം ഉള്‍പ്പെടെ വേണ്ടിവരുക പരമാവധി 80,000 രൂപയാണ്. അഞ്ചുദിവസത്തേക്ക് 90,000 രൂപവരെ വേണ്ടിവരും. യാത്രക്കാരുടെ തിരക്കേറുമ്പാള്‍ നിരക്കില്‍ നേരിയമാറ്റമുണ്ടാകും. പൊതുവെ കുറഞ്ഞ ചെലവാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകം.
Content Highlights: shraddha srinath azerbaijan travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..