Photo: instagram.com/_saniya_iyappan_
നിരന്തരമെന്നോണം യാത്ര ചെയ്യുന്ന സിനിമ താരങ്ങളിലൊരാളാണ് സാനിയ ഇയ്യപ്പന്‍. സിനിമ തിരക്കുകള്‍ ഇല്ലാത്ത സമയത്തെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒറ്റക്കും സുഹൃത്തുക്കളുടെ കൂടെയും യാത്ര ചെയ്യലാണ് താരത്തിന്റെ പ്രിയപ്പെട്ട വിനോദം. ഓസ്‌ട്രേലിയ, ദുബായ്, യൂറോപ്പ് എന്നിങ്ങനെ സാനിയ നടത്തുന്ന യാത്രകളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ കൊടും കാടുകളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും തനിച്ച് യാത്രചെയ്യുകയാണ് സാനിയ. സാനിയയുടെ പിറന്നാള്‍ ആഘോഷവും കെനിയയിലായിരുന്നു.
ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി കേന്ദ്രവും വനമേഖലയുമായ മസായി മാരയില്‍ നിന്നുള്ള ചിത്രങ്ങളാണ് സാനിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജിറാഫും കാണ്ടാമൃഗവും സിംഹവും സീബ്രകളും ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളോടൊപ്പമുള്ള സാനിയയുടെ ചിത്രങ്ങള്‍ ഹിറ്റായിക്കഴിഞ്ഞു. മസായി മാരയിലെ പ്രശസ്തമായ സഫാരിയില്‍ നിന്നുള്ള ചിത്രങ്ങളാണിവ. സിംഹങ്ങളും ചീറ്റകളുമുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ക്കിടയിലൂടെയാണ് വാഹനത്തിലും നടന്നുമൊക്കെയായി സാനിയയുടെ യാത്ര.
നേരത്തെ മാസായി മാരയിലെ ഗോത്രജനതയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം സാനിയ പോസ്റ്റ് ചെയ്തിരുന്നു. കെനിയയിലെ ഒരു റെസ്‌റ്റോറന്റില്‍ കെനിയന്‍ സ്‌റ്റൈലിലുള്ള പിറന്നാളോഘഷവും നടന്നിരുന്നു. കേരള സ്‌റ്റൈലില്‍ സാരിയണിഞ്ഞായിരുന്നു സാനിയ കേക്ക് മുറിച്ചത്. കെനിയന്‍ സ്വദേശികള്‍ അവരുടെ ഭാഷയില്‍ സാനിയക്ക് പിറന്നാള്‍ ആശംസിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ഏത് പെണ്‍കുട്ടിയും ജീവിക്കാനാഗ്രഹിക്കുന്ന ജീവിതമാണ് സാനിയ ജീവിക്കുന്നതെന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധികയുടെ കമന്റ്. തന്റെ 21ാം പിറന്നാളാണ് കെനിയയില്‍ സാനിയ ആഘോഷിച്ചത്.
മസായി മാര | ലോകത്തിലെ ഏഴാമത്തെ അത്ഭുതം
സഞ്ചാരികളുടെയും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെയും സ്വപ്‌നസ്ഥലമാണ് മസായി മാര. ആഫ്രിക്കന്‍ കാടുകളുടെ വന്യതയും വന്യജീവികളുടെ ശൗര്യവുമെല്ലാം നേരിട്ട് അറിയാന്‍ ഇതിലും മികച്ചൊരു ഡെസ്റ്റിനേഷന്‍ ഈ ഭൂമിയിലില്ലെന്ന് പറയാം. ലോകത്തിലെ ഏറ്റവും മികച്ച സംരക്ഷിത ദേശീയോദ്യാനമായ മസായി മാരയുടെ വന്യജീവി വൈവിധ്യം ആരെയും ഭ്രമിപ്പിക്കുന്നത്രയും അതിശയകരമാണ്.

ലോകത്തിലെ ഏഴാമത്തെ ആധുനിക അത്ഭുതമെന്നാണ് മാസായി മാരയെ വിശേഷിപ്പിക്കുന്നത്. പാര്‍ക്കിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ തന്നെ ഇങ്ങനെ വിശേഷിപ്പിക്കാനുള്ള കാരണം ഏതൊരാള്‍ക്കും മനസ്സിലാവും. നൂറുകണക്കിന് അപൂര്‍വ പക്ഷികള്‍, നൂറായിരം വന്യജീവികള്‍, അതിസുന്ദരമായ താഴ്‌വരകളും മലനിരകളും. നിറങ്ങളുടെ മേല്‍ക്കൂരപോലെ നീല ആകാശം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധമാണ് മാസായി മാരയുടെ മറ്റൊരു അപൂര്‍വത. വന്യജീവികള്‍ക്കൊപ്പം കാടിനുള്ളില്‍ തന്നെയാണ് മസായി ജനതയും വസിക്കുന്നത്. പ്രകൃതിയെ ഒരു തരത്തിലും ഉപദ്രവിക്കാതെ വന്യജീവിക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിന് ഇതിലും മികച്ചൊരു ഉദാഹരണം ഭൂമിയിലുണ്ടാകില്ല. മാസായി ഗോത്രജനതയും അവരുടെ ജീവിത രീതികളുമെല്ലാമാണ് മറ്റൊരു ആകര്‍ഷണം.

കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ നിന്ന് 400 കിലോമീറ്റര്‍ അപ്പുറത്താണ് മസായി മാര. കെനിയയിലെ നാരക് കൗണ്ടിയിലുള്ള ഒരു സംരക്ഷിത വനമേഖലയാണിത്. ദ ഗ്രേറ്റ് മൈഗ്രേഷന്‍ എന്ന പേരിലറിയപ്പെടുന്ന മൃഗങ്ങളുടെ മഹാദേശാടനം മാസായി മാരയിലെ അത്യപൂര്‍വമായ കാഴ്ചയാണ്. ഈ മനോഹരമായ കാഴ്ച കാണാനും പകര്‍ത്താനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫോട്ടോഗ്രാഫര്‍മാരും സഞ്ചാരികളും ഇവിടെയത്തും. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഈ മഹാദേശാടനക്കാലം. ലക്ഷക്കണക്കിന് വൈല്‍ഡ് ബീസ്റ്റുകള്‍ കൂട്ടത്തോടെ ടാന്‍സാനിയയില്‍ നിന്ന് മണല്‍നദി കടന്ന് കെനിയയിലേക്ക് കൂട്ടപ്രയാണം നടത്തും. ഒപ്പം കൂട്ടംതെറ്റിയ സീബ്രകളുമുണ്ടാവും. മാരാനദി കടക്കുമ്പോള്‍ ഇവയെ പിടിക്കാന്‍ മുതലകള്‍ കാത്തിരിപ്പുണ്ടാവും. നദി കടന്നാല്‍ സിംഹവും ചീറ്റകളുമുണ്ടാവും. ആക്ഷന്‍ ഫോട്ടോകള്‍ കിട്ടാന്‍ ഫോട്ടോഗ്രാഫര്‍മാരും ഇവിടെ പതുങ്ങിയിരിക്കും. മസായി മാരയിലെ ജൈവവ്യവസ്ഥയെ നിലനിര്‍ത്തുന്നത് ഈ മൈഗ്രേഷനാണ്.
Content Highlights: saniya iyappan kenya travel masai mara national park
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..