റിഗി
സ്വിറ്റ്സര്‍ലാന്‍ഡിലെ മലകളുടെ രാജ്ഞിയായ റിഗി കുള്മില് എത്തിച്ചേരുവാന്‍ പല വഴികളുണ്ട്. അതില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും ആകര്‍ഷകമായത് ലുസേണില്‍ നിന്ന് ഫിയര്വാള്ഡ്സ്റ്റെറ്റര് തടാകത്തിലൂടെ വിറ്റ്സ്നാവു വരെ ബോട്ടില്‍ യാത്ര ചെയ്ത് അവിടെ നിന്ന് റിഗിബാനില് കയറുന്നതാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് സ്വിറ്റ്സര്‍ലാന്‍ഡ് സന്ദര്‍ശിക്കുവാന്‍ വരുന്നവര്‍ സ്വിസ്സ് ട്രാവല്‍ പാസ്സ് എടുക്കുന്നതാണ് കൂടുതല്‍ ആദായം. വണ്‍ഡേ പാസ്സോ, സ്വിസ്സ് ട്രാവല്‍ പാസ്സോ ഉണ്ടെങ്കില്‍ റിഗിമൗണ്ടില് മാത്രമല്ല മറ്റു പല മലകളിലും ട്രെയിനിലും ഷിപ്പിലും ബസ്സിലും ട്രാമിലും സ്വിറ്റ്സര്‍ലാന്‍ഡ് ഒട്ടാകെ സഞ്ചരിക്കുവാന്‍ വേറെ ടിക്കറ്റൊന്നും എടുക്കേണ്ടതില്ല.
വിറ്റ്സ്നാവു ബോട്ട് ജട്ടിക്ക് സമീപം തന്നെയാണ് റിഗിബാന് സ്റ്റേഷന്. ബോട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മലമുകളിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറായി ഒരു ട്രെയിന്‍ സ്റ്റേഷനില്‍ ഞങ്ങളെ കാത്ത് കിടപ്പുണ്ടായിരുന്നു. ടിക്കറ്റ് ചെക്ക് ചെയ്ത് ഒരോരുത്തരെയായി ട്രെയിനില്‍ കയറ്റി. അധികം താമസിയാതെ ഞങ്ങള്‍ കയറിയ ട്രെയിന്‍ പുറപ്പെട്ടു. കുത്തനെയുള്ള കയറ്റങ്ങള്‍, ഇരുവശങ്ങളിലുമായി ഗംഭീര കാഴ്ചകള്‍, മലകള്‍, മേഘങ്ങള്‍, മരങ്ങള്‍, തടാകങ്ങള്‍, കാട്ടുപൂക്കളാല്‍ വര്‍ണ്ണാഭമായ പുല്‍മേടുകള്‍ അവയില്‍ മേയുന്ന പശുക്കള്‍.
മലമുകളില്‍ എത്തിയപ്പോള്‍ സ്വര്‍ഗ്ഗത്തിലോ നമ്മള് സ്വപ്നത്തിലോ, സങ്കല്പ ഗന്ധര്വലോകത്തിലോ എന്ന് കവി പാടിയ അവസ്ഥയിലായി. വാനവും മേഘങ്ങളും ഭൂമിയും ഒത്തുചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഇന്ദ്രജാലം നയനമനോഹരം. മണ്ണും വിണ്ണും തഴുകിയൊഴുകി വരുന്ന തടാകകുളിര്കാറ്റേറ്റ് ആവേശത്തോടെ ആഹ്ലാദത്തോടെ ഉന്മാദത്തോടെ സഞ്ചാരികള്‍ക്ക് അവിടമാകെ പാറിപ്പറന്ന് ഉല്ലസിക്കാം. ലോകത്തിന്റെ അവസാന ഒരു അറ്റത്ത് എത്തിയ പ്രതീതി. റിഗി നീ എത്ര മനോഹരി..

.jpeg?$p=aef4c99&f=1x1&w=284&q=0.8)
.jpeg?$p=c3da191&q=0.8&f=16x10&w=284)

.jpeg?$p=dc4a3be&q=0.8&f=16x10&w=284)
+7
മധ്യ സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വതനിരകളിലാണ് റിഗിപര്വ്വത ശ്രേണി സ്ഥിതിചെയ്യുന്നത്, ഇത് ഷ്വിസ്, ലുസേണ്‍ സംസ്ഥാനങ്ങളെ തമ്മില്‍ വിഭജിക്കുന്നു. ലൂസേണ്‍ തടാകം, സുഗ് തടാകം, ലൗവേര്‍സ് തടാകം എന്നീ ജലാശയങ്ങളാല്‍ ഈ പര്‍വ്വത ശ്രേണിയുടെ ഭൂരിഭാഗവും ചുറ്റപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1798 മീറ്റര്‍ ഉയരത്തില്‍ റിഗി കുളും എന്ന് പേരിട്ടിരിക്കുന്ന പ്രധാന ഉച്ചകോടി സ്ഥിതിചെയ്യുന്നത് ഷ്വിസ് സംസ്ഥാനത്തിലാണ്. ഈ പ്രദേശം മുഴുവന്‍ ശൈത്യകാലത്ത് സ്കീയിംഗിനും, സ്കേറ്റിംഗിനും, വേനല്‍ക്കാലത്ത് കാല്‍നടയാത്രയ്ക്കും നിരവധി കായിക വിനോദങ്ങള്‍ക്കും വണ്‍ഡേ പിക്നിക്കിനുമായി ഉപയോഗിക്കുന്നു. ദിവസേന ധാരാളം ടൂറിസ്റ്റുകള്‍ ഇവിടെ എത്തുന്നുണ്ട്.
പെയിന്റിംഗുകളിലും സാഹിത്യ പ്രസിദ്ധീകരണങ്ങളിലും ഉള്‍പ്പെടെ നിരവധി കലാസൃഷ്ടികളിലും റിഗിമൗണ്ട് അവതരിപ്പിച്ചിട്ടുണ്ട്. റിഗിയുടെ ഏറ്റവും പ്രശസ്തമായ പെയിന്റിംഗുകള്‍ ജെ.എം ഡബ്ല്യു ടര്ണറുടെതാണ്. അതില്‍ ബ്ലൂ റിഗി, സണ്‍റൈസ് എന്നിവ പ്രശസ്തമാണ്. റിഗിയുടെ മറ്റു പല ചിത്രങ്ങളും ലണ്ടനിലെ ടേറ്റ് ബ്രിട്ടന് ആര്‍ട്ട് ഗാലറിയുടെ ശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 1870കളുടെ അവസാനത്തില്‍ മാര്‍ക്ക് ട്വയിന് മദ്ധ്യയൂറോപ്പില് നടത്തിയ പര്യടനത്തില്‍ റിഗി സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എ ട്രാംപ് എബ്രോഡിന്റെ 28ആം അധ്യായത്തില്‍ റിഗിമണ്ട് യാത്രയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന റിഗി പര്‍വ്വതത്തിലേക്ക് ലൂസേണ്‍, സൂറിച്ച് എന്നിവിടങ്ങളില്‍ നിന്ന് വേഗത്തിലും എളുപ്പത്തിലും എത്തിച്ചേരാനാകും. യൂറോപ്പിലെ ആദ്യത്തെ കോഗ് വീല്‍ ട്രെയിന്‍ 1871 ല്‍ ഇവിടെയാണ് ആരംഭിച്ചത്. സ്വിസ്സ് ജനതയുടെ പ്രിയപ്പെട്ട ഒരു പര്വതകേന്ദ്രമാണിത്. വര്‍ഷത്തില്‍ 365 ദിവസവും റിഗി മൗണ്ട് സന്ദര്‍ശിക്കാം. 120 കിലോമീറ്റര്‍ ഹൈക്കിംഗ് പാതകള്‍ ഉള്‍പ്പെടെ ഒട്ടേറേ ഔട്ട്ഡോര്‍ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.
ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള വാരാന്ത്യങ്ങളില്‍ പബ്ലിക് നോസ്റ്റാള്‍ജിയ യാത്രകള്‍ ഷെഡ്യൂള്‍ ചെയ്തുകൊണ്ട് ആദ്യകാലങ്ങളിലെ നിരവധി ട്രെയിനുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ആവി ലോക്കോമോട്ടീവുകള്‍ മലമുകളിലേക്കുള്ള ഒരു യാത്രയ്ക്കായി ഏകദേശം 500 കിലോ കല്‍ക്കരിയും 2,200 ലിറ്റര്‍ വെള്ളവും ഉപയോഗിക്കുന്നു. വെഗ്ഗിസില് നിന്നുള്ള ആധുനിക പനോരമിക് കേബിള്‍ കാറും, റിഗി റെയില്‍വേയും ഓരോ വര്‍ഷവും ആറുലക്ഷം വിനോദസഞ്ചാരികളെയാണ് മലമുകളില്‍ എത്തിക്കുന്നത്.
വിശാലമായ കാഴ്ചകളും വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളുമായി ഗംഭീര പശ്ചാത്തലമൊരുക്കുന്ന റിഗിമൗണ്ടിലേക്ക് കോഗ് റെയില്‍വേ വഴിയോ കേബിള്‍ കാര്‍ വഴിയോ എളുപ്പത്തില്‍ എത്തിച്ചേരാം. ഏത് സീസണിലും ആനന്ദകരമായ 360 ഡിഗ്രി പനോരമിക് കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നതിനാല്ഡ റിഗിമൗണ്ട് സ്വിറ്റ്സര്‍ലാന്‍ഡിലെ പറുദീസയായി വിശേഷിപ്പിക്കപ്പെടുന്നു.
തിരിച്ചിറക്കം വേണമെങ്കില്‍ ആര്ത്ത്ഗോള്ഡൗവിലേക്കാകാം. അല്ലെങ്കില്‍ വന്നവഴി നേരേ വിറ്റ്സ്നാവിലേക്കാകാം. അതുമല്ലെങ്കില്‍ അതിനിടയിലെ കാള്ട്ട്ബാത്ത് സ്റ്റേഷനില്‍ ഇറങ്ങി കേബിള്‍ കാറില്‍ വെഗ്ഗിസില് ഇറങ്ങാം. ഞങ്ങള്‍ കാള്ട്ട്ബാത്തില് ഇറങ്ങി കേബിള്‍ കാര്‍ എടുത്തു. പിടിച്ചതിലും വലിയതാ അളയില്‍ എന്ന് പറഞ്ഞപോലെയാണ് അവസ്ഥ. കേബിള്‍ കാറില്‍ നിന്നുള്ള പനോരമിക് കാഴ്ചകളും വര്‍ണ്ണനാതീതം. കേബിള്‍ കാര്‍ ഇറങ്ങി അഞ്ച് മിനിറ്റ് നടന്നാല്‍ വെഗ്ഗിസ് ബോട്ട് ജട്ടിയിലെത്താം. അവിടെ തന്നെ ബസ്സ്സ്റ്റോപ്പും ഉണ്ട്. ബസ്സിലോ ബോട്ടിലോ വീണ്ടും ലുസേണ്‍ പട്ടണത്തില്‍ തിരിച്ചെത്താം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..